December 3, 2023 Sunday

ചേര്‍ത്തുപിടിക്കേണ്ട കര്‍ക്കിടക വറു..

രാജഗോപാല്‍ രാമചന്ദ്രന്‍
December 25, 2022 12:50 pm

തല്ലുകൊള്ളേണ്ടവനും തള്ളുകൊടുക്കേണ്ടവനും എന്ന് സമൂഹം നിശ്ചയിച്ചിട്ടുള്ള രണ്ടു തരക്കാരുണ്ട്. നിറം കൊണ്ടും ജീവിതസാഹചര്യങ്ങള്‍ കൊണ്ടും തല്ലുകൊള്ളേണ്ടവനായി മാറുന്നത് അരിക്‌വല്‍ക്കരിക്കപ്പെട്ട് പുറമ്പോക്കുകളില്‍ കഴിയുന്ന കുറച്ച് ജീവിതങ്ങളാണ്. ഈ ജീവനുകളെ കൂടെ നമ്മള്‍ ചേര്‍ത്ത് നിര്‍ത്തേണ്ടുന്നതിന്റെ പ്രധാന്യം വിഷ്ണു പി.കെ. സംവിധാനം ചെയ്ത കര്‍ക്കിടക വറു എന്ന 25 മിറ്റിട്ടിനകത്തുള്ള ടെലിഫിലിമിലൂടെ വരച്ചുകാട്ടുന്നുണ്ട്. കുട്ടികളിലൂടെ കഥ പറയുന്നതുകൊണ്ട് തന്നെ എല്‍.കെ.ജി. ക്ലാസ് മുതല്‍ ഐഡി കാര്‍ഡിനൊപ്പം തന്നെ ജാതിവാലും കുടുംബ‑സാമ്പത്തികസ്റ്റാറ്റസും പേറുന്ന ഇനിവരുന്ന ഒരു തലമുറയ്ക്ക് ഒന്ന് മാറിച്ചിന്തിക്കാന്‍ കര്‍ക്കകട വറു കാരണമാകും.

പറമ്പിലെ തേങ്ങയെടുക്കാന്‍ (മോഷണമെന്ന വാക്ക് മനപൂര്‍വ്വം ഉപയോഗിക്കാത്തതാണ്) വരുന്ന പുറമ്പോക്കിലെ കുട്ടികളെ കല്ലെടുത്തെറിഞ്ഞ് ഓടിക്കുന്ന ഒരു പറ്റം കുട്ടികളിലൂടെയാണ് കഥ വികസിക്കുന്നത്. തിരിച്ചെറിയാന്‍ ആ പുറമ്പോക്കിലെ കുട്ടികള്‍ ശ്രമിക്കുന്നുണ്ട്. പറമ്പിന്റെ ഉടമകളോടൊപ്പമുള്ള കുട്ടികളുടെ കല്ലേറില്‍ എതിര്‍പക്ഷത്തെ കുട്ടിക്ക് പരിക്കേല്‍ക്കുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് പിന്നീടുള്ളത്. ‘കുട്ടികളല്ലേ ക്ഷമിച്ചേരെ’ എന്ന് പറയുന്ന അമ്മകഥാപാത്രം തല്ലുകൊള്ളാന്‍ വിധിക്കപ്പെട്ട ആ അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തിന്റെ പ്രതീകമാണ്. നന്മയെയും തിന്മയെയും എല്ലാം ഏറ്റെടുക്കുന്ന കടലിന്റെ തീരത്ത് സമൂഹത്തിലെ നന്മയും തിന്മയും ഒരുമിച്ച് നേരിടേണ്ട ആ കുട്ടികള്‍ ഒരുമിച്ചിരിക്കുമ്പോള്‍ ഈ കൊച്ചു ചിത്രം സമാപ്തിയിലേക്കെത്തുന്നു.

വിഷ്ണു എന്ന സംവിധായകന്റെ കയ്യൊപ്പ് ഈ 23 മിന്നിട്ട് ടെലിഫിലിമിലൂടെ പതിഞ്ഞുകഴിഞ്ഞു. തന്റെയുള്ളില്‍ ഒരുങ്ങിവന്ന കഥയ്ക്ക് നല്ലൊരു വിഷ്വല്‍ ട്രീറ്റ്‌മെന്റ് നല്‍കാന്‍ വിഷ്ണുവിനായിട്ടുണ്ട്. ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മിഥുന്‍ മഹേഷും, കിരണ്‍ കെയും ദീപക് എമ്മും വിഷ്ണുവിന് അതിന് പിന്തുണയേകി. കോറാ പിക്‌ചേഴ്‌സാണാണ് നിര്‍മ്മാണം. വിജയ് വേണുഗോപാലാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. സജീഷ് നമ്പൂതിരി എഡിറ്റിംഗും, സുധര്‍ശന്‍ സൗണ്ട് ഡിസൈനിംഗ് നടത്തിയിരിക്കുന്നു.  ദി ക്യൂ സ്റ്റുഡിയോ ആണ് യൂടൂബിലൂടെ ടെലിഫിലിം റിലീസ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.