കഞ്ഞിക്കുഴി വിളപരിപാലനത്തിന് കർഷകർക്ക് വിളിപ്പുറത്ത് സേവനവുമായി കഞ്ഞിക്കുഴി സസ്യാരോഗ്യ കേന്ദ്രം.കാർഷിക വിളകളുടെ രോഗ‑കീട ബാധ നിയന്ത്രണത്തിനായി കഞ്ഞിക്കുഴി കൃഷിഭവനിൽ പ്രവർത്തിക്കുന്ന സസ്യ ആരോഗ്യകേന്ദ്രം കർഷകർക്ക് ആശ്വാസമാണ്. നിരവധി കർഷകരാണ് സേവനം പ്രയോജനപെടുത്തുന്നത്. കാർഷിക വിളകൾക്ക് അപ്രതീക്ഷിതമായുണ്ടാകുന്ന രോഗങ്ങളും — കീടങ്ങളും തെല്ലൊന്നുമല്ല കർഷകരെ അലട്ടുന്നത്. പലപ്പോഴും പണം മുടക്കി തുടങ്ങുന്ന കൃഷിയിൽ ചെടികളിൽ കീട — രോഗബാധ പടർന്നു പിടിക്കുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ കർഷകർ ബുദ്ധിമുട്ടിലാകുകയാണ്. ഇവിടെയാണ് കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിന് കീഴിൽ കൃഷിഭവനിൽ പ്രവർത്തിക്കുന്ന സസ്യാരോഗ്യ കേന്ദ്രത്തിന്റെ സേവനമെത്തുന്നത്. ആഴ്ചയിൽ ഒരു ദിവസം പൂർണ്ണമായും കേന്ദ്രത്തിന്റെ സേവനം ആർക്കും പ്രയോജനപ്പെടുത്താം. കൃഷിയിടങ്ങളിലും പരിശോധനയ്ക്ക് ചുമതലക്കാർ നേരിട്ടെത്തി മരുന്നുകൾ നിർദ്ദേശിക്കും.
ഇതിനായി കൃഷി ഓഫീസർ റോസ്മി ജോർജിന്റെ നേതൃത്വത്തിൽ ഒരു ടീം ഇവിടുണ്ട്. ഫോണിലടക്കം സേവനം ലഭിക്കുന്ന പദ്ധതി ഉടൻ ആരംഭിക്കും. ഇതിനായി പരമ്പരാഗത കർഷകരുടെ സഹായം ലഭ്യമാക്കുന്നതിനുള്ള ഒരുക്കത്തിലാണ്.
പെസ്റ്റ് സ്കൗട്ട് എന്ന തസ്തികയിൽ ഒരു ജീവനക്കാരിയുടെ സേവനം എല്ലാ ദിവസവും സസ്യാരോഗ്യ കേന്ദ്രത്തിലുണ്ട്. വൊക്ഷേഷണൽ ഹയർ സെക്കന്ററിയിൽ കൃഷി മുഖ്യ വിഷയമായി പഠിച്ചരജിതയാണ് ഇവിടെ ജോലി നോക്കുന്നത്. ഇവരെ സഹായിക്കുന്നതിനായി കർമ്മസേന കൺവീനറും കർഷകനുമായ ജി ഉദയപ്പനും മറ്റു അനുഭവ പാരമ്പര്യമുള്ള കർഷകരും കൂടാറുണ്ട്. ഇവിടെ വിപുലമായ തരത്തിൽ ചെടികൾക്കാവശ്യമായ മരുന്നുകൾ ലഭ്യമാകുന്ന ബയോഫാർമസി ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത്. ഇത്തരത്തിലൊരു സ്ഥിരം സംവിധാനത്തിലൂടെ കൃഷിയിലെ കീട‑രോഗ ബാധകൾക്കും മൂലകങ്ങളുടെ അപര്യാപ്തതകൾ മൂലവും ഉണ്ടാവുന്ന പ്രശ്നങ്ങൾക്കും കർഷകർക്ക് സാങ്കേതിക സഹായം ലഭ്യമാക്കുന്നതിന് പുറമേ ഓരോ സ്ഥലത്തെയും കീട‑രോഗ ബാധ മുൻകൂട്ടി കണ്ടെത്തുന്നതിനും മറ്റ് കർഷകർക്ക് മുൻ കരുതൽ നടപടികൾ ശുപാർശ ചെയ്യുന്നതിനും ഉപകരിക്കും.കൃഷി ഭവൻ സേവനങ്ങൾ പഞ്ചായത്തിന്റെ രണ്ടു കേന്ദ്രങ്ങളിൽ കൂടി ലഭ്യമാക്കുന്നതിനായി ആഴ്ചയിൽ ഒരു ദിവസം സബ്കേന്ദ്രം തുറക്കുവാനും പഞ്ചായത്ത് ആലോചിക്കുകയാണന്ന് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയനും വൈസ് പ്രസിഡന്റ് എം. സന്തോഷ് കുമാറും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.