14 December 2025, Sunday

Related news

November 26, 2025
November 25, 2025
October 20, 2025
October 18, 2025
September 7, 2025
May 28, 2025
May 25, 2025
May 23, 2025
May 15, 2025
May 11, 2025

മോന്‍സനെ തള്ളിപ്പറഞ്ഞാല്‍ അവനെന്നെ വച്ചേക്കുമോ’; പൊലീസിനോട്‌ കെ സുധാകരന്‍

ജി ബാബുരാജ്‌
കൊച്ചി
June 30, 2023 9:10 pm

പുരാവസ്‌തു തട്ടിപ്പുകാരന്‍ മോന്‍സനെ തള്ളിപ്പറയാത്തത്‌ എന്തുകൊണ്ടെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്‌ മുന്നില്‍ ഉരുണ്ടുകളിച്ച കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്‍ പൊലീസിന്‌ മുന്നില്‍ തന്റെ ദയനീയാവസ്ഥ തുറന്നു പറഞ്ഞു. “ഞാന്‍ തള്ളിപ്പറഞ്ഞാല്‍ അവനെന്നെ ബാക്കി വച്ചേക്കുമോ. എനിക്കെതിരെ വേണ്ടതും വേണ്ടാത്തതുമൊക്കെ വിളിച്ചുപറയില്ലേ. പിന്നെ അതല്ലേ മാധ്യമങ്ങളും ജനവും വിശ്വസിക്കൂ…” ഇങ്ങനെ പോയി അന്വേഷണോദ്യോഗസ്ഥരോടുള്ള സുധാകരന്റെ മറുപടി.

വെട്ടിലാകുമെന്നുറപ്പുള്ള ചോദ്യങ്ങളോടെല്ലാം മൗനമായിരുന്നു സുധാകരന്റെ മറുപടി. ആദ്യത്തെ കുറേ ചോദ്യങ്ങള്‍ക്ക്‌ മുന്നില്‍ സ്വതസിദ്ധമായ ശൈലിയില്‍ നിഷേധാര്‍ത്ഥത്തില്‍ മറുപടി നല്‍കികൊണ്ടിരുന്ന സുധാകരന്‍ പൊലീസ്‌ നിരത്തിയ തെളിവുകള്‍ കണ്ടതോടെ പതറി. ചോദ്യം ചെയ്യല്‍ ആരംഭിച്ച ജൂണ്‍ 23ന്‌ രാവിലെ 11.30ന്‌ കണ്ട സുധാകരനെയല്ല ഉച്ചയ്‌ക്ക്‌ ഒന്നരയോടെ ഉച്ചഭക്ഷണം കഴിഞ്ഞെത്തിയപ്പോള്‍ കണ്ടത്‌. തന്റെ ഫോണ്‍ വിളികളുടെ രേഖകളും മോന്‍സന്റെ വസതിയില്‍ ചെന്നപ്പോഴത്തെ ഫോട്ടോകളും പൊലീസിന്റെ പക്കലുണ്ടെന്ന്‌ വ്യക്തമായതോടെ വളരെ കരുതലോടെയും അനുനയ രൂപത്തിലുമായിരുന്നു പിന്നീടുള്ള സുധാകരന്റെ പെരുമാറ്റം. മോന്‍സന്റെ വീട്ടില്‍ നാലോ അഞ്ചോ തവണ പോയിട്ടുണ്ടെന്നാണ്‌ സുധാകരന്‍ ആദ്യം പൊലീസിനോടു പറഞ്ഞത്‌. എന്നാല്‍ 12 തവണ അവിടെ ചെന്നതിന്റെ തെളിവുകള്‍ പൊലീസ്‌ നിരത്തിയപ്പോള്‍ സുധാകരന്‍ വിയര്‍ത്തു. എന്താണ്‌ മറുപടിയെന്ന്‌ പൊലീസുദ്യോഗസ്ഥര്‍ ആവര്‍ത്തിച്ചു ചോദിച്ചിട്ടും സുധാകരന്‍ മൗനം തുടര്‍ന്നു.

വിദേശത്ത്‌ നിന്ന്‌ ശതകോടികള്‍ കിട്ടാനുണ്ടെന്ന്‌ കേസിലെ പരാതിക്കാരെ വിശ്വസിപ്പിച്ച മോന്‍സന്‍ ഒരു ഘട്ടത്തില്‍ വഞ്ചനക്കിരയായ ആറു പേരെയും കൊണ്ട്‌ ഡല്‍ഹിക്കു പോയിരുന്നു. പണം കൈപ്പറ്റുന്നതിനുള്ള തടസം നീക്കാന്‍ കേന്ദ്രധനമന്ത്രാലയത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനെന്ന വ്യാജേനയാണ്‌ പരാതിക്കാരെ കൊണ്ടുപോയത്‌. അവിടെ വച്ച്‌ മോന്‍സനും പരാതിക്കാരും കെ സുധാകരനുമായി പലതവണ ഫോണില്‍ സംസാരിച്ചിരുന്നു. മോന്‍സനുമായി ഒരു സാമ്പത്തിക ഇടപാടുമില്ല എന്നാണെങ്കില്‍ എന്തിനാണ്‌ ഡല്‍ഹിയില്‍ അവരെ വരുത്തി സംസാരിച്ചത്‌ എന്ന ചോദ്യത്തോട്‌ “അങ്ങിനെയൊരു സംഭവമേ ഉണ്ടായിട്ടില്ല” എന്നായിരുന്നു ശബ്‌ദമുയര്‍ത്തിയുള്ള മറുപടി. അന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരാള്‍ ഇതിനിടെ ഒരു ഫോണ്‍ സിഡിആര്‍(കാള്‍ ഡിറ്റെയ്‌ല്‍സ്‌ റെക്കോര്‍ഡ്‌) കാണിച്ചതോടെ സുധാകരന്‍ പരുങ്ങി.

ഡല്‍ഹിയില്‍ രണ്ടിടത്തായി തങ്ങിയവര്‍ തമ്മില്‍ പലതവണയായി അരമണിക്കൂറോളം സംസാരിച്ചതിന്റെ ഫോണ്‍ രേഖയായിരുന്നു അത്‌. ഡല്‍ഹി സന്ദര്‍ശനം ഇനി നിഷേധിക്കുന്നുണ്ടോ എന്ന്‌ പൊലീസ്‌ ചോദിച്ചപ്പോള്‍ സുധാകരന്‍ വീണ്ടും മൗനത്തിലാണ്ടു. മോന്‍സന്റെ വീട്ടിലെ സിസിടിവി ഹാര്‍ഡ്‌ ഡിസ്‌ക്‌ ശേഖരിച്ചത്‌ നേരത്തെ ഫോറന്‍സിക്‌ സയന്‍സ്‌ ലാബില്‍ അയച്ച്‌ ദൃശ്യങ്ങള്‍ വീണ്ടെടുത്ത്‌ പൊലീസ്‌ കൃത്യത ഉറപ്പ്‌ വരുത്തിയിരുന്നു. ഇതടക്കം കണ്ടതോടെ പകച്ചു പോയ സുധാകരന്‍ മോന്‍സന്റെ പക്കല്‍ നിന്ന്‌ 10 ലക്ഷം രൂപ കൈപ്പറ്റിയത്‌ അപ്പോഴും നിഷേധിച്ചു കൊണ്ടിരുന്നു.

എന്നാല്‍ മുന്‍ ഡ്രൈവറടക്കം മോന്‍സന്റെ മൂന്നു ജീവനക്കാര്‍ പണം കൈമാറ്റം കണ്ടതായി ഇതിനിടെ എറണാകുളം മജിസ്‌ട്രേറ്റ്‌ മുമ്പാകെ ക്രിമിനല്‍ നടപടിക്രമം സെക്ഷന്‍ 164 പ്രകാരം രഹസ്യമൊഴി നല്‍കിയിരുന്നു. മോന്‍സന്റെ ചോദ്യം ചെയ്യലിന്‌ നാലു ദിവസം മുമ്പായിരുന്നു ഇത്‌. പൊലീസ്‌ രണ്ടര മാസത്തോളം നടത്തിയ ശ്രമത്തിനൊടുവിലാണ്‌ ഇവരുടെ 164 സ്റ്റേറ്റ്‌മെന്റ്‌ എടുക്കാന്‍ കഴിഞ്ഞത്‌. സാഹചര്യ, ദൃക്‌സാക്ഷി തെളിവുകളെല്ലാം തനിക്കെതിരാണ്‌ എന്ന്‌ വ്യക്തമായതോടെയാണ്‌ പതിവ്‌ രീതി വിട്ട്‌ ശാന്തനായി ക്രൈംബ്രാഞ്ച്‌ ഓഫീസില്‍ നിന്ന്‌ സുധാകരന്‍ പുറത്തിറങ്ങിയത്‌. ജുഡീഷ്യറിയില്‍ തനിക്ക്‌ വിശ്വാസമുണ്ടെന്ന്‌ ഒറ്റ വാചകത്തില്‍ പ്രതികരണമൊതുക്കിയ സുധാകരന്‍ അന്വേഷണ സംഘത്തെക്കുറിച്ചോ തെളിവെടുപ്പിനെക്കുറിച്ചോ വിമര്‍ശനം ഉയര്‍ത്തിയില്ലെന്നതും ശ്രദ്ധേയം.

Eng­lish Sum­ma­ry: k sud­hakaran on fraud case
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.