18 December 2024, Wednesday
KSFE Galaxy Chits Banner 2

മജിസ്ട്രേറ്റിനെ അനശ്വരമാക്കിയ അഭിനയമികവ്

web desk
തൃക്കരിപ്പൂർ
July 21, 2023 9:47 pm

അമ്പത്തിയൊമ്പതാം വയസിൽ സിനിമയിൽ അരങ്ങേറ്റം. ആദ്യസിനിമയിലെ അഭിനയത്തിന് തന്നെ മികച്ച സ്വഭാവനടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം. സ്വപ്നതുല്യമായ നേട്ടമാണ് വിരമിച്ച അധ്യാപകനും പടന്ന ഗ്രാമ പഞ്ചായത്തംഗവുമായ പി പി കുഞ്ഞികൃഷ്ണനെ തേടിയെത്തിയിരിക്കുന്നത്. സരസനായ മജിസ്ട്രേറ്റിനെ അനശ്വരമാക്കിയ അഭിനയമികവിനു പ്രേക്ഷകർ നേരത്തെ തന്നെ ഫുള്‍ മാര്‍ക്ക് നൽകിയതാണ്.

ഒരു ജഡ്ജി എന്നാലോചിക്കുമ്പോൾ സാധാരണ പ്രേക്ഷകരുടെ മനസിൽ തെളിയുന്നത് കുഞ്ഞികൃഷ്ണന്റെ രൂപമായിരിക്കും എന്ന നിലയിലേക്ക് ആ കഥാപാത്രം വിജയിച്ചു. എറണാകുളം വിസ്മയ സ്റ്റുഡിയോയിൽ ‘പഞ്ചവത്സര പദ്ധതി’ എന്ന സിനിമയുടെ ഡബ്ബിങ്ങിനിടയിലാണ് പുരസ്കാരം ലഭിച്ച വിവരം അറിഞ്ഞത്. പുരസ്കാരം നാടിനും സിനിമാ പ്രവർത്തകർക്കും സമർപ്പിക്കുന്നതായി കുഞ്ഞികൃഷ്ണൻ പറഞ്ഞു.

അംഗീകാരത്തിൽ എറെ സന്തോഷം തോന്നുന്നു. അവിചാരിതമായാണ് സിനിമയിൽ എത്തിയത്. തന്നെ വിശ്വാസത്തിലെടുത്ത് മികച്ച അവസരം നൽകിയ സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ, അസോസിയേറ്റ് ഡയറക്ടർ സുധീഷ് ഗോപിനാഥൻ, രാജേഷ് മാധവൻ തുടങ്ങി സിനിമയിലെ മുഴുവൻ സഹ പ്രവർത്തകർക്കും ഈ പുരസ്കാരത്തിൽ താൻ കടപ്പെട്ടിരിക്കുന്നു. തന്നിലെ നടനെ പുറത്തെത്തിക്കുന്നതിൽ പിന്തുണ നൽകിയ തടിയൻകൊവ്വൽ, ഉദിനൂർ ഗ്രാമങ്ങൾക്കും പടന്ന പഞ്ചായത്തിനും നന്ദി അർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

തെരുവുകളിലും ക്ലബുകളിലും മാത്രം നാടകം കളിച്ച് പരിചയമുള്ള ഈ അധ്യാപകനെ സിനിമയിലെത്തിച്ചത് ഹാസ്യനടൻ ഉണ്ണിരാജാണ്. പതിനെട്ടാം വയസു മുതൽ നാടകം അഭിനയിച്ചു വരുന്ന കുഞ്ഞികൃഷ്ണൻ തടിയൻകൊവ്വൽ മനീഷ തീയേറ്റേഴ്സ് തെരുവ് നാടകങ്ങളിലൂടെയാണ് സജീവമായത്. എകെജി കലാവേദി, മാണിയാട്ട് കോറസ് കലാസമിതി തുടങ്ങിയ ടീമിന്റെ ഒപ്പവും നാടകം അഭിനയിച്ചിരുന്നു. ഇന്നു മലയാളത്തിലെ തിരക്കേറിയ നടനായി അദ്ദേഹം മാറിയിരിക്കുന്നു. കൊറോണ പേപ്പേഴ്സ്, മദനോത്സവം എന്നീ ചിത്രങ്ങളിലെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. കാസർഗോൾഡ്, ഒരു ജാതി ജാതകം തുടങ്ങി ഒരുപിടി സിനിമകൾ ഇറങ്ങാനുണ്ട്. ഇനി ജീവിതത്തിലും സരസനും ജനകീയനുമാണ് നാട്ടുകാരുടെ പ്രിയപ്പെട്ട ഹിന്ദി മാഷ്. ഭാര്യ സരസ്വതി ഉദിനൂർ തടിയൻകൊവ്വൽ എഎൽപി സ്കൂളിലെ അധ്യാപികയാണ്. സാരംഗ്, ആസാദ് എന്നിവർ മക്കളാണ്.

Eng­lish Sam­mury: ker­ala state film award win­ner Kunjikrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.