കരുത്തുറ്റ ആശയങ്ങളുണ്ടോ? സാമൂഹിക പ്രശ്നങ്ങളെ തരണം ചെയ്യാനുള്ള സാങ്കേതിക പ്രതിവിധി രൂപപ്പെടുത്താന്‍ പര്യാപ്തമായ ആശയങ്ങള്‍. എങ്കില്‍ സര്‍ക്കാര്‍ പിന്തുണയില്‍ അവയെ സ്റ്റാര്‍ട്ടപ്പുകളായി ഉയര്‍ത്താം. 4700 സ്റ്റാര്‍ട്ടപ്പുകളാണ് ഇത്തരത്തില്‍ സംരംഭകത്വ സംസ്കാരത്തിന്‍റെ നേര്‍ചിത്രമായി സംസ്ഥാനത്ത് വളര്‍ന്നത്. യുവജനങ്ങളെ തൊഴിലന്വേഷകരില്‍ നിന്നും വിദഗ്ധരായ തൊഴില്‍ദാതാക്കളാക്കി മാറ്റി സംസ്ഥാന സമ്പദ് വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടാകുകയാണ് സ്റ്റാര്‍ട്ടപ്പ് മിഷനിലൂടെ സംസ്ഥാന സര്‍ക്കാര്‍.
സംരംഭകത്വ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും സാങ്കേതിക സംരംഭകരെ വാര്‍ത്തെടുക്കുന്നതിനും 2002 ല്‍ ടെക്നോപാര്‍ക്കില്‍ ടെക്നോളജി ബിസിനസ് ഇന്‍കുബേഷന്‍ സെന്‍ററായി പ്രവര്‍ത്തനം ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് മിഷന്‍ 2014ലോടു കൂടി സംസ്ഥാന സര്‍ക്കാരിന്‍റെ നോഡല്‍ ഏജന്‍സിയായി മാറി. 4700 സ്റ്റാര്‍ട്ടപ്പുകള്‍, 64 ഇന്‍കുബേറ്ററുകള്‍, 450 ഇന്നൊവേഷന്‍ കേന്ദ്രങ്ങള്‍, 10 ലക്ഷം ചതുരശ്ര അടി തൊഴിലിടം തുടങ്ങിയ നേട്ടങ്ങളിലൂടെ രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയായി ഇന്ന് കേരളം മാറി. സംസ്ഥാന ബജറ്റില്‍ സ്റ്റാര്‍ട്ടപ്പ് നയം പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം.
ലോകോത്തര സാങ്കേതിക വിദ്യകള്‍ക്കനുസൃതമായി സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളെ ശക്തമാക്കുവാനും നൈപുണ്യ പരിശീലനവും വൈദഗ്ധ്യവും മാര്‍ഗനിര്‍ദേശവും മറ്റു പിന്തുണകളും ലഭ്യമാക്കുന്നതിനുമായി 2019 ല്‍ കൊച്ചിയില്‍ ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് സമുച്ചയം യാഥാര്‍ഥ്യമാക്കി. ഫാബ് ലാബുകളിലൂടേയും സാങ്കേതിക പിന്തുണ നല്‍കുന്നുണ്ട്. പരമ്പരാഗത സോഫ്റ്റ് വെയര്‍ ഐടി മേഖലയില്‍ നിന്ന് മാറി ഇലക്ട്രോണിക്സ്, ഉത്പന്നനിര്‍മ്മാണം മുതലായ തലങ്ങളിലേക്ക് കൂടി സ്റ്റാര്‍ട്ടപ്പുകളുടെ സാധ്യത വ്യാപിപ്പിച്ചിട്ടുണ്ട്. അക്കാദമിക സമൂഹം, വ്യവസായം, ഗവേഷണ സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ മുതലായവയെ സംയോജിപ്പിച്ചുള്ള രാജ്യത്തെ ഏക സുസ്ഥിര സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയാണ് കേരളത്തിലേത്.
മികച്ച സാങ്കേതിക പ്രതിവിധികള്‍ രൂപപ്പെടുത്തുന്നതിന് അനുയോജ്യമായ ആശയങ്ങള്‍ക്ക് ഐഡിയ ഗ്രാന്‍റ്, മൂല്യവത്തായ ആശയങ്ങളെ ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നതിനുള്ള പ്രൊഡക്ടൈസേഷന്‍ ഗ്രാന്‍റ്, സ്റ്റാര്‍ട്ടപ്പുകളുടെ പരിധി ഉയര്‍ത്തുന്നതിനുള്ള സ്കെയില്‍-അപ്പ് ഗ്രാന്‍റ്, വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വുമണ്‍ പ്രൊഡക്ടൈസേഷന്‍ ഗ്രാന്‍റ്, സ്റ്റാർട്ടപ്പുകളുടെ ഉത്പന്നവികസനത്തിനു സഹായകരമായ ഗവേഷണം നടത്തുവാനും ഗവേഷണസ്ഥാപനങ്ങളിൽ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകൾ സ്റ്റാർട്ടപ്പുകളുടെ സഹായത്തോടെ വിപണിയിലേക്ക് എത്തിക്കുവാനും സ്റ്റാർട്ടപ്പ് റിസർച് ഗ്രാന്‍റ് എന്നിവ സര്‍ക്കാര്‍ 2018 മുതൽ ലഭ്യമാക്കുന്നുണ്ട്. സീഡ് ഫണ്ടിംഗ്,ഫണ്ട് ഓഫ് ഫണ്ട്സ്, ഇക്വിറ്റി ഫണ്ടിംഗ് എന്നിവയിലൂടെ നിക്ഷേപക പിന്‍തുണ നല്‍കുന്നുണ്ട്. സബ്സിഡി നിരക്കിലുള്ള വായ്പകളും ലഭ്യമാണ്.
മികച്ച ആശയങ്ങള്‍ സമാഹരിക്കുന്നതിനുള്ള ഹാക്കത്തോണുകള്‍, ക്ലൈമത്തോണ്‍, കാന്‍സര്‍ടെക്, ഹെല്‍ത്ത്ടെക്, ഫിന്‍ടെക്, ആക്സിലറേറ്റര്‍ ഇന്‍കുബേഷന്‍ പരിപാടികളും നടത്തിവരുന്നുണ്ട്. സ്റ്റാര്‍ട്ടപ്പുകളുടെ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിള്ള വേദിയാണ് ബിഗ് ഡെമോ ഡേ. രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലായ ഹഡില്‍ ഗ്ലോബല്‍, നിക്ഷേപക സംഗമമെന്ന് വിശേഷിപ്പിക്കാവുന്ന സീഡിംഗ് കേരള, നിക്ഷേപക വിദ്യാഭ്യാസ പരിപാടി, പ്രവാസി സ്റ്റാര്‍ട്ടപ്പ് പദ്ധതി, ഇന്‍കുബേഷന്‍ പദ്ധതി, ഫെയില്‍ ഫാസ്റ്റ് ഓര്‍ സക്സീഡ് എന്നിവയും സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്നുണ്ട്. വിദ്യാർത്ഥി സംരംഭകരെ വാർത്തെടുക്കാനുള്ള അഭിമാന പദ്ധതിയായി കോളേജുകള്‍ കേന്ദ്രീകരിച്ച് കേരള സ്റ്റാര്‍ട്ട്പ്പ് മിഷന്‍ വികസിപ്പിച്ച ഐ ഇ ഡി സികള്‍ (ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് സെന്റർ) 450 കോളേജുകളില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നു.
വനിതാ സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്ന വനിതാ സംരംഭക ഉച്ചകോടി, ഷീ ലവ്സ് ടെക്, മുതലായ പരിപാടികളും സ്കീമുകളും വായ്പാ സഹായ പദ്ധതികളും സംസ്ഥാനം ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രാദേശിക ഭാഷകളിലെ വിവരവിനിമയത്തിലൂടെയും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍ പിന്തുണ ലഭ്യമാക്കുന്നുണ്ട്. സ്റ്റാര്‍ട്ടപ്പുകളെ ശക്തിപ്പെടുത്തുന്നതിന് ഉന്നതവിദ്യാഭ്യാസം, പോലീസ്, കായിക- യുവജനകാര്യം, വിനോദ സഞ്ചാരം തുടങ്ങി പത്തിലധികം സര്‍ക്കാര്‍ വകുപ്പുകളുമായി സംസ്ഥാന സര്‍ക്കാര്‍ കൈകോര്‍ത്തിട്ടുണ്ട്.
ഒട്ടേറെ വിജയഗാഥകള്‍ സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ചരിത്രത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പിന്തുണയുള്ള ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജീസ് കേരളത്തില്‍ നിന്നുള്ള ആദ്യ യൂണികോണ്‍ സ്റ്റാര്‍ട്ടപ്പ് എന്ന നേട്ടം കരസ്ഥമാക്കി. രാജ്യത്തെ യൂണികോണ്‍ സംരംഭങ്ങളുടെ പട്ടികയില്‍ നൂറാമതായാണ് ഓപ്പണ്‍ ഇടംനേടിയത്. 2021–22ല്‍ ലോകത്തിലെ ഒന്നാം നമ്പര്‍ പൊതു ബിസിനസ് ആക്സിലറേറ്ററായി സ്റ്റാര്‍ട്ടപ്പ് മിഷന്‍ തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ ദേശീയ റാങ്കിംഗില്‍ തുടര്‍ച്ചയായി ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്ക്കാരം ലഭിച്ചു. ഡിപിഐഐടിയുടെ റാങ്കിങ്ങില്‍ 2018, 2019, 2020 എന്നീ വര്‍ഷങ്ങളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച് ഹാട്രിക് നേടി. ഇന്നൊവേഷന്‍ ആന്‍ഡ് പബ്ലിക് പോളിസിയില്‍ മുഖ്യമന്ത്രിയുടെ പുരസ്ക്കാരം ലഭിച്ചു. ലോകത്തിലെ രണ്ടാമത്തെ മികച്ച സയന്‍സ് ബേസ്ഡ് ഇന്‍കുബേറ്ററിനുള്ള പുരസ്ക്കാരം നേടാനായി.
സമൂഹിക ഉന്നമനത്തില്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പങ്ക് നിസ്തുലമാണ്. സംരംഭകത്വം എന്നത് കയ്യില്‍ പണമുള്ളവര്‍ക്ക് മാത്രം ചെയ്യാവുന്ന കാര്യമല്ലെന്നും അതിന് കഠിനാധ്വാനവും ഉള്‍ക്കാഴ്ചയുമാണ് വേണ്ടതെന്നും സംസ്ഥാനത്തെ യുവതലമുറയോട് ആവര്‍ത്തിച്ച് പറയുകയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.