
സാംസ്കാരിക പ്രവര്‍ത്തകരും രാഷ്ട്രീയക്കാരും മാധ്യമങ്ങളും സമൂഹത്തില്‍ ഒരു ദൗത്യം തന്നെയാണ് നിര്‍വഹിക്കുന്നത്. സമൂഹത്തില്‍ നടമാടുന്ന കൊള്ളരുതായ്മകളെ ചൂണ്ടിക്കാണിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നു. പരിഹാരമുണ്ടാക്കാവുന്നതരത്തില്‍ ഇടപെടുന്നു. എഴുതപ്പെട്ട വാക്കുകള്‍ക്ക് പറയപ്പെട്ട വാക്കുകളെക്കാള്‍ ഉത്തരവാദിത്തമുണ്ട്. ഏറ്റവും അധികം വില്‍ക്കപ്പെടുന്ന പുസ്തകങ്ങള്‍ എഴുതിയതുകൊണ്ടുമാത്രം കാര്യമില്ല. സമൂഹത്തിലെ അനീതികള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരുകയും അതിനെതിരെ പോരാടുകയും ചെയ്യുമ്പോഴാണ് എഴുത്തുകാരന്റെ ഉത്തരവാദിത്തം പൂര്‍ണമാകുന്നത്. ചിലിയന്‍ കവി പാബ്ലോനെരൂദയ്ക്ക് എഴുത്ത് ഒരു സമരായുധവും രാഷ്ട്രീയ പ്രവര്‍ത്തനവുമായിരുന്നു. വില്യം ഷേക്സ്പിയറിനുശേഷം ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ടയാളാണ് നെരൂദ. തൂലികയെ സമരായുധമാക്കുകയാണ് ജയദേവന്‍ കൂടയ്ക്കല്‍.
ജയദേവന്‍ കൂടയ്ക്കലിന്റ 26 കവിതകളടങ്ങിയ സമാഹാരമാണ് സ്നേഹപൂര്‍വം ചെഗുവേരയ്ക്ക്. അര്‍ജന്റീനയില്‍ ജനിച്ച കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയും അന്തര്‍ദേശീയ ഗറില്ലാ പ്രസ്ഥാനങ്ങളുടെ നേതാവുമാണ് ചെഗുവേര. ക്യൂബൻ വിപ്ലവത്തെ നയിച്ച ഒളിപ്പോരാളിയായിരുന്ന ‘ചെ’ വിചാരണ കൂടാതെ വധിക്കപ്പെട്ടു. മരണശേഷം സാമൂഹിക വിപ്ലവത്തിന്റെ പ്രതീകമായി മാറുകയും ചെയ്തു. സ്നേഹപൂര്‍വം ചെഗുവേരയ്ക്ക് എന്ന കവിതയില്‍ നിന്നാണ് പുസ്തകത്തിന്റെ വായന ആരംഭിക്കുന്നത്. നിന്റെ പിറവിയല്ല മരണമാണ് നക്ഷത്രങ്ങളെ ഭയപ്പെടുത്തുന്നത് എന്ന കാവ്യഭാഷ്യം എല്ലാ പോരാളികള്‍ക്കും ചേരുന്നതാണ്. കുരിശില്‍ നിന്നും പടിയിറങ്ങിപ്പോയ സ്നേഹപ്പെരുമയാണ് തിരുമുറിവെന്ന കവിതയിലുള്ളത്. ജോയിക്ക് ജീവിതം മാത്രമല്ല എല്ലാം പുല്ലാണെന്ന ധീരതയോടെ പറയുകയാണ് പുല്ല് എന്ന കവിതയില്‍. അങ്ങനെ പറയാനൊരു ധൈര്യമുണ്ടാകണം. പ്രതിസന്ധികളെ നോക്കി പകച്ചുനില്‍ക്കുന്നവരോടാണ് ജോതിയുടെ പുല്ല് പ്രഖ്യാപനം.
സ്നേഹപൂര്‍വം എന്ന കവിത ഹൃദയം കൊടുത്ത് മറക്കാതിരിക്കാന്‍ ശീലിപ്പിക്കുകയാണ്. എന്റെ പ്രണയിനി, ഗോള്‍കീപ്പര്‍, വിഷം, കൃഷ്ണയ്ക്ക്, പലായനം, കള്ളനാണയങ്ങള്‍ക്ക് ഒരു ദിനംകൂടി, ഞാന്‍, ഗോഡ‍്‌സേ, ഉടുമ്പ്, ഗാന്ധി എന്നിങ്ങനെയുള്ള കവിതകള്‍ വായനക്കാരുടെ ഹൃദയത്തില്‍ അടയാളപ്പെടുത്തുന്നവയാണ്. പാളം കുലുക്കി പാതിരാകുലുക്കി ഓടുന്ന കവിതയാണ് രാത്രി വണ്ടി. റീത്ത് എന്ന കവിത തുടങ്ങുന്നത് ഞാന്‍ മരിക്കുന്നതിനു മുമ്പേ എന്റെ സ്വപ്നങ്ങള്‍ക്കുമുകളില്‍ നീ റീത്തുവച്ചു എന്നാണ്. സ്വപ്നം മരിച്ചാല്‍ പിന്നെ ജീവിതമില്ല. എല്ലാം കവിതകളിലും ആശയങ്ങളെക്കൊണ്ട് ബലപ്പെടുത്തുന്നുണ്ട്. വിട്ടുവീഴ്ചയില്ലാത്ത സൗമ്യനായ ഒരു പോരാളിയുടെ സാന്നിധ്യം കവിതയില്‍ തെളിനീരുറവയായി ഒഴുകുന്നുണ്ട്. സാമൂഹിക വിഷയങ്ങളോട് പ്രതികരിക്കുക എന്ന എഴുത്തുകാരന്റെ ദൗത്യം ഈ കവിതകളിലാകമാനം നിര്‍വഹിക്കുന്നുണ്ട്.
ഇന്ന് ജനത്തിന്റെ ആത്മാവിന്റെ ഭാഷതന്നെ മാറിയിരിക്കുന്നു. എല്ലാം എല്ലാവരോടും പറയാനുള്ളതല്ല. ചിലതെല്ലാം മനസില്‍ സൂക്ഷിക്കാനുള്ള മടിയാണ്. ജീവിത പരിസരങ്ങളോട് ചേര്‍ന്നു നിന്ന് അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്കു വേണ്ടി വാദിക്കാനുള്ള ശ്രമം കൂടിയാണ് ജയദേവന്‍ കൂടയ്ക്കലിന്റെ സ്നേഹപൂര്‍വം ചെഗുവേരക്ക്.
സ്നേഹപൂര്‍വം ചെഗുവേരക്ക്
(കവിത)
ജയദേവന്‍ കൂടയ്ക്കല്‍
സൃഷ്ടിപഥം
വില: 120 രൂപ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.