12 June 2024, Wednesday

Related news

February 14, 2024
February 5, 2024
February 5, 2024
February 2, 2024
January 31, 2024
January 23, 2024
January 12, 2024
January 11, 2024
January 5, 2024
December 28, 2023

ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; സഭ പ്രക്ഷുബ്ധമാകും

Janayugom Webdesk
ന്യൂഡല്‍ഹി
January 31, 2024 6:00 am

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്ട്രപതിയുടെ പ്രസംഗത്തോടെ ആരംഭിക്കുന്ന സമ്മേളനം ഫെബ്രുവരി ഒമ്പതിനാണ് സമാപിക്കുക. രാജ്യത്ത് മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍, വിലക്കയറ്റം, ഇഡി വേട്ടയാടല്‍, കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങളോടുള്ള കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകുന്നതോടെ സഭയുടെ അവസാന സമ്മേളനവും പതിവുപോലെ പ്രക്ഷുബ്ധമാകും.
നാളെ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കും. പേപ്പര്‍ രഹിത ബജറ്റാണ് ഇത്തവണയും ധനമന്ത്രി അവതരിപ്പിക്കുക. തെരഞ്ഞെടുപ്പിന് ശേഷം അധികാരമേല്‍ക്കുന്ന പുതിയ സർക്കാർ ആയിരിക്കും സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുക.
സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ഉയര്‍ത്തി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

രാജ്യത്ത് മതേതരത്വത്തിനെതിരെ ഉയരുന്ന ഭീഷണികള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യണമെന്ന് വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ ആവശ്യം ഉയര്‍ത്തി. സഭ സ്തംഭിപ്പിക്കണമെന്ന് ആഗ്രഹമില്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ കഴിവുകേട് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുകയാണ് ലക്ഷ്യമെന്നും ഇന്ത്യ സഖ്യം നേതാക്കള്‍ പറഞ്ഞു. ഏത് വിഷയവും ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കമാണെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

പാര്‍ലമെന്റ് അക്രമണത്തെ സംബന്ധിച്ച് ഭരണാധികാരികള്‍ തുടരുന്ന മൗനം അവസാനിപ്പിക്കണമെന്ന് സര്‍വകക്ഷി യോഗത്തില്‍ സിപിഐയെ പ്രതിനിധീകരിച്ച പി സന്തോഷ് കുമാര്‍ എംപി ആവശ്യപ്പെട്ടു. കേരളത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സാമ്പത്തിക നിയന്ത്രണങ്ങളും പ്രതികാര നടപടികളും അദ്ദേഹം യോഗത്തില്‍ ഉയര്‍ത്തിക്കാട്ടി. സംസ്ഥാന ഭരണത്തില്‍ ഗവര്‍ണര്‍മാരുടെ ഇടപെടല്‍, തൊഴിലില്ലായ്മ, തുടരുന്ന മണിപ്പൂര്‍ കലാപം, രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്കെതിരെയുള്ള ബിജെപി നീക്കങ്ങള്‍ തുടങ്ങിയവയും ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

എംപിമാരുടെ സസ്പെൻഷൻ പിൻവലിച്ചു

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷ എംപിമാരുടെ സസ്പെൻഷൻ പിൻവലിച്ചു. രാജ്യസഭയിലെ 11 എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ട് ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ ഉത്തരവിറക്കി. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ 146 പ്രതിപക്ഷ എംപിമാര്‍ക്കാണ് സസ്‌പെൻഷന്‍ ലഭിച്ചത്. രാജ്യസഭാ പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട 11 പേരുടെ സസ്പെന്‍ഷനാണ് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പിന്‍വലിച്ചത്. സസ്പെന്‍ഷന്‍ നിലനിര്‍ത്തണമെന്ന ശുപാര്‍ശയോടെയാണ് പ്രിവിലേജ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്ക് മുന്നോടിയായി സസ്പെന്‍ഷന്‍ നീക്കി ധന്‍ഖര്‍ ഉത്തരവിടുകയായിരുന്നു. ലോക്‌സഭയിലെ മൂന്ന് അംഗങ്ങളുടെ സസ്പെന്‍ഷനാണ് പ്രിവിലേജ് കമ്മിറ്റിക്ക് വിട്ടിരിക്കുന്നത്.

Eng­lish Summary:Budget ses­sion begins today; The church will be in turmoil
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.