24 November 2024, Sunday
KSFE Galaxy Chits Banner 2

ഭക്ഷ്യഭദ്രതയിലെ കേരള മാതൃക

കെ ദിലീപ്
നമുക്ക് ചുറ്റും
February 1, 2024 4:15 am

കേരളത്തിലെ പൊതുവിതരണ സംവിധാനത്തിന്റെ ചരിത്രം, രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ്. രണ്ടാം ലോക മഹായുദ്ധകാലത്ത് 1940കളില്‍ രൂക്ഷമായ ഭക്ഷ്യക്ഷാമം അനുഭവിച്ച പ്രദേശങ്ങളാണ് ഇന്നത്തെ കേരള സംസ്ഥാനത്തില്‍ ഉള്‍പ്പെട്ട തിരുവിതാംകൂര്‍, കൊച്ചി നാട്ടുരാജ്യങ്ങളും, ബ്രിട്ടീഷ് മലബാര്‍ ജില്ലയും. മലബാറില്‍ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുണ്ടായിരുന്ന കര്‍ഷകസംഘം പ്രൊഡ്യൂസേഴ്സ് ആന്റ് കണ്‍സ്യൂമേഴ്സ് കോ-ഓപ്പറേറ്റീവുകള്‍ (പിസിസി)‍ സ്ഥാപിച്ചു. ഭക്ഷ്യക്ഷാമം രൂക്ഷമായപ്പോള്‍ ജന്മിമാരുടെ ധാന്യപ്പുരകളില്‍ സൂക്ഷിച്ചിരുന്ന ധാന്യം ബലമായി പിടിച്ചെടുത്ത് കര്‍ഷകര്‍ പിസിസികളിലൂടെ ദരിദ്രര്‍ക്ക് വിതരണം ചെയ്തു. ഇതായിരിക്കണം ഇന്ന് കേരള സംസ്ഥാനമായി മാറിയ പ്രദേശത്തിലുള്‍പ്പെട്ട മലബാര്‍ ജില്ലയിലെ ആദ്യ സൗജന്യ റേഷന്‍ വിതരണം. തിരു-കൊച്ചി നാട്ടുരാജ്യത്തില്‍ പ്രത്യേകിച്ച് ആലപ്പുഴയിലെ വ്യവസായ തൊഴിലാളികളുടെയും കയര്‍ത്തൊഴിലാളികളുടെയും നേതൃത്വത്തില്‍ 1942ല്‍ നടന്ന ഒരു വലിയ സമരത്തിന്റെ പ്രധാന മുദ്രാവാക്യം റേഷനിങ് സമ്പ്രദായം നടപ്പിലാക്കണം എന്നതായിരുന്നു. 1943ല്‍ തിരുവിതാംകൂര്‍ നാട്ടുരാജ്യത്ത് പരിമിതമായ തോതിലാണെങ്കിലും റേഷനിങ് സമ്പ്രദായം ആരംഭിച്ചു. 1956ല്‍ ഐക്യകേരളം രൂപീകൃതമായി, 57ല്‍ ബാലറ്റിലൂടെ ലോകത്താദ്യമായി ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ് റേഷന്‍ കടകള്‍‍ സംസ്ഥാനത്തൊട്ടാകെ സ്ഥാപിക്കപ്പെട്ടതും പ്രാദേശിക തലത്തില്‍ ഭക്ഷ്യ കമ്മിറ്റികള്‍ രൂപീകരിച്ച് റേഷന്‍ കടകളുടെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം നല്കിയതും. 1964ല്‍ വീണ്ടും കേരളത്തില്‍ ഭക്ഷ്യക്ഷാമം അനുഭവപ്പെടുകയും സിപിഐ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് കേരളത്തില്‍ 1965ല്‍ മിനിമം സ്റ്റാറ്റ്യൂട്ടറി റേഷനിങ് സിസ്റ്റം നടപ്പിലാക്കപ്പെടുന്നത്. ഇതില്‍ നിന്നാണ് സംസ്ഥാനത്ത് പിഡിഎസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റ (പൊതുവിതരണ സമ്പ്രദായം) ത്തിന്റെ തുടക്കം.

 


ഇതുകൂടി വായിക്കൂ;  പൊതുവിതരണത്തിന് ഭക്ഷ്യവസ്തുക്കള്‍ അനുവദിക്കണം


പൊതുവിതരണ രംഗത്ത് സമൂലമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചത് 1980ലെ ഇടത് ജനാധിപത്യ മുന്നണി മന്ത്രിസഭയില്‍ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരന്‍ നായരുടെ മികവുറ്റ നേതൃത്വത്തിലാണ്. ‘മാവേലി’ സ്റ്റോറുകള്‍ സ്ഥാപിച്ച് ജനങ്ങള്‍ക്കാവശ്യമായ പലവ്യഞ്ജനങ്ങള്‍‍, പയര്‍വര്‍ഗങ്ങള്‍ ഇവയെല്ലാം കുറഞ്ഞവിലയില്‍ നല്കുവാനാരംഭിച്ചു. 1987ലെയും 1996ലെയും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരുകളില്‍ സിപിഐയെ പ്രതിനിധീകരിച്ച് പൊതുവിതരണ വകപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ച് സംസ്ഥാനത്ത് ശക്തമായ പൊതുവിതരണ ശൃംഖല സ്ഥാപിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു.
സ്വതന്ത്ര ഇന്ത്യയില്‍ നടപ്പിലാക്കപ്പെട്ട പുതിയ നിയമങ്ങളില്‍ തൊഴിലുറപ്പ് നിയമം (മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി), വിവരാവകാശ നിയമം ഇവയെപ്പോലെ രാജ്യത്തെ എല്ലാ പാവപ്പെട്ട പൗരന്മാരുടെയും ജീവിതത്തില്‍ ഗുണപരമായ മാറ്റം വരുത്തിയ നിയമമാണ് 2013ലെ ‘ഭക്ഷ്യഭദ്രതാ നിയമം’. ‘ഭക്ഷണം ഔദാര്യമല്ല അവകാശമാണ്’ എന്ന ആശയം രാജ്യത്ത് നടപ്പിലാക്കുവാന്‍ ഉദേശിച്ചുകൊണ്ടുള്ള ആ നിയമം പൊതുവിതരണ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് നിദാനമായി. ദേശീയ തലത്തില്‍ 2013ല്‍ ഭക്ഷ്യഭദ്രതാ നിയമം നടപ്പില്‍ വന്നുവെങ്കിലും കേരളത്തില്‍ 2016ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് ഈ നിയമം നടപ്പിലാക്കിയത്. അതിവേഗത്തിലുള്ള മാറ്റങ്ങളാണ് ആ കാലഘട്ടത്തില്‍ നടപ്പിലാക്കിയത്. അന്നത്തെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്റെ നേതൃത്വത്തില്‍ നാനൂറിലധികം സ്വകാര്യ മൊത്ത റേഷന്‍ വിതരണക്കാരെ പൂര്‍ണമായി ഒഴിവാക്കി എഫ്‌സിഐയില്‍ നിന്നും സിവില്‍ സപ്ലൈസ് വകുപ്പ് തന്നെ എന്‍എഫ്‌എസ്എ ഗോഡൗണുകളില്‍ നേരിട്ട് ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചത് മുതല്‍ ഇ‑പോസ് മെഷീനുകള്‍ റേഷന്‍ കടകളില്‍ സ്ഥാപിച്ച് റേഷന്‍ വിതരണത്തില്‍ വന്നേക്കാവുന്ന ക്രമക്കേടുകള്‍ക്ക് തടയിട്ട് സംസ്ഥാനത്തെ ഏത് റേഷന്‍ കടയില്‍ നിന്നും കാര്‍ഡുടമയ്ക്ക് റേഷന്‍ വാങ്ങാനുള്ള സംവിധാനമേര്‍പ്പെടുത്തി. ഭക്ഷ്യഭദ്രതാ നിയമത്തിലെ 16-ാം വകുപ്പ് പ്രകാരം ഭക്ഷ്യ പൊതുവിതരണ രംഗത്തെ പരാതികള്‍‍ പരിഹരിക്കുവാന്‍ സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ രൂപീകരിച്ചു.

 


ഇതുകൂടി വായിക്കൂ; കേന്ദ്ര സര്‍ക്കാരിന്റെ നയവെെകല്യം പൊതുവിതരണം താളം തെറ്റും


കോവിഡ് മഹാമാരിയുടെ കാലത്ത് രാജ്യത്തിനാകെ മാതൃകയായി സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും സൗജന്യമായി അരിയും മറ്റ് പലവ്യഞ്ജനങ്ങളും ഉള്‍പ്പെടുത്തി ഭക്ഷ്യ കിറ്റുകള്‍‍ വിതരണം ചെയ്തു. വലിയ ജനപങ്കാളിത്തത്തോടെ കോവിഡ് കാലഘട്ടം മുഴുവന്‍ ഈ പ്രവര്‍ത്തനം നടത്തി. കമ്മ്യൂണിറ്റി കിച്ചണുകള്‍ ഏര്‍പ്പെടുത്തി അന്യദേശ തൊഴിലാളികള്‍ക്കടക്കം ഭക്ഷ്യഭദ്രത കേരളം ഉറപ്പുവരുത്തി. ഒരാള്‍ പോലും പട്ടിണി കിടക്കുന്നില്ലെന്നും ഒരു രോഗിക്കുപോലും ചികിത്സ കിട്ടാത്ത സാഹചര്യമുണ്ടാവരുതെന്നും കേരളം ഉറപ്പുവരുത്തി. കോവിഡ് കാലത്ത് ഭക്ഷ്യ, ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തിയ കേരള സര്‍ക്കാരിന്റെ നടപടികള്‍ ലോകമെങ്ങും അഭിനന്ദിക്കപ്പെട്ടു.
2021ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഭക്ഷ്യ പൊതുവിതരണ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ വകുപ്പ് മന്ത്രി അഡ്വ. ജി ആര്‍ അനിലിന്റെ നേതൃത്വത്തില്‍ വലിയ തോതില്‍ മുന്നോട്ടുപോയി. ഏറ്റവും അര്‍ഹരായവര്‍ക്ക് എഎവൈ കാര്‍ഡുകള്‍ നല്കുവാനായി അനധികൃതമായി അനര്‍ഹര്‍ കൈവശം വച്ചുവന്നിരുന്ന രണ്ട് ലക്ഷത്തോളം കാര്‍ഡുകള്‍ കണ്ടെത്തി തിരിച്ചെടുത്ത് അര്‍ഹായവര്‍ക്ക് വിതരണം ചെയ്തു. മാവേലി സ്റ്റോറുകള്‍‍ നവീകരിച്ച് സൂപ്പര്‍ മാര്‍ക്കറ്റുകളാക്കി. 2021ലെ ഓണക്കാലത്ത് എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും 16 ഇനങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രത്യേക ഓണക്കിറ്റ് വിതരണം ചെയ്തു. 87 ലക്ഷം കുടുംബങ്ങള്‍ക്കാണ് ഇത് നല്കിയത്. അഗമ്യമായ ആദിവാസി ഊരുകളിലും ലേബര്‍ സെറ്റില്‍മെന്റുകളിലും മൊബൈല്‍ റേഷനിങ്‍ സംവിധാനം ഏര്‍പ്പെടുത്തി. അഗതി മന്ദിരങ്ങള്‍, അനാഥാലയങ്ങള്‍, കന്യാസ്ത്രീമഠങ്ങള്‍, വ‍‍‍‍ൃദ്ധസദനങ്ങള്‍, ആശ്രമങ്ങള്‍ ഇവയിലെ അന്തേവാസികള്‍ക്ക് റേഷന്‍ ലഭിക്കുവാനായി പ്രത്യേക കാര്‍ഡ് നല്കി. തെരുവുകളിലും രേഖകള്‍ ലഭിക്കാതെ വാടകവീടുകളിലും കഴിയുന്നവര്‍ക്കും ട്രാന്‍സ്ജെന്റര്‍ വിഭാഗങ്ങള്‍ക്കും റേഷന്‍ കാര്‍ഡുകള്‍ നല്കി. സ്മാര്‍ട്ട് കാര്‍ഡ് രൂപത്തില്‍ റേഷന്‍ കാര്‍ഡുടമയുടെ എല്ലാ വിവരങ്ങളും ഡിജിറ്റലായി രേഖപ്പെടുത്തിയ ഇ‑റേഷന്‍ കാര്‍ഡുകളാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. ഉപഭോക്തൃ സംരക്ഷണ മേഖലയില്‍ എല്ലാ ജില്ലകളിലും മീഡിയേഷന്‍ സെല്ലുകള്‍ സ്ഥാപിച്ചു. റേഷന്‍ ഡീലര്‍മാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും ക്ഷേമനിധിയും ഏര്‍പ്പെടുത്തി. കെ-സ്റ്റോറുകള്‍ എന്ന പേരില്‍ റേഷന്‍ കടകള്‍ വഴി അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുവാനുള്ള സംവിധാനത്തിനും ഇപ്പോള്‍ തുടക്കം കുറിച്ചു.

 


ഇതുകൂടി വായിക്കൂ; പൊതുവിതരണത്തിനുള്ള ഗോതമ്പ് വിഹിതത്തില്‍ വന്‍ ഇടിവ്


കേരളം ഇന്ന് ഭക്ഷ്യഭദ്രതാ നിയമം തികച്ചും സുതാര്യമായും കാര്യക്ഷമമായും പാലിക്കുന്നതില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. ജനങ്ങളുടെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുന്നതില്‍ കേരളം ഇന്ന് രാജ്യത്തിന് മാതൃകയാണ്. 1943ല്‍ തിരുവിതാംകൂര്‍ നാട്ടുരാജ്യത്ത് കര്‍ഷകരുടെയും തൊഴിലാളികളുടെയും നിരന്തര സമരങ്ങള്‍ക്കൊടുവില്‍ പരിമിതമായി നിലവില്‍ വന്ന റേഷനിങ് സമ്പ്രദായം ഇന്നത്തെ കേരളത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്കൊട്ടാകെ, ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുന്ന തരത്തില്‍ ശക്തമായതിനു കാരണം സ്വാതന്ത്ര്യ പൂര്‍വകാലം മുതല്‍ കേരളത്തില്‍ സാമൂഹ്യ സമത്വം ഉറപ്പുവരുത്തുവാനായി സിപിഐ നടത്തിയ നിരന്തരമായ കൂട്ടായ പ്രവര്‍ത്തനമാണ്.

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.