
നിലാവിന്റെ നേർത്ത വെളിച്ചം വഴി കാട്ടിയ തണുപ്പുള്ള ആ രാത്രിയിൽ കടത്തുകടവിന്റെ അരികിൽ വന്ന് ഞാൻ ഉറക്കെ വിളിച്ചു, ”മാധവേട്ടാ…”
കടവിന്റെ അക്കരയിലെവിടെയോ അത് പ്രതിധ്വനിച്ചു. എന്റെ വിളിയുടെ ശക്തി പോരെന്ന് തോന്നിയിട്ടാവണം കൂടെയുള്ള ബാബുവും ജോസും സർവശക്തിയുമെടുത്ത് ഉച്ചത്തിൽ വിളിച്ചു, ബാക്കിയുള്ളവർ ആരൊക്കെ കേട്ടാലും. മാധവേട്ടൻ മാത്രം ആ വിളി കേട്ടിരിക്കില്ല. കേട്ടവർ രാത്രി കടത്തു വള്ളത്തിന് വേണ്ടി ആരോ വിളിക്കുന്നതാണെന്ന് കരുതി വീണ്ടും ഉറക്കം പിടിച്ചു കാണും. രാത്രി അസമയത്തുള്ള ഈ വിളികൾ അവർക്ക് പരിചയമയിക്കഴിഞ്ഞല്ലോ.. റെയിൽ പാളത്തിനരികിൽ താമസിക്കുന്നവർക്ക് ട്രെയിന്റെ ചൂളം വിളി കേൾക്കാതെ ഉറക്കം വരാത്തതു പോലെ ഈ വിളി കേൾക്കാതെ കടവിന്റെ അടുത്തുള്ളവർക്കും ഉറക്കം വരില്ലെന്നായി.
അടുത്തുള്ള അമ്പലങ്ങളിലെ ഉത്സവം നടക്കുമ്പോഴാണ് ഈ വിളി കൂടുന്നത്. രാഘവേട്ടനെ കുറ്റം പറയാനും കഴിയില്ല. പാതിരാത്രിയിലെപ്പോഴോ വന്നേക്കാവുന്ന ആർക്കോ വേണ്ടി കടത്തു കടവിൽ ഉറക്കമിളച്ച് കാത്തിരിക്കണമെന്ന് പറഞ്ഞാൽ കഴിയുമോ. രാവിലെ ഏഴു മുതൽ രാത്രി പത്ത് വരെയാണ് പഞ്ചായത്ത് കടത്തു വള്ളത്തിന് നിശ്ചയിച്ചിരിക്കുന്ന സമയം. എങ്കിലും രശ്മി തിയേറ്ററിൽ നിന്നും സെക്കൻഡ് ഷോ കഴിയുന്നതു വരെ ചേട്ടൻ കാത്തിരിക്കും. അത് പഞ്ചായത്ത് മാസം തോറും കൊടുക്കുന്ന വേതനത്തിന് അപ്പുറം സിനിമ കഴിഞ്ഞു വരുന്നവർ എന്തെങ്കിലും കൈ മടക്ക് കൊടുക്കുമെന്ന സന്തോഷം കൊണ്ടു കൂടിയാണ്.
പിന്നെ ഒരു സഹാനുഭൂതിയും കൂടെയുണ്ടാവണം, കാരണം കടത്തു വള്ളം പോയാൽ പിന്നെ അക്കരെ കടക്കണമെങ്കിൽ നീന്തലേ മാർഗമുള്ളു. അധികം ആഴമില്ലെങ്കിലും വസ്ത്രങ്ങളുമുടുത്തു നീന്താൻ കഴിയില്ല. പിന്നെ എല്ലാം നനച്ച് നീന്താതെ വഴിയില്ല. പഴയ തലമുറയിൽ പെട്ടവരിൽ ഇങ്ങനെ ഒരിക്കലെങ്കിലും ഈ തോട് നീന്താത്തവർ കാണില്ല. പ്രത്യേകിച്ചും ഉത്സവ നാളുകളിൽ. സാംബശിവന്റെയും കെടാമംഗലത്തിന്റെയും ആര്യാട് ഗോപിയുടെയുമൊക്കെ കഥാപ്രസംഗങ്ങളും പ്രമുഖ സമിതികളുടെ നാടകങ്ങളുമൊക്കെ കാണാൻ അന്നാണ് അവസരമുണ്ടാവുക. എല്ലാം ആസ്വദിച്ച് ചുക്കു കാപ്പിയും കുടിച്ച് കഥകൾ പറഞ്ഞു കടത്തു കടവിലെത്തുമ്പോഴാണ് എല്ലാ രസവും പോകുക. താമസിച്ചു ചെന്നതിന് വീട്ടുകാരുടെ വഴക്കുണ്ടാകും, നനഞ്ഞു കുളിച്ച് ചെന്നതിന് വേറെയും.
പരിഹാരമില്ലാത്ത ഒരു സമസ്യപോലെ നീണ്ടു കിടക്കുന്ന അങ്ങാടിത്തോട്ടിലേക്ക് ഞങ്ങൾ ആശയറ്റവരെപ്പോലെ ആ രാത്രിയിൽ നോക്കി. മാധവേട്ടൻ എപ്പോഴേ വള്ളവുമായി വീട്ടിൽ പോയിക്കാണും. ആ തണുപ്പുള്ള രാത്രിയിൽ കൂർക്കം വലിച്ചു കിടന്നുറങ്ങുന്നുണ്ടാവണം ഏട്ടൻ. പിന്നെ അവസാന കയ്യായി ഓരോരുത്തർ തോട്ടിലേക്ക് ചാട്ടമായി. വാഹനങ്ങൾക്ക് കൂടി പോകാൻ സൗകര്യമുള്ള പുതിയ പാലം പണിയാനായി ഉണ്ടായിരുന്ന ഗോവണിപ്പാലം പൊളിച്ചപ്പോൾ ഇങ്ങനെ നീന്തൽ പരിശീലനം നടത്തേണ്ടി വരുമെന്ന് കരുതിയില്ല.
റോഡെന്ന സ്വപ്നം പൂവണിയുന്നത് സ്വപ്നം കണ്ടാണ് ആ ബുദ്ധിമുട്ടൊക്കെ സഹിച്ചത്. മുൻ തലമുറകൾക്ക് വേമ്പനാട് കായൽ തീരത്തോട് ചേർന്നു കിടക്കുന്ന ഞങ്ങളുടെ നാട്ടിൽ തോട് ആയിരുന്നു ഏറ്റവും വലിയ സ്വപ്നവും യാഥാർത്ഥ്യവും. അതു കൊണ്ടു തന്നെ ഞങ്ങളുടെ സ്വപ്നങ്ങളിലെ ഏറ്റവും വലിയ വാഹനം വള്ളമായിരുന്നു. കല്യാണമായാലും സുന്നത്ത് കല്യാണമായാലും ജംഗ്ഷനിലെ വാടകക്കടയിൽ നിന്നും കസേരയും മേശയും പാത്രങ്ങളും പന്തൽ കെട്ടാനുള്ള സാധനങ്ങളും വള്ളത്തിൽ കയറ്റി തോടിന്റെ കരയിലെത്തിച്ചാണ് വീടുകളിലേക്ക് കൊണ്ടു പോയിരുന്നത്.
തടിപ്പാലവും പിന്നെ വന്ന ഗോവണിപ്പാലവും ആയിരുന്നു തോട് കടന്ന് ഇക്കരെ വരാനുള്ള യാത്രാ വഴികൾ. പിന്നെയും എത്രയോ നാളുകൾ കഴിഞ്ഞാണ് റോഡെന്ന ആഗ്രഹത്തിലേക്ക് വഴി തുറന്നതും വാഹനങ്ങൾ പോകാനുള്ള നേരെയുള്ള പാലത്തിനായി ഗോവണിപ്പാലം പൊളിച്ചു കളഞ്ഞതും.
അങ്ങനെയാണ് പാലം വരുന്നതു വരെയുള്ള ഇടവേളയിൽ കടത്തുവള്ളവുമായി മാധവേട്ടൻ ഞങ്ങളുടെ ആശ്രയമായി വരുന്നത്. രണ്ടു വർഷത്തോളം ഞങ്ങളുടെ കൺകണ്ട ദൈവത്തെ പോലെയായിരുന്നു മാധവേട്ടൻ. ആരൊക്കെ എപ്പോൾ പോകുന്നു, ഏതു രാത്രി തിരിച്ചു വരുന്നു എന്നൊക്കെ മാധവേട്ടനോട് ചോദിച്ചാൽ മതി. മാധവേട്ടന്റെ കടത്തു റെക്കോർഡിൽ രേഖപ്പെടുത്താതെ ഒരു യാത്രയും അക്കാലത്ത് ആർക്കുമില്ലായിരുന്നു.
പലപ്പോഴും രാവിലെ വായനശാലയിൽ പോയി ഉച്ചയ്ക്ക് ഊണു കഴിക്കാൻ വരുമ്പോൾ മാധവേട്ടൻ വലിയ തിരക്കൊന്നുമില്ലാതെ ഇക്കരയിലോ അക്കരയിലോ ബീഡിയും വലിച്ച് വള്ളത്തിന്റെ അറ്റത്ത്, അല്ലെങ്കിൽ തോടിന്റെ കരയിൽ മരത്തണലിൽ ഇരിക്കുന്നുണ്ടാവും, സ്വതേ കറുത്ത് മെലിഞ്ഞ് തലയിലൊരു തോർത്തു കെട്ടി മരച്ചുവട്ടിൽ ഇരിക്കുന്ന മാധവേട്ടന്റെ രൂപം ഇന്നലെയെന്ന പോലെ ഓർമ്മകളിലുണ്ട്.
”മാധവേട്ടാ…” ഒന്ന് വിളിച്ചാൽ ചിലപ്പോൾ കേൾക്കില്ല. ഉച്ചത്തിൽ വിളിക്കാനുള്ള മടി കൊണ്ട് കൈ കൊട്ടും. മാധവേട്ടൻ ചിലപ്പോൾ ചെറിയ മയക്കത്തിലാവും. അല്ലെങ്കിൽ ഏതോ ഓർമ്മകളിൽ മുഴുകി ഇരിക്കുകയാവും. ശബ്ദം കേൾക്കുമ്പോൾ ചിരിച്ച് കൈ വീശിക്കാണിച്ച് പതിയെ എഴുന്നേറ്റു വരും.
അതിനിടയിൽ വെറുതെ വിശേഷം തിരക്കാമെന്ന് കരുതിയാവും ചോദിക്കുക, ”മോളുടെ വിവാഹം എന്തെങ്കിലും ശരിയായോ?” അതു കേൾക്കുമ്പോൾ മാധവേട്ടന്റെ ചിരി മായും. രണ്ടു പെൺകുട്ടികളും ഇളയ ഒരാൺകുട്ടിയുമായിരുന്നു മാധവേട്ടന്.
”ഇല്ല, മോനേ, എത്ര നാളായി നോക്കുന്നു. എത്ര പേര് വന്നുകണ്ടു. ഒന്നൊക്കുമ്പോൾ ഒന്നൊക്കില്ല. എല്ലാം ശരിയായാൽ ഇവിടെ റോഡില്ലാത്ത പ്രശ്നം. അതുകൊണ്ടു തന്നെ എത്രയെണ്ണം മുടങ്ങി.”
പ്രായമായിട്ടും മോളുടെ വിവാഹം നടക്കാത്തതിലുള്ള വിഷമം ആ മുഖത്ത് വായിച്ചെടുക്കാമായിരുന്നു.
”സാരമില്ല, ഏട്ടാ. എല്ലാം ശരിയാകും. എല്ലാത്തിനും ഒരു സമയമുണ്ടല്ലോ?”
ഒരു കാരണവരുടെ ഭാവത്തിൽ സമാധാനിപ്പിക്കും. പിന്നെയും എത്രയോ നാൾ കഴിഞ്ഞാണ് പാലം വന്നത്. അതിനിടയിൽ ഒന്നു രണ്ട് ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളുമൊക്കെ കടന്നു പോയി. പാലം വന്നപ്പോൾ എല്ലാവർക്കും സന്തോഷമായിരുന്നു.
പക്ഷേ, പുറമെയുള്ള സന്തോഷത്തിനപ്പുറം അതിൽ മാധവേട്ടന് ദുഃഖം തോന്നിയിട്ടുണ്ടാവുമോ? കുറെ നാളായി മാസം തോറും പഞ്ചായത്തിൽ നിന്നും കിട്ടിയിരുന്ന വരുമാനം ഇല്ലാതെയാകും. എങ്കിലും പഴയതു പോലെ എന്തെങ്കിലുമൊക്കെ പണിക്കു പോയി മാധവേട്ടൻ കുടുംബം പുലർത്തും. പാലം വന്നു കഴിഞ്ഞെങ്കിലും ഏട്ടന്റെ മകളുടെ വിവാഹം നടന്നാൽ മതിയായിരുന്നു, മനസിൽ അതായിരുന്നു പ്രാർത്ഥന.
കാലങ്ങൾ കടന്നു പോയി, പുതിയ പാലം മന്ത്രി ഉദ്ഘാടനം ചെയ്തു. വാഹനങ്ങൾ കടന്നു പോകാൻ തുടങ്ങി. കുറെ നാൾ കഴിഞ്ഞപ്പോൾ നമുക്ക് ആവശ്യമില്ലാത്തത് നമ്മൾ മറന്നു പോകുന്നത് പോലെ പഴയ പാലവും കടത്തു വള്ളവും ഓർമ്മകളിലേക്ക് പോയി, മാധവേട്ടനും.
പിന്നെ ഇടക്ക് വല്ലപ്പോഴും വഴിയിൽ വെച്ച് കാണുമ്പോൾ ഒരു ചിരിയിൽ സൗഹൃദമൊതുങ്ങി. ബീഡിയും വലിച്ച് കള്ളി മുണ്ടും മടക്കിക്കുത്തി തോർത്തും തോളിലിട്ട് മാധവേട്ടൻ നടന്നു പോകുമ്പോൾ ഒരു തലമുറയുടെ യാത്രകളെ കൂട്ടിയിണക്കിയ മനുഷ്യനാണ് പോകുന്നതെന്ന് ആരെങ്കിലും ഓർക്കുമോ? കാറിലും ബൈക്കിലും ചീറിപ്പായുന്ന പുതിയ കുട്ടികൾക്ക് അതൊരു തമാശക്കഥയുമാകാം.
നാടും നഗരവും മുങ്ങിയ പ്രളയ സമയത്തായിരുന്നു മാധവേട്ടന്റെ വേർപാട്. പ്രളയം തുടങ്ങിയപ്പോൾ കായലിനടുത്തുള്ള വീടുകളിൽ നിന്നും ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ദൂരെയുള്ള ബന്ധു വീടുകളിലേക്കും മാറി. വീട്ടിൽ വെള്ളം കയറിയതിനാൽ മറവു ചെയ്യാൻ സ്ഥലമില്ലാതെ പഞ്ചായത്തിന്റെ പൊതു ശ്മശാനത്തിലാണ് മാധവേട്ടനെ സംസ്കരിച്ചത്.
ദൂരെ ജോലി സ്ഥലത്തിരുന്ന് മാധവേട്ടന്റെ വേർപാട് അറിഞ്ഞപ്പോൾ വല്ലാത്ത ദുഃഖം തോന്നി. എത്രയോ വട്ടം കയറിയിറങ്ങിയതാണ് ആ കടത്തു വള്ളത്തിൽ… എന്റേതെന്ന പോലെ എത്രയോ പേരുടെ സ്വപ്നങ്ങളുടെയും യാഥാർത്ഥ്യങ്ങളുടെയുമൊക്കെ ഇഴകൾ മാധവേട്ടന്റെ കടത്തു വള്ളത്തിലും പതിഞ്ഞു കിടപ്പുണ്ടാവണം.
നാട്ടിൽ വരുന്ന സമയത്ത് പുതിയ പാലം വഴി കടന്നു പോകുമ്പോൾ അങ്ങാടിത്തോടിനിപ്പുറം എത്തുമ്പോൾ അറിയാതെ കൈകൾ പതിയെ ഉയരും, ഒന്ന് കയ്യടിച്ചു നോക്കിയാലോ. അക്കരെ മരത്തണലിൽ ബീഡിയും വലിച്ചു കൊണ്ട് മാധവേട്ടൻ ഇരിപ്പുണ്ടെങ്കിലോ?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.