17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

July 23, 2024
February 14, 2024
February 5, 2024
February 5, 2024
February 2, 2024
January 31, 2024
January 23, 2024
January 12, 2024
February 17, 2023
February 6, 2023

കേരളം കയ്യടിക്കുന്ന ബജറ്റ്

Janayugom Webdesk
March 12, 2022 5:00 am

ജീവിതത്തിലും സമ്പദ്ഘടനയിലും വലിയ പ്രതിസന്ധി നേരിടുന്ന കാലമാണ് കടന്നുപോകുന്നത്. രണ്ടുവര്‍ഷമായി ലോകത്താകെ പിടിമുറുക്കിയിരിക്കുന്ന കോവിഡും അതിന് മുമ്പുള്ള വര്‍ഷങ്ങളില്‍ സംസ്ഥാനത്തുണ്ടായ പ്രകൃതി ദുരന്തങ്ങളും സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ വളരെയധികമായിരുന്നു. ഈയൊരു പശ്ചാത്തലത്തില്‍ ജനപ്രിയവും ബദല്‍ നിര്‍ദേശങ്ങള്‍ അടങ്ങിയതുമായൊരു ബജറ്റ് തയാറാക്കുകയെന്നത് ശ്രമകരമായൊരു ദൗത്യമാണ്. വരുമാനത്തില്‍ ഗണ്യമായ ഇടിവും ക്ഷേമ — വികസന പ്രവര്‍ത്തനങ്ങളുടെ വ്യാപ്തിയെ തുടര്‍ന്ന് ചെലവിനത്തില്‍ വന്‍തോതിലുള്ള വര്‍ധനയും സംഭവിച്ച ഒരു ഘട്ടത്തില്‍ പ്രത്യേകിച്ച്. എന്നാല്‍ ജനങ്ങളില്‍ വലിയ ഭാരങ്ങള്‍ അടിച്ചേല്പിക്കാതെയുള്ള വരുമാന വര്‍ധനാ നിര്‍ദേശങ്ങളും വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഭാവിയെകൂടി ലക്ഷ്യം വച്ചുള്ള പുതിയ പരിപ്രേക്ഷ്യവും മുന്നോട്ടുവച്ചുകൊണ്ടാണ് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഏറ്റവും പ്രധാനം വിജ്ഞാനത്തെ ഉല്പാദനവുമായി ബന്ധിപ്പിക്കാനുള്ള നടപടികളാണ്. 1000 കോടി രൂപ ചെലവിൽ നാല് സയൻസ് പാർക്കുകൾ, വിജ്ഞാന സാമ്പത്തിക മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഡിസ്ട്രിക്ട് സ്കിൽ പാർക്കുകൾ, എല്ലാ നിയമസഭാ മണ്ഡലങ്ങളിലും നൈപുണിക കോഴ്സുകൾ, പുതിയ രണ്ട് ഐ ടി പാർക്കുകൾ, നാല് ഐ ടി ഇടനാഴികൾ, 20 പുതിയ മൈക്രോ ഐ ടി പാർക്കുകൾ എന്നിവ തുടങ്ങുമെന്ന നിര്‍ദേശങ്ങള്‍ വിജ്ഞാനത്തെ ഉല്പാദനവുമായി ബന്ധിപ്പിക്കുന്നിനുള്ള നൂതനാശയങ്ങളാണ്. മഹാമാരിയുടെ കാലത്ത് ഏറ്റവും അനിവാര്യമായതാണ് ആധുനികമായ ആരോഗ്യ പരിപാലനരംഗം. അതിന്റെ ഭാഗമായാണെങ്കിലും ആരോഗ്യ സംരക്ഷണം, ജനിതക വൈകല്യങ്ങളുടെ പഠനം, പ്രാഥമിക മേഖലയുടെ ഉല്പാദന ക്ഷമത മെച്ചപ്പെടുത്തൽ എന്നിവയ്ക്കായി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന കേരള ജനോമിക് ഡേറ്റാ സെന്റർ ആ പരിധിക്കകത്തു മാത്രമല്ല. കാർഷിക, കന്നുകാലി മേഖലയുമായും ബന്ധപ്പെടുത്തിയായിരിക്കുമെന്ന നിര്‍ദേശം കേരളത്തിന്റെ സമ്പദ്ഘടനയെ നവീകരിക്കുന്നതിന് ഈ മേഖലകള്‍ക്കുള്ള പങ്ക് ഊന്നിപ്പറയുന്നതിന്റെ കൂടി ഉദാഹരണമാണ്. കാർഷിക വിഭവങ്ങളിൽ നിന്നും മൂല്യവർധിത ഉല്പന്നങ്ങളുണ്ടാക്കാൻ മൂല്യവർധിത കാർഷിക മിഷൻ, മൂല്യവർധിത ഉല്പന്നങ്ങൾക്കുള്ള ബൾക്ക് ടെട്രാ പാക്കിങ്, പരിശോധനാ സർട്ടിഫിക്കേഷൻ മുതലായവയ്ക്ക് അഗ്രിടെക് ഫെസിലിറ്റി കേന്ദ്രങ്ങൾ, കേരളത്തിന്റെ തനതായ ഉല്പന്നങ്ങൾ നിര്‍മ്മിക്കുന്നതിനും വിപണനം ചെയ്യുന്നതിനും 10 മിനി ഫുഡ് പാർക്കുകൾ, കാർഷിക മൂല്യവർധിത ഉല്പന്നങ്ങളുടെ വിപണനം മെച്ചപ്പെടുത്താൻ സിയാൽ മാതൃകയിൽ മാർക്കറ്റിങ് കമ്പനി എന്നിവയെല്ലാം കാര്‍ഷിക സമ്പദ്ഘടനയെ കേരളത്തിന്റെ വികസനത്തിനും ജനവിഭാഗങ്ങളുടെ ജീവിതോപാധിയാക്കുന്നതിനുമുള്ള നിര്‍ദേശങ്ങളാണ്.


ഇതുകൂടി വായിക്കാം; പ്രതിസന്ധികളില്‍ പതറാതെ, സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള കേരള ബജറ്റ്


അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് എല്ലാ കാലവും കാരുണ്യസ്പര്‍ശം നല്കിയിരുന്ന എല്‍ഡിഎഫ്‍ സര്‍ക്കാര്‍ ദുരന്തകാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരം കൂടിയായിരുന്നു തുടര്‍ഭരണത്തിന് കാരണമായത്. സാധാരണക്കാരോടും പാര്‍ശ്വവല്കൃത വിഭാഗങ്ങളോടും ചേര്‍ന്നുനിന്നാണ് ഇനിയും മുന്നോട്ടുപോകുകയെന്നതിന് നിരവധി നിര്‍ദേശങ്ങളാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിലുള്ളത്. അതി ദാരിദ്ര്യ ലഘൂകരണ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 100 കോടി രൂപ അനുവദിക്കും, വഴിയോര കച്ചവടക്കാർക്ക് സോളാർ പുഷ് കാർട്ടുകൾ അനുവദിക്കല്‍, നെല്ലിന്റെ താങ്ങുവില 28.2 രൂപയായി ഉയർത്തും, ഇടമലക്കുടിക്കായി സമഗ്ര വികസന പാക്കേജ്, പട്ടികജാതി പട്ടിക വർഗ വിഭാഗത്തിലെ കുട്ടികളുടെ പ്രതിമാസ മെസ്സ് അലവൻസ് വർധിപ്പിക്കും, ഈ വിഭാഗത്തിൽപ്പെട്ട സിവിൽ എന്‍ജിനീയറിങ് ബിരുദം/ഡിപ്ലോമ/ഐടിഐ യോഗ്യതയുള്ളവരെ അക്രഡിറ്റഡ് എന്‍ജിനീയർ/ ഓവർസിയർമാരായി രണ്ടുവർഷത്തേക്ക് നിയമിക്കും, ട്രാൻസ്ജെൻഡറുകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാമൂഹിക പരിരക്ഷ നൽകാനുമുള്ള മഴവിൽ പദ്ധതി എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളെല്ലാം പാര്‍ശ്വവല്കൃത — അവശ വിഭാഗങ്ങളോടുള്ള സര്‍ക്കാര്‍ സമീപനം വ്യക്തമാക്കുന്നതാണ്. 80 വയസു പിന്നിട്ടവര്‍ക്കായി വീട്ടിലെത്തി മസ്റ്ററിങ് ചെയ്യാനുള്ള നടപടി, ലൈഫ് മിഷനിലൂടെ കൂടുതല്‍ വീടുകള്‍ എന്നിവയും അവശ ജനവിഭാഗങ്ങളോടുള്ള കരുതലിന്റെ ഉദാഹരണങ്ങളാണ്. രണ്ടാം കുട്ടനാട് പാക്കേജിനായി 140 കോടി, ഇടുക്കി, വയനാട്, കാസർകോട് പാക്കേജുകൾക്കായി 75 കോടി, ശബരിമല മാസ്റ്റർ പ്ലാനിനായി 30 കോടി രൂപ വീതം നീക്കിവച്ചത് പ്രാദേശിക അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ളവയാണ്. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള സമഗ്രവും ആസൂത്രിതവുമായ പദ്ധതികളുടെ ഭാഗമായുള്ള എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന റേഷൻ കടകൾ, പട്ടിക വിഭാഗങ്ങളിൽപ്പെട്ടവരും മത്സ്യത്തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളില്‍ ഭക്ഷ്യധാന്യങ്ങള്‍ നേരിട്ടെത്തിക്കുന്നതിനുള്ള വാതിൽപ്പടി റേഷൻ കട, സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി 342.64 കോടി രൂപ എന്നിവ ശ്രദ്ധേയമാണ്. തിരുവനന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്ററിനെ സംസ്ഥാന കാന്‍സര്‍ സെന്ററായി മാറ്റുമെന്നതുള്‍പ്പെടെ സാധാരണക്കാര്‍ക്കും കാന്‍സര്‍ ചികിത്സ വേഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള നിര്‍ദേശങ്ങളുമുണ്ട്. വികസനോന്മുഖം എന്നതിനൊപ്പം തന്നെ ബദല്‍ അവതരിപ്പിക്കുക കൂടി ചെയ്യുന്നുവെന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റിനെ വേറിട്ടതാക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങള്‍ വില്പനയ്ക്കുവച്ച് ധനസമാഹരണത്തിന് ശ്രമിക്കുന്ന കേന്ദ്ര നയത്തിന് പകരം കൊച്ചി വിമാനത്താവള കമ്പനിയായ സിയാലിനെ പൊതുമേഖലയിൽ നിലനിർത്തുന്നതിന് 186 കോടി രൂപയുടെ മൂലധന നിക്ഷേപം പ്രഖ്യാപിച്ചത് ഈ ബദലിന്റെ നിദാനമായി ചൂണ്ടിക്കാട്ടാവുന്നതാണ്. ഭാവികേരളത്തെ രൂപപ്പെടുത്തുന്നതിന് പണിയപ്പെട്ട അടിത്തറയില്‍ നിന്നുകൊണ്ടുള്ള സാമൂഹ്യ ക്ഷേമ — വികസന നിര്‍ദേശങ്ങള‍ടങ്ങിയ ബജറ്റിന് കേരളം ഒന്നാകെ കയ്യടിക്കുമെന്നുറപ്പാണ്.

You may also like this video;

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.