അത്യുഷ്ണത്തിനു പിന്നാലെ വരുന്ന കോരിച്ചൊരിയുന്ന മഴയും തണുപ്പും ശരീരത്തിന്റെ ബാഹ്യഘടനയ്ക്കു മാത്രമല്ല, ആന്തരിക വ്യവസ്ഥയ്ക്കും ക്ഷതമേല്‍പ്പിക്കും. ശരീരം ദുര്‍ബലമാകും. ദഹനശക്തി കുറയും. ആഹാരങ്ങള്‍ ഊര്‍ജമാക്കി മാറ്റാന്‍ ആന്തരികാവയവങ്ങള്‍ക്കുള്ള ശേഷിയെ കുറയ്ക്കും. ഇതിന്റെ ആകെ ഫലമായി പ്രതിരോധ ശേഷിയും കുറയും. ഈ ശാരീരികാവസ്ഥയില്‍ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത ഏറ്റവും കൂടുതലാണ്. ഇപ്പോള്‍ തന്നെ നാട്ടിലെമ്പാടും പലതരത്തിലുള്ള പനി പടര്‍ന്നു പിടിക്കുന്നതിന്റെ ഒരു കാരണം ഇതാണ്. കടുത്ത വേനലിനു പിന്നാലെ അന്തരീക്ഷത്തിലെ അമ്ലത കൂടുന്നതും വെള്ളക്കെട്ടുമൊക്കെ കാരണങ്ങളായി പറയാം. ഈ സാഹചര്യത്തിലാണ് കര്‍ക്കടക ചികിത്സയുടെ പ്രാധാന്യമേറുന്നത്. അതില്‍ പ്രധാനം കര്‍ക്കടകക്കഞ്ഞി തന്നെ. കാല്‍നൂറ്റാണ്ടു മുമ്പുവരെ വീട്ടിലെ അമ്മമാര്‍ വീട്ടുവളപ്പിലും തൊടികളിലും സുലഭമായിരുന്ന മരുന്നു ചെടികളും വേരുകളുമൊക്കെ അതിന്റേതായ അനുപാതത്തില്‍ ചേര്‍ത്ത് ഞവര അരിയിട്ട് കഞ്ഞിയുണ്ടാക്കി മക്കള്‍ക്കു നല്‍കുമായിരുന്നു. അക്കാലത്ത് അതിനെ മരുന്നുകഞ്ഞി എന്നു മാത്രമേ അറിയപ്പെട്ടിരുന്നുള്ളൂ. എന്നാല്‍ കാലം മാറിയപ്പോള്‍ വീടുകള്‍ക്ക് വളപ്പും നാട്ടില്‍ തൊടികളും മുക്കുറ്റി, കീഴാര്‍നെല്ലി, തഴുതാമ തുടങ്ങിയ മരുന്നു ചെടികളും ഇല്ലാതായി. ഈ ഘട്ടത്തിലാണ് വാണിജ്യാടിസ്ഥാനത്തില്‍ കര്‍ക്കടക ചികിത്സയും കര്‍ക്കടകക്കഞ്ഞിയും രംഗത്തുവരുന്നത്. വൈദ്യശാലകളില്‍ നിന്ന് മരുന്നു കൂട്ടുകളോ കഞ്ഞിക്കിറ്റുകളോ വാങ്ങിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലാതായി. യഥാര്‍ത്ഥത്തില്‍ കര്‍ക്കടക മരുന്നു കഞ്ഞി ചെയ്യുന്ന ധര്‍മ്മം ഒന്നു മാത്രമാണ്. ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കുന്നു, ഒപ്പം പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു.
നാം ആഹാരം കഴിക്കുമ്പോള്‍ ആ ആഹാരത്തെ ഊര്‍ജ്ജമാക്കി മാറ്റാന്‍ ആന്തരികാവയവങ്ങളില്‍ ഒരുപാട് രാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട് എന്ന് എല്ലാവര്‍ക്കുമറിയാം. ഒരു ഗ്ലാസ് വെള്ളം കുടിക്കുമ്പോള്‍ പോലും ആ പ്രവര്‍ത്തനം നടക്കുന്നുണ്ട്. കൈകാലുകളിലെ ഞരമ്പ്, പേശികള്‍, തലച്ചോറിന്റെയും ഹൃദയത്തിന്റെയും വൃക്ക, കരള്‍ തുടങ്ങിയവയുടെയും പ്രവര്‍ത്തനങ്ങള്‍ ഇവയെല്ലാം സന്തുലിതമായി നിലനില്‍ക്കുമ്പോഴാണ് ശരീരത്തെ ആരോഗ്യാവസ്ഥയില്‍ കാണാന്‍ കഴിയുന്നത്. എവിടെയെങ്കിലും അസന്തുലിതാവസ്ഥ വന്നാല്‍ ശരീരം തളരും. പനി, വയറിളക്കം, ഛര്‍ദ്ദില്‍, കിതപ്പ്, പേശിവേദന, തലകറക്കം എന്നിങ്ങനെ നാനാവിധ രോഗങ്ങളും ഓരോരുത്തരിലും വ്യത്യസ്തമായ രീതിയില്‍ പിടിപെടും. കര്‍ക്കടക കഞ്ഞി ശരീരത്തിലെ അഗ്നി ദീപ്തിയെ ഉത്തേജിപ്പിക്കും. തളര്‍ച്ചയിലേയ്ക്ക് വഴുതി വീണുകൊണ്ടിരിക്കുന്ന ശരീരത്തിന് പ്രകൃതിദത്തമായ മരുന്നുകള്‍ കൊണ്ടുള്ള അളവറ്റ പിന്തുണയാണ് കര്‍ക്കടക മരുന്നുകഞ്ഞി നല്‍കുന്നത്. നേരത്തെ പറഞ്ഞ കാരണങ്ങളാല്‍ കഞ്ഞി കഴിക്കുന്നതിനും പൊതുവേയുള്ള ആയുര്‍വേദ ചികിത്സയ്ക്കും ഉത്തമം കര്‍ക്കടകമാസമാണ്. കര്‍ക്കട മാസത്തില്‍ മുഴുവനായി തന്നെ കഞ്ഞിസേവ നടത്തണമെന്നതാണ് ആയുര്‍വേദ വിധി. തിരക്കു പിടിച്ച ജീവിതക്രമമുള്ളവര്‍ രണ്ടാഴ്ചയെങ്കിലും മരുന്നു കഞ്ഞി കഴിക്കണം. രാവിലെ മറ്റ് ആഹാരങ്ങള്‍ക്കു മുമ്പേയാണ് കഞ്ഞി കുടിക്കേണ്ടത്.
ആറ് ഋതുക്കളെ ആസ്പദമാക്കിയാണ് ആയുര്‍വേദത്തില്‍ ചികിത്സ നിഷ്കര്‍ഷിക്കുന്നത്. ശിശിരം, വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്, ഹേമന്തം എന്നീ ആറ് ഋതുക്കളില്‍ വര്‍ഷ ഋതുവിലെ ചികിത്സയാണ് കര്‍ക്കടക ചികിത്സ. ആയുര്‍വേദമുള്ളിടത്തെല്ലാം ഈ ചികിത്സയുണ്ടെങ്കിലും കേരളത്തിലാണ് ഇത് പ്രചാരം നേടിയിട്ടുള്ളത്.
ഔഷധ കഞ്ഞിയില്‍ പ്രധാനം ഞവര അരി തന്നെ, ഉലുവ, ആശാളി, ചെറുപയര്‍, ചുക്ക്, ജീരകം, ജാതിപത്രി, വിഴാലരി, മല്ലി, പെരുംജീരകം, ഏലക്കായ, ഇലവര്‍ഗം, മഞ്ഞള്‍, കരിംജീരകം, കുടകപ്പാലരി, കറുക, ഉഴിഞ്ഞ, പൂവാംകുരുന്നില, വരക്, തിന, തിപ്പലി, കുരുമുളക്, കാര്‍കോലരി,ജാതിക്ക, മായാക്ക്, കാട്ടുമുളകിന്‍ വേര്, കുറുന്തോട്ടി, താഴുതാമവേര് എന്നിവയാണ് വിപണിയില്‍ ലഭ്യമായ കര്‍ക്കടക കഞ്ഞിക്കിറ്റിലെ പ്രധാന ചേരുവകള്‍. ഇവയ്ക്കു പുറമേ മറ്റ് ഔഷധങ്ങളും കഞ്ഞിയില്‍ ചേര്‍ക്കാവുന്നതാണ്. കിറ്റുകള്‍ വേണ്ടെന്നു വച്ച് സ്വന്തമായി കഞ്ഞിയുണ്ടാക്കുന്നവര്‍ ആയുര്‍വേദ ഫിസിഷ്യന്‍മാരോടോ വൈദ്യന്മാരോടോ അഭിപ്രായം തേടുന്നതും നന്നായിരിക്കും. കര്‍ക്കടക കഞ്ഞിക്കിറ്റിലെ മിക്ക ചേരുവകളും നാഡീഞരമ്പുകളുടെ ഉത്തേജനത്തിനുള്ള ടോണിക്കാണ്. ശരീരത്തിനകത്ത് പ്രവേശിച്ച രോഗാണുക്കളെ പുറന്തള്ളുന്നതിനുള്ള കഴിവും മരുന്നുകള്‍ക്കുണ്ട്.
(വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. ലക്ഷ്മി ശങ്കര്‍, ഡോ. ഗൗതം കൃഷ്ണ ധന്വന്തരി വൈദ്യശാല, തൊടുപുഴ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.