26 December 2024, Thursday
KSFE Galaxy Chits Banner 2

കരൾ പിളർക്കുന്ന കല്ലവിപ്പൂക്കൾ

Janayugom Webdesk
July 10, 2022 7:29 am

ച്ചയായ മനുഷ്യന്റെ ജീവിതശ്വാസനിശ്വാസങ്ങൾ കവിതയുടെ, അല്ല സർഗപരതയുടെ ജൈവികതകൊണ്ടും സമൃദ്ധികൊണ്ടുമുള്ള സൂക്ഷ്മാവതരണം ‘ഡാന്റെ’ എന്ന കവിതാസമാഹാരത്തിലൂടെ സ്തുത്യർഹമായി നിർവ്വഹിച്ചിരിക്കുന്നു യുവകവിയും എഴുത്തുകാരനുമായ കെ ഡി ഷൈബു മുണ്ടയ്ക്കൽ. ചരിത്രത്തിന്റെ ദുർഗ്രഹങ്ങളായ ഉള്ളറകളിൽ നിന്ന് കഠിനമായ സാധനയിലൂടെ കണ്ടെടുത്ത നേർസത്യങ്ങൾ കാല്പനികവും, ആധുനികവും, ഉത്തരാധുനികവുമായ ധാരയിലൂടെ പുനർനിർവചിക്കുകയുംകൂടി ചെയ്യുകയുമാണ് അമ്പത്തിയൊന്ന് ജീവസുറ്റ കവിതകളിലൂടെ ആഖ്യാതാവ്. മുൻവിധിയില്ലാതെ ഒരു പുസ്തകത്തെ സമീപിക്കുന്ന ഏതൊരു വായനക്കാരന്റെയും ധൈഷണികരസനയെ ഉദ്ദീപിപ്പിച്ച് അവനുമായി ആ പുസ്തകത്തിലുടനീളം നിരന്തരസംവാദത്തിൽ ഏർപ്പെടുക എന്നുള്ളതാണല്ലോ എഴുത്തുകാരന്റെ പ്രാഥമികവും പ്രഥമവുമായ ദൗത്യം. ആ അർത്ഥത്തിൽ ഈ കൃതി തികച്ചും അർത്ഥവത്താണ്.

മാമൂലുകളാലും, തീവ്രദേശീയതയാലും ഇരുണ്ടയുഗത്തെ ഓർമ്മിപ്പിക്കുന്ന ഒരു ഘട്ടത്തിലൂടെ കടന്നുപോകുന്ന ഭാരതത്തിന്റെ സമകാലീന ജീവിതാന്തരീക്ഷത്തിൽ, അതിൽനിന്നെല്ലാം വേറിട്ട് അന്ധകാരയുഗാന്ത്യമദ്ധ്യകാല യൂറോപ്പിൽ വിഖ്യാതകവി ‘ഡാന്റെ’ അനുവർത്തിച്ച സ്വാതന്ത്യ്രപ്രഖ്യാപനം കെ ഡി ഷൈബു മുണ്ടയ്ക്കൽ സധൈര്യം വിളിച്ചുപറയുന്നുണ്ട്. ആ വിളിച്ച് പറയലിൽ നേരുണ്ട്, നെറിവുണ്ട്, പ്രതിഷേധാഗ്നിയുടെ പൊള്ളുന്ന ചൂടുണ്ട്. ചിലപ്പോഴൊക്കെ ആ തീപന്തവും ചൂണ്ടുവിരലും നമ്മുടെ നിസംഗതയ്ക്കും ഭയത്തിനും ഭീരുത്വത്തിനും നേരെ നീണ്ടുവരുന്നുണ്ട്.

‘ഒരു ജനതയുടെ ഉരുക്കുകവചത്തിലൂടെ’ എകെജിയും, ‘ഒരു കിനാനടത്തത്തിന് മുഴങ്ങുന്ന ഓർമ്മ’യിലൂടെ മഹാകവി കടമ്മനിട്ടയും, കൂനൻ കുരിശിലൂടെ അഭയയേയും, ശാർദ്ദൂലവിക്രീഡിതത്തിലൂടെ ചുള്ളിക്കാടിനേയും, നമ്മൾ പുനർവിചിന്തനം ചെയ്യുമ്പോൾ ഈ കവി, താൻ ചവിട്ടിനിന്ന മണ്ണിന്റെ ചരിത്രത്തെ എത്രമാത്രം സൂക്ഷ്മഖനനം ചെയ്ത് മുത്തുകൾ കണ്ടെടുത്താണ് ‘ഡാന്റെ‘യിലെ കവിതകളുടെ മാല കോർത്തതെന്ന് നമുക്ക് അത്ഭുതപ്പെടേണ്ടിയിരിക്കുന്നു. ഓരോ കവിതയുടെയും ആഴത്തിലുള്ള പുനർവായനകളിൽ വീണ്ടും വീണ്ടും ചൂടുറവകൾ തെളിഞ്ഞുവരാൻ കാണിച്ചിട്ടുള്ള കൈയടക്കത്തിന്റെയും സാമർത്ഥ്യത്തേയും എളുപ്പം വെളിവാക്കിത്തരും. ‘ജൂൺ’എന്ന കവിതയിൽ ഇത്തരം സൂക്ഷ്മപാഠങ്ങൾ ഒന്നിനുപിറകേ ഒന്നൊന്നായി ഒരുപാട് ഇടങ്ങളിൽ നമുക്ക് അനുഭവിക്കാൻ കഴിയും. ‘ചിലപ്പോൾ അപരാഹ്നങ്ങൾ അറവുകാരന്റെ കത്തിമൂർച്ചപോലെയാണ്, അതെന്റെ കാത്തിരിപ്പിന്റെ ദിനങ്ങളെ രണ്ടായി പകുത്ത് പ്രതീക്ഷയുടെ ചക്രവാളത്തിൽ ജഡരക്തമൊഴുക്കുന്നു. ജീവിതത്തിൽ ഒരു സായാഹ്നത്തിലെങ്കിലും ചക്രവാളത്തെ നോക്കി ധ്യാനനിരതനായിട്ടുള്ള ഏതൊരു വായനക്കാരന്റെയും ഹൃദയത്തിൽ അകാരണമായ നീറ്റൽ ഉളവാക്കുന്ന വരികൾ ആണ്. അതുപോലെതന്നെ മരണമാപിനിയിലും ‘ഇരവിന്റെ പടവിലൊരു ഇരുതലയൻ ഗൗളി, പകലിന്റെ ചിറകിനായി പതിയിരിക്കേ’ എന്ന പ്രയോഗം നോക്കൂ. എഴുത്തുകാരൻ എത്ര സമൃദ്ധമായാണ് വാക്കുകളിൽനിന്ന് വാക്കുകളിലേയ്ക്ക് കൈയ്യിൽ മുറുക്കെ പിടിച്ച കാവ്യതന്തുവിന്റെ കയറുമായി കയറി കയറിപ്പോകുന്നത്. ജൈവവും മൗലികവുമായ ഏതോ ഒരു ആന്തരീക താളത്തിലൂടെ ഓരോ ഭാഗത്തിന്റെയും സൂക്ഷ്മമായ വിശദാംശങ്ങൾ യഥേഷ്ടം നിരത്തി, എന്നാൽ ആന്തരികഭാവത്തിന്റെ വിശ്വാസീയതയോ, ചടുലതയോ, തീഷ്ണതയോ ഒട്ടും ചോർന്നുപോകാതെ തന്നെ വായനക്കാരനിൽ അവാച്യമായ കാവ്യാനുഭൂതി ജനിപ്പിക്കുന്ന അസാധാരണമായ വൈഭവം എല്ലാ കവിതയിലും ദർശിക്കാൻ കഴിയും.

‘കവ്’ എന്ന പ്രാഥമിക ശബ്ദത്തിൽ നിന്നും ഉത്ഭവിച്ച ‘കവി’ എന്ന പദത്തിന് വർണ്ണിക്കുന്നവൻ എന്നാണ് അർത്ഥം. ‘വാറുപൊട്ടിയ നീലചെരുപ്പു’ മുതൽ ‘നീറോയുടെ വീണ’ വരെയുള്ള അമ്പത്തിയൊന്ന് കവിതകളിലും ഇക്കാര്യത്തിൽ എഴുത്തുകാരന്റെ വൈഭവം അനായാസേന അനുഭവവേദ്യമാണ്. എന്നാൽ വർണ്ണനകൾ ഒന്നുംതന്നെ കവിതകളുടെ നൂതനഭാവത്തെ പിന്നോട്ടടുപ്പിക്കുന്നില്ലതാനും ഒപ്പം, കുറിക്കുകൊള്ളുന്ന കറുത്തതമാശകളും, ചാട്ടുളിപോലുള്ള പരിഹാസങ്ങളും, കണ്ണുനനയിപ്പിക്കുന്ന വിഷമസന്ധികളും, ചോരതിളപ്പിക്കുന്ന രോഷാവസ്ഥകളും ‘ഡാന്റെ’ യിൽ നിന്ന് അനുവാചകന് ലഭിക്കുന്ന കാവ്യസന്ധികളാണ്. കൊട്ടാരമുറ്റത്ത് മയിലുകൾക്ക് തീറ്റനൽകുന്ന പ്രജാപതിക്ക് മുന്നിൽ,

മൂട്ടിൽ മുളച്ച

പീലിഭാരവും താങ്ങി

താളത്തിലങ്ങനെ

തത്തി തത്തി

കൊത്തി കൊത്തി

കൊട്ടാരമുറ്റത്തെ സാങ്കൽപികാരാമത്തിലെ പനിനീർച്ചെടികൾക്കിടയിലൂടെ സഞ്ചരിക്കേണ്ടിവരുന്ന ഒരു ജനതയ്ക്കായി, ചാരത്തെ ശിംശപി വൃക്ഷചില്ലയിൽ ഉയർത്തുവാനുള്ള ഒരുപാട് ചോദ്യങ്ങൾക്ക് വേണ്ടി സൗന്ദര്യാത്മക ധ്യാനത്തിലാണ് എഴുത്തുകാരൻ.

ഡാന്റെ

(കവിത)

കെ ഡി ഷൈബു മുണ്ടയ്ക്കല്‍

കറന്റ് ബുക്സ്, കോട്ടയം

വില: 225 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.