
പുതുതലമുറയിലെ കവയിത്രികളിൽ ശ്രദ്ധേയയായ രജനി മാധവിക്കുട്ടിയുടെ ഏറ്റവും പുതിയ കവിതകളുടെ സമാഹാരമായ ‘എനിക്ക് നിന്നോട് പറയാനുള്ളത് ’ എന്ന കൃതിയിലെ കവിതകളോരോന്നും സമകാലിക ജീവിതത്തിന്റെ നേർചിത്രങ്ങളാണ്. ഇന്ന് ഒട്ടെല്ലാ കവയിത്രികളും പ്രണയമെന്ന ഒരേയൊരു പ്രമേയത്തിനു ചുറ്റും വലം വെയ്ക്കുമ്പോൾ ഈ എഴുത്തുകാരി അവരിൽനിന്നു വ്യത്യസ്തയാണെന്ന് ഇതിലെ കവിതകൾ സാക്ഷ്യപ്പെടുത്തുന്നു.
മതതീവ്രവാദം നാടുവാഴുന്ന അഫ്ഗാനിസ്ഥാനിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പെൺകുട്ടികൾക്കു സമർപ്പിച്ച ‘മറുവാക്ക് ’ എന്ന രചനയാണ് പ്രാരംഭകവിത. പെണ്ണെന്ന വാക്കിന്നു പ്രപഞ്ചമെന്നർത്ഥം കുറിക്കുവാൻ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട സ്ത്രീയ്ക്ക് പിന്തുണ നൽകുകയാണ് ഈ കവിത. ഏറെ നാളായി രാജ്യത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിനെ അശാന്തമാക്കിത്തീർത്തിരിക്കുന്ന വംശവെറിക്കെതിരെയുള്ള പ്രതികരണവും പ്രതിഷേധവുമാണ് ‘മൗനം വാചാലം’. സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തിച്ചതുപോലുള്ള പൈശാചികതകൾക്കെതിരെ ഒരു എഴുത്തുകാരി നിശ്ശബ്ദയായാലേ അത്ഭുതപ്പെടേണ്ടതുള്ളൂ.
സാങ്കേതികവിദ്യയുടെ വികാസത്തിന്റെ കുത്തൊഴുക്കിൽ മനുഷ്യബന്ധങ്ങളുടെ ഇഴയടുപ്പം ദുർബലമായിത്തീരുന്ന സമകാലികദുരന്തത്തെയോർത്തുള്ള ഉത്കണ്ഠ ‘ഭാഷ കാടുകയറുന്നു’ എന്ന രചനയിൽക്കാണാം. ഇന്ന് മെസേജുകളിലും ഇമോജികളിലുമായി ചുരുങ്ങിപ്പോയ ഭാഷ മൃഗങ്ങൾക്ക് സംസാരിക്കാനായി കാടുകയറാൻ തുടങ്ങിയിരിക്കുന്നു എന്ന് കവിത മുന്നറിയിപ്പ് നൽകുന്നു! “കുട്ടികൾ നിശബ്ദതയുടെ ലോകത്ത് ലഹരിയുടെ സ്വർഗ്ഗങ്ങൾ സ്വയം തീർക്കുന്നു” എന്നിടത്തെത്തുമ്പോൾ അതിന്റെ പ്രവചനാത്മകസ്വഭാവമുള്ള നാനാർത്ഥങ്ങൾ വായനക്കാരെ അമ്പരപ്പിച്ചേക്കും. സമകാലിക ജീവിതാവസ്ഥകളിൽ വേദനിക്കുകയും ഒപ്പം പ്രതിരോധിക്കാൻ വെമ്പൽ കൊള്ളുകയും ചെയ്യുന്ന തൂലിക ഈ കവിതകളെ ആകർഷകമാക്കുന്നു.
പ്രണയം, സ്വപ്നം, പ്രതീക്ഷ, വിരഹം, വേദന… ഇവയെല്ലാം ഈ കവിയുടെ കവിതകൾക്ക് സ്വാഭാവികമായും വിഷയീഭവിക്കുന്നുണ്ട്. എല്ലാ കവികളെയുംപോലെ രജനിയും മാതാപിതാക്കൾക്കു കവിതയിൽ ഇടം നൽകി ആദരിക്കുന്നു. ഓർമ്മകൾ നഷ്ടപ്പെട്ട്, ചുറ്റും നടക്കുന്നതൊന്നും അറിയാതെ കിടക്കുകയാണെങ്കിലും ജീവിതപ്പെരുവഴിയിൽ തനിക്കൊരു ആൽമരത്തണലിൻ ശീതളച്ഛായയാണ് അമ്മയെന്ന് കവിക്കു ബോധ്യമുണ്ട്. വിഭിന്നങ്ങളായ വിഷയങ്ങളാലെന്ന പോലെ തന്നെ സാരഗർഭങ്ങളായ നുറുങ്ങുകവിതകളാലും ഈ കൃതി വൈവിധ്യപൂർണമാണ്.
എനിക്ക് നിന്നോട് പറയാനുള്ളത്
(കവിത )
രജനി മാധവിക്കുട്ടി
സൈന്ധവ ബുക്സ്
വില ₹ 120
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.