7 December 2025, Sunday

കത്തുന്ന കാടകം കഥകള്‍

സന്തോഷ് ആറ്റിങ്ങൽ
August 17, 2025 7:00 am

നുഷ്യൻ ഒരു സാമൂഹിക മൃഗമാണെന്ന് അരിസ്റ്റോട്ടിൽ വിശേഷിപ്പിച്ചത് മറ്റൊരർത്ഥത്തിലാണെങ്കിലും, ആദിമ മൃഗചോദനകൾ മനുഷ്യ മനസിൽ എന്നും നിലനിന്നിരുന്നു എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. ആധുനിക യുഗത്തിലേക്ക് പ്രവേശിക്കുന്നതിനും മുമ്പ് നായാടിയായി കാട്ടിൽ വസിച്ചിരുന്ന കാലം മുതൽക്കേ വനകാമനകൾ മനുഷ്യമനസിൽ നിക്ഷേപിക്കപ്പെട്ടിരുന്നിരിക്കണം. വനജീവിതത്തോടുള്ള മനുഷ്യന്റെ അഭിനിവേശം ആ പൊക്കിൾക്കൊടി ബന്ധത്തിന്റെ തുടർച്ചയായി കണക്കാക്കാം. അതുകൊണ്ടാണല്ലോ കാടിനെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം ഒരാദിമ ബോധത്തിന്റെ ഉറവയിലേക്കിറങ്ങിച്ചെല്ലുന്ന പ്രതീതി ഉളവാകുന്നത്. ആ ഉൽപ്രേരണ പിൽക്കാലത്ത് അവനെഴുതിയ സാഹിത്യത്തിലും പ്രതിഫലിച്ചു. ആരണ്യകത്തെ ഭൂമികയാക്കി ധാരാളം കൃതികളുണ്ടായി. രാമായണ കഥയും, ഭാരത കഥയും അതിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളായി വർത്തിക്കുന്നു. വിഷ്ണു ശർമ്മയുടെ പഞ്ചതന്ത്രം കഥകളിലും, സോമദേവന്റെ കഥാസരിത് സാഗരത്തിലുമെല്ലാം ധാരാളം കാനന ചിത്രങ്ങൾ കാണാം. വനത്തെ ഭൂമികയാക്കിയുള്ള എഴുത്തിന് എന്നും ആരാധകരെ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. അത്തരം വനരചനകളുടെ ഒരു പിന്തുടർച്ച യായി കാണാം ജെ ആർ അനി എഴുതിയ ‘ആരണ്യകാണ്ഡം’ എന്ന കഥാസമാഹാരത്തെ. 

കാന്താരത്തെ ഭൂമികയാക്കി എഴുതിയ പത്ത് കഥകളാണ് എൺപത്തെട്ടു പുറങ്ങളുള്ള ഈ ചെറുകഥാസമാഹാരത്തിലുള്ളത്. 2023 ൽ ചിന്ത തന്നെ പ്രസിദ്ധീകരിച്ച ‘കാടുപറഞ്ഞ കഥകൾ’ എന്ന കഥാസമാഹാരമായിരുന്നു ജെ ആർ അനിയുടെ ആദ്യത്തെ കാനന രചന. ആ പുസ്തകത്തിന്റെ രണ്ടാം ഭാഗമായി കണക്കാക്കാം ആരണ്യകാണ്ഡത്തെ. വനം വകുപ്പിൽ ഡപ്യൂട്ടി കൺസർവേറ്റർ കൂടിയായിരുന്ന ഗ്രന്ഥകർത്താവിന്റെ കാനന കഥകൾ അദ്ദേഹത്തിന്റെ അനുഭവ കഥനങ്ങൾ കൂടിയാകുന്നുവെന്നതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത. അതു കൊണ്ടു തന്നെ ഫിക്ഷന്റെയും യാഥാർത്ഥ്യത്തിന്റെയും മധ്യേ വിരിച്ച ഒരു നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുന്നു ഇതിലെ ഓരോ കഥയും. ആന്ത്യന്തം വായനക്കാരനിൽ നിർലോഭം ജുഗുപ്സയുണർത്തും വിധമാണ് എഴുത്തുകാരൻ കഥകളുടെ ക്രാഫ്റ്റ് രൂപപ്പെടുത്തിയിരിക്കുന്നത്.

വന്യജീവികളുടെ കഥ പറച്ചിലിലൂടെ മനുഷ്യ ജീവിതത്തിലേക്കും ദിശാസൂചകമാകുന്നുണ്ട് ഇതിലെ പല കഥകളും. വിശപ്പിന്റെ വിളി, മരണമില്ലാത്തവൻ എന്നീ കഥകൾ ഉദാഹരണങ്ങൾ. ഒരു ഫിക്ഷന് വേണ്ട കാല്പനികതയും സാങ്കല്പികതയും ഒക്കെ ഒത്തുചേരുന്ന വിധത്തിൽ ചാലിച്ചെഴുതിയിരിക്കുന്ന കഥകളിലെല്ലാം ആത്മാനുഭവത്തിന്റെ ചൂരും ചൂടും വിളഞ്ഞു നിൽക്കുന്നുണ്ട്. എഴുത്തുകാരൻ ഒരു മുഴുവൻ സമയ വനപ്രവർത്തകനായതുകൊണ്ടാകാം ആരണ്യ കാണ്ഡത്തിലെ പല കഥകളിലും കാടിന്റെ വിഹ്വലതയും രഹസ്യങ്ങളും ക്രാഫ്റ്റിലും ഭാഷയിലും സന്നിവേശിപ്പിച്ച് വായനക്കാരനെ ആകാംക്ഷയോടെ വായനാ കർമ്മം നിർവഹിക്കുവാൻ പ്രാപ്തനാക്കിയിരിക്കുന്നു കഥാകൃത്ത്. 

കാനനവാസികളായ വന്യ മൃഗങ്ങളുടെ നിഷ്കളങ്കതയും അവരുടെ കഷ്ട നഷ്ടങ്ങളും ചിത്രീകരിക്കുവാൻ അവരുടെ തന്നെ ഭാഷയാണ് എഴുത്തുകാരൻ സ്വീകരിച്ചിരിക്കുന്നത്. മുതുമലമൂർത്തി എന്ന മഖ്ന, കുങ്കി, കീകരക്കുത്ത്, അമ്മ എന്നീ കഥകളിൽ മുഖ്യകഥാപാത്രത്തിന്റെ ആത്മകഥനങ്ങളിലൂടെ കഥപറയാനാണ് ശ്രമിച്ചിട്ടുള്ളത്. ഇത് നല്ല വായനാ സുഖം പകരുന്നിട്ടുണ്ട്. കാടിന്റെ ഭോഗങ്ങളെല്ലാം തനിക്കു മാത്രമാണെന്ന് കരുതി വസിക്കുന്ന ഒരു ഗജവീരനായി പരകായ പ്രവേശം നടത്താനും ഒപ്പം കാടിന്റെ ഓരങ്ങളിൽ പാർക്കുന്ന ദുർബലനായ മനുഷ്യന്റെ ആത്മരോദനവുമെല്ലാം ഒരുപോലെ പറഞ്ഞു തരാൻ കഴിയുന്ന ആഖ്യാന മികവ് ആരണ്യകാണ്ഡത്തിന്റെ എഴുത്തുകാരനുണ്ട് എന്ന് നിസംശയം പറയാം. മനുഷ്യ വന്യജീവി സംഘാതങ്ങളുടെ പൊരുളറിയാനും ശ്രമിക്കുന്നുണ്ട് കഥകളിൽ.

ഒരു വനശാസ്ത്രജ്ഞനു മാത്രം ആർജിക്കാനാവുന്ന ഒട്ടനവധി കാടറിവുകൾ കഥകളിലൂടെ അനാവരണം ചെയ്യപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ കേവലം ഒരു കഥാപുസ്തകം എന്നതിലുപരി കാനന ഗവേഷകർക്ക് ഉത്തമമായ ഒരു കൈപ്പുസ്തകമായും ആരണ്യകാണ്ഡത്തെ വിലയിരുത്താവുന്നതാണ്. ഇതിലെ കഥകളുടെ കഥന വൈവിധ്യം ആവർത്തന വിരസത ഒഴിവാക്കുക എന്ന ബോധപൂർവമായ ചിന്തയോടുകൂടി ഫലപ്രദമായി നടപ്പാക്കിയിരിക്കുന്നതായി കാണാം. കാനനാന്തരീക്ഷവും അവിടത്തെ ജീവിതവും ചിത്രീകരിക്കുമ്പോൾ ചില കഥകൾ സംഭവബഹുലമായി ഭവിക്കുന്നു. ഈ മാറ്റിപ്പറയൽ പക്ഷേ, ഒരിക്കലും കഥകളെ വിരസമാക്കുന്നില്ല. പ്രത്യുത പ്രതിപാദനത്തിന്റെ പ്രത്യേകത കൊണ്ട് കൂടുതൽ ഹൃദയസ്പർശിയും, പാരായണ ക്ഷമവുമായി നിൽക്കുന്നു. ഈ പുസ്തകത്തിലെ പത്തു കഥകളും വായനക്കാരനോട് നേരിട്ട് സംവദിക്കുന്നവയാണ്. പരീക്ഷണ വ്യഗ്രതയോ, ബുദ്ധിജീവി നാട്യമോ ഒട്ടുമേ തീണ്ടിയിട്ടില്ലാത്ത കഥകൾ. ഘോരകാന്താരം മനസിൽ ഒരു ലഹരിയായിത്തീർത്തവർക്ക് ഒരിക്കലും ഒഴിവാക്കാനാവില്ല ഈ പുസ്തകം.

ആരണ്യകാണ്ഡം
കാട് പറഞ്ഞ കഥകള്‍
(കഥ)
ജെ ആര്‍ അനില്‍
ചിന്ത പബ്ലിഷേഴ്സ്
വില: 180 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.