13 April 2025, Sunday
KSFE Galaxy Chits Banner 2

Related news

January 15, 2025
January 8, 2025
January 7, 2025
January 5, 2025
January 5, 2025
January 4, 2025
January 4, 2025
January 4, 2025
January 4, 2025
January 3, 2025

കായലിൽ കരിമീനും കടലിൽ നെമ്മീനും

കുരീപ്പുഴ ശ്രീകുമാർ
വർത്തമാനം
January 4, 2024 4:20 am

ളരെ വർഷങ്ങൾക്ക് ശേഷം കൊല്ലം നഗരം കൗമാര കലോത്സവത്തിനു സാക്ഷിയാവുകയാണ്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള കുരുന്നു പ്രതിഭകളും അവരുടെ അധ്യാപകരും പരിശീലകരും രക്ഷകർത്താക്കളും ദേശിങ്ങനാട്ടിലെത്തുന്നു. അഷ്ടമുടിക്കായലും കൊച്ചുപിലാമ്മൂട് ബീച്ചും ഇംഗ്ലീഷ് പള്ളിയും പീരങ്കികളും ഇടപ്പള്ളി സ്മൃതിമണ്ഡപവും എല്ലാം കണ്ടുമടങ്ങുന്നു. പ്രിയപ്പെട്ട കുട്ടികളേ, മത്സരമാണെന്നത് മറക്കുക, ഇത് ഉത്സവമാണ്. പിടിവാശികളും സ്വാർത്ഥതയും ഒന്നും പാടില്ലാത്ത ഉത്സവം. കണ്ണുനീരെങ്ങാനും കാണുന്നുണ്ടെങ്കിൽ അത് ആനന്ദക്കണ്ണീരാകണം. ആടയിൽ കുത്തിയ അക്കം മറന്നു പരസ്പരം അഭിനന്ദിക്കണം.

അഷ്ടമുടിക്കായലിന്റെയും അറബിക്കടലിന്റെയും പരിലാളനമേറ്റ്, ചരിത്രസ്മൃതികളോടെ ഉണർന്നിരിക്കുന്ന നഗരമാണ് കൊല്ലം. പാഠപുസ്തകത്തിലെവിടെയോ പറഞ്ഞിട്ടുള്ളതുപോലെ കശുവണ്ടിയല്ല കൊല്ലത്തിന്റെ അടയാളം. എല്ലാവരെയും പോലെ അണ്ടിപ്പരിപ്പ് വിലകൊടുത്തു വാങ്ങി കഴിക്കുന്നവരാണ് കൊല്ലത്തുകാർ. കൊല്ലത്തിന്റെ യഥാർത്ഥ സമ്പത്ത് മത്സ്യമാണ്. കൊല്ലത്തിന്റെ വള്ളം നിറയെ മീനാണ്. മീനിനെ ആകർഷിക്കാനായി പാതിരാത്രിയിൽ മീൻപിടിത്തക്കാർ വള്ളത്തിൽ കുടയുന്നതാണ് കൊല്ലത്തിന്റെ ആദിമതാളം. ആദ്യത്തെ ഹിറ്റ് നാടകമായ സദാരാമയും കഥാപ്രസംഗത്തെ ലോകമലയാളിയുടെ ഹൃദയത്തിലെത്തിച്ച വി സാംബശിവനും കലോത്സവവേദികളിൽ നിന്ന് സംഗീതത്തിന്റെ മാസ്മരികത സൃഷ്ടിച്ച ദേവരാജനും രവീന്ദ്രനും ഈ നാടിന്റെ സംഭാവനയാണ്.


ഇതുകൂടി വായിക്കൂ: കലോത്സവം വൈവിധ്യങ്ങളുടെ ഉത്സവം


അഷ്ടമുടിക്കായൽ നിറയെ മീനാണ്. കരിമീനും പ്രാച്ചിയും കൊപ്പിളിയും കണമ്പും കൊഞ്ചും കൂഴവാലിയും നിറഞ്ഞ കായൽ. കാരിയും കൂരിയും പാരയും പരവയും വിളയുന്ന കായൽ. ഈ കായലിൽ മാത്രമുള്ളതാണ് കൂഴവാലി. ഈ മത്സ്യം കഴിക്കാനായി മാത്രം വിദൂരതയിലുള്ളവർ കൊല്ലത്ത് എത്താറുണ്ട്. കറിയായും ഫ്രൈയായും തീൻമേശയിൽ നിറയുന്ന മത്സ്യവിഭവങ്ങൾ. ഒരിക്കൽ തിരുനല്ലൂർ കാവ്യോത്സവത്തിന് കായൽ വിഭവങ്ങളുടെ പ്രത്യേക സൽക്കാരം തന്നെയുണ്ടായിരുന്നു. കല്ലുമ്മക്കായയോ ചിപ്പിയോ കക്കയോ അല്ലാത്ത മുരിങ്ങയിറച്ചി കായലിലെ അസാധാരണ രുചിയുള്ള വിഭവമാണ്.

കായലഴിച്ചിട്ട വാർമുടിപ്പീലിയിൽ ഉമ്മ വയ്ക്കുന്ന കടലിലാണെങ്കിൽ നിറഞ്ഞുതുളുമ്പി മുകളിലേക്കു കുതിച്ചു ചാടുന്ന സമൃദ്ധമായ മീൻകൂട്ടമാണുള്ളത്. അയലയും മത്തിയും നെയ്മീനും ചൂരയും ചെമ്മീനും നിറഞ്ഞകടൽ. ഈ ജലവിഭവങ്ങൾ, അതിഥികളായെത്തുന്നവർക്ക് നല്‍കാൻ കഴിയേണ്ടതാണ്. പഴയതുപോലെ പഴയിടം തന്നെയാണ് ഊട്ടുപുരയുടെ അധിപൻ. അദ്ദേഹം രുചികരമായ മത്സ്യവിഭവങ്ങൾ വിളമ്പാൻ സമർത്ഥനുമാണ്. കഥയുടെ കുലപതി ടി പത്മനാഭൻ പറഞ്ഞതുപോലെ ബീഫുപായസം ഉണ്ടാക്കാൻ പോലും മിടുക്കൻ. തേങ്ങാപ്പാല്‍ ചേര്‍ത്തതോ വാഴയിലയിൽ പൊള്ളിച്ചതോ ആയ കരിമീൻ വിഭവമൊക്കെ ഇക്കുറി കാണുമോ?


ഇതുകൂടി വായിക്കൂ: കലോത്സവ കലാപ്രതിഭകള്‍ക്ക് ഹൃദയാഭിവാദ്യം


കൊല്ലത്ത് പണ്ടൊരു ഹോട്ടലുണ്ടായിരുന്നു. ഉഡുപ്പി ബ്രാഹ്മിൻസ് ശാപ്പാടുശാല. പോറ്റിഹോട്ടലെന്ന് നാട്ടുകാർ വിളിച്ചിരുന്ന ആ ഇഡ്ഡലി-മസാലദോശ‑വടക്കട എന്നേ പൂട്ടി. ഇനിയിപ്പോൾ സവർണാധിപത്യം മനുസ്മൃതി സഹിതം പുനർജനിച്ചാലേ അതുതുറക്കാൻ സാധ്യതയുള്ളൂ. ആ സംസ്കാരം കല്യാണസദ്യകളിലും സ്കൂൾ കലോത്സവത്തിലുമാണ് തുടർന്നുവരുന്നത്. വീട്ടിലെ വിവാഹത്തിന് ഞങ്ങൾ പൊരിച്ചമീൻ വിളമ്പി ഈ വഴുതനങ്ങാ സംസ്കാരത്തെ ലംഘിച്ചിരുന്നു. ആകാശം അങ്ങനെതന്നെ നിന്നു. ഇക്കുറി കൊല്ലം കലോത്സവത്തിൽ പോഷകപ്രധാനമായ നോൺ വെജ് ഭക്ഷണം കൂടി ഉണ്ടാകുമെന്ന് കരുതാമോ?

കുണ്ടറയിൽ നടന്ന കൊല്ലം ജില്ലാ കലോത്സവത്തിൽ ധീരമായ ഒരു പരീക്ഷണം നടത്തി. സമാപനദിവസം കോഴിബിരിയാണി വിളമ്പി. പങ്കെടുത്തവരെല്ലാം സന്തോഷത്തോടെയും സംതൃപ്തിയോടെയുമാണ് പിരിഞ്ഞത്. ചന്ദ്രഗിരി മുതൽ നെയ്യാർ വരെ മത്സ്യസമൃദ്ധമായ പ്രദേശങ്ങളിൽ നിന്നും വരുന്ന അതിഥികളെ ദേശിംഗനാടിന്റെ തനതു വിഭവങ്ങളാൽ സൽക്കരിക്കാൻ ഭാരവാഹികൾക്ക് കഴിയട്ടെ.

TOP NEWS

April 13, 2025
April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.