8 December 2025, Monday

കാലത്തെ അതിജീവിക്കുന്ന ‘കനൽക്കാറ്റ്’

ചവറ കെ എസ് പിള്ള
March 2, 2025 8:00 am

നമുക്കു നല്ലൊരു നാടകകാലമുണ്ടായിരുന്നു. അതിനർത്ഥം ഇന്നതു ഇല്ലെന്നല്ല. നാടകം എന്നും ഉണ്ട്. വായിച്ചറിഞ്ഞ ഏതുകാലത്തും. അതു കാലാതീതമായ കലയുടെ ഉഷ്ണക്കാറ്റാണ്. കലയിൽ നിന്നും കലാകാരന്മാരിലൂടെ സമൂഹത്തിലേക്കു പടരേണ്ട ഏതോ തീവ്രമായ ഒരു മാറ്റത്തിന്റെ തരംഗം. അതു നാടകമുണ്ടായ കാലം തൊട്ടു നാടകത്തിന്റെ നാഭിച്ചുഴിയിൽ ഉറച്ചുപോയ ഒരു വികാരമാണ്. ചുരുക്കത്തിൽ അതില്ലാണ്ട് നാടകമില്ല. ആദി ഭാരതീയ നാടകങ്ങളിലും അതിനും മുമ്പുണ്ടായ ഗ്രീക്കുനാടകങ്ങളിലുമൊക്കെ ആ വിമർശനസ്പർശമുണ്ട്. ചുരുക്കത്തിൽ കൺമുന്നിലെ അരുതായ്മകൾക്കു എതിരെയുള്ള ഒരു ചെറുസ്ഫോടനമെങ്കിലും ആകണം നാടകം. 

ചില സുഹൃത്തുക്കളുടെ നിർബന്ധപ്രകാരം ഒരു നാടകം കണ്ടു. അഡ്വ. മണിലാലാണ് നാടകകൃത്ത്. കനൽക്കാറ്റ് എന്നാണ് നാടകത്തിന്റെ പേര്. കൊല്ലം ആശ്രയയാണ് നാടകം അരങ്ങത്ത് എത്തിച്ചത്. ആശ്രയയുടെ സാരഥി കലയപുരംജോസുമായി ഏറെ നാളത്തെ ബന്ധമാണുള്ളത്. ‘കനൽക്കാറ്റ്’ ഒരു നനഞ്ഞ നാടകമല്ല. പേര് സൂചിപ്പിക്കുംപോലെ ഒരു ജീവിതയാത്രയുടെ പൊള്ളുന്ന നാടകാനുഭവമാണ്. മനോരോഗാശുപത്രിയിൽ അകപ്പെട്ട കുറെ മനോരോഗികളിൽ നിന്നാണ് നാടകം ആരംഭിക്കുന്നത്. മനോരോഗം ഒരു പകർച്ചവ്യാധിയല്ലെങ്കിലും മനഃസാന്നിധ്യം നഷ്ടപ്പെടുന്ന ഏതുമനസിനെയും ഏതു നിമിഷവും ചേക്കാറാൻ കഴിയുന്ന ഒരു രോഗാവസ്ഥയാണെന്നു ഈ നാടകം ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ആ സൂചികയിൽ മാത്രും ഒതുങ്ങുന്നില്ല ഈ നാടകം. നാടകത്തിലെന്നപോലെ കഥയിൽപ്പോലും കഥ അന്യമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്തു പ്രേക്ഷകനിൽ നിരന്തര സംഘർഷം ഉളവാക്കുന്ന കനപ്പെട്ട ഒരു കഥയുണ്ട് ഈ നാടകത്തിൽ.
പ്രൊഫ. സത്യദേവിന്റെയും പാർവ്വതി ടീച്ചറുടെയും ഒരേ ഒരു മകളാണു ദേവു. ദേവുവിനെ ദേവാനന്ദു എന്ന ഒരു അമേരിക്കൻ എൻജിനീയറോടൊപ്പം വിവാഹം കഴിച്ചയക്കുന്നു. അവർക്കു ഒരു മകൻ, വാവ എന്ന ചെല്ലപ്പേരിൽ വിളിക്കുന്ന നിർമ്മൽ. അവന്‍ യൗവനകാലമെത്തുമ്പോഴേ അച്ഛനമ്മമാർക്കു ഒരു ഭീതി. അമേരിക്കൻ സാഹചര്യം കുട്ടികൾക്കു നൽകുന്ന അമിത സ്വാതന്ത്യ്രം വഷളാക്കുമോന്ന്. ആ ഭീതിമേൽ മകനെയും മകന്റെ തുടർവിദ്യാഭ്യാസവും അവർ നാട്ടിലാക്കുന്നു. അവൻ മുത്തശ്ശനും മുത്തശ്ശിയോടുമൊപ്പം വളരുന്നു. ആദ്യമൊക്കെ അവർ വരച്ച വരയിലൂടെ അവൻ വളർന്നു, പഠിച്ചു. തുടർന്നു കോളജിലെ പുത്തൻ സുഹൃത്തുക്കളോടൊപ്പം അവൻ പറക്കാൻ തുടങ്ങി. കോളജിലെ സഭ്യമായ എല്ലാ സ്വാതന്ത്യ്രങ്ങളും അവൻ അനുഭവിക്കാൻ തുടങ്ങി. കൂട്ടത്തിൽ അന്നോളം അവന് അന്യമായിരുന്ന കോളജ് രാഷ്ട്രീയത്തിലും അവൻ ചാടിക്കളിക്കാൻ തുടങ്ങി. അതു ഓർക്കാപ്പുറത്തു അവന് അപകടത്തിലേക്കുള്ള വഴി തുറന്നു. സ്വന്തം കൂട്ടുകാരിൽ ഒരാളെ രാഷ്ട്രീയ ശത്രുക്കളിൽ ആരോ കൊന്നു കെട്ടിത്തൂക്കിയത് കോളജിനെ നടുക്കിയ സംഭവങ്ങളിൽ ഒന്നായി മാറി. ആ കേസിന്റെ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ആദ്യം നിർമ്മലിനെ അറസ്റ്റു ചെയ്യുന്നു. 

ചോദ്യം ചെയ്യലിൽ നിരപരാധിയാണെന്നു കണ്ടു പൊലീസ് രക്ഷേ, നിർമ്മലിനെ മോചിപ്പിക്കുന്നില്ല. ജാമ്യത്തിൽ വിടുകയോ കോടതിയില്‍ ഹാജരാക്കുകയോ ചെയ്തില്ല. പകരം പ്രൊഫസറോടും മറ്റു പൊലീസുകാര്‍ പറയുന്നത് അവൻ പൊലീസ് സ്റ്റേഷനിൽ നിന്ന് എങ്ങനെയോ രക്ഷപ്പെട്ടെന്നാണ്. അതു വിശ്വസിക്കാനാവാതെ അച്ഛനും അമ്മയും അമേരിക്കയിൽ നിന്ന് മകനെ തേടി നാട്ടിലെത്തുന്നു. അവരുടെ നിവേദനങ്ങളൊന്നും ഉന്നത പൊലീസ് കേന്ദ്രങ്ങൾ ചെവികൊള്ളുന്നില്ല. സ്വന്തം വീട്ടിൽ നിന്ന് പാതിരാത്രിയിൽ അറസ്റ്റ് ചെയ്തുകൊണ്ടുപോയിരുന്ന പ്രൊഫസറുടെയും ഭാര്യയുടെയും മൊഴികൾ പോലും ആരും വിശ്വസിക്കാത്ത മട്ടായി. അവസാനം എങ്ങനെയും മകനെ കണ്ടുപിടിച്ചേ പറ്റൂ എന്ന അച്ഛനമ്മമാരുടെ ഹൃദയവികാരത്തിന്മേൽ ആ അന്വേഷണം നീണ്ടു. നീണ്ട ഏഴെട്ടുവർഷങ്ങൾ ഒരു എത്തുംപിടിയുമില്ലാതെ നീളുന്നു. അവസാനം മകനെ തേടിയുള്ള അലച്ചിൽ പഴയ മാനസികരോഗാശുപത്രിയിൽ എത്തുന്നു. അവിടുത്തെ രജിസ്റ്ററുകളിൽ ഒന്നും നിർമ്മലിന്റെ പേരുകണ്ടില്ല. പിന്നെയും തകരുന്ന ദേവുവിന്റെയും ദേവനന്ദന്റെയും മനോവേദനകൾ അകറ്റാൻ ആശുപത്രികളിലെ മുഴുവൻ വാർഡുകളും പരിശോധിക്കാനും അവിടെ എവിടെയെങ്കിലും നിങ്ങളുടെ മകനുണ്ടോന്നു നോക്കാനും പറയുന്നു. ആ അന്വേഷണപാതയിൽ ഒരിടത്തുവെച്ചു ജയിലിൽ പൂട്ടിയിട്ടിരിക്കുന്ന മട്ടിൽ ഒരു ഭ്രാന്തശബ്ദം കേട്ടു ദേവു നിന്നുപോകുന്നു. 

പുറത്തിറങ്ങിയാൽ ആരേയും ഉപദ്രവിക്കുന്ന ആ കൊടും ഭ്രാന്തൻ തന്റെ മകനോ എന്നു ദേവുവിനു സംശയം. അല്ലെന്ന് ദേവാനന്ദ്. എന്തും ബോധ്യപ്പെട്ടേ മടങ്ങൂന്ന വാശിയിൽ ദേവു. അതിനിടയിൽ അവനെ ചികിത്സിക്കുന്ന ഡോക്ടർ അജിത്തിനെ കണ്ടു ദേവു ഞെട്ടുന്നു. ഒന്നിച്ചു പഠിച്ച ഭൂതകാലം. പ്രണയസുരഭിലമായ ആ നല്ലകാലത്തെ തകർത്തെറിഞ്ഞു ദേവു ദേവാനന്ദിന്റെ ഭാര്യയായി അമേരിക്കയിലേക്കു പോയത്. അതിലാകെ തകർന്നുപോകുന്ന ഡോ. അജിത്ത്. അതിന്മേൽ കനൽക്കാറ്റിന്റെ തീവ്രത അരങ്ങിൽ ആഞ്ഞുവീശുന്നു. ദേവുവിനെ കൊന്നു പകവീട്ടാനുള്ള വാശി അപ്പോഴും അജിത്തിൽ നിന്നുവിട്ടുമാറുന്നില്ല. അതു ദേവാനന്ദു കൂടി അറിയുമ്പോൾ നാടകീയ സംഘർഷങ്ങൾ മുറുകുന്നു. സെല്ലിൽക്കിടക്കുന്ന തന്റെ രോഗി പേരറിയാത്ത വാവ ദേവുവിന്റെയും ദേവാനന്ദിന്റെയും മകനാണെന്നുകൂടി അറിയുമ്പോഴേയ്ക്കും അവനെ ഇല്ലായ്മ ചെയ്തു കൊന്നുകളയാൻ തന്നെ ഡോക്ടർ തീരുമാനിക്കുന്നു. തുടർന്നു നിമിഷം കൊണ്ടു മാറിമറിയുന്നു നാടകീയ സംഘർഷങ്ങൾ.
കഥപറഞ്ഞു അവസാനിപ്പിക്കാനുള്ളതല്ല. നാടകം അരങ്ങിൽ കണ്ടു ബോധ്യപ്പെടേണ്ടതാണ്. 

കനൽക്കാറ്റ് അതിശക്തമായ ഒരു നാടകാനുഭവമാണു സമ്മാനിക്കുന്നത്. രാജീവ് ആലുങ്കലിന്റെ കവിത സന്ദർഭോചിതമായി. കേരളപുരം ശ്രീകുമാർ വലിയ സംഗിതജ്ഞനൊന്നുമല്ലെങ്കിലും കുഴപ്പമില്ലാതെ ചെയ്തു. സതീഷ് സംഘമിത്ര സംവിധാനരംഗത്തു പുതിയ കാലത്തിനൊത്തു മാറേണ്ടിയിരിക്കുന്നു. പണം വാരിയെരിഞ്ഞു സംവിധാനത്തിനു പൊലിപ്പ് തൂകുന്ന കാലമല്ലേയിത്. എങ്കിലും കനൽക്കാറ്റ് കൊട്ടാരക്കര ആശ്രയയ്ക്ക് അഭിമാനിക്കാവുന്ന ഒരു നല്ല നാടകമാണ്, അതുവഴി കലയപുരം ജോസിനു ‘കനൽക്കാറ്റ്’ നല്ലൊരു നാടകകിരീടം തന്നെയാണ്. കാലത്തെ അതിജീവിക്കുന്ന കാലികമായ മാറ്റമുള്ള നാടകത്തേക്കാളും മികച്ച ഒരു നാടകം. 

Kerala State - Students Savings Scheme

TOP NEWS

December 8, 2025
December 8, 2025
December 8, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.