2 May 2024, Thursday

ആഹാറിൽ നാലുകെട്ടൊരുക്കി കേരളം

Janayugom Webdesk
ന്യൂഡല്‍ഹി
April 28, 2022 10:41 pm

ഡൽഹിയിലെ പ്രഗതി മൈതാനിൽ നടക്കുന്ന ആഹാർ ഭക്ഷ്യ — ആതിഥ്യ മേളയിൽ കേരളത്തിന്റെ നാലുകെട്ടിലെത്താൻ തിരക്ക്. സുഗന്ധദ്രവ്യങ്ങളുടെയും കേര ഉല്പന്നങ്ങളുടെയും വിപണന സാദ്ധ്യകൾ തേടിയാണ് പലരും എത്തുന്നതെങ്കിലും കേരളമൊരുക്കിയ 17 സ്റ്റാളുകളും ഭക്ഷ്യ സംസ്ക്കരണത്തിന്റെ വിവിധ മാതൃകകളും സാദ്ധ്യതകളുമാണ് തുറന്നുകാട്ടുന്നത്.

പുതിയ വിപണികൾ തേടുന്ന സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കാനും, വ്യപാര ബന്ധങ്ങൾ സ്ഥാപിക്കാൻ അവസരമൊരുക്കന്നതിനുമായാണ് ഇൻഡസ്ട്രീസ് ആൻഡ് കോമേഴ്‌സ് വകുപ്പ് ആഹാർ മേളയിൽ പങ്കെടുക്കുന്നത്. നാളികേര ഉൽപ്പന്നങ്ങൾ, പഴ വർഗങ്ങളുടെ പൾപ്പുകൾ, അരി ഉൽപ്പന്നങ്ങൾ, ചോക്ലേറ്റ്സ്, കേക്ക് ചേരുവകൾ, നൂതന ഭക്ഷ്യസംസ്കരണ യന്ത്രങ്ങൾ, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ എന്നിവയുടെ സ്റ്റാളുകളാണ് കേരള പവിലിയണിൽ ഒരുക്കിയിട്ടുണ്ട്. വിദേശത്തു നിന്നും, രാജ്യത്തിനകത്തും നിന്നും ഇതിനോടകം തന്നെ നിരവധി കമ്പനികൾ ബിസിനസ് സഹകരണ സാധ്യതകൾ തേടി കേരളത്തിലെ ഈ സംരഭങ്ങളെ സമീപിച്ചിട്ടുണ്ട്.

“ഞങ്ങളുടെ സഥാപനത്തിന്റെ ഉൽപ്പാദനശേഷിയെക്കാൾ പതിന്മടങ്ങ് ഓർഡറുകൾ ഇതുവരെ ലഭ്യമായിട്ടുണ്ട്. എല്ലാരും ഉടൻ തന്നെ ഉൽപ്പന്നങ്ങൾ ആവശ്യപ്പെട്ടാൽ കൊടുക്കാൻ കഴിയാതെ വരും” കോട്ടയം പേരൂർ ആസ്ഥാനമായ സാറ്റ്‌ബയോൺ ഫുഡ് ആൻഡ് അഡിറ്റീവ്സ് കമ്പനിയുടെ പ്രതിനിധി പറയുന്നു. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് ബദലായി ദീർഘനാളത്തെ പരിശ്രമത്തിലൂടെ ഭക്ഷ്യയോഗ്യമായ ജൈവ തൂശൻ പ്ലേറ്റുകൾ, സ്ട്രോകൾ തുടങ്ങി ഒരു പിടി ഉല്പന്നങ്ങുമായി എറണാകുളം കാക്കനാട് സ്വദേശി വിനയകുമാറിന്റെ വി. ഐ. ആർ നാച്ചുറൽസ് കമ്പനിയും കേരള പവിലിയനിൽ ഉണ്ട്. ഗോതമ്പ് തവിട് അനവധി തവണ സംസ്കരിച്ചാണ് ഉപയോഗം കഴിഞ്ഞാൽ കഴിക്കാൻ കഴിയുന്ന ഈ പ്ലേറ്റുകൾ നിർമ്മിക്കുന്നത്. ആവശ്യം കഴിഞ്ഞാൽ വലിച്ചെറിഞ്ഞാൽ മണ്ണിലലിഞ്ഞു ചേരുകയും ചെയ്യും. അരിപ്പൊടിയിൽ നിന്ന് സ്ട്രോയും ബയോഡീഗ്രേഡബിൾ ക്യാരി ബാഗുകളും തയ്യാറാക്കുന്ന ഇവർ അഞ്ചു മാസത്തിനകം വിലകുറച്ച് ഉല്പന്നങ്ങളെ ജനകീയമാക്കാൻ തയ്യാറെടുക്കുന്നു.

ഇന്ത്യൻ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ആഹാർ‑ദി ഇന്റർനാഷണൽ ഫുഡ് ആൻഡ് ഹോസ്പിറ്റാലിറ്റി ബിസിനസ്-ടു-ബിസിനസ് (ബി-ടു-ബി) ഫെയറിൽ ഇൻഡസ്ട്രീസ് ആൻഡ് കോമേഴ്‌സ് വകുപ്പിൻറെ നേതൃത്വത്തിൽ കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ ആണ് കേരള പവിലിയൻ ഒരുക്കിയിരിക്കുന്നത്.
ഏപ്രിൽ 26 ന് ആരംഭിച്ച മേള 30 ന് സമാപിക്കും.

Eng­lish Sum­ma­ry: Ker­ala made Naluket­tu in Ahaar

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.