സമൂഹത്തിലെ ദുരിതങ്ങൾക്കും അനീതിയ്ക്കും തിന്മയ്ക്കുമെതിരെ കലാ സപര്യയിലൂടെ പ്രതികരിക്കുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്യുന്ന അനുഗൃഹീത കലാകാരനാണ് ഷിബു വെട്ടം. മലയാള ഭാഷാപിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ മണ്ണിനോട് ചേർന്നതിരൂർ വെട്ടത്താണ് ഷിബുവിന്റെ സ്വദേശം. സാമൂഹ്യപ്രതിബദ്ധതയാണ് ഷിബു വെട്ടമെന്ന ഈ യുവകലാകാരന്റെ മുഖമുദ്ര. ആശയവുംകലയുടെ മൂർത്തഭാവങ്ങളും ഇഴചേർന്ന ശില്പങ്ങൾകൊണ്ടും വശ്യമനോഹരമായ ചിത്രങ്ങൾകൊണ്ടും സമർപ്പിത ജീവിതമാണ് ഷിബുവിന്റേത്.
കലയോടുള്ള അടങ്ങാത്ത ആഗ്രഹമാണ് ഷിബുവെട്ടത്തെ മുന്നോട്ട് നയിക്കുന്നത്. ലഭ്യമായ വസ്തുക്കളിലൂടെ ചുറ്റിപാടിനെ ക്യാൻവാസിലേക്ക് പകർത്തി സന്തോഷം കണ്ടെത്തുകയാണ് ഈ കലാകാരൻ. ആശയവും രാഷ്ട്രീയവും ഫലപ്രദമായി അവതരിക്കാൻ കഴിയുന്ന, ഇപ്റ്റയുടെ മലപ്പുറം ജില്ലാകമ്മിറ്റി അംഗം കൂടിയായ ഷിബുവിന്റെ ശാസ്ത്രം മുന്നോട്ട് മനുഷ്യൻ പിന്നോട്ട് എന്ന ശില്പം തന്റെ നിലപാടുകളുടെ സാക്ഷ്യപത്രം കൂടിയാണ്.
ബാലപാഠം
***********
സ്കൂൾ പഠനകാലത്തു തന്നെ ചിത്രരചന, ശില്പ നിർമ്മാണ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടി. കുറച്ച് കാലം ചിത്രകാരൻ കൃഷ്ണൻ പച്ചാട്ടിന്റെ ശിഷ്യനായി. കലയോടുള്ള അടങ്ങാത്ത ഇഷ്ടം സ്വയം പഠിക്കുന്നതിന് കൂടുതൽ സമയംകണ്ടെത്തി.
2022 ൽ ദേശീയ ശില്പ നിർമ്മാണ ക്യാമ്പിലേക്ക് കേരളത്തിൽ നിന്ന് തെരഞ്ഞെടുത്ത രണ്ട് പേരിൽ ഒരാളായിരുന്നു.
കോവിഡിനെതിരെ കലാസന്ദേശം
*********************************
രാജ്യത്തെ മുൾമുനയിൽ നിർത്തിയ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ നാട് ഒറ്റ ക്കെട്ടായി നില്‍ക്കുന്ന ചിത്രം പത്രമാധ്യങ്ങളിൽ വാർത്തയായതോടെ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇന്ത്യയുടെ ഭൂപടത്തിൽ കൊറോണക്ക് എതിരെ കൈകോർക്കുന്ന ഭാരതീയർ എന്ന സങ്കല്പമാണ് ചിത്രത്തിനുണ്ടായിരുന്നത്. യാചനയുടെ ഓർമ്മപ്പെടുത്തൽ എന്ന ശില്പം സോപ്പും മാസ്കും ഉപയോഗിക്കാനും സാമൂഹ്യ അകലം പാലിക്കാനും ആരോഗ്യ പ്രവർത്തകർ സമുഹത്തോട് യാചിക്കുന്നതാണ് വിഷയം. ആരോഗ്യപ്രവർത്തകരുടെ സേവനങ്ങളെ ചിത്രീകരിക്കുന്ന ഭൂമിയിലെ മനുഷ്യദൈവങ്ങൾ, മാലാഖയുടെ പോരാട്ടം, കൊറോണയുടെപ്രതിഷേധം, അതിജീവനയുദ്ധം എന്നീ ശില്പങ്ങളും ശ്രദ്ധിക്കപ്പെട്ടു.
പ്രളയദുരന്തം
*************
‘പ്രകൃതിയുടെ കണ്ണുകൾ’ എന്ന ശില്പം പ്രളയത്തെ ആസ്പദമാക്കിയുള്ളതായിരുന്നു. ആദ്യ പ്രളയത്തിൽ മനസിലുദിച്ച ആശയമായിരുന്നു. വിധി വൈപീരത്യമെന്നോണം ശില്പ നിർമ്മാണത്തിനിടെ ഷിബുവിന്റെ വീടും പ്രളയത്തിന് ഇരയായി. വാടക വീട്ടിലേക്ക് താമസം മാറുമ്പോൾ ശില്പനിർമ്മാണത്തിന്റെ അസംസ്കൃത വസ്തുക്കൾ കൊണ്ടുപോകാൻ മറന്നില്ല. പ്രളയത്തിന്റെ ദുരന്തമുഖങ്ങളിൽ നിസഹായരായ മനുഷ്യരുടെയും അവരെ രക്ഷപ്പെടുത്തിയ സന്നദ്ധ പ്രവർത്തകരെയും ഹെലിക്കോപ്റ്റർ വഴി രക്ഷപ്പെടുത്തുന്ന നേവിയും ഹൃദ്യമായി ആവിഷ്കരിച്ചു
ലഹരി വിരുദ്ധം
****************
വിദ്യാലയങ്ങളിൽ ലഹരി വിരുദ്ധ ബോധവൽക്കരണത്തിനായി പതിനാല് അടി ഉയരത്തിൽ നിർമ്മിച്ച ശില്പവും ഏറെ പ്രശംസ നേടി.
വേട്ടേഴ്സ് ദിന സന്ദേശം
*********************
ദേശീയ വേട്ടേഴ്സ് ദിനം 2025ന്റെ ഭാഗമായി തിരൂർ താലൂക്ക് തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പടിഞ്ഞാറെ അഴിമുഖത്ത് നിർമ്മിച്ച മണൽശില്പം പൊതുജനങ്ങൾക്ക് സമർപ്പിച്ചു. തിരൂർ സബ്ബ് കളക്ടർ ദിലീപ് കെ കൈനിക്കര ഐ എ എസ്, ഡെപ്യൂട്ടി കളക്ടർ, താഹസിൽദാർ എന്നിവരുടെ അഭിനന്ദനങ്ങൾ സ്വീകരിച്ചു.
കരസേനയ്ക്ക് ആദരവ്
********************
മലമ്പുഴ കൂർമ്പാച്ചിമലയിടുക്കിലെ പാറക്കെട്ടിൽ കാൽവഴുതി വീണ ചെറാട് സ്വദേശി ആർ. ബാബുവിനെ രക്ഷിച്ച കരസേനയ്ക്ക് ആദരവുമായി കളിമണ്ണിൽ ശില്പം ചിത്രീകരിച്ചു.
എഴുത്തച്ഛൻ
***********
മലയാളഭാഷാപിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന് അക്ഷര ശില്പം കൊണ്ട് ആദരം. ആർട്ടിസ്റ്റ് നമ്പൂതിരിയുടെ എഴുത്തച്ഛന്റെ ഭാവനാശില്പമാണ് ഒരുക്കിയത്. മലയാളം എന്ന വാക്കിലെ അക്ഷരങ്ങൾ കോർത്തിണക്കി കോൺക്രീറ്റിൽ നിർമ്മിച്ച ശില്പം മൂന്നരവർഷത്തോളം നടത്തിയ ആലോചനകളുടെയും പരിശ്രമത്തിന്റേയും ഫലമായിരുന്നു. 25 കിലോ സിമന്റും മെറ്റലും കമ്പിയും വേണ്ടി വന്നു.
ചിത്രകം ആർട്ട് ഗ്യാലറി
***********************
പൊന്നാനി പുഴയോരത്തെ പരിയാപുരം ഗ്രാമത്തിലെ വയലേലകൾക്ക് മധ്യേയുള്ള മൂന്ന് സെന്റ് ഭൂമിയിലെ വീടിനോട് ചേർന്നാണ് കലാപ്രേമികൾക്കായി ഷിബുവിന്റെ കരവിരുതിൽ ഗ്രാമീണ പശ്ചാത്തലത്തിൽ പണിതുയുർത്തിയ ചിത്രകം ആർട്ട് ഗ്യാലറി പഠന ഗവേഷണകേന്ദ്രം. കേരളത്തിന്റെ ചരിത്ര സാമൂഹ്യ സംഭവങ്ങൾ ശില്പങ്ങളിൽ ഒരുക്കി ഇവിടെ പ്രദർശിപ്പിക്കുന്നു. കോവിഡ്, പ്രളയം, പരിസ്ഥിതി, ലഹരി, പ്ലാസ്റ്റിക്ക് തുടങ്ങിയ വിഷയങ്ങളിൽ തീർത്ത ശില്പങ്ങൾ, ക്യാൻവാസിലെ നിറക്കൂട്ടിലൊരുക്കിയ നൂറോളം മനോഹരമായ ചിത്രങ്ങൾ എന്നിവ കൊണ്ട് സമ്പന്നമാണ് ഈ കൊച്ചു ഗ്യാലറി. ചിത്ര‑ശില്പ രചനാശില്പശാല, കരകൗശല പരിശീലനം, പരിസ്ഥിതി സംബന്ധമായ സാഹിത്യരചന എന്നിവക്കെല്ലാം ഗ്യാലറി വേദിയാകുന്നു. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ധാരാളം കലാസ്നേഹികൾ ഇവിടെ പതിവ് സന്ദർശകരാണ്.
പുരസ്കാരം
**********
സപര്യ സാംസ്കാരിക സമിതി ചിത്രശില്പ പുരസ്കാരം, കണ്ണൂർ നവപുരം മതാതീത ദേവാലയം കലാശ്രീപുരസ്കാരം, വെട്ടത്ത്നാട് ആസ്ഥാന ശില്പി അംഗീകാരം.
കുടുംബം
********
പരിയാപുരം ചേലാട്ട് വാസുവിന്റേയും സൗമിനിയുടെയും മകനാണ്. സിന്ധുവാണ് സഹോദരി. ചമ്രവട്ടം എൽപി സ്കൂൾ, വെട്ടം കുറ്റിയിൽ എയുപി സ്കൂൾ, പുറത്തൂർ ഹൈസ്കൂൾ എന്നിവടങ്ങളിൽ വിദ്യാഭ്യാസം. സീരിയൽ, ടെലിഫിലിമുകളുടെ കലാസംവിധായകനും മേക്കപ്പ് ആർട്ടിസ്റ്റുകൂടിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.