18 January 2026, Sunday

കാലത്തിന്റെ നേർക്കണ്ണാടി

അംബിക വിശ്വനാഥൻ
February 23, 2025 8:30 am

അമ്മയിൽ തുടങ്ങി അമ്മാമ്മയിൽ അവസാനിക്കുന്ന മുപ്പത്താറു കവിതകളുടെ സമാഹാരമാണ് ശ്രീ നന്ദകുമാർ ചൂരക്കാടിന്റെ ‘നേർക്കാഴ്ച്ചകൾ. ‘കവിയുടെ പ്രഥമ കൃതിയായ ‘നേർക്കാഴ്ച’കളിൽ ദശാബ്ദത്തിന്നപ്പുറമുള്ള കാഴ്ചകളുണ്ട്. ഇന്നിന്റെ വിഹ്വലതയാർന്ന കാഴ്ചാനുഭവങ്ങളും ഉണ്ട്. പണ്ട് പാടിയ പാട്ടുകളൊന്നും പുതുമയില്ലാതായിട്ടില്ല. കാലാതിവർത്തിയായി അവ ഈ സമാഹാരത്തിൽ പഴയ താളാനുഭവം പകർന്നുകൊണ്ട് നവമായിത്തന്നെ നിലകൊള്ളുന്നു. മഴക്കാലം അത്തരമൊരു കവിതയാണ്. എൺപതുകളുടെ മധ്യത്തിൽ എഴുതിയ ഈ കവിതയിൽ 2018ലെ മഴയുടെ ദുരന്തം അനുഭവ വേദ്യമാകും. 

മഴ വരുന്നു
മഴ വരുന്നു
മേഘപാണികളണിമുറിഞ്ഞു
കടലിരമ്പിയ കണ്ണിൽ ചോരത്തടമുറിച്ചു
കിനാവുണർന്നു
ഉറയുറഞ്ഞൊരുൾപരപ്പിൽ
കരളുപൊട്ടി കിളികരഞ്ഞു

ഏതു ദുരന്തത്തെയും വാർത്തകളെയും ഒരു കളം മായ്ക്കുന്ന ലാഘവത്തോടെ മറി കടക്കുന്ന മലയാളിയുടെ നിർവികാരതയെ ‘കണ്ണീർപ്പാട’ത്തിൽ വൈലോപ്പിള്ളി മാസ്റ്റർ ചൂണ്ടലുമിട്ടനങ്ങാതെയിരിക്കുന്ന പയ്യനിലൂടെ കാണിച്ചുതന്നിട്ടുണ്ട്. എത്ര നിർവികാരമീ പുതുതാം തലമുറ എന്നു ആശ്ചര്യപ്പെട്ടിട്ടുമുണ്ട്. ഹൃദയം നുറുക്കുന്നവാളുകളാണ് ഓരോകാഴ്ചയുമെങ്കിലും നന്ദകുമാർ ഒന്നിനെയും നിന്ദിക്കുന്നില്ല ഭഞ്ജിക്കുന്നില്ല. സാക്ഷിയാണ് ഓരോ കാഴ്ച്ചയുടെയും. എല്ലാവരും തന്നെ സാക്ഷികളായി മാത്രം പോകുന്നു. “ചോടുറക്കുന്നതേക്കാൾ
ഒലിക്കുന്നതിമ്പ” മായ തലമുറക്കൊപ്പം ഒഴുകാനേ പറ്റു എന്ന തിരിച്ചറിവ് ഈ സമാഹാരത്തിലെ കവിതകൾ തരുന്നു.
ബാപ്പുജിയും ആനയും മതിലിനപ്പുറമായാൽ വരക്കാൻ എന്തെളുപ്പം എന്ന് ഒരു കൊച്ചു മിടുക്കൻ പറഞ്ഞതോർക്കുന്നു. ഒരു മതിലിനപ്പുറമായ മഹാത്മാവ് വരികളിൽ പുതു സാധ്യതകളാണെങ്കിൽ ‘ബാപ്പുജിയെ കണ്ടപ്പോൾ ‘എന്ന കവിതയിലെ ഗാന്ധി ഈ നാടിന്റെ നേർക്കാഴ്ചയാണ്. നേർക്കാഴ്ച്ചകളിലെദുഃഖ ഭരിതമായ ദൃശ്യം. 

കയ്യിലൊരു ഊന്നുവടി
ദരിദ്ര നാരായണ വേഷ്ടി
തോളിലൊരു മാറാപ്പുമായ്
അക്ഷമനായി നടക്കുന്നു
മുഖത്തു നല്ലൊരു കണ്ണടയില്ല
പഴയൊരു വളയത്തിൽ
കുരുത്തു പോൽ കിടപ്പൂ ദൂരദർശിനി”

ഖിന്നനായ കവിയെ ഗാന്ധി മാർഗത്തിലും കാണാം. ഭാഷയുടെ ആഡംബരവും വളച്ചുകെട്ടും ഇല്ലാതെ നേർക്കാഴ്ചകൾ വാഴ്വിന്റെ പൊരുളുകളെ കാണിച്ചു തരുന്നു.
നേരിന്റെ കാഴ്ചകളും കാഴ്ചയുടെ നേരുകളും പല കവിതകളിലും നിറയുന്ന അനുഭവമാകുന്നു. നാം മറന്നു പോകുന്ന നമ്മുടെ സ്മൃതികളിൽ നിന്ന് മാഞ്ഞു പോകുന്ന ചില വാർത്തകളുണ്ട്. ആ കാഴ്ചകളെ വിസ്മൃതിയുടെ ആഴങ്ങളിലേക്ക് തള്ളാൻ കവിക്കാകുന്നില്ല. നൊമ്പരപ്പൂക്കൾ അത്തരമൊരു ഓർമ്മപ്പെടുത്തലിന്റെ കവിതയാണ്. തന്റെ ആരാധ്യ പുരുഷനായ അബ്ദുൽകലാമിന്റെ പ്രതിമയിൽ നിഷ്കാമിയായി പൂക്കളർപ്പിച്ചിരുന്ന ശിവദാസൻ ഒരു മദ്യപാനിയുടെ മർദനത്താൽ മരിച്ച വാർത്ത വെറുമൊരു വാർത്തയായി ദഹിച്ചെങ്കിലും കവിയ്ക്ക് ആ വാർത്ത മായ്ക്കുവാനോ മറക്കുവാനോ പറ്റാത്ത നോവാകുന്നു. നാടിന്റെ മുഴുവൻ നടുക്കവും നൊമ്പരവുമായ കുഞ്ഞിന്റെ ദാരുണാന്ത്യമാണ് ‘മകനേ മാപ്പ് ‘എന്ന കവിത. കണ്ണീരുകൊണ്ട് കാഴ്ച മങ്ങിപ്പോയ ആ വാർത്ത ഇന്നും നനവുണങ്ങാത്ത ഓർമ്മയാണ്. മരിച്ച കുഞ്ഞുങ്ങൾ തിരിച്ചു വരുന്നുണ്ട് എന്ന് സുഗതകുമാരിടീച്ചർ ഓർമ്മിപ്പിച്ചത് ഓർത്തു പോകുന്നു. കരുണയില്ലാതെ വിസ്മൃതിയിലാണ്ടു പോകുന്ന ദുരന്തങ്ങൾ ഭാഷാഡംഭരങ്ങളില്ലാതെ നേർക്കാഴ്ച്ചയിൽ കവി ആവിഷ്കരിച്ചിരിക്കുന്നു. 

നേർക്കാഴ്ചകളിലെ വേറിട്ട ഒരു കാഴ്ച ‘അടുക്കള’യാണ്.’ പലരും ബോധപൂർവം മറന്നുപോകുന്ന ഒരിടം. പക്ഷെ കവിയ്ക്ക്
കാഴ്ചയൊക്കെയും മങ്ങിടും വേളയിൽ
വീഴ്ചയും വ്യാധിയുമേറുന്ന നേരത്തും
നീരിതല്പം ഇറക്കാനുള്ള ഇടമാണ്

ശ്വാസം മുട്ടിക്കുന്ന ഇടങ്ങളിലും പൊറുതിമുട്ടുന്ന ജീവിതാവസ്ഥകളിലും
ഈശ്വരകണിക തൊടുമ്പോലെ ഓരോ ജീവകണത്തെ തൊട്ടറിയുമ്പോഴും അലരിട്ടു പൊന്തുന്ന സുഭഗത്തെ കുറിച്ച് കവി ബോധവാനാണ്. 

സൗമ്യമായി നിശബ്ദമായി നേർക്കാഴ്ചകളോരോന്നും സംവദിക്കുന്നു. വർത്തമാനകാലത്തെ തികട്ടി വരുന്ന തീക്ഷ്ണയാഥാർഥ്യങ്ങളിലേക്കും തീവ്ര വേദനകളിലേക്കും നേർക്കാഴ്ചകൾ നമ്മെ എത്തിക്കുന്നു.

നേര്‍ക്കാഴ്ചകള്‍
(കവിത)
നന്ദകുമാര്‍ ചൂരക്കാട്
വായനപ്പുര ബുക്സ്
വില: 120 രൂപ 

Kerala State - Students Savings Scheme

TOP NEWS

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.