19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

June 17, 2024
June 26, 2023
June 12, 2023
June 10, 2023
June 7, 2023
May 15, 2023
May 14, 2023
May 14, 2023
May 13, 2023
May 13, 2023

അഴിമതിയിൽ മുങ്ങിയ കർണാടക ബിജെപി സർക്കാർ

എസ് സുന്ദരേഷ്
March 5, 2023 4:45 am

ദക്ഷിണേന്ത്യയിൽ ബിജെപി മുഖ്യമന്ത്രി സ്ഥാനത്തുള്ള ഏക സംസ്ഥാനമാണ് കർണാടക. 2018 മേയ് മാസത്തിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൂക്കുസഭയാണ് നിലവിൽ വന്നതെങ്കിലും വലിയ കക്ഷിയെന്ന നിലയിൽ ബിജെപിയുടെ യെദ്യൂരപ്പയാണ് മുഖ്യമന്ത്രിയായത്. നിശ്ചിത സമയത്തിനകം അദ്ദേഹത്തിന് സഭയിൽ വിശ്വാസം തെളിയിക്കാനായില്ല. വിശ്വാസവോട്ടെടുപ്പിന് നിൽക്കാതെ അദ്ദേഹം രാജിവച്ചതിനെ തുടർന്ന് തെരഞ്ഞെടുപ്പനന്തര സഖ്യമുണ്ടാക്കിയ ജനതാദൾ — കോൺഗ്രസ് കക്ഷികൾ ചേർന്ന് മന്ത്രിസഭയുണ്ടാക്കുകയും എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയാവുകയും ചെയ്തു. പക്ഷേ ബിജെപി അടങ്ങിയിരുന്നില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പരീക്ഷിച്ച എംഎൽഎമാരെ വിലയ്ക്കെടുത്ത് മന്ത്രിസഭയുണ്ടാക്കുകയെന്ന രീതി നടപ്പിലാക്കുന്നതിനുവേണ്ടിയുള്ള നീക്കങ്ങൾ അവർ അണിയറയിൽ നടത്തിക്കൊണ്ടിരുന്നു. അതിന്റെ ഫലമായി 2019ൽ 14 കോൺഗ്രസ്, മൂന്ന് ജനതാദൾ അംഗങ്ങൾ നിയമസഭാംഗത്വം രാജിവയ്ക്കുകയും അതിലൂടെ സൃഷ്ടിക്കപ്പെട്ട രാഷ്ട്രീയ പ്രതിസന്ധി മുതലെടുത്ത് ബിജെപിയുടെ യെദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രിയാവുകയും ചെയ്തു. അങ്ങനെ വീണ്ടും ദക്ഷിണേന്ത്യയിൽ ബിജെപിക്ക് മുഖ്യമന്ത്രിയുണ്ടായി. പക്ഷേ ആഭ്യന്തര സംഘര്‍ഷങ്ങളെ തുടര്‍ന്ന് പിന്നീട് യെദ്യൂരപ്പ രാജിവച്ച് പകരക്കാരനായി ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി.

സംഘ്പരിവാർ ആശയങ്ങളുടെയും ബിജെപി പിന്തുടരുന്ന നിയമാവലികളുടെയും അടിസ്ഥാനത്തിൽ നാലുവർഷത്തോളമായി ഭരിക്കുന്ന കർണാടകയിലെ സർക്കാർ പതിവ് നടപടികളെല്ലാം മുറതെറ്റാതെ ആവർത്തിക്കുന്നുണ്ട്. വെറുപ്പ് പടർത്തൽ, ന്യൂനപക്ഷ വിരോധം, ദളിത് പീഡനങ്ങൾ, സ്ത്രീ വിരുദ്ധത, ഗുണ്ടാ മാഫിയാ വിളയാട്ടങ്ങൾ, സവർണ പ്രീണനം, സാമുദായിക സ്പർധ വളർത്തൽ എന്നിങ്ങനെ പതിവ് ചേരുവകകളെല്ലാം ചേർന്നതായിരുന്നു ബിജെപി ഭരണം. അതിനൊപ്പം കൊടിയ അഴിമതിയും കർണാടക ബിജെപി സർക്കാരിന്റെ കൂടപ്പിറപ്പാണ്. ഓരോ ദിവസവും വ്യത്യസ്തമായ അഴിമതിക്കഥകളും വെളിപ്പെടുത്തലുകളും ആത്മഹത്യകളും കർണാടകയിൽ നിന്നുണ്ടായി. കഴിഞ്ഞ ദിവസം ബിജെപി നേതാവും ചാന്നാഗിരി എംഎൽഎയുമായ മദൽ വീരുപക്ഷപ്പയുടെ മകൻ പ്രശാന്ത് മദൽ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത് അതിൽ ഒടുവിലത്തേതല്ല. പ്രശാന്തിനെ പിടികൂടിയതിനു പിന്നാലെ വീരുപക്ഷപ്പയുടെ വസതിയിൽ നടത്തിയ റെയ്‌ഡില്‍ എട്ടു കോടിയിലധികം രൂപയാണ് പിടികൂടിയിരിക്കുന്നത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ വീരുപക്ഷപ്പ സോപ്സ് ആന്റ് ഡിറ്റർജന്റ്സ് ലിമിറ്റഡ് ചെയർമാൻ സ്ഥാനം രാജിവച്ചിട്ടുണ്ട്. ഈ സ്ഥാപനത്തിന്റെ പേരിലാണ് അച്ഛനും മകനും ചേർന്ന് അഴിമതി നടത്തിക്കൊണ്ടിരുന്നത്. ബംഗളൂരു വാട്ടർ സപ്ലൈ ആന്റ് സിവറേജ് ബോർഡിന്റെ (ബിഡബ്ല്യുഎസ്എസ്ബി) ചീഫ് അക്കൗണ്ട്സ് ഓഫിസറാണ് പ്രശാന്ത്. വസതിയിൽ നോട്ടുകെട്ടുകൾ കുന്നുകൂട്ടിവച്ച നിലയിലായിരുന്നു കണ്ടെത്തിയത്.


ഇതുകൂടി വായിക്കു: ഉത്തർപ്രദേശിലെ ഗുണ്ടാവേട്ടയും ബുൾഡോസർ ബാബയും


എല്ലാ ഇടപാടുകൾക്കും കരാറുകാരിൽ നിന്നും ഇടനിലക്കാരിൽ നിന്നും നിശ്ചിത നിരക്കിലുള്ള കോഴയാണ് ഇരുവരും ചേർന്ന് കൈപ്പറ്റിക്കൊണ്ടിരുന്നത്. അതാണ് ഒടുവിൽ ലോകായുക്തയുടെ പിടിയിലായിരിക്കുന്നത്. വീരുപക്ഷപ്പയുടെ അഴിമതി പിടികൂടുന്നതിന്റെ തലേ ദിവസമാണ് ശർക്കരപ്പാനി കയറ്റുമതിയുമായി ബന്ധപ്പെട്ട അഴിമതിയാരോപണം ബിജെപി സർക്കാരിനെതിരെ ഉയർന്നത്. മുംബൈ ആസ്ഥാനമായുള്ള കെ എൻ റിസോഴ്സസ് എന്ന സ്വകാര്യ കമ്പനിയാണ് മതിയായ രേഖകളില്ലാതെ രണ്ടു ലക്ഷം ടൺ ശർക്കരപ്പാനി കയറ്റുമതി ചെയ്തത്. വളരെ ധൃതിയിലായിരുന്നു സ്ഥാപനത്തിന് ലൈസൻസ് നല്കിയത്. 36 മാസമായി ഈ സ്ഥാപനം ചരക്കു സേവന നികുതി ഒടുക്കിയിരുന്നുമില്ല. ജനുവരി 16നാണ് സംസ്ഥാന കോൺട്രാക്ടേഴ്സ് അസോസിയേഷൻ വാർത്താ സമ്മേളനത്തിൽ മന്ത്രിമാരും നിയമസഭാംഗങ്ങളും കോഴ ആവശ്യപ്പെടുന്നതായി ആരോപിച്ചത്. ഇതിന്റെ രേഖകളും ശബ്ദരേഖയും വാട്സ് ആപ്പ് സന്ദേശങ്ങളും സംഘടന വാർത്താ സമ്മേളനത്തിൽ സമർപ്പിക്കുകയുണ്ടായി. വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത സംഘടനയുടെ പ്രസിഡന്റ് മഞ്ചുനാഥ് ചിത്ര ദുർഗ എംഎൽഎയായ തിപ്പറെഡ്ഡിക്ക്, മൂന്നുവർഷത്തിനിടെ വിവിധ നിർമ്മാണ പ്രവർത്തികൾക്കായി 90 ലക്ഷം രൂപ താൻ നല്കിയെന്ന് വെളിപ്പെടുത്തി. കഴിഞ്ഞ വർഷം ഓഗസ്റ്റ് 27ന് സ്കൂൾ ഉടമസ്ഥരുടെ രണ്ട് സംഘടനകൾ സംയുക്തമായാണ് ബിജെപി സർക്കാരിന്റെ അഴിമതി തുറന്നുകാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതിയത്. 13,000 സ്വകാര്യ സ്കൂൾ ഉടമകളുടെ സംഘടനകളായിരുന്നു ഇവ രണ്ടും. സ്കൂളുകൾക്കും അധ്യാപക തസ്തികകൾക്കും അംഗീകാരം ലഭിക്കണമെങ്കിൽ വിദ്യാഭ്യാസ വകുപ്പിലെ ഉന്നതർക്കും ബന്ധപ്പെട്ട ബിജെപി നേതാക്കൾക്കും കോഴ നല്കേണ്ട സ്ഥിതിയാണെന്നും അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ടായിരുന്നു കത്ത്.

ഓഗസ്റ്റ് 24ന് കോൺട്രാക്ടേഴ്സ് അസോസിയേഷനും പ്രധാനമന്ത്രിക്ക് കത്ത് നല്കിയിരുന്നു. കരാർ തുകയുടെ 30 ശതമാനം കോഴയാണ് നിലവിലുള്ളതെന്നായിരുന്നു കത്തിലെ ആരോപണം. കൂടാതെ കുടിശിക ബിൽ മാറിക്കിട്ടുന്നതിന് അഞ്ച് — ആറ് ശതമാനം തുക വേറെയും നല്കണമെന്നും കത്തിലുണ്ടായിരുന്നു. നേരത്തെ 2021 ജൂലൈയിലും അസോസിയേഷൻ ഇതേ കാര്യങ്ങൾ സൂചിപ്പിച്ച് പ്രധാനമന്ത്രിക്ക് കത്ത് നല്കിയിരുന്നു. ഒരു നടപടിയുമുണ്ടായില്ല. കർണാടകയിലെ പ്രമുഖ വിഭാഗമായ ലിങ്കായത്ത് മഠാധിപതിയും ബിജെപി സർക്കാരിന്റെ അഴിമതിക്കെതിരെ രംഗത്തുവരികയുണ്ടായി. മഠത്തിനുള്ള സർക്കാരിന്റെ ധനസഹായം അനുവദിക്കണമെങ്കിൽ 30 ശതമാനം തുക കമ്മിഷനായി നല്കാനാവശ്യപ്പെട്ടെന്നായിരുന്നു ഏപ്രിൽ മാസം മഠാധിപതി ദിങ്കലേശ്വര സ്വാമി പരസ്യമായി പരാതിപ്പെട്ടത്. ഭാഗൽക്കോട്ടിൽ സങ്കല്പ യാത്രയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശങ്ങളുണ്ടായത്. ഇതിന് പുറമേ നിരവധി അഴിമതിക്കഥകളും തട്ടിപ്പുകളുമാണ് സർക്കാരിനെതിരെയും ബിജെപി നേതാക്കൾക്കെതിരെയും പുറത്തുവന്നത്. അതിലൊന്നായിരുന്നു പൊലീസ് നിയമനത്തട്ടിപ്പ്. 2021 ഒക്ടോബറിലായിരുന്നു പൊലീസ് സബ് ഇൻസ്പെക്ടർ തസ്തികയിലേക്കുള്ള പരീക്ഷകൾ നടന്നത്. ഇതിൽ ക്രമക്കേടുകൾ നടന്നു എന്നായിരുന്നു ആരോപണമുയർന്നത്. തുടർന്ന് സംസ്ഥാന ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തെ തുടർന്ന് ഒരു ഡസനിലധികം ബിജെപി നേതാക്കളാണ് അറസ്റ്റിലായത്. 300 ലധികം പേർ ഉദ്യോഗസ്ഥർക്കും നേതാക്കൻമാർക്കുമായി 70–80 ലക്ഷം വീതം നൽകിയെന്നും ക്രെെംബ്രാഞ്ച് കണ്ടെത്തി. 545 ഒഴിവുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുടനീളമുള്ള 54,289 പേരാണ് പരീക്ഷയെഴുതിയത്. ബിജെപി നേതാക്കളുടെയും ബന്ധുക്കളുടെയും സ്ഥാപനങ്ങൾ പരീക്ഷാ കേന്ദ്രങ്ങളാക്കിയും മറ്റുമായിരുന്നു തട്ടിപ്പിന് വഴിയൊരുക്കിയത്.


ഇതുകൂടി വായിക്കു:വടക്കു കിഴക്കല്ല കേരളം


അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ പരീക്ഷാ കേന്ദ്രമായി അനുവദിക്കരുതെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചിട്ടും ഇത്തരം സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുകയാണുണ്ടായത്. പരീക്ഷാ സമയത്ത് സിസിടിവി കാമറകളുൾപ്പെടെ പലയിടങ്ങളിലും പ്രവർത്തിച്ചിരുന്നില്ല. കുറച്ച് ചോദ്യങ്ങൾക്കു മാത്രം ഉത്തരം നല്കിയവർക്കുപോലും ഉയർന്ന റാങ്ക് ലഭിക്കുകയും ചെയ്തു. ക്രമക്കേട് പുറത്തു വന്നതിനെ തുടർന്ന് പരീക്ഷ റദ്ദാക്കി. സംസ്ഥാന മന്ത്രിക്കെതിരെ അഴിമതി ആരോപണവുമായി പ്രധാനമന്ത്രിക്ക് കത്തെഴുതിവച്ച കരാറുകാരൻ ആത്മഹത്യ ചെയ്തതിന്റെ പേരിൽ മന്ത്രി രാജിവയ്ക്കേണ്ടി വന്നതും കർണാടകയിലായിരുന്നു. കരാറുകാരനായ സന്തോഷ് പാട്ടീലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് ആഴ്ചകൾക്ക് മുമ്പ് സന്തോഷ് പാട്ടീൽ ഗ്രാമവികസന, പഞ്ചായത്ത്‌രാജ് മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ കെ എസ് ഈശ്വരപ്പ വഞ്ചിച്ചുവെന്ന് കാട്ടിയാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ഇത് പരസ്യപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെ കാണാതായ സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അതുകൊണ്ടുതന്നെ ആത്മഹത്യയല്ല കൊലപാതകമാണെന്ന ആരോപണവുമുണ്ടായി. ഈശ്വരപ്പയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ റോഡുകൾ നിർമ്മിക്കുന്നതിന് നാലുകോടി രൂപ നിക്ഷേപിച്ചതായാണ് പ്രധാനമന്ത്രിക്കെഴുതിയ കത്തിൽ പറഞ്ഞിരുന്നത്.

നാലുകോടി രൂപയുടെ പദ്ധതിയിൽ മന്ത്രിയുടെ കൂട്ടാളികൾ 40 ശതമാനം കമ്മിഷൻ ആവശ്യപ്പെട്ടതായി പാട്ടീൽ ആരോപിച്ചിരുന്നു. തന്റെ ബില്ലുകൾ തീർത്തുനൽകാൻ ഈശ്വരപ്പയോട് നിർദേശിക്കണമെന്നാണ് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നത്. ബില്ലുകൾ മാറിക്കിട്ടാൻ ഗ്രാമ വികസന വകുപ്പിൽ കോടികൾ കൈക്കൂലി നൽകിയെന്നും പാട്ടീൽ വെളിപ്പെടുത്തിയിരുന്നു. പാട്ടീലിന്റെ സഹോദരൻ നല്കിയ പരാതിയെ തുടർന്ന് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഈശ്വരപ്പ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തു. തുടർന്ന് അദ്ദേഹം സംസ്ഥാന മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കേണ്ടിയും വന്നു. ബിജെപി പ്രവർത്തകൻ കൂടിയായിരുന്നു കരാറുകാരനായ സന്തോഷ് പാട്ടീൽ. കഴിഞ്ഞ വർഷം നടന്ന ബിറ്റ് കോയിൻ തട്ടിപ്പിലും ബിജെപി നേതാക്കളും ബന്ധുക്കളും കുറ്റാരോപിതരായിരുന്നു. ബിജെപി എംഎൽഎ കബളിപ്പിച്ചതിനെ തുടർന്ന് വ്യവസായി ആത്മഹത്യ ചെയ്ത സംഭവവുമുണ്ടായി.ബിജെപി എംഎൽഎ അരവിന്ദ് ലിംബാവലി ചതിച്ചുവെന്നായിരുന്നു അമ്പളിപുരയിൽ താമസക്കാരനായിരുന്ന പ്രദീപ് എ സിയുടെ ആത്മഹത്യാ കുറിപ്പ്. ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുത്തതിന് കർണാടക മന്ത്രി പ്രഭു ചവുഹാന്റെ മുൻ ജീവനക്കാരൻ ജ്ഞാനദേവ് ജാദവിനെ അറസ്റ്റ് ചെയ്ത സംഭവവും ഉണ്ടായി. 2020, 21 വർഷങ്ങളിൽ പ്രഭു ചവുഹാന്റെ മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാരനായിരുന്നു ജ്ഞാനദേവ്.


ഇതുകൂടി വായിക്കു: പട്ടിണിയുടെ വർത്തമാനം


ജോലി വാഗ്ദാനം ചെയ്ത് 12 പേരെയാണ് ഇയാൾ കബളിപ്പിച്ചത്. മൃഗസംരക്ഷണ വകുപ്പിൽ ഫസ്റ്റ്, സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റുമാരായി ജോലി നൽകാമെന്നാണ് ഇയാൾ വാഗ്ദാനം ചെയ്തിരുന്നത്. വിവിധ പദ്ധതികൾക്കു കീഴിൽ ഗുണഭോക്തക്കൾക്കു വിതരണം ചെയ്ത ഫണ്ടിൽ 2,829 കോടിയുടെ ക്രമക്കേട് നടന്നുവെന്ന് കണ്ടെത്തിയത് കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സിഎജി)യായിരുന്നു. ഓൺലൈനിലൂടെ ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്തുവന്നിരുന്ന ആനുകൂല്യങ്ങൾ നേരിട്ട് നല്കിയെന്ന് രേഖകളുണ്ടാക്കിയാണ് തട്ടിപ്പു നടത്തിയത്. ഡയറക്ട് ബെനഫിറ്റ് ട്രാൻസഫർ (ഡിബിടി) പോർട്ടൽ രൂപീകരിച്ചിരുന്നു. എന്നാൽ 22 സർക്കാർ വകുപ്പുകൾ 168 പദ്ധതികളിലായി 2829.02 കോടിയുടെ ഫണ്ട് വിതരണം ഓൺലൈനിലൂടെയല്ലാതെ നടത്തിയെന്നാണ് സിഎജി കണ്ടെത്തിയത്. നാലുവർഷം തികയ്ക്കാത്ത ഭരണത്തിനിടയിൽ പുറത്തുവന്നതാണ് ഈ അഴിമതികൾ. ഇതിലപ്പുറം അകത്തു നടന്നിരിക്കുമെന്നുറപ്പാണ്. എല്ലാവിധ വൃത്തികേടുകളും ചേർന്ന പാർട്ടിയാണ് ബിജെപി എന്ന് ഇതിലൂടെ വ്യക്തമാണ്. ഭരണമെന്നത് വ്യക്തിപരവും പാർട്ടിപരവുമായ നേട്ടങ്ങൾക്ക് മാത്രമാണ് ബിജെപി എക്കാലവും ഉപയോഗിക്കുന്നത് എന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.