18 November 2024, Monday
KSFE Galaxy Chits Banner 2

ജനകീയാരോഗ്യത്തിനായുള്ള സുപ്രധാന ചുവടുവയ്പുകള്‍

Janayugom Webdesk
April 13, 2023 5:00 am

രാജ്യത്തെ മാത്രമല്ല ലോകത്തെ തന്നെ വിസ്മയിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുമായാണ് സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് മുന്നേറുന്നത്. നാളിതുവരെയുള്ള കമ്മ്യൂണിസ്റ്റ് — ഇടതുപക്ഷ സര്‍ക്കാരുകള്‍ ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതില്‍ വലിയ പരിഗണനയാണ് നല്കിയിരുന്നത്. അതുകൊണ്ടാണ് ആധുനിക കാലത്തെ ജീവിതരീതികളുടെയും കാലാവസ്ഥാ വെല്ലുവിളികളുടെയും ഫലമായി പുതിയ രോഗങ്ങള്‍ രൂപപ്പെടുമ്പോള്‍ അതിനെ അതിജയിക്കുന്നതിനുള്ള ആരോഗ്യ പരിരക്ഷ സമൂഹത്തിന് ഉറപ്പുവരുത്താന്‍ നമുക്ക് സാധ്യമാകുന്നത്. ഐക്യകേരള പിറവിക്കു ശേഷം ആദ്യഭരണം ലഭ്യമായപ്പോള്‍ മുതല്‍ മറ്റെല്ലാ അടിസ്ഥാന പ്രശ്നങ്ങള്‍ക്കുമൊപ്പം ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള വിവിധ നടപടികള്‍ അതാത് സര്‍ക്കാരുകള്‍ ആവിഷ്കരിച്ചിരുന്നു. അതിന് മുമ്പ് മലബാറില്‍ ജില്ലാ ബോര്‍ഡില്‍ ഭരണമേറിയപ്പോഴും ആരോഗ്യപരിപാലനത്തിനുള്ള നടപടികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയിരുന്നു. 1970ല്‍ അധികാരത്തിലെത്തിയ സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായ സിപിഐ നേതൃത്വത്തിലുള്ള മുന്നണി സര്‍ക്കാര്‍ സംസ്ഥാനത്ത് വികേന്ദ്രീകരിച്ചുള്ള ആരോഗ്യ പരിരക്ഷാ സംവിധാനം നടപ്പിലാക്കി. നേരത്തെ പ്രാദേശികമായ ആരോഗ്യ പരിപാലനത്തിനുള്ള സംവിധാനങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അത് സാര്‍വത്രികമായത് അക്കാലത്തായിരുന്നു.

മെഡിക്കല്‍ കോളജ്, ജില്ലാ, താലൂക്ക് ആശുപത്രികള്‍ക്ക് കീഴില്‍ സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ എന്നിവ വ്യാപകമാക്കിയാണ് ആരോഗ്യ പരിരക്ഷ വികേന്ദ്രീകരിച്ചത്. ആ ഒരടിത്തറയ്ക്ക് മുകളിലാണ് പിന്നീട് ആരോഗ്യ പരിരക്ഷാ സംവിധാനം ശക്തമായി മുന്നോട്ടുപോയത്. ഈയൊരു പശ്ചാത്തലത്തില്‍ ആരോഗ്യ പരിപാലന സംവിധാനം മുന്നോട്ടുപോകുന്ന സംസ്ഥാനത്ത് 2016ലും പിന്നീട് 2021ലും അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്ന നവപദ്ധതികള്‍ എത്രയോ ലോകോത്തര അംഗീകാരങ്ങളാണ് സംസ്ഥാനത്തെ ആരോഗ്യമേഖലയ്ക്ക് സ്വായത്തമാക്കിയത്. കാരുണ്യ ആരോഗ്യ പരിരക്ഷാ പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കിയതിനുള്ള ആയുഷ്മാന്‍ ഉത്കൃഷ്ടത, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ക്ഷയരോഗ മുക്ത നിലവാരത്തിനുള്ള സില്‍വര്‍ കാറ്റഗറി, വയനാട് ജില്ലാ കേന്ദ്രത്തിന് സ്വര്‍ണ മെഡല്‍, മാതൃമരണ നിരക്ക് കുറഞ്ഞ സംസ്ഥാനം, ദേശീയ ക്വാളിറ്റി അഷ്വറന്‍സ് പുരസ്കാരങ്ങള്‍ തുടങ്ങിയവ കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്. നേരത്തെയും നിരവധി ദേശീയ പുരസ്കാരങ്ങള്‍ക്ക് സംസ്ഥാനം അര്‍ഹമായിട്ടുണ്ട്. ഭീമമായ ചികിത്സാ ചെലവ് താങ്ങാനാകാത്ത സ്ഥിതി ഇല്ലാതാക്കുന്നതിനുളള സുരക്ഷാ പദ്ധതികളും സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: ആരോഗ്യമേഖല കൂടുതല്‍ നവീകരിക്കുന്ന നിയമനിര്‍മ്മാണം


42 ലക്ഷം കുടുംബങ്ങള്‍ ഗുണഭോക്താക്കളായിട്ടുള്ള കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, മൂന്നു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള രോഗികള്‍ക്ക് എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ ചികിത്സാ സഹായം നല്കുന്ന കാരുണ്യ ബെലവന്റ് ഫണ്ട്, ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള മെഡിസെപ് എന്നിവയാണ് അവയില്‍ പ്രധാനപ്പെട്ടത്. ഇതിനെല്ലാം പുറമേയാണ് എല്ലാ ആരോഗ്യ ഉപകേന്ദ്രങ്ങളും ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുകയും മെച്ചപ്പെട്ട ചികിത്സാ — പരിശോധനാ സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യുന്ന പുതിയ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ തീരുമാനം യാഥാര്‍ത്ഥ്യമാകുന്നതോടെ ഏറ്റവും അടിത്തട്ടിലെ ആരോഗ്യ പരിരക്ഷാ സംവിധാനം കൂടുതല്‍ ഫലപ്രദവും സമഗ്രവുമായിത്തീരും. ഉപകേന്ദ്രങ്ങള്‍ക്ക് മുകളിലുള്ള പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ (പിഎച്ച്സി) വിവിധ ഘട്ടങ്ങളിലായി കുടുംബാരോഗ്യ കേന്ദ്ര (സിഎച്ച്സി) ങ്ങളാക്കുന്ന പദ്ധതി സംസ്ഥാനത്ത് നടന്നുവരികയാണ്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ഈ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തീരുമാനിച്ച 170ല്‍ 166 പിഎച്ച്സികള്‍ ഇതിനകം സിഎച്ച്സികളായി ഉയര്‍ത്തി. രണ്ടാം ഘട്ടത്തില്‍ 504 പിഎച്ച്സികളെ തീരുമാനിച്ചതില്‍ 403 എണ്ണം പൂര്‍ത്തീകരിച്ചു.

മൂന്നാം ഘട്ടത്തില്‍ തീരുമാനിച്ചവയുടെ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. 212 പിഎച്ച്സികളെ തെരഞ്ഞെടുത്തതില്‍ 28 എണ്ണം പൂര്‍ത്തിയായി. അവശേഷിക്കുന്നവ ഈ വര്‍ഷം പകുതിയോടെ സിഎച്ച്സികളായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന് പുറമേ നിലവിലുണ്ടായിരുന്ന സിഎച്ച്സികളെ ബ്ലോക്ക് തല കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്ന പദ്ധതിയും നടപ്പിലാക്കുകയാണ്. രണ്ട് ഘട്ടങ്ങളിലായി 151 സിഎച്ച്സികളെയാണ് ഉയര്‍ത്തുന്നത്. ഇതില്‍ ഇരുപതെണ്ണം പൂര്‍ത്തീകരിച്ചു. നവകേരളം കര്‍മ്മപദ്ധതി രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ആരോഗ്യരംഗത്ത് ആവിഷ്കരിച്ചവ പൂര്‍ത്തീകരിക്കുന്നതോടെ ഈ രംഗത്ത് വലിയ കുതിച്ചുചാട്ടമായിരിക്കും കേരളത്തിന് നേടാനാവുക. പുതിയ കാലത്തെ ആരോഗ്യ വെല്ലുവിളികളെ നേരിടുന്നതിനുള്ള അടിസ്ഥാന പരിപാലന സൗകര്യങ്ങള്‍ ഓരോ പ്രദേശത്തും, വീടിന് തൊട്ടടുത്തുതന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഇതിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം മതിയായ ആരോഗ്യ പ്രവര്‍ത്തകരെ നിയമിച്ച് ഈ സംവിധാനം ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.