കേരള സമൂഹം കരുണാര്‍ദ്രമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്‌കാരമുള്ള സമൂഹത്തിന് സഹാനുഭൂതിയുള്ള മനസ്സ് അനിവാര്യമാണെന്നും നീണ്ടുനില്‍ക്കുന്ന സന്തോഷം അനുകമ്പാപൂര്‍ണമായ ഇടപെടലുകളിലൂടെയേ സാധ്യമാകൂവെന്നും ഗവര്‍ണര്‍ പറഞ്ഞു. ചേവായൂര്‍ ഉദയം ഹോം സന്ദര്‍ശന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഉദ്യോഗസ്ഥ, രാഷ്ട്രീയ രംഗങ്ങളിലുള്‍പ്പെടെ സ്ത്രീകള്‍ മുഖ്യധാരയിലേക്ക് വരുന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. കഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെയായി കേരളത്തിലുള്ളതിനാല്‍ നിരവധി മാതൃകാപ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയാവാന്‍ കഴിഞ്ഞിട്ടുണ്ട്. ഉദയം അത്തരത്തില്‍ രാജ്യത്തിനു മാതൃകാപരമായ പദ്ധതിയാണെന്നും രാജ്യത്തെ മറ്റിടങ്ങളിലും ഈ പദ്ധതിയെക്കുറിച്ച് പറയുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ഉദയം ഹോമിലെ സൗകര്യങ്ങള്‍ ഗവര്‍ണര്‍ സന്ദര്‍ശിച്ച് വിലയിരുത്തി. അന്തേവാസികളായ പദ്മരാജന്‍, ഉത്തമന്‍, പൊന്നുച്ചാമി, സണ്ണി ജോസഫ് എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.
തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവരുടെ പുനരധിവാസത്തിനായി 2020ല്‍ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച പദ്ധതിയാണ് ഉദയം. ഇതുവരെ 1500ഓളംപേരെ പദ്ധതിയിലൂടെ പുനരധിവസിപ്പിക്കാനായിട്ടുണ്ട്. നിലവില്‍ ചേവായൂര്‍, വെള്ളിമാടുകുന്ന്, മാങ്കാവ്, വെള്ളയില്‍ എന്നിവിടങ്ങളിലായി നാല് ഹോമുകള്‍ പദ്ധതിക്കുകീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു. നിരവധി സന്നദ്ധസംഘടനകളും കൂട്ടായ്മകളും വ്യക്തികളും പദ്ധതിയുടെ പ്രവര്‍ത്തനത്തിനു പിന്നില്‍ സഹകരിക്കുന്നുണ്ട്.
ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി കലക്ടര്‍ ഇ. അനിതാകുമാരി ഗവര്‍ണര്‍ക്ക് ഉപഹാരം നല്‍കി. ഉദയം സ്‌പെഷല്‍ പ്രൊജക്ട് ഓഫീസര്‍ രാഗേഷ്, പ്രൊജക്ട് കോഓഡിനേറ്റര്‍ റയീസ പര്‍സാന എന്നിവര്‍ പദ്ധതി വിശദീകരിച്ചു. മേയര്‍ ഡോ. ബീനാ ഫിലിപ്പ്, വാര്‍ഡ് കൗണ്‍സിലര്‍ പി.എന്‍. അജിത, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
English Summary: Kerala society is compassionate; Udayam project exemplary governor for the country
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.