19 May 2024, Sunday

കാസര്‍കോട് ജില്ലയിലെ ജലസംഭരണ പദ്ധതികള്‍ക്ക് 4.28 കോടി

Janayugom Webdesk
കാസര്‍കോട്
October 8, 2021 2:32 pm

കാസര്‍കോട് വികസന പാക്കേജിലൂടെ ജില്ലയിലെ സമഗ്ര ജലസംരക്ഷണം ലക്ഷ്യംവച്ച് കൊണ്ട് വിവിധയിടങ്ങളിലെ ജലസംരക്ഷണ നിര്‍മ്മിതികളുടെ നിര്‍മ്മാണത്തിനും നവീകരണത്തിനും ഭരണാനുമതിയായി. ദേലമ്പാടി പഞ്ചായത്തിലെ ബെല്ലിപ്പാടി കുക്കുഗുഡെയില്‍ വിസിബി കം ട്രാക്ടര്‍വേ നിര്‍മ്മാണത്തിനായി 43 ലക്ഷം രൂപയും, വോര്‍ക്കാടി പഞ്ചായത്തിലെ ബാലപ്പുണി-നന്ധിമാര്‍ വിസിബി കം ട്രാക്ടര്‍വേയുടെ നിര്‍മ്മാണത്തിനായി 57.40 ലക്ഷം രൂപയും, വോര്‍ക്കാടി പഞ്ചായത്തിലെ ആര്‍വാറില്‍ ദേശമാര്‍ നടിബയല്‍ തോടിന് കുറുകെ വിസിബി നിര്‍മ്മാണത്തിനായി 18.30 ലക്ഷം രൂപയും എന്‍മകജെ പഞ്ചായത്തിലെ പഡ്രെ വില്ലേജില്‍ പത്തടുക്കയില്‍ വിസിബി നിര്‍മ്മാണത്തിനായി 99.80 ലക്ഷം രൂപയും, ചെറുവത്തൂര്‍ പഞ്ചായത്തിലെ രാമഞ്ചിറ അണക്കെട്ട് നവീകരണത്തിന് 1.60 കോടി രൂപയും, വെസ്റ്റ് എളേരി പഞ്ചായത്തിലെ പ്ലാച്ചിക്കര വിസിബി കം ബ്രിഡ്ജ് നവീകരണത്തിന് 26.10 ലക്ഷം രൂപയും, ഉദുമ പഞ്ചായത്തിലെ പൊടിക്കൈയില്‍ ബാരെ തോടിന് കുറുകെ വിസിബിയുടെ നവീകരണത്തിനായി 18.50 ലക്ഷം രൂപയും, ചെമ്മനാട് പഞ്ചായത്തിലെ കളനാട് വില്ലേജില്‍ തായന്നൂര്‍ വിസിബി നവീകരണത്തിനായി 4.50 ലക്ഷം രൂപയും ആണ് വകയിരുത്തിയിട്ടുളളത്. 9 നദികളും 3 ചെറു നദികളും അടക്കം നൂറ് കണക്കിന് ചെറു നീര്‍ച്ചാലുകളും കൈതോടുകളും ഉളള ജില്ല മഴ അവസാനിച്ച് ദിവസങ്ങള്‍ക്കുളളില്‍തന്നെ ജലക്ഷാമത്തിന്റെ പിടിയില്‍ അകപ്പെടുന്ന സാഹചര്യത്തില്‍ നിലവിലെ ജലസംഭരണ നിര്‍മ്മിതികളുടെ നവീകരണവും പുതിയ ജലസംഭരണ നിര്‍മ്മിതികളുടെ നിര്‍മ്മാണവും നടത്തുന്നത് ജില്ലയുടെ സമഗ്ര ജലസംരക്ഷണത്തിന് വളരെയധികം ഉപകാരപ്രദമാകും. ജലസംരക്ഷണ നിര്‍മ്മിതികളുടെ നിര്‍മ്മാണവും നവീകരണവും നടപ്പാക്കുന്നത് ചെറുകിട ജലസേചന വിഭാഗം എക്‌സി.എഞ്ചിനീയര്‍ ആണ്. ജില്ലാ കളക്ടര്‍ ശ്രീമതി ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഐഎഎസിന്റെ അദ്ധ്യതയില്‍ ചേര്‍ന്ന യോഗത്തില്‍ കാസര്‍കോട് വികസന പാക്കേജ് ജില്ലാതല കമ്മിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ജില്ലയുടെ സമഗ്ര ജലസംരക്ഷണത്തിന്റെ ഭാഗമായി ജലസംഭരണ നിര്‍മ്മിതികളുടെ നിര്‍മ്മാണത്തിനും നവീകരണം എന്നിവയ്‌ക്കൊപ്പം ചിലവ് കുറഞ്ഞതും എളുപ്പം സാധ്യമായതുമായ റിംഗ് ചെക്ക്ഡാമുകളുടെ നിര്‍മ്മാണം, പുഴകളുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ജലക്ഷാം ലഘൂകരണത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടപ്പിലാക്കി വരുന്നുണ്ടെന്നും പ്രവൃത്തികള്‍ ഉടന്‍ ടെണ്ടര്‍ ചെയ്ത് ആരംഭിക്കുമെന്നും കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി രാജമോഹന്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.