കേരളത്തെ ക്യാൻസർ ക്യാപിറ്റലാകാൻ അനുവദിച്ചുകൂടായെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ആരോഗ്യ, വിദ്യാഭ്യാസ സൂചികകളിൽ കേരളം എന്നും ബഹുദൂരം മുന്നിലാണ്. എന്നാൽ ക്യാൻസർ പോലുള്ള രോഗങ്ങളെ പ്രതിരോധിക്കുന്ന കാര്യം നാം ഇനിയും ഏറെ ഗൗരവത്തോടെ കാണണമെന്നും കുടുംബശ്രീയും മെഡിക്കൽ സ്റ്റുഡന്റ്സ് കളക്ടീവ്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തും(മെഡിക്കോൺ) സംയുക്തമായി സംഘടിപ്പിക്കുന്ന ‘ശ്രദ്ധ’ കാൻസർ ബോധവൽക്കരണ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
രോഗനിർണയമാണ് ക്യാൻസർ ചികിത്സയിൽ ഏറ്റവും പ്രധാനം. എത്രയും നേരത്തെ രോഗനിർണയം സാധ്യമായാൽ ചികിത്സിച്ച് മാറ്റാനുള്ള സാധ്യത കൂടുതലാണ്. ക്യാൻസർ രോഗനിർണയത്തിനും സ്ത്രീകളിൽ അവബോധം സൃഷ്ടിക്കാനും കുടുംബശ്രീയുടെ നേതൃത്വത്തിൽ ക്യാമ്പയിൻ ആരംഭിക്കുന്നത് സാധാരണക്കാർക്ക് ഏറെ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ നഗരസഭ കൗൺസിലർ റീഗോ രാജു അധ്യക്ഷനായി. കുടുംബശ്രീ അസിസ്റ്റന്റ് ജില്ല മിഷൻ കോഡിനേറ്റർ എം ജി സുരേഷ്, ആലപ്പുഴ നോർത്ത് സിഡിഎസ് ചെയർപേഴ്സൺ സോഫി അഗസ്റ്റിൻ, ജില്ല പ്രോഗ്രാം മാനേജർ പി സുനിത, മെഡിക്കോൺ സംസ്ഥാന സെക്രട്ടറി മുഹമ്മദ് യൂസുഫ് തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ അമ്പലപ്പുഴ, ആര്യാട് ബ്ലോക്കുകളിലാണ് ക്യാമ്പയിൻ ആദ്യഘട്ട പ്രവർത്തനങ്ങൾ തുടങ്ങുക. സ്തനാർബുദം, ഗർഭാശയഗള അർബുദം എന്നിവ സംബന്ധിച്ച് സ്ത്രീകൾക്ക് ആവശ്യമായ അവബോധം നൽകുകയും ക്യാൻസർ രോഗനിർണയത്തിനും വിദഗ്ധ ചികിത്സയ്ക്കും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുകയുമാണ് ലക്ഷ്യം. കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയ ഗ്രാമീണ ഉപജീവന മിഷൻ എഫ് എൻ എച്ച് ഡബ്ളിയു (ഫുഡ് ന്യൂട്രീഷൻ ഹെൽത്ത് വാട്ടർ ആൻഡ് സാനിട്ടേഷൻ) പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത ബ്ലോക്കിലെ എല്ലാ വാർഡുകളിലുമുള്ള മുഴുവൻ അയൽക്കൂട്ട അംഗങ്ങളെയും ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമാക്കും. മെഡിക്കോൺ റിസോഴ്സ് പേഴ്സൺ, അയൽക്കൂട്ടത്തിലെ ജെൻഡർ പോയിന്റ് പേഴ്സൺ, തെരഞ്ഞെടുത്ത അയൽക്കൂട്ട അംഗം എന്നിവരുടെ നേതൃത്വത്തിൽ ഇവർക്ക് കാൻസർ അവബോധ ക്ലാസ് നൽകും. ഇതോടൊപ്പം പ്രാഥമിക സ്ക്രീനിങ്ങും നടത്തും. ഇതു രണ്ടും എല്ലാ വാർഡുകളിലും പൂർത്തിയാകുന്ന മുറയ്ക്ക് മെഡിക്കോണുമായി സഹകരിച്ച് ബ്ലോക്ക്തലത്തിൽ മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിക്കും. പ്രാഥമിക സ്കീനിങ്ങ്, മെഡിക്കൽ ക്യാമ്പുകൾ വഴി രോഗം സ്ഥിരീകരിച്ചവർക്ക് പ്രാദേശിക ആരോഗ്യ സ്ഥാപനങ്ങളുമായി സഹകരിച്ച് തുടർചികിത്സയ്ക്കുള്ള പിന്തുണ ലഭ്യമാക്കും.
കുടുംബശ്രീ സ്നേഹിത, ജെൻഡർ റിസോഴ്സ് സെന്റർ എന്നിവ മുഖേന ആവശ്യമായ മാനസിക സാമൂഹിക പിന്തുണയും കൗൺസലിങ്ങും നൽകും. രോഗനിർണയം നടത്തിയ അംഗങ്ങൾക്ക് തുടർ ചികിത്സയ്ക്കുള്ള നിർദേശങ്ങളും റഫറൽ കത്തും മെഡിക്കോൺ ടീമിന്റെ സഹായത്തോടെ ലഭ്യമാക്കും.
English Summary: Kerala should not be allowed to become cancer capital: Minister P Prasad
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.