24 April 2025, Thursday
KSFE Galaxy Chits Banner 2

കരിശ്ശമണിയിലെ കാവ്യ കണിശം

അനീഷ് കെ അയിലറ
March 2, 2025 7:45 am

പ്രണയത്തിന്റെ മാസ്മരികത സിരകളിൽ നിറയ്ക്കുന്ന ലഹരിയുടെ അജ്ഞാതമായ അവസ്ഥകളിലേക്ക് കവിതയെ പരിവർത്തനപ്പെടുത്തുന്ന കവിയാണ് സവിതാ വിനോദ്. സവിതയുടെ പുതിയ കവിതാസമാഹാരം ‘കറുത്ത ചരടും കരിശ്ശ മണിയും’ വേറിട്ട വായനാനുഭവമാണ് തരുന്നത്.
ചേരാത്തവയെ ചേർത്തുവച്ച് അന്യാദൃശമായ അർത്ഥ കല്പനകൾ ഉണ്ടാക്കുവാൻ സവിതയ്ക്ക് സവിശേഷമായ സാമർത്ഥ്യമുണ്ട്. വക്കുപൊട്ടിയ വാക്കുകളിൽ അവഗണന, മൗനങ്ങളുടെ നെറുകയിൽ ചൂടിയ പൂക്കൾ, മഞ്ചാടിക്കുരുവിന്റെ തിളക്കം പോലൊരുന്മാദം, സ്വപ്നങ്ങൾക്കിടയിൽ ചുംബിക്കുന്ന പിണക്കങ്ങൾ, നിശബ്ദതയുടെ ഭ്രാന്തുകൾ ചിരിക്കുന്ന നിമിഷങ്ങൾ, ഉറ്റവരില്ലാത്ത കിനാവിന്റെ നെറുക, ഇരയെ പതിയിരുന്നൊറ്റുന്ന വേട്ടനായ്ക്കൾ തുടങ്ങിയ മനോഹരമായ കാവ്യ കല്പനകൾ അവാച്യമായ ഒരു ആസ്വാദ്യത നമുക്ക് പ്രദാനം ചെയ്യുന്നു. സർഗാത്മകമായ മാനസിക വ്യാപാരത്തിലൂടെ നമ്മെ ദാർശനിക തലത്തിലെത്തിച്ച് മാനവ സ്നേഹത്തിന്റെ അനുരണനങ്ങൾ സൃഷ്ടിക്കുന്ന നേരടയാളങ്ങളാകുന്നു സവിതയുടെ കവിതകൾ. 

‘നിലാവിൽ പൂക്കും പ്രണയമായ്
കിതച്ചു കിതച്ചു
പെയ്തൊരു മഴയായ്,
ഇലത്തുമ്പിൽ നിന്നിറ്റും
മഞ്ഞുകണമായ് ’ (കാട്ടു പക്ഷി)

എന്നിങ്ങനെയുള്ള ഭാവ സാന്ദ്രമായ കല്പനകൾ ഒരു ലാവണ്യാനുഭവമായി നമുക്കു മുന്നിൽ നിറഞ്ഞു നിൽക്കുന്നു.
പ്രണയത്തിന്റെ അസാമാന്യമായ ശക്തിയിൽ കവിത അതിന്റെ അർത്ഥതലത്തിലും ഭാവ ഗരിമയിലും ജീവിതാസക്തികളെ വാരിപ്പുണരുന്നതിന് പര്യാപ്തമാകുന്നു. ചിന്തകളുടെ ഉൾവനങ്ങളിലേക്ക് തീ പടർത്തിയ ചിറകുമായി നൃത്തം ചെയ്യുന്ന അനുഭൂതി നമ്മളിൽ സംക്രമിപ്പിക്കുന്നു.
ഓർമകളെ തിരിച്ചുപിടിക്കാനും പുതുമകളിലേക്ക് പറന്നടുക്കാനുമുള്ള ഉപാധിയായി സവിത യാത്രകളെ ഉപയോഗിക്കുന്നു. ചിലപ്പോൾ അവ സ്വപ്ന സഞ്ചാരങ്ങളുമാകാം.
‘ഊതി തണുപ്പിച്ച
കിതപ്പുകളിൽ നിന്നും
ഉയർന്നു പൊങ്ങുന്ന
ഓർമ്മയുടെ മുറിവുകൾ
ശൂന്യതകളിങ്ങനെ
ഉമ്മകളായി പൊതിയുമ്പോൾ
നടന്നകലുന്ന യാത്രയുടെ ദിക്ക്
വല്ലാണ്ട് മറന്നു പോകുന്നു.’ (നടന്നകലുന്ന യാത്രകൾ )
ഇവിടെ ഓർമ്മയുടെ മുറിവുകളിലെ ശൂന്യതയെ ഉമ്മകളായി പൊതിഞ്ഞു നടന്നു നീങ്ങുന്ന കവി ‘നീലക്കണ്ണുകളിൽ’ എത്തുമ്പോൾ പിരിഞ്ഞകന്ന വഴികളൊക്കെ അവളിലേക്കു തന്നെ തിരിച്ചു നടക്കുന്ന നിശബ്ദ ജീവിത ചിത്രങ്ങൾ കോറിയിടുന്നു.
എന്റെ ഭ്രാന്തിലേക്ക് നീയിറങ്ങി വരുമ്പോഴൊക്കെ ഞാനെന്നെ നിന്നിലുറപ്പിക്കും പോലെയും നിന്റെ പുഞ്ചിരികളിലൊക്കെയുമെന്റെ പൊട്ടിച്ചിരികൾ തുറന്നു വയ്ക്കും പോലെയും പ്രണയത്തിന്റെ പ്രപഞ്ചത്തിൽ നീ കുറിക്കുന്നതൊക്കെയും ഞാനെന്നിലെയെന്നെ വായിക്കും പോലെയും പ്രണയത്തിന്റെ ഭ്രാന്തമായ ഭാവങ്ങളിലേക്ക് നമ്മെ കൈപിടിച്ചുകൊണ്ടു പോകുന്ന കവിതയാണ് ഭ്രാന്ത്.
സമൂഹമാധ്യമങ്ങളിലും വാട്സ് ആപ്പ് ഗ്രൂപ്പുകളിലും സജീവമായി മിന്നും താരമായിരുന്ന പ്രിയപ്പെട്ട ഒരാൾ പെട്ടെന്ന് നമ്മളിൽ നിന്ന് വിട്ടു പോകുമ്പോൾ സ്നേഹം നടിച്ച് കൂടെ നിന്നവരുടെ പ്രതികരണം വരച്ചിടുന്ന കവിതയാണ് ഇതിയാൻ. ഋതുക്കളെ പുണരുന്ന കാലമെന്ന കവിതയാണ് ഏറ്റവും ഉദാത്തമെന്ന് കവി ‘കാലമാംകവിത’യിൽ പറഞ്ഞുവയ്ക്കുന്നു.
‘എന്നിട്ടുമോരൊറ്റ വാക്കിന്റെ ദൂരത്താൽ
നിന്റെ മനസിലെ പ്രണയം
മുഴുവൻ മഴപോലെ മായ്ച്
നിന്റെ ശ്വാസമെടുത്തു
കടന്നു പോയവൾ’( ഒറ്റ വാക്കിന്റെ ദൂരം)
എന്ന വരികൾ പ്രണയ ദുഃഖപര്യവസായികളായ സമകാല സംഭവങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. 

പ്രമേയ സ്വീകരണത്തിലും ധ്വന്യാത്മകമായ പരികല്പനാവിഷ്കാരങ്ങളിലും സവിത പുലർത്തുന്ന ആത്മനിഷ്ഠത ശ്ലാഘനീയമാണ്. നിശബ്ദ നോവ്, നാലു കൃഷ്ണമണികൾ, കറുത്ത ചരടും കരിശ്ശമണിയും, പച്ചരക്തം, ജീവിതം പൂക്കാത്ത വീട്, പോക്കുവെയിൽ, കാട്ടുപക്ഷി, സൂചിമുനകൾ തുടങ്ങിയ കവിതകൾ ഇത് സാക്ഷ്യപ്പെടുത്തുന്നു.
സ്ത്രീയുടെ ഹൃദയ വ്യഥകളും ചുടുനിശ്വാസങ്ങളും സ്ത്രൈണ കാമനകളും സമർത്ഥമായി ആവിഷ്കരിക്കുന്ന നിരവധി കവിതകൾ കൊണ്ട് സമ്പുഷ്ടമാണ് ഈസമാഹാരം. നവകാല്പനികതയുടേയും ഭ്രമാത്മക സൗന്ദര്യദർശനത്തിന്റെയും അനുഭൂതി സാന്ദ്രമായ ആവിഷ്കാരംകൊണ്ട് കാവ്യാത്മകമായ കയ്യടക്കം കവിതകളിൽ കാത്തു സൂക്ഷിക്കുവാൻ കറുത്ത ചരടും കരിശ്ശമണിയും എന്ന കാവ്യ സമാഹാരത്തിലൂടെ സവിതാ വിനോദിന് കഴിഞ്ഞിട്ടുണ്ട്. 

കറുത്ത ചരടും കരിശ്ശ മണിയും
(കവിതകൾ)
സവിതാ വിനോദ്
നെപ്ട്യൂൺ ബുക്സ്, കൊല്ലം
വില: 160 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.