23 December 2024, Monday
KSFE Galaxy Chits Banner 2

Related news

January 18, 2024
November 9, 2023
September 16, 2023
January 30, 2023
January 27, 2023
January 16, 2023
December 22, 2022
December 21, 2022
December 1, 2022
September 30, 2022

ഉദിനൂരിലെ പ്രവാസി കുടുംബം ഐഎസില്‍ ചേര്‍ന്നതല്ല; മുഹമ്മദ് ഷബീറിന്റെ വീഡിയോസന്ദേശം പുറത്ത്

കുടുംബം യെമനിലെ മതപഠനകേന്ദ്രത്തില്‍
Janayugom Webdesk
തൃക്കരിപ്പൂര്‍(കാസര്‍കോട്)
December 22, 2022 8:05 pm

കാസര്‍കോട് ജില്ലയിലെ ഉദിനൂരില്‍ നിന്ന് പ്രവാസിയായ യുവാവും ഭാര്യയും നാല് മക്കളും യെമനിലേക്ക് പോയെന്ന വാര്‍ത്തകള്‍ പുറത്തു വന്നതോടെ വിശദീകരണവുമായി യുവാവിന്റെ വീഡിയോ സന്ദേശം പുറത്തു വന്നു. താൻ ഒരു തീവ്രവാദ സംഘടനയിലും പോയിട്ടില്ലെന്ന് ബന്ധുക്കൾക്ക് അയച്ചുകൊടുത്ത വീഡിയോ സന്ദേശത്തില്‍ പടന്ന ഉദിനൂരിലെ മുഹമ്മദ് ഷബീര്‍ പറഞ്ഞു. ശബീറിന്റെയും കുടുംബത്തിന്റെയും തിരോധനവുമായി ബന്ധപ്പെട്ട് ഭാര്യാസഹോദരന്റെ പരാതിയിൽ ചന്തേര പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തീവ്രവാദ സംഘടനയിലേക്ക് പടന്ന സ്വദേശിയും കുടുംബവും പോയെന്നുള്ള വാർത്തകൾ പുറത്തുവന്നതോടെയാണ് യുവാവ് വിശദീകരണവുമായി രംഗത്ത് വന്നത്. എൻഐഎ ഇതുമായി ബന്ധപ്പെട്ട് പടന്നയിൽ അന്വേഷണത്തിന് എത്തിയതോടെയാണ് പടന്നയിൽ നിന്നുള്ള കുടുംബം ഐഎസില്‍ ചേർന്നതായുള്ള പ്രചാരണം ശക്തമായത്.

നാല് മാസം മുമ്പാണ് യുവാവും തലശേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഭാര്യയും നാല് ആൺമക്കളുമടങ്ങുന്ന കുടുംബം മതപഠനത്തിനായി യെമനിലേക്ക് പോയത്. സൗദി അറേബ്യ വഴിയാണ്, ഇന്ത്യ യാത്രാവിലക്ക് കൽപിച്ച യെമനിലേക്ക് ഇവർ യാത്ര പോയത്. യെമനിലെ ദാറുൽ മുസ്തഫ എന്ന മതപഠന കേന്ദ്രത്തിലാണ് താൻ വന്നിട്ടുള്ളതെന്നും അവിടെയുള്ള മതപണ്ഡിതൻ ഹബീബ് ഉമറിന്റെ പ്രഭാഷണങ്ങളിലും പഠനത്തിലും ആകൃഷ്ടനായാണ് എത്തിയതെന്നും പെട്ടെന്ന് തന്നെ മടങ്ങുമെന്നുമാണ് 40 കാരനായ യുവാവ് പറയുന്നത്. 10 വർഷമായി ദുബായിൽ താമസിച്ച് വരികയാണ് യുവാവും ഭാര്യയും മൂന്ന്, അഞ്ച്, ആറ്, ഒമ്പത് വയസ്സുള്ള നാല് ആൺമക്കളും. ഇക്കഴിഞ്ഞ ജൂൺ മാസം ഒരാഴ്ചത്തെ അവധിക്ക് നാട്ടിൽ വന്നിരുന്നതായി കുടുംബവുമായി ബന്ധപ്പെട്ടവർ പറയുന്നു.

മതപഠനത്തിന്റെ ഭാഗമായി നാല് മാസമായി സുഹൃത്തുക്കളുമായി യുവാവും കുടുംബവും ആശയ വിനിമയം നടത്തുന്നില്ല. അടുത്ത ബന്ധുക്കളുമായി മാത്രമാണ് ഇവരുടെ ആശയ വിനിമയം. എൻഐഎ വന്നതിനെ തുടർന്നുണ്ടായ കോലാഹലവുമായി ബന്ധപ്പെട്ട് നിരവധി പേരാണ് തന്നെ ബന്ധപ്പെടുന്നതെന്നും അതുകൊണ്ടാണ് ഇത്തരമൊരു വീഡിയോ അയയ്ക്കുന്നതെന്നും ഷബീർ കൂട്ടിച്ചേർക്കുന്നു. വീട്ടുകാരുമായി എൻഐഎ ഉദ്യോഗസ്ഥർ സംസാരിച്ചതിനെ തുടർന്ന് ആശങ്കയ്ക്ക് വഴിയില്ലെന്ന വിലയിരുത്തലിലാണ് അന്വേഷണ ഏജൻസി എത്തിയിട്ടുള്ളത്. അതേസമയം തന്നെ പടന്ന പഞ്ചായത്ത് പരിധിയിലെ രണ്ട് യുവാക്കൾ അവർ ജോലി ചെയ്യുന്ന ഒമാനിൽ നിന്നും സൗദിയിൽ നിന്നും യെമനിലേക്ക് പോയതുമായി ബന്ധപ്പെട്ട് എൻഐഎ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 2022 മാർച്ചില്‍ കാസർകോട്, കോഴിക്കോട് സ്വദേശികളായ ദമ്പതികളുടെ നേതൃത്വത്തിൽ 14 അംഗ കുടുംബം യെമനിലേക്ക് കടക്കാൻ ശ്രമിച്ചിരുന്നതായി വിവരമുണ്ട്. പ്രായപൂർത്തിയാകാത്ത നാല് കുട്ടികൾ ഉൾപ്പെട്ട സംഘത്തെ സുരക്ഷാ വിഭാഗം തടഞ്ഞു തിരിച്ചയയ്ക്കുകയും ചെയ്തുവെന്നാണ് സൂചന.

Eng­lish Sum­ma­ry: kasar­god fam­i­ly did not join Islam­ic State
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.