കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ ഇടക്കാല ബജറ്റ് അവതരണം തെരഞ്ഞെടുപ്പ് പ്രസംഗമായി. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ നേട്ടങ്ങളെന്ന പേരില്‍ അവകാശവാദങ്ങള്‍ അക്കക്കണക്കില്‍ നിരത്തിയ ധനമന്ത്രി അടിസ്ഥാന സാമൂഹ്യ പ്രശ്നങ്ങളും ജനകീയ വിഷയങ്ങളും പൂര്‍ണമായി അവഗണിച്ചു. അതുപോലെ നേരത്തെ നല്‍കിയ രണ്ടുകോടി തൊഴില്‍, കാര്‍ഷിക വരുമാനം ഇരട്ടിയാക്കും തുടങ്ങിയ സുപ്രധാന വാഗ്ദാനങ്ങളെല്ലാം വിഴുങ്ങുകയും ചെയ്തു.
തൊഴിലില്ലായ്മയുടെ ശതമാനക്കണക്കു പോലും പരാമര്‍ശിക്കാത്ത ബജറ്റില്‍ യുവത നേരിടുന്ന സുപ്രധാന വെല്ലുവിളിയായ തൊഴിലില്ലായ്മയെക്കുറിച്ച് മൗനമാണ് ധനമന്ത്രി സ്വീകരിച്ചത് എന്നത് എടുത്തു പറയേണ്ടതാണ്. മതിയായ വിഹിതമോ നീക്കിയിരിപ്പോ പരാമര്‍ശിക്കാതെ പുതിയ പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്തു.
സബ്‌സിഡികള്‍ നിര്‍ത്തലാക്കി സമാഹരിക്കുന്ന തുക പുതിയ പദ്ധതിയായി അവതരിപ്പിച്ച് കൈയടി വാങ്ങുന്ന പതിവ് തന്ത്രമാണ് ഇടക്കാല ബജറ്റിലും പ്രതിഫലിച്ചത്. ബിജെപി വീണ്ടും അധികാരത്തില്‍ എത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന ബജറ്റില്‍ അവകാശവാദങ്ങള്‍ക്ക് പഞ്ഞമുണ്ടായില്ല.
ഇടത്തരക്കാര്‍ക്കും കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും ഇടക്കാല ബജറ്റില്‍ കാര്യമായ സ്ഥാനം ലഭിച്ചില്ല. പ്രത്യക്ഷ‑പരോക്ഷ നികുതികളില്‍ മാറ്റം വരുത്താതെ വിട്ടു നിന്ന ധനമന്ത്രി ചില നികുതി ഇളവുകളുടെ കാലാവധി ഒരു വര്‍ഷത്തേക്കുകൂടി നീട്ടി നല്‍കുമെന്ന് 58 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ വ്യക്തമാക്കി.
വരുന്ന സാമ്പത്തിക വര്‍ഷം മൂലധന ചെലവിലേക്കായി 11,11,111 കോടി രൂപയാണ് ഇടക്കാല ബജറ്റില്‍ വകയിരുത്തല്‍. ആഭ്യന്തര വളര്‍ച്ച 7.3 ശതമാനമാകുമെന്ന വിലയിരുത്തലാണ് സര്‍ക്കാരിനുള്ളത്. അന്താരാഷ്ട്ര നാണയ നിധി, ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്ക് ഉള്‍പ്പെടെ അന്താരാഷ്ട്ര ഏജന്‍സികളുടെ കണക്കുകള്‍ പ്രകാരം ആറ് ശതമാനത്തിലധികം സാമ്പത്തിക വളര്‍ച്ച ഇന്ത്യ കൈവരിച്ചേക്കാമെന്ന വിലയിരുത്തലുകള്‍ നിലനില്‍ക്കുമ്പോഴാണ് ധനമന്ത്രി അതിനും മേലെ ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ച ഉണ്ടായേക്കുമെന്ന പ്രതീക്ഷ ബജറ്റില്‍ പങ്കുവച്ചത്.
2024–25 സാമ്പത്തിക വര്‍ഷം സര്‍ക്കാരിന്റെ നികുതി വരുമാനമായ 26.02 ലക്ഷം കോടി ഉള്‍പ്പെടെ മൊത്തം വരുമാനം 30.8 ലക്ഷം കോടിയും ചെലവ് 47.66 ലക്ഷം കോടിയുമാണ്. അടുത്ത സാമ്പത്തിക വര്‍ഷം 25.88 ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ കടമെടുക്കുക. അതായത് പുതിയ സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ വിവിധ പദ്ധതികള്‍ക്കായി വീതം വയ്ക്കാന്‍ 16.8 ലക്ഷം കോടി രൂപ മാത്രം. ധനക്കമ്മി പുതിയ സാമ്പത്തിക വര്‍ഷം ആഭ്യന്തര ഉല്പാദനത്തിന്റെ 5.1 ശതമാനമായാണ് വിലയിരുത്തുന്നത്. വരവു ചെലവുകളുടെ പുതുക്കിയ കണക്കുകളും ധനമന്ത്രി ഇതിനോപ്പം കൂട്ടിച്ചേര്‍ത്തു.
നടപ്പ് പദ്ധതികള്‍ക്കപ്പുറം കാര്യമായ പ്രഖ്യാപനങ്ങളില്ല
ന്യൂഡല്‍ഹി: ആഭ്യന്തര ഉല്പാദനത്തിന്റെ മൂന്നര ശതമാനം മൂലധന ചെലവിനായി നീക്കി വയ്ക്കും. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ നടപ്പു പദ്ധതികള്‍ക്ക് അപ്പുറം കാര്യമായ പ്രഖ്യാപനങ്ങളില്ല.
ആഭ്യന്തര വളര്‍ച്ച 7.3 ശതമാനം ലക്ഷ്യം. ചരക്ക് സേവന നികുതി തുടര്‍ച്ചയായി 1.6 ലക്ഷം കോടി മറികടന്ന് മുന്നേറുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം ഇരട്ടിയായി 596 ബില്യണ്‍ കോടി അമേരിക്കന്‍ ഡോളറായി. പ്രത്യക്ഷ നികുതി പിരിവില്‍ മൂന്നിരട്ടിയോളം വര്‍ധന നേടാനായി.
രാജ്യത്തെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റി. 2047ല്‍ ഇന്ത്യ വികസിത രാഷ്ട്രങ്ങളുടെ പട്ടികയിലേക്ക് മാറാന്‍ നടപടികള്‍ തുടരുന്നു. ധനക്കമ്മി കുറയ്ക്കാന്‍ സത്വര നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും തുടങ്ങിയ കാര്യങ്ങളാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വിശദീകരിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിനായി വകയിരുത്തിയ തുകയില്‍ 11.1 ശതമാനം വര്‍ധന മാത്രമാണ് വരുത്തിയിട്ടുള്ളത്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വഷളാകുന്നതിന്റെ വെല്ലുവിളികള്‍ നേരിടാന്‍ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തേണ്ടതുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇടക്കാല ബജറ്റില്‍ കൂടുതല്‍ തുക നീക്കിവച്ചത് പ്രതിരോധ മേഖലയ്ക്കാണ്. 6.1 ലക്ഷം കോടി. ഗതാഗത മന്ത്രാലയത്തിന് 2.78 ലക്ഷം കോടിയും റെയില്‍വേ മന്ത്രാലയത്തിന് 2.55 ലക്ഷം കോടിയും ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന് 2.13 ലക്ഷം കോടിയുമാണ് വകയിരുത്തിയിട്ടുള്ളത്.
ആഭ്യന്തര മന്ത്രാലയം- 2.03 ലക്ഷം കോടി, ഗ്രാമ വികസനം- 1.77ലക്ഷം കോടി, രാസ വളം മന്ത്രാലയം- 1.68 ലക്ഷം കോടി, കമ്മ്യൂണിക്കേഷൻസ് മന്ത്രാലയം-1.37 ലക്ഷം കോടി എന്നിങ്ങനെയാണ് ബജറ്റില്‍ നീക്കിവച്ചത്. ഏറ്റവും കുറവ് തുക അനുവദിച്ചത് കാര്‍ഷിക മേഖലയ്ക്കാണ്-1.27 ലക്ഷം കോടി.
English Summary: Interim Budget Presentation; Election speech
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.