14 December 2025, Sunday

കൗമാരം കലിപ്പിലാണ്

ഹബീബ കുമ്പിടി
May 11, 2025 7:10 am

ദൈവത്തിന്റെ സ്വന്തം നാട് എന്ന് നാം അഭിമാനിക്കുന്ന നമ്മുടെ നാട് ഭീകരമായ അവസ്ഥയിലേക്ക് എത്തപ്പെടുന്ന ഒരു സ്ഥിതിയിലാണ് ഇന്ന്. ഇന്നലെകളിലെ ശാന്ത സുന്ദരമായ നാടിനെ ഇന്ന് വയലൻസ് പിടികൂടിയിരിക്കുന്നു. അയൽ സംസ്ഥാനങ്ങളിലും മറ്റും കേട്ടിരുന്ന നടുക്കമേറിയ അക്രമങ്ങൾ ഇന്ന് നമുക്ക് അടുത്തും എത്തിയിരിക്കുന്നു. സ്വന്തമെന്നോ രക്തബന്ധമെന്നോ ഇല്ലാതെ ഏവരും അക്രമത്തിന് ഇരയാകുന്ന അവസ്ഥ. വില്ലനായി ലഹരി നുരയുന്ന യുവത്വം. എവിടെയാണ് നമുക്ക് പിഴച്ചത്. നെഞ്ചു പിടയാതെ നമുക്ക് ഈ വാർത്തകൾ കേൾക്കാനാവില്ല. മയക്കുമരുന്ന് കച്ചവടം സുലഭം ആകുമ്പോഴും ‘നമുക്ക് എന്തായാലെന്ത്’ എന്ന് ചിന്തിക്കുന്നവരുടെ നാട്ടിൽ, ശക്തമായ ഇടപെടലുകളും സമൂഹത്തിന്റെയും രാഷ്ട്രീയക്കാരുടെയും പങ്കാളിത്തവും നിയമ നടപടികളും ഉണ്ടെങ്കിൽ മാത്രമേ ഈ വിപത്തിൽ നിന്നും നമുക്ക് കരകയറാൻ കഴിയുകയുള്ളൂ. 

സമൂഹത്തിൽ പൊതുവേ സിനിമകളിലെ വയലൻസ് കൂടുതലാണ്. കുട്ടികൾ അതിനെ അനുകരിക്കാൻ ശ്രമിക്കുന്നു. എന്ന് പറയുന്നത് ഒരു പരിധിവരെ ശരിയായിരിക്കാം. സിനിമകളിലെ വയലൻസ് കുറച്ചാൽ തീരുന്ന പ്രശ്നമാണോ നമ്മുടെ നാട്ടിലുള്ളത്. അധ്യാപകർ ഈ കാലഘട്ടത്തിലെ കുട്ടികളെ നാളേക്ക് വേണ്ടി പഠിപ്പിക്കുന്നവരാണ്. അതും കഴിഞ്ഞ കാലഘട്ടത്തിലുള്ള അധ്യാപകർ. മൂന്നു കാലഘട്ടങ്ങളാണ് ഒരു അധ്യാപകൻ മനസിലാക്കേണ്ടത്. ഒന്ന് അധ്യാപകൻ പഠിച്ച കാലഘട്ടം. രണ്ട് നാളെ കുട്ടി നേരിടാൻ പോകുന്ന കാലഘട്ടം. മൂന്ന് ഇന്ന് ജീവിക്കുന്ന കാലഘട്ടം. പക്ഷേ പഠിപ്പിക്കുന്ന സിലബസ് എത്ര വർഷം മുൻപുള്ളതാണ്. കാലം അതിവേഗമാണ് സഞ്ചരിക്കുന്നത്. മൊബൈലിന്റെയും ലാപ്ടോപ്പിന്റെയും യുഗത്തിലേക്കാണ് കുട്ടികൾ ജനിച്ചു വീഴുന്നത്. ഈ കുട്ടികൾക്ക് ഇതൊന്നും ഇല്ലാത്ത ഒരു കാലഘട്ടത്തിലെ സിലബസ് കൊണ്ട് എന്ത് പ്രയോജനം ലഭിക്കാനാണ്. ടെക്സ്റ്റ് ബുക്കുകൾ മാറിയിട്ട് കാലമെത്രയായി. 

രണ്ടായിരത്തിലെ കുട്ടികൾ ഒരു സാമൂഹിക മാറ്റത്തെ കൂടി അഭിമുഖീകരിക്കുന്നുണ്ട്. വീട്ടിലുള്ളവരെല്ലാം ജോലിക്ക് പോകുന്ന ഒരു അവസ്ഥ. തിരക്ക് പിടിച്ച ജീവിതം. പുറത്തേക്കിറങ്ങാത്ത എല്ലാ സൗകര്യങ്ങളോടും കൂടിയ വീടുകളും. മിക്കവാറും സമയങ്ങളിൽ കുട്ടി തന്റെ കാര്യങ്ങളെല്ലാം ഒറ്റക്കാണ് ചെയ്യുന്നത്. ഒറ്റപ്പെടുന്ന സാമൂഹിക അവസ്ഥയുള്ള ഒരു കുട്ടിക്ക് നേരിടേണ്ടിവരുന്ന മാനസിക പിരിമുറുക്കങ്ങളെ മനസിലാക്കുന്നതിനുള്ള എന്ത് പാഠ്യ പദ്ധതിയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പുതിയതായി രൂപം കൊള്ളുന്ന ഒരു തലമുറയെ നാം വിലയിരുത്താതെ പോയി. കാലത്തിനനുസരിച്ച് അറിവുകൾക്ക് പുതിയ മാനദണ്ഡങ്ങൾ ഉണ്ടാവുന്നു. കുട്ടികളുടെ അടുത്ത് മൊബൈൽ കൊടുത്താൽ അവർ നമ്മളെക്കാൾ ബ്രില്യന്റാണ്. 

ഇന്നത്തെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നുണ്ടെങ്കിൽ തന്നെ, അവരുടെ ബുദ്ധിയെ അളക്കുന്ന രീതിയിലുള്ള അവരുടെ എനർജിയെ ഏറ്റവും നല്ല രീതിയിൽ വിനിയോഗിക്കുന്ന രീതിയിൽ എഴുതാനും വായിക്കാനുമുള്ള ഇടങ്ങൾ അവർക്ക് ലഭിക്കുന്നുണ്ടോ? പുതിയതായി എന്തെങ്കിലും തുടങ്ങിയാൽ അതിനെ കുറ്റപ്പെടുത്തുന്ന പഴമക്കാർ. അമ്പലമുറ്റത്തെ ആൽത്തറ, ലൈബ്രറികൾ, കളിക്കളങ്ങൾ, മുൻപ് നമുക്ക് ഒരുപാട് ഇടങ്ങൾ ഉണ്ടായിരുന്നു. ഇന്ന് അത്തരം ഇടങ്ങൾ എവിടെപ്പോയി. ടൈം ടേബിൾ വച്ച് ജീവിക്കുന്ന പുതിയ തലമുറ. പണം കൊടുത്ത് കളിക്കുന്ന ടർഫുകൾ ആണ് അവർക്കുള്ളത്. ഇന്നത്തെ കൗമാരത്തെ സങ്കുചിതരാക്കിയത് ആരാണ്. 

എന്തുകൊണ്ടാണ് ഇന്നത്തെ കൗമാരം കലിപ്പന്മാരായി തീരുന്നത്? അവരെ കുറ്റപ്പെടുത്തുകയല്ല വേണ്ടത്. ഇന്നത്തെ സാഹചര്യത്തിനനുസരിച്ചുള്ള പഠന മേഖലകളോ അല്ലെങ്കിൽ അവരുടെ പ്രശ്നങ്ങളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് അവർക്ക് കാലഘട്ടത്തിനനുസരിച്ച് ആവശ്യമുള്ള കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് ഒരു ചുറ്റുപാട് എന്നാണ് അവന് ലഭ്യമാവുക. ഒരു കുട്ടി ഒരു മണിക്കൂറെങ്കിലും ഒരു ദിവസം കളിക്കുന്നുണ്ടെങ്കിൽ, അതുപോലെതന്നെ വായനാശീലമുണ്ടെങ്കിൽ അവൻ ഒരിക്കലും ലഹരിക്ക് അടിമയാവാൻ സാധ്യതയില്ല. 

വീട്ടിലില്ലാത്തപ്പോൾ കുട്ടികളെ പുറത്തുവിട്ടു കളിക്കാൻ താല്പര്യപ്പെടാത്ത മാതാപിതാക്കൾ അവരെ മൊബൈലിൽ ഉള്ള ഗെയിമുകൾ കളിക്കേണ്ട അവസ്ഥയിൽ എത്തിക്കുന്നു. ചെറിയ കുട്ടികളാവുമ്പോൾ തന്നെ ഭക്ഷണം കഴിക്കാനും പുറത്തേക്ക് ഇറങ്ങാതിരിക്കാനും മൊബൈലുകൾ കയ്യിൽ കൊടുക്കുക എന്നുള്ളത് പൊതുവെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. ആ ഗെയിമുകളിൽ ഉള്ള കഥാപാത്രങ്ങൾക്ക് ഒരിക്കലും വേദനിക്കില്ല. ഒരുപാട് തവണ ഷൂട്ട് ചെയ്യുകയും എതിരാളിയെ നിഷ്കരുണം കൊലപ്പെടുത്തുകയും ചെയ്യുന്ന ഗെയിമുകൾ. രക്ത പങ്കിലമായ ഗയിമുകൾ. 

സഹജീവി സ്നേഹം വളർത്തുന്നതിന് ഏതെങ്കിലും ജീവികളെ അടുത്തറിയുകയോ, പ്രകൃതിയുമായി ഇണക്കത്തിൽ ആവുകയോ അല്ലെങ്കിൽ ഓമനിച്ചു വളർത്തുകയോ ഒന്നിനും അവന് അവസരം ലഭിക്കുന്നില്ല. കൂകുന്ന കുയിലിനോടൊപ്പം കൂവാനും, മണ്ണാത്തി കിളിയോടൊപ്പം ഊഞ്ഞാല് കെട്ടിയാടാനും മാങ്ങ കല്ലെറിഞ്ഞു വീഴ്ത്താനും തുമ്പിയെ പിടിക്കാനും അവൻ മറന്നേ പോയിരിക്കുന്നു. പിന്നെങ്ങനെയാണവൻ ജീവനുള്ളതിന് വേദനിക്കും എന്ന് മനസിലാക്കുക. ഗെയിമുകളിൽ പരിക്കുപറ്റിയവർ വീണ്ടും ഉയർത്തെഴുന്നേൽക്കുന്നതാണ് അവൻ കാണുന്നത്. പഴഞ്ചൊല്ലുകളും മുത്തശ്ശി കഥകളും ചൊല്ലുവിളികളായി അവനെ ഉണർത്താതെ പോയി. പകരം വൃദ്ധസദനങ്ങൾ ഉയർന്നുവന്നു. തലച്ചോറിനുള്ളിലെ സോഫ്റ്റ്‌വേറുകൾ പുതിയ രീതിയിൽ തയ്യാറാക്കപ്പെട്ട ഒരു പുതിയ കാലഘട്ടം. 

ആൾക്കൂട്ട ആക്രമണങ്ങൾ കൂടി വരുന്നു. കണ്ടുനിൽക്കുന്നവർ ഒന്ന് തടസപ്പെടുത്താൻ നിൽക്കാത്ത നിർവികാരത. അല്ലെങ്കിൽ മൊബൈലിലും മറ്റും ഷൂട്ട് ചെയ്യുമ്പോൾ കിട്ടുന്ന ആസ്വാദ്യത. പണ്ടത്തെ കലാലയങ്ങളിലെ ഹീറോസ് ഏതെങ്കിലും സർഗശേഷിയിൽ പാടാനോ അല്ലെങ്കിൽ നാടകത്തിലോ, കവിത എഴുത്തിലോ, നൃത്തത്തിലോ ഉയർന്നുനിൽക്കുന്നവരായിരുന്നു. ഇന്ന് തൊപ്പിയെ പോലുള്ള അല്ലെങ്കിൽ ഹണി റോസിനെ പോലുള്ളവരാണ് അവരുടെ ഹീറോകൾ. ഇതാണ് പ്രബുദ്ധ കേരളത്തിന്റെ ഇന്നത്തെ അവസ്ഥ. കാഴ്ചപ്പാടുകൾ മാറി. അവനെ സൃഷ്ടിച്ചെടുത്തത് ഈ സമൂഹത്തിന്റെ തെറ്റാണോ. വേഗത്തിൽ കാലം സഞ്ചരിക്കുന്നു. കാലത്തിന്റെ വേഗതക്കനുസരിച്ചുള്ള അവസരങ്ങൾ സൃഷ്ടിക്കേണ്ടേ? പഴയ അവസരങ്ങളിൽ പുതു തലമുറ സംതൃപ്തരാവേണ്ടിയിരിക്കുന്നു. പണ്ടത്തെ രീതി ഇങ്ങനെയായിരുന്നില്ലെന്ന് നാം പുതു തലമുറയെ കുറ്റപ്പെടുത്തുന്നു. അല്ലാതെ അവന്റെ ബുദ്ധിക്കും രീതിക്കുമനുസരിച്ച് അവസരങ്ങളും ചുറ്റുപാടുകളും കൊടുക്കുന്നുണ്ടോ. വളരെ ചെറിയ സ്ഥലത്ത് അടച്ചു പൂട്ടിയ രീതിയിൽ ജീവിക്കുന്ന രാവിലെ എഴുന്നേറ്റാൽ ട്യൂഷൻ മുതൽ വൈകുന്നേരം കിടക്കുന്നത് വരെ ടൈം ടേബിൾ അനുസരിച്ചു ജീവിക്കേണ്ടി വരുന്ന യാന്ത്രിക ജീവിതത്തിന്റെ പരിണിത ഫലം. ബാല്യവും കൗമാരവും ഒറ്റക്കായി പോകുന്ന അരക്ഷിതാവസ്ഥ അനുഭവിക്കുന്ന പുതിയ തലമുറ. ചൊല്ലുകളും കഥകളും കേൾക്കാത്ത ബാല്യം. കായിക വിദ്യാഭ്യാസം ജിമ്മിൽ നിന്നും പഠിക്കുന്ന കുട്ടികൾ. പണ്ട് മണ്ണിന്റെ മനസറിഞ്ഞു കളിച്ചു വളർന്നവർ, അത്തരത്തിൽ ജീവിക്കുന്ന കുട്ടികൾ നേരിടുന്ന മാനസികാവസ്ഥ പ്രകൃതിയെ കുറിച്ചറിയാനോ സഹജീവികളെ കുറിച്ചറിയാനോ അവസരം നിഷേധിക്കപ്പെട്ടവർ. പണ്ടത്തെ പാഠ്യപദ്ധതി കൊണ്ട് അവന്റെ ബുദ്ധിയെ വളർത്താൻ കഴിയുമോ. പണ്ടത്തെ കോളജുകളിൽ പ്രണയവും ഹീറോയിസവും കൊണ്ടാടുമ്പോൾ ഇന്ന് വയലൻസിനാണ് പ്രാധാന്യം. അസഹിഷ്ണുത കൊണ്ടാടുന്ന ജീവിതങ്ങൾ. 

മുമ്പ് മറ്റു ജില്ലകളിലും സംസ്ഥാനങ്ങളിലും കേട്ടിരുന്ന ഗുണ്ടാവിളയാട്ടങ്ങൾ ഇന്ന് നമ്മുടെ നാട്ടിൽ സർവസാധാരണമായി. ബ്ലേഡ് വച്ച് വരയുന്ന, നഞ്ചക്കുപയോഗിക്കുന്ന പുതിയ ഗുണ്ടാ തലമുറ. റാഗിങ്ങുകളിൽ ഉൾപ്പെടുന്ന കുട്ടികൾ ഒരിക്കലും മനസിലാക്കുന്നില്ല, അവരുടെ മാനസികാവസ്ഥ വൈകൃത രൂപത്തിലാണ് മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന്. പ്രകോപനങ്ങൾ എത്ര നിസാരമാണെന്ന് ചിന്തിക്കുന്നില്ല. ഈ പ്രശ്നങ്ങൾ ഇന്നത്തേക്കാൾ രൂക്ഷമാവാനേ വഴിയുള്ളൂ. അവരുടെ കളിയിടങ്ങൾ എങ്ങനെ പൈസ കൊടുത്ത് കളിക്കുന്ന ടെർഫുകളായെന്ന് നാം അന്വേഷിക്കണം. അവർക്കുവേണ്ട ഇടങ്ങൾ ഒരുക്കി കൊടുക്കണം. സിലബസുകൾ കാലത്തിനനുസരിച്ചുള്ളതായിരിക്കണം. എങ്കിലേ പുതിയ തലമുറയെ നമുക്ക് തിരിച്ചുപിടിക്കാൻ കഴിയൂ. 

(സൈക്കോളജിസ്റ്റാണ് ലേഖിക)

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.