21 November 2024, Thursday
KSFE Galaxy Chits Banner 2

സ്കൂൾ തലങ്ങൾ ഒന്നിക്കുമ്പോൾ വിദ്യാഭ്യാസ നിലവാരത്തിൽ മുന്നിലുള്ള കേരളം

Janayugom Webdesk
March 10, 2022 10:33 pm

ദേശീയ വിദ്യാഭ്യാസ നയത്തിന്റെയും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെയും ചുവടനുസരിച്ചുള്ള മാറ്റങ്ങൾക്ക് ഒരുങ്ങുക വഴി, നാളേയ്ക്ക് ഉള്ള വിപ്ലവകരമായ കാൽവയ്പാണ് നടത്തുന്നത്. ദേശീയ തലത്തിൽ ഉള്ള 1–5, 6–8, 9–12 വിഭജനത്തിന്റെ പൂർത്തീകരണത്തിന് ആവശ്യമായ ചട്ടങ്ങൾ തയാറാക്കാൻ പ്രത്യേക സമിതിയെയും സർക്കാർ നിയമിച്ചുകഴിഞ്ഞു. അടുത്ത അധ്യയന വർഷത്തിൽ പുതിയ രീതിയിലും ക്രമീകരണത്തിലുമാകും ക്ലാസുകൾ എന്നാണ് സൂചന. പൊതു സമൂഹത്തിലും അധ്യാപകർക്കിടയിലും ഏറെവട്ടം ചർച്ച ചെയ്ത്, നല്ലത് എന്നു കണ്ടെത്തിയിട്ടുള്ള ഒട്ടേറെ കാര്യങ്ങൾ പുതിയ ചട്ടത്തിൽ ഇടം പിടിക്കേണ്ടതുണ്ട്. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സ്കൂൾതലവനും എല്ലാ അധ്യാപക- അനധ്യാപകരും അദ്ദേഹത്തിനു കീഴിലും ആകണം. അത് നോൺ- ടീച്ചിങ് തസ്തികയും ആവണം. ഹെഡ് മാസ്റ്ററുടേത്, വൈസ് പ്രിൻസിപ്പൽ / സീനിയർ അസിസ്റ്റന്റ് എന്ന ടീച്ചിങ് തസ്തിക ആക്കണം. ഭരണ ഏകോപനം പ്രിൻസിപ്പലിനും അക്കാദമിക ഏകോപനം വൈസ് പ്രിൻസിപ്പലിനും ആകണം. പ്രിൻസിപ്പലാകാൻ വേണ്ട വിദ്യാഭ്യാസ യോഗ്യതകൾ വൈസ് പ്രിൻസിപ്പലിനും ഉണ്ടാകണം. 9–12 ക്ലാസുകളിൽ ഓരോ വിഷയവും എടുക്കാൻ അതത് വിഷയത്തിൽ ഡിഗ്രിയും പി ജിയും നിർബന്ധമാക്കണം. വിപുലമായ അടിസ്ഥാന പഠനം ബിരുദം ആയതിനാൽ, വേറേ വിഷയത്തിലെ പി ജി ആ വിഷയത്തിലെ നിയമനത്തിനു പരിഗണിക്കരുത്. അവരുടെ ബിരുദ വിഷയത്തിനു മാത്രമാകണം പരിഗണന. 6–8 ക്ലാസുകളിലേക്ക് ബിരുദം നിർബന്ധമാകണം. അതേ വിഷയത്തിൽ പി ജി ഉള്ളവരെ 9–12 തലത്തിലെ പകുതി ഒഴിവിലേക്ക് സ്ഥാനക്കയറ്റം വഴി നിയമിക്കണം. ഈ നിയമനം വർഷംതോറും നടക്കുകയും വേണം. 9–12 തലത്തിലെ പകുതി ഒഴിവിലേക്ക് നേരിട്ടു നിയമനവും നടക്കണം.

അതുപോലെ 6–8 തലത്തിലെ ഒഴിവിന്റെ പകുതി 1–5 തലത്തിലെ യോഗ്യരായ അധ്യാപകരിൽ നിന്നു നികത്തണം. പകുതി ഒഴിവ് നേരിട്ടും നികത്തണം. 1–5 തലത്തിൽ മാത്രം എല്ലാ ഒഴിവുകളിലേക്കും നേരിട്ടു നിയമനം നടത്താം. ഏതു സ്ഥാനക്കയറ്റത്തിനും ആ തസ്തികയ്ക്ക് ആവശ്യമായ അവസാന യോഗ്യത നേടിയ തീയതി ആയിരിക്കണം സീനിയോറിറ്റിക്കു പരിഗണിക്കേണ്ടത്. മിനിമം യോഗ്യതയുമായി ഏതെങ്കിലും തസ്തികയിൽ കയറിയ തീയതിയാകരുത് സീനിയോറിറ്റിക്ക് പരിഗണിക്കേണ്ടത്. സ്ഥാനക്കയറ്റങ്ങൾ വ്യക്തിയുടെ താല്പര്യങ്ങൾക്കുപരി, സ്ഥാപനത്തിന്റെ താല്പര്യവും തസ്തികയുടെ ആവശ്യകതയും അനുസരിച്ച് ആകണം. ഏറ്റവും കുറഞ്ഞത് ഒരു വർഷമെങ്കിലും സ്ഥാപന / ഓഫിസ് മേധാവിയായി പ്രവർത്തിക്കാൻ അവസരം ഉണ്ടാകണം. ഉയർന്ന ശമ്പളവും പെൻഷനും ഉറപ്പുവരുത്താൻ മാത്രമായി വിരമിക്കുന്നതിനു തൊട്ടുമുമ്പുള്ള സ്ഥാനക്കയറ്റങ്ങൾ ഉണ്ടാകരുത്. എല്ലാ നിയമനങ്ങളും ജില്ലാ തലത്തിൽ തന്നെ ആകണം. ജില്ലാന്തര സ്ഥലം മാറ്റം വാങ്ങുന്നവർ പുതിയ ജില്ലയിൽ ഏറ്റവും ജൂനിയർ ആകുന്ന നിലവിലെ രീതിക്കു പകരം അനുയോജ്യമായ ബദൽ ഫോർമുലകൾ ഉണ്ടാകണം. ഒരു തസ്തികയിലും ഒരാൾ അഞ്ചു വർഷത്തിൽ കൂടുതൽ ഇരിക്കാത്തവണ്ണം, ജില്ലയ്ക്കുള്ളിലെ മറ്റു സ്കൂളുകളിലേക്ക് സ്ഥലംമാറ്റം നിർബന്ധമാക്കണം. ഡിഡിഇ തസ്തികയ്ക്കു പകരം ഓരോ ജില്ലയിലും ആർഡിഡി ഉണ്ടാകണം. ഇത് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ (ഡിഇഒ) സ്ഥാനക്കയറ്റ തസ്തിക ആകണം. പ്രിൻസിപ്പലിനുള്ള അടുത്ത തസ്തിക ആകണം ഡിഇഒയുടേത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറെ (എഇഒ) സെക്കൻഡറി അധ്യാപകരിൽ നിന്നു നിയമിക്കുന്നതിനു പകരം, 5–8 തലത്തിലെ പ്രധാനാധ്യാപകരിൽ നിന്നു നിയമിക്കണം. അടിസ്ഥാന വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ നേതൃപരമായ സംഭാവനകൾ നൽകേണ്ട എഇഒ തസ്തികയ്ക്ക് അധിക യോഗ്യതകളും പരിശീലനങ്ങളും നിഷ്കർഷിക്കുന്നത് അഭികാമ്യം ആയിരിക്കും.

ജോഷി ബി ജോൺ
മണപ്പള്ളി

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 20, 2024
November 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.