2023–24 ലെ സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര‑സംസ്ഥാന ബജറ്റുകളെ കുറിച്ചുള്ള വിവാദങ്ങള്‍ തുടരുകയാണ്. ചാനലുകളിലും വര്‍ത്തമാന പത്രങ്ങളിലും ചൂടേറിയ വാദപ്രതിവാദങ്ങളും നടക്കുന്നു. ബജറ്റ് എന്നത് കേന്ദ്രസര്‍ക്കാരിന്റെയോ സംസ്ഥാനസര്‍ക്കാരുകളുടെയോ വരവുചെലവുകള്‍ രേഖപ്പെടുത്തുന്ന കണക്കു പുസ്‌തകമല്ല. രാജ്യത്തെ സാമ്പത്തിക സാമൂഹ്യ രംഗങ്ങളില്‍ പ്രകടമായ മാറ്റങ്ങളും സാധാരണ ജനങ്ങള്‍ക്ക് ജീവിതത്തില്‍ എത്രദൂരം മുന്നോട്ടുപോകാന്‍ കഴിഞ്ഞുവെന്നതും വിലയിരുത്തപ്പെടുക സ്വാഭാവികമാണ്. എല്ലാ രംഗങ്ങളിലും കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്താനും കൂടുതല്‍ വേഗതയോടെ മുന്നോട്ടുപോകാനും പ്രായോഗികമായ എന്തുനിര്‍ദേശമാണ് ബജറ്റ് മുന്നോട്ടുവയ്ക്കുന്നത് എന്ന വസ്തുതയൂം പരിശോധിക്കപ്പെടേണ്ടതാണ്. രാജ്യം നേരിടുന്ന എല്ലാ സാമ്പത്തിക പ്രതിസന്ധികളുടെയും ഭാരം സാധാരണജനങ്ങളുടെ മേല്‍ അടിച്ചേല്പിക്കുന്ന നികുതി നിര്‍ദേശങ്ങള്‍ മൂലം സാധാരണ ജനങ്ങള്‍ കൊടിയ ദുരിതത്തിന്റെ ഇരകളായി മാറും. സമ്പദ്ഘടന തകരുമ്പോഴും കോര്‍പറേറ്റുകള്‍ തടിച്ചുകൊഴുക്കുന്ന നികുതിനയമാണ് മുതലാളിത്ത ഭരണകൂടം സ്വീകരിക്കുക. തൊഴിലില്ലായ്മ, വിലക്കയറ്റം എന്നീ മൗലികമായ ജനകീയ പ്രശ്‌നങ്ങള്‍ തമസ്കരിക്കുക അല്ലെങ്കില്‍ വാസ്തവവിരുദ്ധമായ കണക്കുകള്‍ നിരത്തി ജനങ്ങളെ കബളിപ്പിക്കുകയെന്നതും ഒരു ഭരണതന്ത്രമായി സ്വീകരിച്ചുപോരുന്നു.
ഇന്ത്യയെപ്പോലുള്ള ഒരു അവികസിതരാജ്യത്തെ ബജറ്റില്‍ നിന്ന് സാധാരണ ജനം പ്രതീക്ഷിക്കുന്നത് സാമൂഹ്യനീതിയും, സാമൂഹ്യക്ഷേമവും നടപ്പിലാക്കാനുള്ള പദ്ധതികളാണ്. നിര്‍ഭാഗ്യവശാല്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ 2023–24 സാമ്പത്തികവര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പാര്‍ലമെന്റില്‍ നടത്തിയ മാരത്തോണ്‍ പ്രഭാഷണത്തില്‍ ദാരിദ്ര്യനിര്‍മ്മാര്‍ജനം, തൊഴിലില്ലായ്‌മ, ഭക്ഷ്യസുരക്ഷ, പൊതുജനാരോഗ്യം, വിദ്യാഭ്യാസം എന്നീ അതീവ ഗുരുതരമായ ദേശീയ വിഷയങ്ങളുടെ നേര്‍ക്ക് വളരെ ലാഘവത്തോടെയുള്ള ചില കമന്റുകളാണ് നടത്തിയത്. സമ്പദ്‌ഘടന നേരിടുന്ന നാണയപ്പെരുപ്പം, ശതകോടികള്‍ തട്ടിയെടുക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങള്‍, നോട്ടു നിരോധനത്തിന്റെ അനന്തരഫലങ്ങള്‍, സാമ്പത്തിക അസന്തുലിതാവസ്ഥയുടെ ഫലമായി രാജ്യത്ത് വര്‍ധിച്ചുവരുന്ന വിഭാഗീയത എന്നീ വിഷയങ്ങളിലും ധനമന്ത്രി കുറ്റകരമായ മൗനമാണ് സ്വീകരിച്ചിരിക്കുന്നത്. ഒരു ബജറ്റിന്റെ വിലയിരുത്തലില്‍ സുപ്രധാനമായ ഘടകങ്ങളാണ് റവന്യുക്കമ്മിയും ധനക്കമ്മിയും. ഈ പ്രതിസന്ധി കരകയറാന്‍ ധീരമായ നിലപാടുകള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് ധനകാര്യവിദഗ്‌ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിനായി ബജറ്റില്‍ കാണുന്നത് വിവിധ പദ്ധതികള്‍ക്കു കഴിഞ്ഞ കാലങ്ങളില്‍ നീക്കിവച്ച തുകയില്‍ ഗണ്യമായ കുറവുവരുത്തുകയെന്ന നിര്‍ഭാഗ്യകരമായ നിര്‍ദേശങ്ങളാണ്. ഇടതുപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ അധികാരത്തിലെത്തിയ മന്‍മോഹന്‍ സിങ്ങിന്റെ കാലത്ത് നടപ്പിലാക്കിയ മഹത്തായ പദ്ധതിയാണ് “മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്”. സ്വതന്ത്രഭാരതത്തിലെ ഗ്രാമീണജനതയുടെ ജീവിതത്തിലാദ്യമായി പ്രതീക്ഷയുണര്‍ത്തിയ പദ്ധതി ലോകശ്രദ്ധതന്നെ പിടിച്ചുപറ്റി. അന്ന് മന്‍മോഹന്‍സിങ്ങിന് പിന്തുണ പ്രഖ്യാപിക്കാന്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ മുന്നോട്ടുവച്ച വ്യവസ്ഥകളില്‍ സുപ്രധാനമായിരുന്നു തൊഴിലില്ലായ്‌മയ്ക്ക് പരിഹാരം കാണാന്‍ ദേശവ്യാപകമായ പദ്ധതി ആവിഷ്‌കരിക്കണമെന്നതും അത് ഭരണഘടനാ ഭേദഗതിയോടെ അംഗീകരിക്കുകയെന്നതും. ഭാരതം കണ്ട ഏറ്റവും ഭാവനാപൂര്‍ണമായ ഈ പദ്ധതി ഇന്ന് നാശത്തിലേക്ക് നീങ്ങുന്നു.
കേന്ദ്ര ബജറ്റ് വിഹിതത്തില്‍ പദ്ധതിക്ക് നീക്കിവയ്‌ക്കുന്ന വിഹിതം അനുക്രമം കുറഞ്ഞുവരുന്നതു കാണാം. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ കഴിയുന്ന ഗ്രാമീണജനതയുടെ പ്രതീക്ഷയായി ആരംഭിച്ച മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ ചരമഗീതം കുറിക്കുകയാണ് മോഡി സര്‍ക്കാരിന്റെ ബജറ്റ്. തൊഴിലുറപ്പു പദ്ധതിക്ക് നീക്കിവച്ച തുക 60,000 കോടിയാക്കി പരിമിതപ്പെടുത്തിയിരിക്കുന്നു. 2,72,000 കോടി ചെലവിട്ടാല്‍പോലും ഒരു വര്‍ഷം നൂറു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്രബജറ്റില്‍ പട്ടിണിപ്പാവങ്ങളുടെ തൊഴിലുറപ്പുപദ്ധതിയെ സ്വാഭാവിക മരണത്തിലേക്ക് നയിക്കാനായി 60,000 കോടി രൂപയില്‍ പരിമിതപ്പെടുത്തിയിരിക്കുന്നത്. തന്നെയുമല്ല പദ്ധതി നടപ്പിലാക്കിയ സംസ്ഥാനങ്ങള്‍ക്ക് തൊഴിലാളികളുടെ വേതനകുടിശിക ഇനത്തില്‍ 15,000 കോടി ഇനിയും കൊടുത്തു തീര്‍ത്തിട്ടില്ല. ഈ തുക ഒഴിവാക്കിയാല്‍ 2023–24ലെ കേന്ദ്ര ബജറ്റില്‍ തൊഴിലുറപ്പു പദ്ധതിക്കായി നീക്കിവച്ചിട്ടുള്ള തുക 45,000 കോടി മാത്രം. പ്രതിവര്‍ഷം 40 തൊഴില്‍ദിനങ്ങള്‍ സൃഷ്‌ടിക്കാന്‍ മാത്രം 1.24 ലക്ഷം കോടി രൂപ വേണ്ടിവരും. കര്‍ഷകരെ മാത്രമല്ല കര്‍ഷകത്തൊഴിലാളികളെയും ഗ്രാമീണ ദരിദ്രരെയും കൊടിയ ദുരിതത്തിലേക്ക് തള്ളിവിടുകയും കോര്‍പറേറ്റ് മൂലധനനിക്ഷേപകര്‍ക്കായി പറുദീസ പണിയുകയും ചെയ്യുന്ന ക്രൂര വിനോദമാണ് തങ്ങളുടെ നയം എന്ന് ഈ ബജറ്റ് തെളിയിക്കുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ വായ്പയെടുക്കുന്നതില്‍ കര്‍ശനനിയന്ത്രണം നടപ്പിലാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ലോക നാണയനിധിയില്‍ നിന്നും ലോകബാങ്കില്‍നിന്നും ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും വന്‍തോതില്‍ വായ്‌പ സ്വീകരിക്കുന്നു. വ്യാപാര കമ്പോളത്തില്‍ അമേരിക്കന്‍ ഡോളറും ഇന്ത്യന്‍ രൂപയും തമ്മിലുള്ള അന്തരം ഞെട്ടിപ്പിക്കുന്ന തരത്തില്‍ മാറുകയാണ്. അന്താരാഷ്ട്ര വായ്‌പകളുടെ തിരിച്ചടവ് ഡോളര്‍ നിരക്കില്‍ തിട്ടപ്പെടുത്തുമ്പോള്‍ എത്രയോ ഭീമമായ തുകയ്ക്കാണ് ഇന്ത്യ കടപ്പെട്ടിരിക്കുന്നത് എന്നു മനസിലാകും.
ഭക്ഷ്യ സബ്‌സിഡി-കഴിഞ്ഞ വര്‍ഷം (2022–23) നീക്കിവച്ചത് 2,87,194 കോടി രൂപ. 2023–24ല്‍ 1,97,350 കോടി രൂപയാക്കി കുറച്ചു. വളം സബ്‌സിഡി-കഴിഞ്ഞ വര്‍ഷം നീക്കിവച്ചത് 2,25,220 കോടി രൂപ. 2023–24ല്‍ 1,75,100 കോടി. പെട്രോളിയം സബ്‌സിഡി-കഴിഞ്ഞ വര്‍ഷം മുന്‍വര്‍ഷത്തെ 9,171 കോടി. 2023–24ല്‍ 2,257 കോടി രൂപയാക്കി. ഈ വിധം ജനജീവിതത്തെ സാരമായി ബാധിക്കുന്ന ഭക്ഷ്യസബ്‌സിഡിയും വളം സബ്‌സിഡിയും പെട്രോളിയം സബ്‌സിഡിയും ഗണ്യമായി വെട്ടിക്കുറച്ചുകൊണ്ട് 2025–26ല്‍ ഇന്ത്യയുടെ ധനക്കമ്മി 6.4 ശതമാനത്തില്‍നിന്ന് 4.5 ശതമാനം നിരക്കിലെത്തിക്കാന്‍ കഴിയുമെന്നാണ് ധനകാര്യമന്ത്രിയുടെ കണക്കുകൂട്ടല്‍. ഈ അസാധാരണ സാഹചര്യം ദീര്‍ഘവീക്ഷണത്തോടെ കാണാനും കേന്ദ്രസഹായത്തെ മാത്രം കാത്തിരിക്കാതെ കേരളത്തിന്റെ വികസന പദ്ധതികള്‍ നടപ്പിലാക്കാനും സംസ്ഥാന സര്‍ക്കാര്‍ ധീരമായ നടപടികള്‍ സ്വീകരിച്ചു. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലെ ജില്ലാ സഹകരണ ബാങ്കുകള്‍ പുനഃസംഘടിപ്പിച്ച് കേരളത്തിന് സ്വന്തമായ ഒരു സംസ്ഥാന ബാങ്ക് രൂപീകരിച്ചു. കേരള ബാങ്ക് അതിന്റെ പ്രവര്‍ത്തനങ്ങളില്‍ റിസര്‍വ് ബാങ്കിന്റെ തടസവാദങ്ങളെല്ലാം തരണം ചെയ്‌തു മുന്നോട്ടുപോയി. ഇപ്പോള്‍ കേരള ബാങ്കിന്റെ ആഭ്യന്തര ഭരണകാര്യങ്ങള്‍ നിയന്ത്രിക്കാനുള്ള പുതിയ നിയമനിര്‍മ്മാണത്തിന് റിസര്‍വ് ബാങ്ക് കരുക്കള്‍ നീക്കുന്നു. സംസ്ഥാന ബജറ്റിന്റെ ലക്ഷ്യം കേരളത്തെ ഇനിയും വികസനത്തിന്റെ പാതയില്‍ നയിക്കുകയെന്നതാണ്. അതിനാവശ്യമായ രാഷ്‌ട്രീയ തീരുമാനത്തിന്റെ രൂപരേഖയാണ് 2023–24ലേക്കുള്ള ബജറ്റ്. പ്രതിപക്ഷം നിര്‍ഭാഗ്യകരമായ രാഷ്ട്രീയ സമീപനമാണ് ഈ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്നത്. പെട്രോളിയം ഉല്പന്നങ്ങളുടെ വിലനിശ്ചയിക്കാനുള്ള അവകാശം കമ്പനികള്‍ക്ക് ദാനം ചെയ്തത് കോണ്‍ഗ്രസുകാര്‍ കേന്ദ്രം ഭരിക്കുമ്പോഴായിരുന്നുവെന്ന വസ്തുത അവര്‍ സൗകര്യപൂര്‍വം വിസ്മരിക്കുന്നു.
കോണ്‍ഗ്രസിന്റെ കൈയില്‍നിന്ന് അധികാരം ബിജെപിക്കു ലഭിച്ചതോടെ പെട്രോളിയം വില അനുദിനം വര്‍ധിപ്പിക്കാന്‍ തുടങ്ങി. പെട്രോളിയം ഉല്പന്നങ്ങളുടെ വില 15 തവണ വര്‍ധിപ്പിക്കാന്‍ കേന്ദ്രം കൂട്ടുനിന്നു. അന്നൊന്നും അസ്വസ്ഥരാകാത്ത കോണ്‍ഗ്രസുകാര്‍ക്ക് പെട്രോളിനും ഡീസലിനും സെസ് കൂട്ടി എന്ന പിടിവള്ളിയില്‍ തൂങ്ങി അധികനാള്‍ സമരവുമായി മുന്നോട്ടുപോകാനാകില്ല. ഇടതുസര്‍ക്കാര്‍ നടപ്പിലാക്കിയ ജനക്ഷേമ പ്രവര്‍ത്തനങ്ങളിലൊന്നുപോലും നടത്താന്‍ അര നൂറ്റാണ്ടിലേറെക്കാലം ഇന്ത്യയെ അടക്കിഭരിച്ച കോണ്‍ഗ്രസിനു കഴിഞ്ഞിട്ടില്ല. സ്‌കൂള്‍ കുട്ടികളുടെ സൗജന്യ യൂണിഫാേം, ഉച്ച ഭക്ഷണം, ഹയര്‍സെക്കന്‍ഡറി വരെ സൗജന്യവിദ്യാഭ്യാസം, ഗ്രാമങ്ങളിലെല്ലാം അങ്കണവാടികള്‍, ശിശുസംരക്ഷണ കേന്ദ്രങ്ങള്‍, ഓരോ പഞ്ചായത്തിലും അലോപ്പതി-ആയുര്‍വേദ‑ഹോമിയോ ആശുപത്രികള്‍ തുടങ്ങിയ പദ്ധതികളെല്ലാം തുടരാനും, കൂടുതല്‍ കാര്യക്ഷമമാക്കാനും ബജറ്റ് ലക്ഷ്യമിടുന്നു. ലോകത്തിനുതന്നെ വിസ്‌മയമായി മാറിയ ഗ്രാമശ്രീകള്‍ എല്‍ഡിഎഫിന്റെ മാത്രം ഭാവനയുടെ ഫലമാണ്. കുടുംബശ്രീ ഇന്ന് കേരളത്തിലെ നിര്‍ധനരായ പതിനായിരക്കണക്കിന് സ്‌ത്രീ സമൂഹത്തിന്റെ കരുത്തായി മാറിക്കഴിഞ്ഞിരിക്കുന്നു. ഈ പദ്ധതി ശക്തമായി മുന്നോട്ടുപോകുമെന്ന് ബജറ്റില്‍ വ്യക്കമാക്കുന്നു. സംസ്ഥാനത്തിന്റെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ നിരവധി പദ്ധതികള്‍ സംസ്ഥാന ബജറ്റ് മുന്നോട്ടുവയ്ക്കുന്നു. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ പൂര്‍ത്തീകരണത്തിന് സംസ്ഥാനവിഹിതവും തുടര്‍ന്നുള്ള പദ്ധതികളും ബജറ്റ് വ്യക്തമാക്കുന്നു. ഇതിന്റെ ഫലമായി ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കപ്പെടും. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജനക്ഷേമപദ്ധതികളൊന്നും നിര്‍ത്തലാക്കാനുദ്ദേശിക്കുന്നില്ലെന്നും അവയെല്ലാം കൂടുതല്‍ കാര്യക്ഷമമാക്കി മുന്നോട്ടുപോകാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും ധനമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചു. ഭൂരഹിതരും, ഭവനരഹിതരും ഇല്ലാത്ത കേരളത്തിനും ബജറ്റ് ലക്ഷ്യമിടുന്നു. അമ്പത്തിയഞ്ച് ലക്ഷം പാവപ്പെട്ട വീടുകളില്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ എത്തിക്കുന്ന ബൃഹത്തായ പദ്ധതി തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. ഇപ്രകാരം ഒരു പദ്ധതി ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും നിലവിലില്ല.
വിദ്യാഭ്യാസം, പൊതുജനാരോഗ്യം എന്നീ രംഗങ്ങളില്‍ കേരളം ഒന്നാം സ്ഥാനത്ത് എത്തിനില്‍ക്കുന്നു. ഭരണമികവിലും ക്രമസമാധാന രംഗത്തും കേരളം മുന്‍പന്തിയിലാണ്. ഭരണരംഗത്ത് അഴിമതി അവസാനിപ്പിക്കുന്നതിലും കേരളം ബഹുദൂരം മുന്നോട്ടുപോയി. പ്രതിസന്ധികളുടെയും ധനക്കമ്മിയുടെയും പേരില്‍ കേരളത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതികാരബുദ്ധിയോടെ കേരളത്തിലെ ജനങ്ങളെ നേരിടുന്നതിനെതിരെ ധീരമായ നിലപാടുകള്‍ സ്വീകരിച്ചുകൊണ്ട് മുന്നോട്ടുപോകാനുള്ള മാര്‍ഗരേഖയാണ് സംസ്ഥാന ബജറ്റ്. ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സര്‍വകാല റെക്കോഡുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാരിനെയും ബജറ്റിനെയും തെരുവില്‍ നേരിട്ടു പരാജയപ്പെടുത്താനുള്ള പാഴ്ശ്രമങ്ങളില്‍ നിന്ന് പിന്മാറി, കേരളജനതയെ ശത്രുക്കളായി കാണുന്ന ബിജെപി സര്‍ക്കാരിനെയും രാജ്യത്തെ സര്‍വനാശത്തിലേക്ക് നയിക്കാനുള്ള വിഭാഗീയ രാഷ്‌ട്രീയ പ്രസ്ഥാനമായ സംഘ്പരിവാറിനെയും നേരിടാന്‍ കേരളത്തിലെ പ്രതിപക്ഷം സന്നദ്ധരാകുമെന്ന പ്രതീക്ഷയോടെയാണ് നിയമസഭ 2023–24 ലെ ബജറ്റ് പാസാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.