22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 14, 2024
December 5, 2024
December 5, 2024
December 5, 2024
November 2, 2024
October 6, 2024
October 5, 2024
October 2, 2024
October 1, 2024
September 29, 2024

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഏകീകരിക്കുന്ന നടപടി മരവിപ്പിക്കുന്നു

Janayugom Webdesk
തിരുവനന്തപുരം
November 2, 2022 12:06 pm

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയ നടപടി മരവിപ്പിക്കാൻ മന്ത്രിസഭാ യോഗതീരുമാനം. എഐവൈഎഫ് ഉൾപ്പെടെ യുവജനസംഘടനകളുടെ കടുത്ത പ്രതിഷേധത്തിനിടെയാണ് തീരുമാനം. കെഎസ്ആർടിസി, കെഎസ്ഇബി, വാട്ടർ അതോറിറ്റി ഒഴികെ 122 സ്ഥാപനങ്ങളിലും ആറ് ധനകാര്യ കോർപറേഷനുകളിലുമാണ് പെൻഷൻ പ്രായം ഏകീകരിക്കാനുള്ള ഉത്തരവ് ധനവകുപ്പില്‍ നിന്ന് കഴിഞ്ഞദിവസം പുറപ്പെടുവിച്ചത്. നിലവിൽ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ വ്യത്യസ്ത വിരമിക്കൽ പ്രായപരിധി ആയിരുന്നു. ഇതെല്ലാം ഏകീകരിച്ച് 60 വയസാക്കാനായിരുന്നു ധനവകുപ്പ് ഉത്തരവ്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ഉത്തരവ് പ്രാബല്യത്തിൽ വന്നിരുന്നു.

പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പൊതുമാനദണ്ഡം നിശ്ചയിക്കാൻ 2017ൽ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശ കണക്കിലെടുത്തായിരുന്നു സർക്കാർ തീരുമാനം. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻപ്രായ വർധനയെ എതിർത്ത് എഐവൈഎഫ്, യൂത്ത് കോണ്‍ഗ്രസ് എന്നീ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. എഐവൈഎഫ് സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പിറകെ ഡിവൈഎഫ്ഐയും സര്‍ക്കാര്‍ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രതിഷേധങ്ങള്‍ക്കിടെയാണ് രാവിലെ ചേര്‍ന്ന മന്ത്രിസഭ, പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഏകീകരിക്കുന്ന നടപടി തല്‍ക്കാലം മരവിപ്പിക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ തുടര്‍ നടപടികള്‍ മന്ത്രസഭാ തീരുമാനങ്ങളുടെ പൂര്‍ണവിവരം പുറത്തുവരുന്നതോടെ വ്യക്തമാകും.

മന്ത്രിസഭാ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്‍ പ്രതികരിച്ചു. പുറത്തുവന്ന ഉത്തരവ് ഇടതുമുന്നണി നയങ്ങള്‍ക്ക് വിരുദ്ധമായിരുന്നുവെന്ന് ആദ്യം പറഞ്ഞത് എഐവൈഎഫ് ആയിരുന്നു. ലക്ഷക്കണക്കായ യുവജനങ്ങളുടെയും തൊഴിലന്വേഷികളുടെയും പ്രതീക്ഷകൂടിയാണ് ഇടതുമുന്നണി സര്‍ക്കാര്‍. ആ പ്രതീക്ഷയ്ക്ക് മങ്ങലേല്‍ക്കുന്ന നടപടികള്‍ സര്‍ക്കാരില്‍ നിന്നുണ്ടാവില്ലെന്ന് ഈ തീരുമാനത്തോടെ ബോധ്യമായി. തീരുമാനത്തെ അങ്ങേയറ്റം സന്തോഷത്തോടെ സ്വീകരിക്കുകയാണെന്നും ജിസ്‌മോന്‍ പറഞ്ഞു. യുവജനതയുടെ തൊഴിൽ സ്വപ്‌നങ്ങൾ സാർത്ഥകമാക്കാൻ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട്‌ സ്വാഗതാർഹമാണെന്നും ഡിവൈഎഫ്‌ഐ നേതാക്കളും പ്രതികരിച്ചു.

 

Eng­lish Sum­ma­ry: pen­sion-age will not be raised the order will be frozen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.