27 April 2024, Saturday

ആരോഗ്യമേഖല കൂടുതല്‍ നവീകരിക്കുന്ന നിയമനിര്‍മ്മാണം

Janayugom Webdesk
March 23, 2023 5:00 am

രോഗ്യമുള്ള പൗരന്മാരുണ്ടാവുകയെന്നത് സാമൂഹ്യ പുരോഗതിയുടെ അടിസ്ഥാനങ്ങളില്‍ ഒന്നാണ്. അത്തരമൊരു സമൂഹത്തെ ആശ്രയിച്ചു മാത്രമേ രാജ്യങ്ങള്‍ക്കായാലും പ്രദേശങ്ങള്‍ക്കായാലും നിലനില്‍ക്കുവാനും മുന്നേറുവാനും സാധിക്കുകയുള്ളൂ. രോഗം പിടിപെടുന്ന സമൂഹം പലതിനും തടസങ്ങളുണ്ടാക്കുന്നു. മാനവരാശിയുടെ പ്രയാണത്തിനുപോലും പ്രതിബന്ധം സൃഷ്ടിക്കുന്നു. അക്കാരണത്താല്‍ സമൂഹത്തോട് പ്രതിബദ്ധതയുള്ള സര്‍ക്കാരുകള്‍ ആരോഗ്യ പരിപാലനത്തിന് എക്കാലവും മുന്‍ഗണന നല്കിയിട്ടുണ്ട്. ലോകത്ത് ജീവരേണുക്കള്‍ ഉണ്ടായ കാലം മുതല്‍ രോഗാവസ്ഥയും ഉണ്ടായിരുന്നു. സാമൂഹ്യമാറ്റത്തിന്റെ ഓരോ ഘട്ടങ്ങളിലും വിവിധ ചികിത്സാ രീതികള്‍ ഉദയംകൊള്ളുകയും ഇന്നത്തെ രീതിയിലല്ലെങ്കിലും ചികിത്സാ പരീക്ഷണങ്ങള്‍ നടക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയാണ് പുരാതനകാലത്തുതന്നെ പല രോഗങ്ങള്‍ക്കും മുക്തിയുണ്ടായത്. ആധുനിക കാലത്ത് പരീക്ഷണങ്ങള്‍ക്ക് കൂടുതല്‍ വിശാലമായ തലങ്ങളുണ്ടായി. ഓരോ പരീക്ഷണഘട്ടങ്ങളിലും വ്യത്യസ്തമായ ചികിത്സാ മുറകള്‍ രൂപപ്പെടുകയും ചെയ്തു. അലോപ്പതി, ആയുര്‍വേദം, ഹോമിയോ, സിദ്ധ, യുനാനി, യോഗ, പ്രകൃതി ചികിത്സ എന്നിങ്ങനെ വിവിധ ചികിത്സാ രീതികളുണ്ടായി. ഓരോ ശാഖയും പുതിയ പുതിയ പരീക്ഷണങ്ങളിലൂടെ നവീകരിക്കപ്പെടുന്നുണ്ടെങ്കിലും അലോപ്പതിയാണ് കൂടുതല്‍ പേരും ആശ്രയിക്കുന്നത്. അതേസമയം ആയുര്‍വേദം, ഹോമിയോ, സിദ്ധ, യുനാനി, യോഗ, പ്രകൃതി ചികിത്സ എന്നിവയെ ആശ്രയിക്കുന്നവരും കുറവല്ല. ആരോഗ്യ രംഗത്ത് നാം കൈവരിച്ച നേട്ടങ്ങളും അത് സാമൂഹ്യ പുരോഗതിക്കു നല്കിയ സംഭാവനകളും വളരെയധികമാണ്. എങ്കിലും പുതിയ വൈറസുകളുടെ പിറവി ചില ഘട്ടങ്ങളില്‍ ആരോഗ്യ രംഗത്തെ പ്രതിസന്ധിയിലും ജനങ്ങളെ ഭയാശങ്കയിലുമാക്കുന്ന സാഹചര്യങ്ങള്‍ പലതവണയുണ്ടായി. പ്രദേശങ്ങളെയും രാജ്യങ്ങളെയും ഭൂഖണ്ഡങ്ങളെയും ബാധിച്ചവയായിരുന്നു അവയെങ്കില്‍ ലോകത്താകെയുള്ള മനുഷ്യകുലത്തെ ഭയപ്പെടുത്തിയാണ് മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പ് കോവിഡ് വ്യാപനത്തിനു കാരണമായ വൈറസ് രൂപപ്പെട്ടത്. അതിന്റെ പിറവി, വ്യാപനം എന്നിവ പൂര്‍ണമായും പരീക്ഷണശാലകള്‍ക്കും വിദഗ്ധര്‍ക്കും ഇപ്പോഴും നിര്‍വചിക്കാനായിട്ടില്ല.


ഇതുകൂടി വായിക്കൂ: ആരോഗ്യമേഖലയിലെ കരുനാഗപ്പള്ളി മോഡല്‍


ഈയൊരു പശ്ചാത്തലത്തിലാണ് പൊതുജനാരോഗ്യ സംരക്ഷണത്തിന് ഏകാരോഗ്യം എന്ന സമീപനം മുന്നോട്ടുവച്ചുള്ള 2023ലെ കേരള പൊതുജനാരോഗ്യ ബില്‍ കേരള നിയമസഭ പാസാക്കിയിരിക്കുന്നത്. ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് അതാതുകാലത്തെ സാഹചര്യങ്ങളെ നേരിടുന്നതിനുള്ള പരിപ്രേക്ഷ്യമാണ് പ്രസ്തുത നിയമം മുന്നോട്ടുവയ്ക്കുന്നത്. ലോകോത്തരമായ ചികിത്സാ-പരിപാലന സംവിധാനങ്ങള്‍ ഇതിനകംതന്നെ സൃഷ്ടിച്ച സംസ്ഥാനമാണ് നമ്മുടേത്. ഏറ്റവും താഴേത്തട്ടില്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, മുകളിലോട്ട് സാമൂഹ്യരോഗ്യകേന്ദ്രങ്ങള്‍, താലൂക്ക്-ജില്ലാ ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍ എന്നിങ്ങനെ വിവിധ ചികിത്സാ സംവിധാനങ്ങളൊരുക്കി ആരോഗ്യ പരിപാലനം നാം നേരത്തെ തന്നെ വികേന്ദ്രീകരിച്ചിരുന്നു. പ്രത്യേക രോഗ ചികിത്സാലയങ്ങളും സ്ഥാപിച്ചു. ഈ അടിത്തറയില്‍ നിന്നുകൊണ്ട് പുതിയ കാല രോഗങ്ങളെയും വെല്ലുവിളികളെയും നേരിടുന്നതിന് പര്യാപ്തമാക്കുകയും ചികിത്സ മാത്രമല്ല പ്രതിരോധ ശേഷിയും വര്‍ധിപ്പിക്കുന്നതിനുള്ള ആരോഗ്യസമീപനമാണ് കേരള പൊതുജനാരോഗ്യ ബിൽ സ്വീകരിച്ചിരിക്കുന്നത്. ബില്ലിലെ നിര്‍വചനം തന്നെ അത് വ്യക്തമാക്കുന്നുണ്ട്. സാമൂഹ്യ ഉറവിടങ്ങളില്‍ ഊന്നിയുള്ള ആരോഗ്യ ഉദ്ദീപന പ്രവര്‍ത്തനങ്ങള്‍, രോഗ പ്രതിരോധം, മുന്‍കൂട്ടിയുള്ള രോഗ നിര്‍ണയം, ചികിത്സ, പുനരധിവാസം എന്നിവയിലൂടെ വ്യക്തികളുടെ മാനസികവും ശാരീരികവും സാമൂഹികവുമായ സുസ്ഥിതിയും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സഹവര്‍ത്തിത്വവും ഉറപ്പാക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് ബില്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.


ഇതുകൂടി വായിക്കൂ: ആരോഗ്യമേഖലയിലെ ചൂഷണം


രോഗകാരണവും വ്യാപനസാധ്യത വര്‍ധിപ്പിക്കുന്നതുമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടാതിരിക്കുവാനുള്ള മുന്‍കരുതലുകള്‍ക്ക് വലിയ പരിഗണനയാണ് നല്കിയിരിക്കുന്നത്. രോഗത്തിന് പ്രധാനകാരണമാകുന്ന മലിനീകരണ സാഹചര്യങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള നടപടികളും അതിന് വിഘാതം സൃഷ്ടിക്കുന്നവര്‍ക്ക് നിയമപരമായ ശിക്ഷയും നിര്‍ദേശിക്കുന്ന ബില്‍ രോഗസാധ്യതകള്‍ തടയുന്നതിന് ശുദ്ധജലം, സംശുദ്ധ ഭക്ഷണം എന്നിങ്ങനെ ഉറപ്പുവരുത്തുന്നതിനുള്ള നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ആരോഗ്യ പരിപാലന‑പ്രതിരോധ‑മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ വകുപ്പിനൊപ്പം പ്രമുഖമായ മറ്റ് വകുപ്പുകള്‍ക്കും പ്രധാന പങ്ക് വഹിക്കാനുണ്ടെന്നതുകൊണ്ട് അവയെല്ലാം ഒരു കുടക്കീഴില്‍ അണിനിരന്നുള്ള പ്രവര്‍ത്തനങ്ങളും നിയമം ഉറപ്പാക്കുന്നു. അതിന്റെ ഭാഗമാണ് സംസ്ഥാന, ജില്ലാ, പ്രാദേശിക തലങ്ങളില്‍ പൊതുജനാരോഗ്യ സമിതികള്‍. ആരോഗ്യത്തിനു പുറമേ തദ്ദേശ സ്വയംഭരണം, ഭക്ഷ്യം, കൃഷി, മൃഗസംരക്ഷണം, ഫിഷറീസ്, ക്ഷീര വികസന വകുപ്പ് പ്രതിനിധികള്‍ കൂടി ഉള്‍പ്പെടുന്ന സമിതികളാണ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രാദേശികതലം വരെ രൂപംകൊള്ളുക. സമൂഹത്തിന്റെയാകെ ആരോഗ്യമാണ് നിയമത്തിന്റെ പൊതുലക്ഷ്യമെങ്കിലും വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, കിടപ്പ് രോഗികൾ, സ്ത്രീകൾ, കുട്ടികൾ, അതിഥിത്തൊഴിലാളികൾ എന്നിവരെ പ്രത്യേകമായി പരിഗണിക്കുന്നു. മെച്ചപ്പെട്ട അടിത്തറയില്‍ പണിതുയര്‍ത്തിയിട്ടുള്ള കേരളത്തിന്റെ ആരോഗ്യ പരിപാലന സംവിധാനത്തെ, കോവിഡ് മഹാമാരി നല്കിയ വലിയ പാഠങ്ങള്‍ കൂടി ഉള്‍ക്കൊണ്ട് കൂടുതല്‍ നവീകരിക്കുന്നതിന് സഹായകമാണ് പൊതുജനാരോഗ്യ ബില്‍ എന്ന് നിര്‍വചിക്കാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.