4 May 2024, Saturday

Related news

May 3, 2024
May 1, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 25, 2024
April 24, 2024
April 24, 2024

സംസ്ഥാനത്തെ 20 നഗരങ്ങളിലെ അശാസ്ത്രീയ മാലിന്യക്കൂനകള്‍ നീക്കം ചെയ്ത് ഭൂമി വീണ്ടെടുക്കുന്നു

കെഎസ് ഡബ്ല്യുഎംപി പദ്ധതി നടപ്പാക്കുന്നത് നഗരസഭകളിലെ ഭൂമി ഇതര പദ്ധതികള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍
Janayugom Webdesk
തിരുവനന്തപുരം
January 17, 2024 6:37 pm

സംസ്ഥാനത്തെ നഗരപ്രദേശങ്ങളില്‍ കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്ത് ആ സ്ഥലം വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്ന പ്രവര്‍ത്തനവുമായി ലോക ബാങ്ക് സഹായത്തോടെയുള്ള കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെഎസ് ഡബ്ല്യുഎംപി). സ്ഥിരമായി മാലിന്യം തള്ളുന്ന സ്ഥലം വീണ്ടെടുത്ത് നഗരസഭയ്ക്ക് പ്രയോജനപ്പെടുത്താവുന്നതാക്കി മാറ്റുന്നതാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ കീഴിലുള്ള കെഎസ് ഡബ്ല്യുഎംപിയുടെ ഈ പദ്ധതി. സംസ്ഥാനത്താകെ 20 നഗരങ്ങളിലാണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തില്‍ 12 നഗരസഭകളിലും രണ്ടാംഘട്ടത്തില്‍ എട്ട് നഗരസഭകളിലുമയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് ആകെ പ്രതീക്ഷിക്കുന്ന ചെലവ് 100 കോടി രൂപയാണ്. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ഡമ്പ് സൈറ്റ് റമഡിയേഷനിലൂടെ 60 ഏക്കര്‍ സ്ഥലമാണ് വീണ്ടെടുക്കാനാകുക.

കൊട്ടാരക്കര, കായംകുളം, കൂത്താട്ടുകുളം, കോതമംഗലം, മൂവാറ്റുപുഴ, വടക്കന്‍ പറവൂര്‍, കളമശ്ശേരി, വടകര, കല്‍പ്പറ്റ, ഇരിട്ടി, കൂത്തുപറമ്പ്, കാസര്‍ഗോഡ് എന്നീ 12 നഗരങ്ങളാണ് ആദ്യഘട്ടത്തില്‍ പദ്ധതിയിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്. രണ്ടാം ഘട്ടത്തില്‍ മാവേലിക്കര, കോട്ടയം, ചാലക്കുടി, കുന്നംകുളം, വടക്കാഞ്ചേരി, പാലക്കാട്, മലപ്പുറം, മഞ്ചേരി നഗരസഭകളില്‍ പദ്ധതി നടപ്പാക്കും. 20 നഗരങ്ങളിലെ അശാസ്ത്രീയ മാലിന്യക്കൂനകളിലായി 4.30 ലക്ഷം മെട്രിക് ടണ്‍ മാലിന്യമാണ് ഉള്ളത്.

മാലിന്യം യന്ത്രസഹായത്തോടെ നീക്കം ചെയ്ത് അതതു സ്ഥലത്തു വച്ചു തന്നെ ജൈവ, അജൈവ മാലിന്യങ്ങളായി വേര്‍തിരിക്കുകയും അവ വിവിധ ആവശ്യങ്ങള്‍ക്കായി നല്‍കുകയും ചെയ്യുന്ന ഡമ്പ് സൈറ്റ് റമഡിയേഷന്‍ ബയോ മൈനിംഗ് പ്രക്രിയയാണ് പദ്ധതിക്കായി പ്രയോജനപ്പെടുത്തുന്നത്. വേര്‍തിരിച്ച ജൈവമാലിന്യങ്ങള്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കും വളമായും നല്‍കുകയും പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ പുന:ചംക്രമണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യും. ഈ പ്രക്രികയകളെല്ലാം മാലിന്യം നീക്കം ചെയ്യുന്ന സ്ഥലത്തു വച്ചു തന്നെ നടക്കും. ബയോ മൈനിങ്ങിനുള്ള ഏജന്‍സികള്‍ക്കായി ഇ‑ടെന്‍ഡര്‍ (https://kswmp.org/tenders-eois/) നടപടികള്‍ ആരംഭിച്ചു. പദ്ധതി നടപ്പാകുന്നതോടെ നഗരഹൃദയത്തിലുള്ള ഭൂമി വീണ്ടെടുത്ത് ആധുനിക രീതിയിലുള്ള എംസിഎഫ്, ആര്‍ആര്‍എഫ് എന്നിവ സ്ഥാപിക്കുകയോ ബയോപാര്‍ക്ക് പേലുള്ള നൂതന ആശയങ്ങള്‍ നടപ്പിലാക്കുകയോ ചെയ്യാം.

സ്ഥിരമായി മാലിന്യം വലിച്ചെറിയുന്നതിലൂടെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറിയ ഭൂമി ശാസ്ത്രീയമായ ബയോമൈനിംഗ് പ്രക്രിയയിലൂടെ വീണ്ടെടുക്കുകയാണ് ഡമ്പ് സൈറ്റ് റമഡിയേഷനിലൂടെ ഉദ്ദേശിക്കുന്നതെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ബയോമൈനിംഗ് പ്രവര്‍ത്തനങ്ങള്‍ നടക്കുക. മാലിന്യക്കൂനകളില്ലാത്ത കേരളം സാധ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനു പൊതുജന പങ്കാളിത്തം അനിവാര്യമാണ്.

മാലിന്യപ്രശ്നം മൂലം നഗരങ്ങളിലുണ്ടാകുന്ന ആരോഗ്യ, പരിസ്ഥിതി പ്രശ്നങ്ങളിലും ഇത് ഗുണപരമായ മാറ്റമുണ്ടാക്കും. പദ്ധതിക്കായി ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പല നഗരങ്ങളിലും ഗതാഗതക്കുരുക്കും പാര്‍ക്കിംഗ് പ്രശ്നങ്ങളും ഓഫീസുകളുടെ സ്ഥലപരിമിതിയും ഉള്‍പ്പെടെ അനുഭവപ്പെടുന്നുണ്ട്. മാലിന്യം നീക്കം ചെയ്യപ്പെടുന്നതിനൊപ്പം ഈ പ്രശ്നങ്ങള്‍ക്കു കൂടിയാണ് പരിഹാരമാകുക. തിരികെ ലഭിക്കുന്ന സ്ഥലങ്ങള്‍ ഖരമാലിന്യ പരിപാലനത്തിനുള്ള ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനോ പാര്‍ക്കുകള്‍ നിര്‍മ്മിക്കുന്നതിനോ ഉപയോഗിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മാലിന്യ നിര്‍മാര്‍ജനത്തില്‍ നൂതനവും സുസ്ഥിരവുമായ മാതൃകയാണ് ബയോമൈനിംഗ് പ്രവര്‍ത്തനത്തിലൂടെ സംസ്ഥാനത്ത് സാധ്യമാകുന്നതെന്ന് കെഎസ് ഡബ്ല്യുഎംപി പ്രൊജക്ട് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ഈ പ്രവര്‍ത്തനത്തിലൂടെ 60 ഏക്കറിലധികം ഭൂമിയാണ് നഗരഹൃദയത്തില്‍ വീണ്ടെടുക്കാനാകുക. നഗരങ്ങളിലെ സ്ഥിരം മാലിന്യനിക്ഷേപ കേന്ദ്രങ്ങള്‍ ഇല്ലാതാകുന്നതിനൊപ്പം പുതിയ മാലിന്യങ്ങള്‍ തെരുവിലെത്തുന്നത് തടയുകയും വേണം. ഇതിനായി ഉറവിട മാലിന്യ സംസ്കരണവും വാതില്‍പ്പടി ശേഖരണവും മാലിന്യങ്ങളുടെ വേര്‍തിരിക്കല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കുമെന്നും ദിവ്യ എസ് അയ്യര്‍ പറഞ്ഞു.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ എരുമക്കുഴി, കൊല്ലം കോര്‍പ്പറേഷനിലെ കുരീപ്പുഴ തുടങ്ങിയവ ഈ മാതൃകയില്‍ മാലിന്യം നീക്കം ചെയ്ത് ഭൂമി വീണ്ടെടുത്ത് ജനോപകാരപ്രദമായ പദ്ധതികള്‍ ആവിഷ്കരിച്ചതിന് ഉദാഹരണങ്ങളാണ്.

Eng­lish Sum­ma­ry: Ker­ala Sol­id Waste Man­age­ment Project
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.