28 April 2024, Sunday

Related news

February 14, 2024
February 5, 2024
February 5, 2024
February 2, 2024
January 31, 2024
January 23, 2024
January 12, 2024
February 17, 2023
February 6, 2023
February 3, 2023

കേരളം ഇന്ത്യയിലെ മികച്ച ടൂറിസം കേന്ദ്രമാകും

Janayugom Webdesk
തിരുവനന്തപുരം
February 5, 2024 10:23 am

രാജ്യത്തെ മികച്ച ടൂറിസം ഡെസ്റ്റിനേഷനായി കേരളത്തെ മാറ്റുവാനുള്ള പദ്ധതികള്‍ വിഭാവനം ചെയ്ത് സംസ്ഥാന ബജറ്റ്. വിനോദ സഞ്ചാര മേഖലയ്ക്ക് 351.42 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഈ മേഖലയിൽ ഒരു വര്‍ഷത്തിനുള്ളില്‍ 5,000 കോടി രൂപയുടെ നിക്ഷേപം വരുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതാണ്. തിരഞ്ഞെടുത്ത 20 ഡെസ്റ്റിനേഷനുകളില്‍ അഞ്ഞൂറിലധികം ആളുകൾക്ക് ഒരുമിച്ച് ചേരാനുമുള്ള സൗകര്യം സജ്ജമാക്കാൻ സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്വകാര്യമേഖലയെ കൂട്ടിയിണക്കി പ്രത്യേക പദ്ധതി തയാറാക്കും.

ആദ്യഘട്ടമായി വർക്കല, കൊല്ലം, മൺറോ തുരുത്ത്, ആലപ്പുഴ, മൂന്നാർ, ഫോർട്ട് കൊച്ചി, പൊന്നാനി, ബേപ്പൂർ, കോഴിക്കോട്, കണ്ണൂര്‍, ബേക്കല്‍ എന്നിവിടങ്ങളില്‍ ഈ സൗകര്യമൊരുക്കും. 50 കോടി രൂപ ഇതിനായി വകയിരുത്തി. കേരളാ ടൂറിസം ഡെവലപ്മെന്റ് കോര്‍പറേഷന് വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 12 കോടി രൂപയാണ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. ഇക്കോ ടൂറിസത്തിന് 1.9 കോടി രൂപയും തെന്മല ഇക്കോ ടൂറിസത്തിന് അധികമായി രണ്ടു കോടി രൂപയും അനുവദിച്ചു. വിനോദസഞ്ചാര മേഖലയില്‍ നൈപുണ്യവും ഗുണമേന്മയുമുള്ള മാനവ വിഭവ ശേഷി സൃഷ്ടിക്കുന്ന പദ്ധതിക്കായി 17.15 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ദേശീയ, അന്തര്‍ദേശീയ വിപണിയുടെ ശ്രദ്ധാകേന്ദ്രമായി മാറുന്നതിന് വിഭാവനം ചെയ്തിട്ടുള്ള ടൂറിസം വിപണന പദ്ധതികള്‍ക്കായി 78.17 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. 

സംസ്ഥാനത്ത് നിലവിലുള്ള 24 അതിഥി മന്ദിരങ്ങള്‍, നാല് യാത്രിനിവാസുകള്‍, കൂടാതെ രണ്ട് കേരള ഹൗസുകള്‍ എന്നിവയ്ക്കായി 20 കോടി രൂപ നീക്കിവച്ചു. കൊച്ചി, ആലപ്പുഴ, ബേപ്പൂര്‍, കൊല്ലം എന്നീ നാല് ഡെസ്റ്റിനേഷനുകളില്‍ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍, വിശ്രമകേന്ദ്രങ്ങള്‍, റെസ്റ്റോറന്റുകള്‍, ചെറുവിനോദത്തിനുളള ഇടങ്ങള്‍, കൂടാതെ മോട്ടലുകള്‍ എന്നിവ ഉള്‍പ്പെടുന്ന മിനി മറീനകളും യാട്ട് ഹബ്ബുകളും വികസിപ്പിക്കും. ദേശീയ‑അന്തര്‍ദേശീയ തലത്തിലുള്ള വലിയ ഇവന്റുകള്‍ക്ക് വേദിയാകാന്‍ കഴിയുംവിധം വിപുലമായ കണ്‍വെന്‍ഷന്‍ സെന്ററുകള്‍ വികസിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കും.
വനം ‑ടൂറിസം — സാംസ്കാരിക വകുപ്പുകളുടെ ഏകോപിതമായ പ്രവര്‍ത്തനത്തോടെ നിരവധി ഇക്കോ ടൂറിസം കേന്ദ്രങ്ങളെ വികസിപ്പിക്കും. കേരളത്തിന്റെ പരമ്പരാഗത ഉത്സവങ്ങളുടെ പ്രോത്സാഹനം, സംരക്ഷണം, കായല്‍ത്തീരങ്ങളെ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കല്‍, വള്ളംകളിയെ അന്താരാഷ്ട്ര നിലവാരമുള്ള കായിക ഇനമാക്കി മാറ്റുക എന്നീ ലക്ഷ്യങ്ങളോടുകൂടി സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ലീഗിനായി 9.96 കോടി രൂപ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: 500 crore for tourism sector
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.