2 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 2, 2025
March 2, 2025
March 1, 2025
February 28, 2025
February 28, 2025
February 28, 2025
February 27, 2025
February 26, 2025
February 26, 2025
February 24, 2025

സുധാകരന് കവചമായി ചെന്നിത്തല

കെ രംഗനാഥ്
തിരുവനന്തപുരം
November 16, 2022 9:36 pm

ആര്‍എസ്എസ് ബാന്ധവ വിവാദത്തില്‍പ്പെട്ട കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഭാവിയില്‍ സുരക്ഷാ കവചമൊരുക്കാന്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പുതിയ അച്ചുതണ്ടു വരുന്നു. രമേശ് ചെന്നിത്തല കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വത്തില്‍ പുതിയ ശക്തിയായി മാറുന്ന സാഹചര്യത്തില്‍ പുതിയ ശാക്തിക ചേരി കോണ്‍ഗ്രസ് ഗ്രൂപ്പുകളുടെ സൂത്രവാക്യത്തില്‍ ഒരഴിച്ചുപണിക്കു തന്നെ കളമൊരുക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിക്കുന്നു. 

തുടരെത്തുടരെ ബിജെപി അനുകൂല പ്രസ്താവനകള്‍ നടത്തി വെട്ടിലായപ്പോള്‍‍ സമസ്താപരാധങ്ങളും പൊറുക്കണമെന്ന് കോണ്‍ഗ്രസിനോടും മുസ്‌ലിംലീഗിനോടും യുഡിഎഫിനോടും താണപേക്ഷിച്ച് തടിയൂരിയ സുധാകരന് ഹൈക്കമാന്‍ഡ് ഒരുക്കുന്ന കവചമാണ് ചെന്നിത്തലയിലൂടെ സൃഷ്ടിക്കപ്പെടുക. ഹൈക്കമാന്‍ഡില്‍ സോണിയാഗാന്ധിയുടെ അധ്യക്ഷകാലത്ത് രാഹുലും പ്രിയങ്കയും കഴിഞ്ഞാല്‍ അതിശക്തനായിരുന്ന എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ അവരോഹണവും രമേശിന്റെ ആരോഹണവും മൂലം ഹൈക്കമാന്‍ഡിലുണ്ടാകുന്ന ശാക്തികമായ മാറ്റം സംസ്ഥാനത്തും പ്രതിഫലിക്കുമെന്നുറപ്പാണ്. ഇത്തരമൊരു അന്തരീക്ഷ സൃഷ്ടിയിലൂടെ സുധാകരനു ചുറ്റും സംരക്ഷണ വലയം തീര്‍ത്ത് സംസ്ഥാന കോണ്‍ഗ്രസിലും ശക്തിതെളിയിക്കാനുള്ള തന്ത്രങ്ങളാണ് ആവിഷ്കരിച്ചിരിക്കുന്നത്. സുധാകരന്‍ തല്ക്കാലം കുറ്റവിമോചിതനായ സാഹചര്യത്തില്‍ ഘടകകക്ഷികളിലേക്ക് കോണ്‍ഗ്രസിന്റെ ഒരു സൗഹൃദ പാലമിടാനും രമേശ് ഉന്നമിടുന്നു. 

ഈ തന്ത്രത്തിലൂടെ യുഡിഎഫിനെയാകെ സുധാകരവിരുദ്ധര്‍ക്കെതിരെ അണിനിരത്താമെന്നും രമേശ് കണക്കുകൂട്ടുന്നതായാണ് കോണ്‍ഗ്രസ് ഉപശാലവൃത്തങ്ങളുടെ വിലയിരുത്തല്‍. മല്ലികാര്‍ജുന്‍ ഖാര്‍ഗേ കോണ്‍ഗ്രസ് പ്രസിഡന്റാകാന്‍ മുഖ്യ പ്രചാരകനായി സംസ്ഥാനങ്ങളിലുടനീളം ഓടിനടന്ന രമേശ്, ഹൈക്കമാന്‍ഡിലെ പുതിയ ശക്തിതാരോദയമായിക്കഴിഞ്ഞിട്ടുണ്ട്. ഇതോടെ പ്രസക്തി നഷ്ടപ്പെട്ട വേണുഗോപാല്‍ ഹൈക്കമാന്‍ഡില്‍ തുടര്‍ന്നേക്കാമെങ്കിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തന കേന്ദ്രം കേരളത്തിലേക്കു മാറ്റാനാണ് ആലോചിക്കുന്നത്. തെരഞ്ഞെടുപ്പിലൂടെ രണ്ടാമൂഴമായി കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് സുധാകരന്‍ എത്താനിരിക്കേ പ്രസിഡന്റ് സ്ഥാനത്തേക്ക് വേണുഗോപാലും കണ്ണുംനട്ടിട്ടുണ്ടെന്നാണ് അഭ്യൂഹം. ഇത്തരമൊരു സാഹചര്യത്തില്‍ സുധാകര വിരുദ്ധപക്ഷത്തിനു പരമാവധി ശക്തി സംഭരിക്കാനാവും നീക്കം. സുധാകരന്‍ പ്രസിഡന്റു സ്ഥാനം രാജിവയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചുവെന്നും ആരോഗ്യപരമായ കാരണങ്ങളാലാണ് രാജിയെന്നുമുള്ള വ്യാജക്കഥ പടച്ചുവിട്ടതിനു പിന്നില്‍ വേണുഗോപാലാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെയും യുഡിഎഫ് ഘടകകക്ഷികളുടെയും പിന്തുണ തനിക്കു ലഭിക്കുന്നില്ലെന്ന പരാതിയും വ്യാജപ്രചാരണത്തില്‍ കുത്തിത്തിരുകിയത് ഈ ലാക്കോടെയാണെന്നും ഈ വിഭാഗം കരുതുന്നു.
സുധാകരനു കവചമെന്നതിലുപരി വേണുവിനെതിരായ പടയോട്ടം കൂടിയാണ് രമേശ് ഉദ്ദേശിക്കുന്നത്. കെ മുരളീധരനെ ഒപ്പം നിര്‍ത്തി ഒരു പടയണി തീര്‍ക്കാനുള്ള പദ്ധതി അണിയറയില്‍ ശക്തിപ്രാപിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനടക്കമുള്ള രമേശ് ചേരിക്ക് ഉമ്മന്‍ചാണ്ടിയുടെ ആശിസുകളുമുണ്ടെന്നാണ് സൂചന. 

Eng­lish Sum­ma­ry: K Sud­hakaran’s con­tro­ver­sy state­ment; Chen­nitha­la sup­ports K Sudhakaran

You may also like this video

YouTube video player

TOP NEWS

March 2, 2025
March 2, 2025
March 2, 2025
March 2, 2025
March 2, 2025
March 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.