നമ്മുടെ തെരഞ്ഞെടുപ്പ് പ്രചരണരംഗങ്ങള്‍ ആകെ വിരസമായിരിക്കുന്നു. പണ്ടുകാലത്ത് ജനാധിപത്യരാജ്യത്തിന്റെ ഉത്സവങ്ങളായ തെരഞ്ഞെടുപ്പുകള്‍ക്ക് എന്തൊരു ചന്തമായിരുന്നു. മാനംമുട്ടെ ഉയരുന്ന കൊടിമരങ്ങളുമായി കക്ഷികള്‍ തമ്മില്‍ മത്സരം. വെെകുന്നേരമായാല്‍ ചെറുഘോഷയാത്രകള്‍. ചിരിയുടെ തമ്പുരാക്കന്മാരായിരുന്ന ചില സ്ഥാനാര്‍ത്ഥികള്‍ കൂടിയാകുമ്പോള്‍ രംഗമാകെ ജഗപൊഗ. ഇത്തരം സ്ഥാനാര്‍ത്ഥികള്‍ക്കും കാഴ്ചകള്‍ക്കും ഇന്ന് വംശനാശം സംഭവിച്ചിരിക്കുന്നു. കുറേക്കാലം മുമ്പ് മലബാറിലെ തെരഞ്ഞെടുപ്പ് രംഗത്ത് ഒരു സ്ഥാനാര്‍ത്ഥിയുണ്ടായിരുന്നു. വടകര ലോക്‌സഭാ മണ്ഡലത്തിലെ കുമ്പളക്കാരനായ കലന്തന്‍ ഹാജി. ഏത് മണ്ഡലത്തില്‍ മത്സരിക്കണമെന്നൊന്നും കലന്തന് നിര്‍ബന്ധമില്ല. ലോകമേ തറവാട് എന്ന മട്ട്. പ്രചരണരംഗത്ത് ഒപ്പം കൂടാന്‍ ഇന്നത്തെപ്പോലെ പതിനായിരങ്ങളും നെെറ്റ് മാര്‍ച്ചുമൊന്നും കലന്തന്‍ ഹാജിക്കില്ല. ഒരു ദിവസം ഹാജി തന്റെ കാറില്‍ പ്രചരണത്തിനിടെ അടച്ചിട്ട ലെവല്‍ ക്രോസില്‍ കുടുങ്ങുന്നു. പിന്നാലെ നൂറുകണക്കിന് വാഹനങ്ങള്‍. ലെവല്‍ ക്രോസിലെ ഗേറ്റ് തുറന്നപ്പോള്‍ കലന്തന്‍ ഹാജിയുടെ വാഹനത്തില്‍ നിന്ന് അനൗണ്‍സ്‌മെന്റ്; “നിങ്ങളുടെ പ്രിയങ്കരനായ സ്ഥാനാര്‍ത്ഥി കലന്തന്‍ ഹാജി നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ഇതാ നിങ്ങളെ കാണാനെത്തുന്നു”. പുറത്തുനിന്നവര്‍ അനൗണ്‍സ്മെന്റ് വാഹനത്തിനടുത്തെത്തി തിരക്കി- സ്ഥാനാര്‍ത്ഥി ഏത് വാഹനത്തിലാണ്? ഹാജി ഒരു കൂസലുമില്ലാതെ പറഞ്ഞു; “സ്ഥാനാര്‍ത്ഥി ഞാന്‍ തന്നെ”. കലന്തന്‍ ഹാജിയുടെ പ്രകടനപത്രികകള്‍ സാമൂഹ്യവിമര്‍ശനത്തിന്റെ പാരമ്യത്തിലെത്തി നില്‍ക്കുന്നവയായിരുന്നു. മറ്റ് സ്ഥാനാര്‍ത്ഥികള്‍ വാരിത്തൂവുന്ന നടക്കാത്ത വാഗ്ദാനങ്ങളെക്കുറിച്ചുള്ള പരിഹാസപൂരിതമായവ. മുക്കിനുമുക്കിനു മൂത്രപ്പുര, വയനാടിന് കടല്‍, പട്ടിക്ക് പെന്‍ഷന്‍, ആനയ്ക്ക് റേഷനരി, കടുവയ്ക്ക് കഞ്ഞിവെള്ളം അങ്ങനെയങ്ങനെ നീളുന്നു കലന്തന്‍ ഹാജിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍.
മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പെട്രോളിന് വില 70 രൂപയായിരുന്നു. അന്ന് നരേന്ദ്ര മോഡി പറഞ്ഞു; നിങ്ങള്‍ എനിക്ക് അഞ്ച് ദിവസം തരൂ പെട്രോള്‍ വില ഞാന്‍ 50 രൂപയാക്കാം. 400 രൂപയുണ്ടായിരുന്ന പാചകവാതകം 250 രൂപയാക്കാം. പക്ഷേ ഇന്ന് വാതകവില 1200 രൂപയോളം. പ്രതിവര്‍ഷം രണ്ട് കോടി പേര്‍ക്ക് തൊഴില്‍ നല്‍കാമെന്നും പറഞ്ഞു. പക്ഷെ ലോകത്തെ ഏറ്റവുമധികം തൊഴിലില്ലായ്മയും പട്ടിണിയുമുള്ള രാജ്യം ഇന്ത്യയെന്ന് ഐക്യരാഷ്ട്രസഭ കണക്കുകള്‍ നിരത്തുന്നു. തനിക്ക് അധികാരം തന്നാല്‍ കള്ളപ്പണം പിടിച്ചെടുത്ത് 15 ലക്ഷം രൂപ വീതം ഓരോ പൗരന്റെയും അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന് പറഞ്ഞു. പക്ഷെ ഡല്‍ഹിയില്‍ താവളമടിച്ച് കള്ളപ്പണം മുഴുവന്‍ തന്റെ പോക്കറ്റിലാക്കുന്ന പിച്ചാത്തിപ്പരമുവായി മോഡി മാറി. കലന്തന്‍ ഹാജിയുടെ വാഗ്ദാനങ്ങളും മോഡിയുടെ വാഗ്ദാനങ്ങളും തമ്മില്‍ എന്തൊരു ചേര്‍ച്ച.
കേരളത്തില്‍ നിന്ന് ജയിക്കുന്ന ബിജെപിക്കാരെയെല്ലാം കേന്ദ്രമന്ത്രിമാരാക്കുമെന്നാണ് പുതിയ വാഗ്ദാനം. ശോഭാ സുരേന്ദ്രന് കേന്ദ്ര വനിതാ-ശിശുവികസന വകുപ്പ്. വയനാട്ടില്‍ ജയിക്കുന്ന കെ സുരേന്ദ്രന് ധനകാര്യവും കുഴല്‍പ്പണ നിരോധന വകുപ്പും. സുരേഷ് ഗോപിക്ക് സാംസ്കാരിക‑സ്വര്‍ണക്കിരീട വകുപ്പ്, വി മുരളീധരന് നീതിന്യായ വകുപ്പ്, അനില്‍ ആന്റണി സാങ്കേതികവിദ്യാ മന്ത്രി, രാജീവ് ചന്ദ്രശേഖര്‍ വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി. തുഷാര്‍ വെള്ളാപ്പള്ളിക്ക് മെെക്രോ ഫിനാന്‍സ് വകുപ്പ് തന്നെയിരിക്കട്ടെ. താന്‍ പോലും വീണ്ടും പ്രധാനമന്ത്രിയാകില്ലെന്ന ആശങ്കയുടെ കൂടാരത്തില്‍ കഴിയുന്ന മോഡിക്ക് ഇതിനപ്പുറമെന്ത് വാഗ്ദാനം നല്‍കിയാലും മേല് നോവില്ലല്ലോ. പക്ഷേ ജബല്‍പുരിലെ സ്റ്റാര്‍ലി ലൂയിസ് എന്ന ഭൂലോക വട്ട്, മോഡിയെ കടത്തിവെട്ടിയിരിക്കുന്നു. ഓരോ പൗരനും 15 ലക്ഷം രൂപ നല്‍കാമെന്നാണ് മോഡി പറഞ്ഞതെങ്കില്‍ തന്റെ ഭാര്യയെ ജയിപ്പിച്ചാല്‍ ഓരോ വോട്ടര്‍ക്കും 16 ലക്ഷം രൂപ വീതം നല്‍കുമെന്നാണ് ഈ വിദ്വാന്റെ വാഗ്ദാനം. യുണെെറ്റഡ് സ്റ്റേറ്റ്സ് ഓഫ് ഏഷ്യയുടെ വെെസ് പ്രസിഡന്റും യുഎസ്എയുടെ പ്രസിഡന്റുമാണ് താനെന്നും ലൂയിസ് അവകാശപ്പെടുന്നു. ലോകാരാധ്യനാണ് താനെന്ന് മോഡി അവകാശപ്പെടുന്നതുപോലെ. എവിടെയോ ചില സ്ക്രൂകള്‍ ഇളകിക്കിടപ്പുണ്ടോ.
ഉഷ്ണം കടുത്തതോടെ രാജവെമ്പാലകള്‍ കാടുവിട്ട് നാട്ടിലിറങ്ങിയെന്ന വാര്‍ത്ത കണ്ടു. പലേടത്തും നാലും അഞ്ചും രാജവെമ്പാലകളെ നാട്ടുകാര്‍ തല്ലിക്കൊല്ലുന്നുവെന്നും വാര്‍ത്തയുണ്ട്. തിരുവനന്തപുരത്തും ഇറങ്ങിയിട്ടുണ്ട് രണ്ട് രാഷ്ട്രീയ രാജവെമ്പാലകള്‍. മണിപ്പൂരിലെ വംശഹത്യക്കും സ്ത്രീകളെ നഗ്നരാക്കി കൂട്ടബലാത്സംഗം ചെയ്തതിനും നേതൃത്വം നല്‍കിയ ബിജെപിയുടെ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറും പലസ്തീന്‍-ഹമാസ് ദേശാഭിമാനപ്പോരാളികളെ ഭീകരരെന്ന് മുദ്രകുത്തി ഇസ്രയേലിന് പട്ടും വളയും സമ്മാനിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരും. തന്നെ ജയിപ്പിച്ചാല്‍ നെയ്യാറ്റിന്‍കര, കോവളം, പാറശാല വഴി ഒരു ടെക്നോ മാനുഫാക്ചര്‍ ഇടനാഴി കൊണ്ടുവരുമെന്നാണ് രാജീവ് ചന്ദ്രശേഖറുടെ വാഗ്ദാനം. ആയിരങ്ങളെ വീണ്ടും കുടിയൊഴിപ്പിക്കലും ഭൂമി കോര്‍പറേറ്റുകളെ ഏല്പിക്കലുമാണ് ലക്ഷ്യം. ശശി തരൂരിന്റെ പഴയ ബാഴ്സലോണ സിറ്റി വാഗ്ദാനവും ഹെെക്കോടതി ബെഞ്ചും ചെലവാകാതെ വന്നപ്പോള്‍ തിരുവനന്തപുരത്തെ സാംസ്കാരിക തലസ്ഥാനമാക്കുമെന്നാണ് വാഗ്ദാനം. അതെങ്ങനെയിരിക്കുമെന്ന് ആര്‍ക്കും മനസിലാകില്ലല്ലോ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.