
കൊട്ടാരവും കോട്ടകൊത്തളങ്ങളും ഘോരവനവും അലറിപ്പാഞ്ഞടുക്കുന്ന സമുദ്രത്തിരമാലകളുമൊക്കെ നിമിഷാർധങ്ങളിൽ മാറിമറിഞ്ഞു കൊണ്ട് സ്റ്റേജിൽ അത്ഭുതങ്ങൾ വിരിയിച്ച കലാനിലയത്തിന്റെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായിരുന്നു അൻപത്തിരണ്ട് വർഷങ്ങൾക്കു മുൻപ് കലാനിലയം കൃഷ്ണൻ നായർ സംവിധാനം ചെയ്ത് അരങ്ങത്തെത്തിയ രക്തരക്ഷസ്. സുന്ദരിയായ യുവതി രക്ത ദാഹിയായ ഭീകര രൂപീണിയായി മാറുന്ന കാഴ്ച കണ്ട് പ്രേക്ഷകർ അക്ഷരാർത്ഥത്തിൽ ഭയന്നു വിറങ്ങലിച്ചു. ചിലർ വാവിട്ടു നിലവിളിക്കുകയും മറ്റു ചിലർ ബോധരഹിതരാകുകയും ചെയ്ത സംഭവങ്ങളുണ്ടായി. “ഗർഭിണികളും കുട്ടികളും ഒരു കാരണവശാലും നാടകം കാണരുത് ” എന്ന് നാടകത്തിന്റെ പോസ്റ്ററിലൂടെ മുന്നറിയിപ്പ് കൊടുത്തതും തീയേറ്ററിന്റെ പ്രവേശന കവാടത്തിൽ “ഗർഭിണികൾക്കും കുട്ടികൾക്കും പ്രവേശനമില്ല” എന്നെഴുതി വെച്ചതും നാടകം കാണികളിൽ സൃഷ്ടിച്ച ഈ പ്രതികരണങ്ങൾ കണക്കിലെടുത്താണ്. എന്നാൽ കൂറ്റൻ ജെറ്റുവിമാനം വന്നിറങ്ങുന്നതും ഇമ്പാലാ കാർ ചീറിപ്പാഞ്ഞു പോകുന്നതും ഒറ്റ നിമിഷം കൊണ്ട് അതിസുന്ദരിയായ യുവതി ഘോരാപിശാചായി രൂപം മാറുന്നതുമായ വിസ്മയങ്ങൾ അരങ്ങത്തു സംഭവിക്കുന്നത് കണ്ട് അത്ഭുതസ്തബ്ദരായ ജനങ്ങൾ കലാനിലയത്തിന്റെ അതിവിശാലമായ തീയേറ്ററിലേക്ക് ഇടതടവില്ലാതെ പ്രവഹിക്കുകയായിരുന്നു. നീണ്ട ഒരു വർഷത്തിലേറെക്കാലം ഒരൊറ്റ സ്ഥലത്ത് ഒരേ നാടകം തന്നെ പ്രതിദിനം ഒന്നിലേറെ ഷോകൾ അറങ്ങേറുന്ന അത്യപൂർവമായ സംഭവം ഇന്ത്യൻ നാടകലോകചരിത്രത്തിൽ തന്നെ ആദ്യമായിരുന്നു.
കലാനിലയം കൃഷ്ണൻ നായരുടെ നാടകപ്രവർത്തനങ്ങൾക്ക് തൊണ്ണൂറു വയസു പൂർത്തിയാകുന്ന, കലാനിലയം സ്ഥിരം നാടകവേദി 62 വർഷം പിന്നിടുന്ന 52 വർഷമായി തുടർച്ചയായി ജൈത്ര യാത്ര തുടരുന്ന രക്തരക്ഷസ് ഉള്ളടക്കത്തിലും അവതരണത്തിലും ധാരാളം പുതുമകളുമായി വീണ്ടുമെത്തുകയാണ് വ്യവസായ പ്രമുഖ നായ സോഹാൻറോയിയുമായി ചേർന്ന്
ഏരീസ് കലാനിലയം എന്ന പേരിൽ കലാനിലയം കൃഷ്ണൻ നായരുടെ മകനായ അനന്തപദ്മനാഭൻ രക്തരക്ഷസ് വേദിയിൽ എത്തിക്കുന്നു. നാടകത്തിന്റെ ക്രീയേറ്റീവ് ഡയറക്ടറും ആനന്ദപദ്മനാഭനാണ്.
എന്തുകൊണ്ടാണ് അൻപത്തി രണ്ട് വർഷങ്ങൾ കഴിഞ്ഞിട്ടും തലമുറകൾ പലതും കടന്നുപോയിട്ടും രക്തരക്ഷസ് എന്ന നാടകം പ്രേക്ഷകരെ കാന്തശക്തിയോടെ തീയേറ്ററിലേക്ക് ആകർഷിക്കുന്നത്? നേരത്തെ ചൂണ്ടിക്കാണിച്ചതുപോലെ കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അരങ്ങത്ത് വിരിയിക്കുന്ന വിസ്മയങ്ങൾ — ഞൊടിയിടയിൽ മാറി മറയുന്ന സെറ്റിങ്ങുകൾ, വിമാനവും കാറും കൊടുങ്കാടും വെള്ളച്ചാട്ടവും ബഹുനില മന്ദിരവും മനോഹരമായ ഉദ്യാനവും, പിന്നെ കാണികളുടെ ചോര തണുത്തുറഞ്ഞു പോകുന്ന വിധത്തിൽ നിമിഷനേരം കൊണ്ട് പ്രത്യക്ഷപ്പെടുന്ന അതി ഭീകരരൂപിണിയായ രക്ഷസിന്റെ രംഗപ്രവേശവും… പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന പുതിയ പുതിയ ദൃശ്യാനുഭവങ്ങളാണ് സമ്മാനിക്കുന്നത്. എന്നാൽ ഇതിനൊക്കെ അപ്പുറത്ത്, കാണികളെ പിടിച്ചിരുത്തുന്ന, കണ്ണീരും പൊട്ടിച്ചിരിയും ആകാംക്ഷയും ഭീതിയുമുൾപ്പെടെയുള്ള വൈവിധ്യമാർന്ന വൈകാരികാനുഭവങ്ങൾ പകരുന്ന നാടകീയ മുഹൂർത്തങ്ങളും ശക്തരായ കഥാപാത്രങ്ങളും, ആ വേഷങ്ങളിൽ പകർന്നാടുന്ന മികവുറ്റ അഭിനേതാക്കളും നാടകത്തെ ജനപ്രീതിയുടെ ഉയരങ്ങളിൽ കൊണ്ടെത്തിക്കുന്നു.
1973 മുതൽ കലാനിലയം അവതരിപ്പിച്ചു വന്ന രക്തരക്ഷസ് ഇപ്പോൾ വീണ്ടും അവതരിപ്പിക്കുകയാണ്. ശബ്ദത്തിലും ദൃശ്യത്തിലും അവതരണത്തിലും കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് അവതരിപ്പിക്കുന്ന നാടകം ഇപ്പോഴത്തെ തലമുറയിലെ കുട്ടികളെയും ഏറെ സ്വാധീനിക്കുന്നു. ലോക നാടക ചരിത്രത്തിൽ ഒരുപക്ഷേ ഒരു നാടകത്തിന് രണ്ടാം ഭാഗം ഉണ്ടാകാൻ പോകുന്നത് കലാനിലയത്തിന്റെ രക്തരക്ഷസ് കൂടിയായിരിക്കാം. ഇപ്പോൾ അവതരിപ്പിക്കുന്ന രക്തരക്ഷസ് ചാപ്റ്റർ 1 ന്റെ രണ്ടാം ഭാഗമായ ചാപ്റ്റർ 2 അധികം വൈകാതെ തന്നെ അരങ്ങിൽ എത്തും. സ്റ്റേജിൽ പടുകുറ്റൻ വിമാനം രംഗവേദിയിൽ പറന്നിറങ്ങും, സ്റ്റേജിൽ കാറുകൾ ചീറിപായും. ഇടിയും മിന്നലും പേമാരിയും വേദിയിൽ പ്രകമ്പനം കൊള്ളിക്കും. സിനിമകളെ വെല്ലുന്ന സ്വപ്നരംഗങ്ങൾ, 7.1 ഡോൽബി ശബ്ദക്രമീകരണങ്ങൾ, സിനിമകളെ പോലും വെല്ലുന്ന രീതിയിൽ ആണ് രക്തരക്ഷസ് അണിയിച്ചൊരുക്കിയിരിക്കുന്നത്. പ്രേക്ഷകരുടെ തലയ്ക്കു മുകളിൽ കൂടി വിമാനം പറന്നു പോകുന്നു. പഴയതലമുറയ്ക്കും പുതിയ തലമുറയ്ക്കും ഒരുപോലെ ഇഷ്ടപെടുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തിയാണ് ക്രീയേറ്റീവ് ഡയറക്ടർ അനന്തപദ്മനാഭൻ രക്തരക്ഷസ് വേദിയിൽ എത്തിച്ചിരിക്കുന്നത്.
120 ൽ പരം കലാകാരന്മാരും കലാകാരികളും സാങ്കേതിക പ്രവർത്തകരും പ്രവർത്തിക്കുന്നു. ജഗതിഎന്‍ കെ ആചാരിയാണ് രചന. പാപ്പനംകോട് ലക്ഷ്മണന്റെ വരികൾക്ക് ദക്ഷിണാമൂർത്തി സംഗീതം നൽകിയിരിക്കുന്നു. ബിജിഎം സുരേഷ് നന്ദൻ. ലോക നാടകവേദി യിൽ ചരിത്രം കുറിച്ചുകൊണ്ട് രക്തരക്ഷസ് കാണികളിൽ അത്ഭുതവും, വിസ്മയവും സൃഷ്ടിച്ച ജൈത്രയാത്ര തുടരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.