
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന റവന്യു അസംബ്ലി യോഗത്തില്‍ കുഴഞ്ഞുവീണ് മരിച്ച നിയമസഭാംഗം വാഴൂര്‍ സോമന്‍, കരുത്തനായ തോട്ടം തൊഴിലാളി നേതാവ്, എംഎല്‍എ എന്നീ നിലകളിലാണല്ലോ നാം അറിയുന്നത്. എന്നാല്‍ സോമന്റെ ഉള്ളില്‍ ഒരു കലാഹൃദയമുള്ള കാര്യം അധികം ആരും അറിഞ്ഞിട്ടുണ്ടാവില്ല. ഒളിപ്പിച്ചുവച്ചിരുന്ന ആ കലാഹൃദയം കണ്ടെത്താന്‍ ഞങ്ങള്‍ കുറേപ്പേര്‍ക്ക് ഒരു അവസരമുണ്ടായതിന്റെ കഥയാണ് ഇവിടെ പറയുന്നത്.
1986ല്‍ ഞങ്ങള്‍ ഏഴ് പേര്‍ കേരളത്തില്‍ നിന്നും മോസ്കോയിലേയ്ക്ക് പോകാന്‍ ഡെല്‍ഹിയിലെ സിപിഐ ആസ്ഥാനമായ അജയഭവനില്‍ ഒന്നിച്ച് ചേരുന്നു. ഇബ്രാഹിംകുട്ടി (എറണാകുളം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്), അലിയാര്‍ (ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ നേതാവ്), എം നസീര്‍ (മുന്‍ പിഎസ്‌സി അംഗം), അഡ്വ. ഷാജഹാന്‍ (ഇപ്പോഴത്തെ കെപിഎസി സെക്രട്ടറി), ജയന്‍ (നെടുമങ്ങാട്), വാഴൂര്‍ സോമന്‍, പിന്നെ ഞാന്‍. കേരളത്തില്‍ നിന്ന് മോസ്കോയില്‍ പാര്‍ട്ടി വിദ്യാഭ്യാസത്തിനും പരിശീലനത്തിനും പങ്കെടുക്കാനാണ് ഞങ്ങള്‍ ഏഴ് പേരെ തെരഞ്ഞെടുത്തത്. ഞങ്ങളെല്ലാവരും മുന്‍പരിചയക്കാരാണെങ്കിലും ഒത്തുകൂടുന്നത് ഇതാദ്യം. ജൂലൈ അവസാനം ഡെല്‍ഹിയില്‍ എത്താനായിരുന്നു പാര്‍ട്ടിയുടെ ഡിപ്പാര്‍മെന്റ് കമ്മിറ്റി കണ്‍വീനറും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ആന്റണി തോമസിന്റെ നിര്‍ദ്ദേശം. തിരക്കിട്ടെത്തിയെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ യാത്ര സെപ്റ്റംബര്‍ 13 വരെ നീണ്ടുപോയി. ഞങ്ങള്‍ക്ക് അജയഭവനിലായിരുന്നു താമസം പറഞ്ഞത്. അജയഭവനിലാകട്ടെ സോവ്യറ്റ് യൂണിയനിലേക്കും മറ്റ് സോഷ്യലിസ്റ്റ് രാജ്യങ്ങളിലേക്കും ഉന്നതവിദ്യാഭ്യാസത്തിന് പോകുന്ന വിദ്യാര്‍ത്ഥികളെ കൊണ്ട് നിറഞ്ഞു. അതുകൊണ്ട് ഞങ്ങള്‍ താമസത്തിന് മറ്റൊരു വഴിതേടി. പ്രായമായ ഇബ്രാഹിംകുട്ടി സാറിന് അജയഭവനില്‍ തന്നെ താമസമൊരുക്കി. ഞങ്ങള്‍ ആറ് പേര്‍ പാര്‍ട്ടി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും രാജ്യസഭാംഗവുമായിരുന്ന എന്‍ ഇ ബാലറാമിന്റെ വി പി ഹൗസിലേക്ക് താമസം മാറി. വി പി ഹൗസിന്റെ വരാന്തയില്‍ ഞങ്ങള്‍ ആറ് പേര്‍ ഷീറ്റുകള്‍ വിരിച്ച് കഴിഞ്ഞുകൂടി. ജീവിതത്തിലെ ഏറ്റവും രസകരമായ നിമിഷങ്ങളായിരുന്നു അത്. കൂട്ടത്തില്‍ ‘സിക്കായ’ എനിക്ക് ബാലറാമിന്റെ ഭാര്യ പങ്കജാക്ഷി ചേച്ചി നല്‍കിയ ചൂട് കഞ്ഞി വലിയ ആശ്വാസമായിരുന്നു. ബാക്കിയുള്ളവര്‍ക്ക് (കൂട്ടത്തില്‍ മരുമകന്‍ നസീറും) മിക്കവാറും വെളിയില്‍ നിന്നായിരുന്നു ആഹാരം. ഇതിനിടയില്‍ സമയം തള്ളിനീക്കിയത് ഡെല്‍ഹി നഗരം ചുറ്റിക്കറങ്ങുകയും ആഗ്ര പോലെയുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തുമാണ്. ഇടയ്ക്ക് വിരസത മാറ്റാന്‍ സോമന്റെ വിപ്ലവഗാനങ്ങളുണ്ടാകും. വിപ്ലവ ഗാനങ്ങള്‍ പാടുമ്പോള്‍ സോമനില്‍ പുതിയൊരു ഉന്മേഷം ദൃശ്യമായിരുന്നു. ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും ഒന്നാംതരം ആസ്വാദകന്‍ കൂടിയായിരുന്നു അദ്ദേഹം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും കൂടി ചേര്‍ന്നപ്പോള്‍ ഇന്ത്യന്‍ സംഘം വളരെ വലുതായി. മുപ്പതിലധികം ആളുകളുണ്ടായിരുന്നു. കൂട്ടത്തില്‍ ദേശീയ കൗണ്‍സിലംഗമായിരുന്ന സഖാവ് പാണ്ഡെ (മുഴുവന്‍ പേര് കൃത്യമായി ഓര്‍ക്കുന്നില്ല) ഇന്ത്യന്‍ ഗ്രൂപ്പിന്റെ ലീഡറായി. ഹിന്ദി സംസാരിക്കുന്നവര്‍ക്കും ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ക്കും പ്രത്യേകം ഗ്രൂപ്പ് രൂപീകരിച്ചു. ഇംഗ്ലീഷ് ഗ്രൂപ്പിന്റെ കണ്‍വീനറായി ഇബ്രാഹിംകുട്ടി സാറിനെ എടുത്തു. പൊതുവായി കള്‍ച്ചറല്‍ വിഭാഗത്തിന്റെ കണ്‍വീനറായി പാട്ടുകാരനായ സോമനെയും തെരഞ്ഞെടുത്തു.
മോസ്കോയിലെത്തിയശേഷം ആദ്യത്തെ ഒരാഴ്ച ക്വാറന്റൈനായിരുന്നു. മോസ്കോയ്ക്ക് സമീപമുള്ള ഒരു സാനിട്ടോറിയത്തില്‍ ഞങ്ങളെ താമസിപ്പിച്ചു. ഓരോരുത്തരെയും വിഗദ്ധമായ പരിശോധന നടത്തി. ഏറ്റവുമധികം രോഗബാധിതനായിരുന്നത് സോമനായിരുന്നു. വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ബൂട്സ് ഇട്ട് സോമന്റെ നട്ടെല്ലിന് കടുത്ത ക്ഷതം ഏല്‍പ്പിച്ചിരുന്നു. വളഞ്ഞുകുത്തിയാണ് സോമന്‍ നടന്നിരുന്നത്. ഈ വേദനയിലും തമാശ പറഞ്ഞും വിപ്ലവഗാനങ്ങള്‍ പാടിയും സോമന്‍ ഏവരുടെയും പ്രിയങ്കരനായി. സാനിട്ടോറിയം വിട്ടശേഷം ഞങ്ങള്‍ ലെനിന്‍ സ്കൂളിലെത്തി. എണ്‍പതോളം രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പ്രതിനിധികള്‍ക്ക് താമസവും വിദ്യാഭ്യാസവും ഒരുക്കുന്ന മഹത് സ്ഥാപനമാണിത്. മോസ്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന്റെ കീഴിലുള്ളതാണ് ആ സ്ഥാപനം. ഇന്ന് അത് ഉണ്ടോ എന്ന് അറിയില്ല. ഞങ്ങള്‍ അവിടെയെത്തി മൂന്നാം ദിവസം ഇന്റര്‍പ്രറ്റര്‍ വന്നിട്ട് ഇന്ത്യന്‍ ഗ്രൂപ്പിന്റെ യോഗം വിളിക്കാന്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ അല്പസമയത്തിനകം ഒന്നിച്ചുകൂടി. ഇന്ത്യയില്‍ നിന്ന് ഒരാളെ അസര്‍ബൈജാനില്‍ നടക്കുന്ന സാഹിത്യ കലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തെരഞ്ഞെടുത്തിട്ടുണ്ടെന്നും ആ ആളിനെ നിശ്ചയിച്ചുതരാനും പാര്‍ട്ടി നിര്‍ദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും ഒരേശബ്ദത്തില്‍ കള്‍ച്ചറല്‍ വിഭാഗം കണ്‍വീനര്‍ വാഴൂര്‍ സോമന്റെ പേരാണ് പറഞ്ഞത്. ഉടനെ തന്നെ സോമന്‍ യാത്രയ്ക്ക് ഒരുങ്ങാന്‍ ആവശ്യപ്പെട്ടു. എന്ത് പറയണമെന്നോ എങ്ങനെ പോകണമെന്നോ ഒരു നിശ്ചയവുമില്ലാതെ നിന്ന സോമനോട് അതൊക്കെ ഞങ്ങള്‍ക്ക് വിട്ടേക്കൂ താങ്കള്‍ തയ്യാറായി വരാനാണ് ആവശ്യപ്പെട്ടത്. അല്പ സമയം കഴിഞ്ഞപ്പോള്‍ സോമനെ ഔദ്യോഗിക വാഹനത്തില്‍ എയര്‍പോര്‍ട്ടിലേയ്ക്ക് കൊണ്ടുപോയി. രണ്ട് വര്‍ഷം കൂടുമ്പോള്‍ ചേരുന്ന ഒരു മഹാസമ്മേളനമാണ് ഉത്സവങ്ങളുടെ നാടായ കാസ്പിയന്‍ കടല്‍ത്തീരത്തുള്ള അസര്‍ബൈജാനില്‍ നടന്നത്. ലക്ഷക്കണക്കിനാളുകളാണ് ആ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. അവിടെ ഇന്ത്യന്‍ പ്രതിനിധിയായി സോമന്‍ സംസാരിച്ചു. ജീവിതത്തില്‍ അപൂര്‍വം ലഭിക്കുന്ന ഒരു അവസരമാണ് സോമന് കൈവന്നത്. മ്യൂസിക് കമ്പോസറും സിംഫണി, ബാലെ, ഓപ്പറ വിഭാഗങ്ങളിലും സംഗീതം കൈകാര്യം ചെയ്ത പ്രമുഖനായ ഗാരായേവയുടെ സ്മരണയ്ക്കായിട്ടാണ് രണ്ട് വര്‍ഷം കൂടുമ്പോള്‍ ഇങ്ങനെ സമ്മേളനം അസര്‍ബൈജാന്‍ തലസ്ഥാനമായ ബാക്കുവില്‍ ചേരുന്നത്.
ആറ് മാസത്തെ മോസ്കോ ജീവിതകാലത്ത് നിരവധി ചരിത്രസ്മാരകങ്ങളും ഭരണരംഗത്തെ വിവിധ സ്ഥാപനങ്ങളും സന്ദര്‍ശിക്കാന്‍ അവസരമുണ്ടായി. ഇതിനിടയില്‍ മെച്ചപ്പെട്ട ചികിത്സ കിട്ടാന്‍ സോമന്‍ പരിശ്രമിച്ചെങ്കിലും നടന്നില്ല. വിദ്യാഭ്യാസത്തിന് വന്നതുകൊണ്ട് ചികിത്സ നടത്താന്‍ കഴിയില്ലെന്നും ചികിത്സായ്ക്കായി പ്രത്യേകം വരണമെന്നുമാണ് ചട്ടം. അതുകൊണ്ട് ചില്ലറ ചികിത്സകളല്ലാതെ വിദഗ്ദ്ധ ചികിത്സ നടത്താന്‍ സോമന് കഴിഞ്ഞില്ല. അതിശൈത്യം നിലനില്‍ക്കുന്ന മോസ്കോയില്‍ കടുത്ത വേദനയുമായിട്ടാണ് സോമന്‍ കഴിഞ്ഞത്. ഞങ്ങളുടെ വിദ്യാഭ്യാസത്തിന്റെ അവസാനത്തെ ഒരാഴ്ച റിപ്പബ്ലിക് സന്ദര്‍ശനമാണ്. യൂറോപ്പിനോട് ചേര്‍ന്ന് കിടക്കുന്ന മള്‍ദേവ്യയിലാണ് സന്ദര്‍ശനം നിശ്ചയിച്ചത്. സോവ്യറ്റ് കുടുംബം, ജില്ലാ ഭരണകൂടം, ക്ലബ്ബുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കൃഷിക്കളങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങി ഒരാഴ്ച ടൈറ്റായ പരിപാടികളായിരുന്നു. അവസാനത്തെ ദിവസം ഞങ്ങള്‍ ഹോസ്റ്റലില്‍ ഒന്നിച്ചുകൂടി. സോമനും ഞാനും ഒരു മുറിയിലായിരുന്നു. എല്ലാവരും കഥകള്‍ പറയുകയും അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും പാട്ട് പാടുകയും താളം പിടിക്കുകയും ചെയ്ത് മണിക്കൂറുകളോളം ചെലവഴിച്ചു. കടുത്ത തണുപ്പാണ് അപ്പോഴും. പിറ്റേദിവസം ഞങ്ങള്‍ക്ക് നാല് മണിക്കൂര്‍ യാത്ര ചെയ്ത് മോസ്കോയിലെത്തി അന്ന് തന്നെ രാത്രിയില്‍ ഡെല്‍ഹിക്ക് പോകുകയാണ് നിശ്ചിത പരിപാടി. രാവിലെയായപ്പോള്‍ സോമന് കിടക്കയില്‍ നിന്നെഴുന്നേല്‍ക്കാന്‍ കഴിയുന്നില്ല. വേദന സഹിക്കാനും കഴിയുന്നില്ല. എല്ലാവര്‍ക്കും വിഷമമായി. പെട്ടെന്ന് ഔദ്യോഗിക തീരുമാനമുണ്ടായി. സോമനെ അടിന്തിര ചികിത്സയ്ക്ക് വിധേയമാക്കുകയാണ്, ബാക്കിയുള്ളവര്‍ക്ക് നാട്ടിലേക്ക് മടങ്ങാം. അങ്ങനെ ദുഃഖത്തോടെയാണ് സോമനെ വിട്ടിട്ട് ഞങ്ങള്‍ നാട്ടിലേക്ക് തിരിച്ചത്. രണ്ട് മാസക്കാലം കഴിഞ്ഞാണ് സോമന്‍ നാട്ടിലെത്തിയത്. ഇതിനിടയില്‍ കിട്ടാവുന്ന നല്ല ചികിത്സ അവിടെ ലഭിച്ചുവെന്നാണ് മനസിലാകുന്നത്. പക്ഷേ വേദന അദ്ദേഹത്തിന്റെ കൂടെപ്പിറപ്പായി ഉണ്ടായിരുന്നു. ഒരു ജീവിതകാലം മുഴുവന്‍ തൊഴിലാളി പ്രസ്ഥാനത്തിനുവേണ്ടി ഉഴിഞ്ഞുവച്ചതിന്റെ പ്രതിഫലമെന്നവണ്ണം.
******
നീല ഗഗന വനവീഥിയിലൂടെ…
-അഡ്വ. സോബിത്ത് സോമന്‍
തൊഴിലാളികൾക്കായി അക്ഷീണം പ്രവർത്തിക്കുന്ന വാഴൂർ സോമനെ മാത്രം പുറം ലോകത്തിനറിയൂ. എന്നാൽ, പാട്ടുകളെ സദാ ഹൃദയത്തിൽ സൂക്ഷിക്കുന്ന അപ്പയാണ് എനിക്ക് സഖാവ് വാഴൂർ സോമൻ. പുതിയ കാലത്തെ സംഗീത ആലാപന രീതിയായ പല്ലവിയിൽ നിന്നാരംഭിക്കുന്ന പ്രവണത പ്രചാരണത്തിലെത്തിയിട്ട് കുറച്ച് വർഷങ്ങളല്ലേ ആകുന്നുള്ളു. പക്ഷേ അപ്പാ ഇത് പണ്ടേ ശീലിച്ച കാര്യമാണ്. സൂര്യകാന്തിയെന്ന പാട്ട് അപ്പാ ഒരിക്കലും തുടക്കം മുതൽ പാടി ഞാൻ കേട്ടിട്ടില്ല. അപ്പാ തുടങ്ങുന്നത് നീല ഗഗന വനവീഥിയിൽ നിൽപൂ നിഷ്പ്രഭനായി നിൻ നാഥൻ, സൂര്യകാന്തി…
അപ്പാ പക്ഷേ ആ പാട്ടിന്റെ മാധുര്യം നഷ്ടപ്പെടുത്തില്ല. പാട്ട് മുഴുവനും പാടുകയും ചെയ്യും. വരികൾ തെറ്റിക്കാതെ, അർഥം ചോർന്നു പോകാതെ, കവിയുടെ ആശയത്തെ മാനിച്ച്. വെയിലറിയാതെ മഴയറിയാതെ എന്ന വരികൾ പാടുമ്പോൾ കേൾവിക്കാരനും മനസിൽ ആ കാലം പൂക്കും. എല്ലാ ദിവസവും രാത്രി പി ജയചന്ദ്രന്റെ ‘ഒന്നിനി ശ്രുതി താഴ്ത്തി…’ എന്ന പാട്ട് സ്വന്തം ഫോണിൽ കേട്ടേ ഉറങ്ങാറുളളു. അതിലെ ഒരു വരിയായ കാലത്തിൻ കണികയാമി ഒരു ജന്മത്തിന്റെ ജാലകത്തിലൂടെ അപാരതയെ നോക്കിയെന്ന വരി കേൾക്കുമ്പോൾ അപ്പാ സ്വന്തം ബാല്യകാല ഓർമകളിലേക്ക് പോയിരുന്നു. പാട്ടുകൾ പഠിക്കാനും അദ്ദേഹം താത്പര്യ കാണിച്ചിരുന്നു. എനിക്ക് ഇഷ്ടപ്പെട്ട പാട്ടായിരുന്നു നമ്മൾ എന്ന ചിത്രത്തിലെ ‘സുഖമാണീ നിലാവ്…’ എന്ന പാട്ട്. ഒരു വൈകുന്നേരം ഞാനും അപ്പയും വീടിന് മുമ്പിലിരുന്നു ഒന്നിച്ചാണ് ആ പാട്ട് പഠിച്ചത്. നല്ല സംഗീതം ആസ്വദിക്കാൻ ഭാഷാ വ്യത്യാസം ഒരു പ്രശ്നമല്ലെന്നാണ് അപ്പയുടെ നിലപാട്. അപ്പക്ക് ഹിന്ദിയിലും ഇഷ്ട പാട്ടുകളുണ്ടായിരുന്നു. അതിൽ ഏറ്റവും പ്രീയം ചിറ്റ്ചോർ എന്ന ചിത്രത്തിലെ ‘ജബ് ദീപ് ചലേ ആനാ…’ എന്ന പാട്ടായിരുന്നു. യേശുദാസ് പാടിയ ഹിന്ദി പാട്ടുകൾ മാത്രമല്ല അദ്ദേഹത്തിന്റെ പ്രിയപ്പെട്ടത്. മുഹമ്മദ് റാഫിയേയും ഇഷ്ടമാണ്. പാട്ടുകളുടെ വരി അതിന്റെ അർഥം മനസിലാക്കി അപ്പ പഠിച്ചിരുന്നു. ഒരു പക്ഷേ വിവിധ ഭാഷകൾ പഠിക്കാൻ അദ്ദേഹത്തെ സഹായിച്ചതും അതാവാം.
1959- ലെ ദേവികുളം നിയസഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കമ്മ്യുണിസ്റ്റ് പാർട്ടിക്കു വേണ്ടി താരപ്രചാരകനായി തമിഴ്‌നാട്ടിൽ നിന്നും ഇളയരാജയെത്തി. റോസമ്മ പുന്നൂസാണ് സ്ഥാനാർഥി. റോസമ്മക്കായി എം എൻ ഗോവിന്ദൻ നായർ തമിഴ്‌നാട് പാർട്ടിയുമായി ആലോചിച്ച് ഇളയരാജയെ കളത്തിലിറക്കി. വി എസ് അച്യുതാനന്ദനായിരുന്നു അന്ന് തിരഞ്ഞെുപ്പ് കമ്മിറ്റി സെക്രട്ടറി. അത് പോലെ വാഴൂർ സോമൻ പീരുമേട് നിയമസഭാ തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായി സി എ കുര്യനു വേണ്ടി പ്രവർത്തിക്കുമ്പോഴും ഇളയരാജയെ എത്തിച്ചു. അന്നും വിജയം കമ്മ്യുണിസ്റ്റ് പാർട്ടിക്ക് തന്നെ. പാട്ടുകളോടുള്ള അടുപ്പമല്ലേ അദ്ദേഹത്തെ കൊണ്ട് അങ്ങനെയൊരു തീരുമാനത്തിലെത്തിക്കാൻ കാരണമെന്ന് കരുതുന്നു. പാട്ടുകൾ തിരഞ്ഞെടുപ്പിനുള്ള വലിയ ആയുധമായി അദ്ദേഹം കണ്ടു. ഒരിക്കൽ കോൺഗ്രസ് സ്ഥാനാർഥിയായ എം എം ജോസഫിനെതിരെ (മണർകാട് പാപ്പൻ) അപ്പാ സ്വയം ഒരു തിരഞ്ഞെടുപ്പ് ഗാനം രചിച്ചു. കേരളത്തിലെ പ്രസിദ്ധനായ വ്യവസായിക്കെതിരെ രചിച്ച പാട്ട് ഈ അവസരത്തിൽ ഞാൻ പറയുന്നില്ല. അതൊരു തിരഞ്ഞെടുപ്പിനായി രചിച്ചതാണ്. എന്നാൽ ഒരിക്കലും അദ്ദേഹം വ്യക്തിഹത്യ നടത്തിയില്ല.
പക്ഷേ ആ പാട്ടും തിരഞ്ഞെടുപ്പിലെ വിജയത്തിന് സഹായിച്ചു. പാട്ടുകൾ തിരഞ്ഞെടുപ്പ് വിജയത്തിന് ആക്കം കൂട്ടിയെന്ന ‘സർട്ടിഫിക്കറ്റ്’ കൊടുത്തതാകട്ടെ എതിർ സ്ഥാനാർത്ഥി മണർകാട് പാപ്പൻ തന്നെ. തൊഴിലാളി സമൂഹത്തെ, പീരുമേടിന്റെ ഭാവിയെക്കുറിച്ചോർത്ത് ജീവിച്ച എന്റെ അപ്പക്ക് റെഡ് സല്യൂട്ട്.
(വാഴൂര്‍സോമന്റെ മകനാണ് ലേഖകന്‍)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.