23 December 2024, Monday
KSFE Galaxy Chits Banner 2

എച്ച്എൽഎൽ പൊതുമേഖലയിൽ നിലനിർത്തുക; ദ്വിദിന ദേശീയ പണിമുടക്ക് ചരിത്രവിജയമാക്കുക

അഡ്വ. വി ബി ബിനു
(സംസ്ഥാന സെക്രട്ടറി, എഐടിയുസി)
March 16, 2022 6:34 am

മാർച്ച് 28, 29 തീയതികളിൽ എഐടിയുസി, സിഐടിയു, ഐഎന്‍ടിയുസി അടക്കം പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളും സംസ്ഥാന യൂണിയനുകളും കേന്ദ്രസംസ്ഥാന ജീവനക്കാരും ബാങ്ക് ഇൻഷുറൻസ് മേഖലയിലേതടക്കം വിവിധ ഫെഡറേഷനുകളുടെയും നേതൃത്വത്തിൽ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്കം ചരിത്രവിജയമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് കേരളത്തിൽ നടത്തിവരുന്നത്. കേരളത്തില്‍ മാര്‍ച്ച് 15 മുതല്‍ ജില്ലാതല പ്രചരണജാഥകള്‍ നടന്നുവരികയാണ്. ജനങ്ങളെ സംരക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന പണിമുടക്കിന്റെ മുദ്രാവാക്യം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഏറ്റെടുക്കുന്ന അനുഭവമാണ് കാണാൻ കഴിയുന്നത്. മോഡി സർക്കാരിന്റെ കർഷക ദ്രോഹനയങ്ങൾക്കെതിരെ പൊരുതി വിജയിച്ച രാജ്യത്തെ കർഷക സംഘടനകളും തൊഴിലാളി സംഘടനകളോടൊപ്പം പണിമുടക്കിൽ പങ്കാളികളാകാൻ തീരുമാനിച്ചത് സമരത്തിനു കൂടുതൽ കരുത്തു പകരുന്നതാണ്. ന്യൂഡൽഹിയിൽ നവംബർ പതിനൊന്നിനു നടന്ന പണിമുടക്ക് പ്രഖ്യാപന കൺവെൻഷനിൽ കർഷക സംഘടനാ നേതാക്കളുടെ കൂടി സാന്നിധ്യത്തിലാണ് പണിമുടക്ക് പ്രഖ്യാപനം നടന്നതും കർഷകരുടേതടക്കം പന്ത്രണ്ട് ആവശ്യങ്ങള്‍ പണിമുടക്കിനാധാരമായി കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടുള്ളതും. രാജ്യത്തെ ജനങ്ങളെയാകെ ബാധിക്കുന്ന വിലക്കയറ്റവും തൊഴിലില്ലായ്മയും തടയുക, തൊഴിൽ നിയമങ്ങൾ ഇല്ലാതാക്കി പുതുതായി കൊണ്ടുവന്ന ലേബർ കോഡുകൾ റദ്ദുചെയ്യുക, തൊഴിലാളിക്ഷേമ പദ്ധതികൾ നടപ്പിലാക്കുക, പൊതുമേഖലാ സ്വകാര്യവല്ക്കരണം അവസാനിപ്പിക്കുകയടക്കമുള്ള കാലിക പ്രാധാന്യമുള്ളതും രാജ്യത്തെയാകെ ബാധിക്കുന്ന ആവശ്യങ്ങളാണ് സംയുക്ത ട്രേഡ് യൂണിയൻ മുന്നോട്ട് വച്ചിട്ടുള്ളത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്ക്കരണത്തിൽ കേന്ദ്രസർക്കാർ സമീപനത്തെ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെന്റും കേന്ദ്ര സർക്കാരും എപ്രകാരം സമീപിക്കുന്നു എന്നതിന്റെ പ്രധാന ഉദാഹരണങ്ങളാണ് ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റും ഹിന്ദുസ്ഥാന്‍ ലൈഫ് കെയറും. കോട്ടയം ജില്ലയിൽ വൈക്കത്തു പ്രവർത്തിച്ചിരുന്ന കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ് ഫാക്ടറി സംസ്ഥാന സർക്കാർ ഏറ്റെടുത്തു. തിരുവനന്തപുരത്തു പ്രവർത്തിച്ചു വരുന്ന കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ലൈഫ് കെയര്‍ (എച്ച്എൽഎൽ) സ്വകാര്യമേഖലയ്ക്കു കൈമാറാനുള്ള ലേല നടപടികൾ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു. ഇന്ന് ഏഴ് സംസ്ഥാനങ്ങളില്‍ എച്ച്എല്‍എല്ലിന് യൂണിറ്റുകളുണ്ട്. ഈ സ്ഥാപനം 1966ലാണ് കേരളത്തിൽ ആരംഭിച്ചത്.


ഇതുകൂടി വായിക്കാം; എച്ച്എല്‍എല്ലിനെ കേരളത്തിന് വിട്ടുനല്‍കുക


സംസ്ഥാനം സൗജന്യമായി നൽകിയ തിരുവനന്തപുരത്തെ കണ്ണായ പ്രദേശത്ത് 19 ഏക്കർ ഭൂമിയിലാണ് എച്ച്എൽഎൽ പ്രവർത്തിച്ചുവരുന്നത്. സ്ഥാപനം പൊതുമേഖലയിൽ നിലനിർത്തുവാൻ സംസ്ഥാന സർക്കാർ തയാറാണെന്ന് അറിയിച്ചിട്ടും നൽകിയില്ല എന്നു മാത്രമല്ല കമ്പനി വില്പനയ്ക്കുള്ള ലേലത്തിൽ സംസ്ഥാന സർക്കാരിനോ മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾക്കോ പങ്കെടുക്കാൻ അനുവാദം നൽകിയില്ല. ലേലത്തിൽ കോർപറേറ്റ് ഭീമന്മാർ മാത്രം പങ്കെടുക്കാൻ അനുവദിക്കുക എന്ന കേന്ദ്രസർക്കാർ തീരുമാനം കോർപറേറ്റുകളുടെ സ്വാധീനം വെളിവാകുന്നതാണ്. കോവിഡ് മഹാമാരിയിൽ രാജ്യവും ജനങ്ങളും ഭയാനകമായ സാഹചര്യത്തെ നേരിട്ടു കൊണ്ടിരിക്കുന്നതിനിടയിൽ കേന്ദ്ര ഗവൺമെന്റ് വളരെ ധൃതിപിടിച്ച് കോടാനുകോടി രൂപ ലാഭവിഹിതം നൽകിവരുന്ന, ജനജീവിതവുമായി നേരിട്ടു ബന്ധപ്പെടുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവല്ക്കരിക്കുകയാണ്. സുരക്ഷാ പ്രധാനമേഖലയായ പ്രതിരോധ വ്യവസായങ്ങൾ, ഖനികൾ, ബാങ്ക്, ജിഐസി, എൽഐസി ഉൾപ്പെടെയുള്ള ഇൻഷുറൻസ് സ്ഥാപനങ്ങൾ വൻകിട തുറമുഖങ്ങൾ, പെട്രോളിയവും പ്രകൃതിവാതകവും റയിൽവേ, വ്യോമയാനം, വിമാനത്താവളങ്ങൾ, വൈദ്യുതി, സ്റ്റീൽ, എന്‍ജിനീയറിങ്, ഹൈവേകൾ, ടെലികോം, തപാൽ സർവീസ് തുടങ്ങി എല്ലാ ദേശീയ ഉല്പാദന ആസ്തികളെയും പൊതുമേഖലാ സ്ഥാപനങ്ങളെയും കേന്ദ്രം കയ്യൊഴിയുകയാണ്. വായ്പാ തിരിച്ചടവ് വീഴ്ച വരുത്തിയ അതേ കോർപറേറ്റുകൾക്ക് അനുകൂലമായി ബാങ്കുകളെ സ്വകാര്യവല്ക്കരിക്കുന്നതിനു വേണ്ടി ബാങ്ക് ദേശസാല്ക്കരണ നിയമം ഭേദഗതി ചെയ്യുവാനുള്ള ബില്ല് പാർലമെന്റിൽ അവതരിപ്പിക്കുവാൻ കേന്ദ്രസർക്കാർ തയാറെടുക്കുകയുമാണ്. രാജ്യത്തിന്റെ അടിസ്ഥാന ആസ്തികൾ നഷ്ടപ്പെടുന്നതും കോർപറേറ്റുകൾക്ക് ആസ്തികൾ പാട്ടത്തിനു നൽകുന്ന ദേശീയ ധനസമാഹരണ പൈപ്പ് ലൈൻ പദ്ധതി(എൻഎംപി)യും അക്ഷരാർത്ഥത്തിൽ രാജ്യത്തെ കൊള്ളയടിക്കലാണ്. ഏറ്റവും ഒടുവിൽ രാജ്യത്തെ ആറുകോടി സാധാരണക്കാരായ തൊഴിലാളികളെ വഞ്ചിച്ച നടപടിയാണ് പിഎഫ് നിക്ഷേപ പലിശ കഴിഞ്ഞ 44 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് താഴ്ത്തിയ കേന്ദ്ര സർക്കാർ തീരുമാനം. പണിമുടക്കിനോടനുബന്ധിച്ച് മാസങ്ങൾ നീണ്ടുനിൽക്കുന്ന പ്രചരണ പരിപാടികളാണ് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നടന്നു വരുന്നത്. പണിമുടക്കിന്റെ പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ പതിനാലു ജില്ലകളിലും ട്രേഡ് യൂണിയൻ നേതാക്കൾ നയിക്കുന്ന പ്രചരണ ജാഥകൾ മാർച്ച് 15 മുതൽ പര്യടനം നടത്തിക്കൊണ്ടിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.