23 December 2024, Monday
KSFE Galaxy Chits Banner 2

പുല്ലാങ്കുഴലിൽ സ്വരമഴ തീർത്ത് കേശവ്

Janayugom Webdesk
January 5, 2023 10:12 pm

സംഗീത മഴയുടെ കുളിരണിയിച്ച് പതിനാലാം വേദി തിരുനെല്ലിയിൽ പുല്ലാങ്കുഴൽ നാദം ഒഴുകിപ്പടർന്നു. പുല്ലാങ്കുഴലിന്റെ സ്വരമാധുര്യത്തിൽ ഈ വേദിയെ കീഴടക്കുകയായിരുന്നു കേശവ് ജെ ചന്ദ്ര. ഹയർ സെക്കന്‍ഡറി വിഭാഗം ഓടക്കുഴലിലാണ് സമൂഹമാധ്യമങ്ങൾ വഴി ഒറ്റയ്ക്ക് തേച്ച് മിനുക്കി എടുത്ത കഴിവുമായി കേശവ് മത്സരിക്കാനെത്തിയത്. സംഗീത സംവിധായകനായ അച്ഛൻ ജീവനാണ് കേശവിന് സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ പകർന്ന് നൽകിയത്. 

അച്ഛൻ പാട്ടിന്റെ ലോകത്ത് ജീവിക്കുമ്പോൾ കേശവിന് പ്രിയം സംഗീതോപകരണങ്ങളോടായിരുന്നു. അതിൽ ഏറ്റവും പ്രിയപ്പെട്ടതായിരുന്നു വയലിനും ഓടക്കുഴലും. എട്ടുവർഷമായി ഗുരുവായ പി ലളിതയിൽ നിന്ന് വയലിൻ പഠിച്ചപ്പോൾ ഓടക്കുഴലിന് മറ്റൊരു ഗുരുവിനെ കേശവ് തേടിപ്പോയില്ല. സമൂഹ മാധ്യമങ്ങളുടെ സഹായത്തോടെ ഓടക്കുഴൽ നാദത്തെ സ്വയത്തമാക്കുകയായിരുന്നു. 

മോഹനം രാഗത്തിൽ കേശവ് വായിച്ച സദ് കൃപാലയ കീർത്തനം താളത്തിലങ്ങനെ കാണികളിലേക്ക് ഒഴുകിപ്പടർന്നു. നിരവധി വേദികളിൽ ഓടക്കുഴൽ വായിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നത്. കോഴിക്കോട് പന്തിരാങ്കാവ് സ്വദേശിയായ കേശവ്, റഹ്മാനിയ എച്ച്എസ്എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. കേശവിന്റെ കലാസപര്യയ്ക്ക് പൂർണ പിന്തുണയുമായി അച്ഛൻ ജീവനും അമ്മ മിധുവും കൂടെ തന്നെയുണ്ട്. 

Eng­lish Summary;Keshav sings the melody on the flute
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.