രാജ്യത്തിന്റെ പൊതുവായ വികസനത്തിൽ കേരളം നൽകുന്നത് മികച്ച പിന്തുണയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ഉദാത്തമായ മാതൃകയാണ് കൊച്ചി ഷിപ്പ് യാർഡിൽ ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ. മെയ്ക്ക് ഇൻ ഇന്ത്യയിലെ അവിഭാജ്യഘടകമായി മെയ്ഡ് ഇൻ കേരള മാറുന്നതിന്റെ മറ്റൊരു ഉദാഹരണവും കൂടിയാണിത്.
കൊച്ചി ഷിപ്പ് യാർഡിൽ നാലായിരം കോടി രൂപയുടെ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർവഹിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മെയ്ഡ് ഇൻ കേരള ഉത്പന്നങ്ങൾ ഇന്ന് ഇന്ത്യയിൽ മാത്രമല്ല ലോകത്താകെ ശ്രദ്ധയാർജിക്കുകയാണ്. ഐ എസ് ആർ ഒ വിജയകരമായി വിക്ഷേപിച്ച ചാന്ദ്രയാൻ 3 മിഷനിലും ആദിത്യ മിഷനിലും കേരളത്തിൽ നിന്നുള്ള നിരവധി വ്യവസായ സ്ഥാപനങ്ങൾ പങ്കാളികളായിട്ടുണ്ട്. ചന്ദ്രയാൻ 3 മിഷനിൽ കേരളത്തിൽ നിന്നുള്ള ആറ് പൊതുമേഖലാ സ്ഥാപനങ്ങളും ഇരുപതോളം എം എസ് എം ഇ സ്ഥാപനങ്ങളുമാണ് പങ്കാളികളായത്. ആദിത്യ മിഷനിൽ കേരളത്തിൽ നിന്നുള്ള നാല് പൊതുമേഖലാ സ്ഥാപനങ്ങളാണ് പങ്കാളികളായത്. കേരളത്തിന് അഭിമാനിക്കാൻ വകയുള്ള നേട്ടങ്ങളാണിവ.
ചന്ദ്രയാൻ 3 ൽ ഉപയോഗിക്കപ്പെട്ട 41 ഇലക്ട്രോണിക്സ് മൊഡ്യൂളുകൾ നിർമ്മിച്ചു നൽകിയത് കെൽട്രോൺ ആണ്. കെ എം എം എല്ലിൽ നിന്നുള്ള ടൈറ്റാനിയം സ്പോഞ്ച് ഉപയോഗിച്ചുണ്ടാക്കിയ അലോയികളാണ് ബഹിരാകാശ പേടകത്തിലെ ക്രിട്ടിക്കൽ കംപോണന്റ്സ് ഉണ്ടാക്കാൻ ഉപയോഗിച്ചത്. ടൈറ്റാനിയം, അലുമിനിയം ഫോർജിംഗുകളും മറ്റ് അനുബന്ധ ഉൽപ്പന്നങ്ങളും നിർമ്മിച്ചു നൽകിയത് സ്റ്റീൽ ആന്റ് ഫോർ ജിംഗ്സ് ലിമിറ്റഡ് ആണ്. ആവശ്യമായ സോഡിയം ക്ലോറൈറ് ക്രിസ്റ്റലുകൾ ലഭ്യമാക്കിയത് ടി സി സി യും ആവശ്യമായ മെഷീൻ കംപോണൻസ് നിർമ്മിച്ചു നൽകിയത് കെ എ എല്ലും സിഡ്കോയുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ യശസ്സ് അക്ഷരാർത്ഥത്തിൽ വാനോളം ഉയർത്തുന്നതിൽ കേരളത്തിലെ വ്യവസായ സംരംഭങ്ങൾ, പ്രത്യേകിച്ച് നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങൾ, വലിയ പങ്കാണ് വഹിക്കുന്നത്. അതിന്റെ മികച്ച ഉദാഹരണമാണ് കൊച്ചി വാട്ടർ മെട്രോയ്ക്കായി ഈ കൊച്ചി ഷിപ് യാർഡ് തന്നെ ഉദ്പാദിപ്പിക്കുന്ന അത്യാധുനിക, പ്രകൃതി സൗഹൃദ ബോട്ടുകൾ. അവയുടെ രൂപകല്പനയിലും നിർമ്മാണത്തിലും വാട്ടർ മെട്രോയും ഷിപ് യാർഡും നല്ല നിലയിൽ സഹകരിച്ചിട്ടുണ്ട്.
പൊതുമേഖലാ സഹകരണത്തിന്റെ ഉദാത്ത മാതൃകയാണത്. അതുകൊണ്ടുതന്നെ, ഇന്ന് അവയെ തേടി ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുവരെ ആവശ്യക്കാർ എത്തുന്നു എന്നത് കേരളത്തിനാകെ അഭിമാനകരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉദ്ഘാടന ചടങ്ങിനു ശേഷം കൊച്ചി ഷിപ്പ് യാർഡിന്റെ ഇൻറർനാഷണൽ ഷിപ്പ് റിപ്പയറിംഗ് ഫെസിലിറ്റിയിലെ ഷിപ്പ് ലിഫ്റ്റിംഗ് പ്ലാറ്റ്ഫോം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു.
English Summary: Kerala also has a share in the proud achievements of the country: Chief Minister
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.