23 December 2024, Monday
KSFE Galaxy Chits Banner 2

റൊമേനിയ പിടിച്ചടക്കി ഗ്വാളിയര്‍ മഹാരാജാവ്!

ദേവിക
വാതിൽപ്പഴുതിലൂടെ
March 7, 2022 7:30 am

യുദ്ധം ചോരപ്പുഴയാണ്, കൂട്ടക്കുരുതിയാണ്. അനാഥത്വമാണ്, വിലാപമാണ്, പലായനമാണ് എന്നൊക്കെ നാം നൊമ്പരത്തോടെ വര്‍ണിക്കാറുണ്ട്. എന്നാല്‍ യുദ്ധരംഗങ്ങള്‍ വലിയൊരു തമാശയാണെന്ന് മാറ്റിമറിക്കാന്‍ ഗ്വാളിയര്‍ രാജകുമാരന്‍ ജ്യോതിരാദിത്യസിന്ധ്യക്കേ കഴിയൂ. ബിജെപിയുടെ കേന്ദ്രമന്ത്രിയായ ഈ ജൂനിയര്‍ സിന്ധ്യയെ അറിയില്ലേ. ഗ്വാളിയര്‍ മഹാരാജാവും കോണ്‍ഗ്രസിന്റെ മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന മാധവറാവു സിന്ധ്യയുടെ അരുമമകന്‍. യുപിയിലെ മെയിന്‍പുരിയിലെ മോട്ട ഗ്രാമത്തില്‍ നടന്ന വിമാനാപകടത്തില്‍ മാധവറാവു സിന്ധ്യ അകാലത്തില്‍ പൊലിഞ്ഞു. പ്രതിപക്ഷത്തിനു പോലും പ്രിയങ്കരന്‍. എന്നാല്‍ നല്ല വീട്ടില്‍ അസുരവിത്തും പിറക്കുമെന്നാണല്ലോ പ്രമാണം. അത്തരം ഒരസുരവിത്തായിപ്പോയി ഇപ്പോഴത്തെ ഈ മഹാരാജാവ്‍. മോഡി മന്ത്രിസഭയില്‍ ഒരു പായും തലയിണയും കിട്ടുമെന്നായപ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് എടുത്തൊരുചാട്ടം. മോഡിക്കാണെങ്കില്‍ വത്സലന്‍. അങ്ങനെ ഉക്രെയ്‌ന്‍ യുദ്ധത്തില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ദൗത്യമേല്പിച്ച് ഗ്വാളിയര്‍ മഹാരാജാവിനെ റുമേനിയയ്ക്ക് അയച്ചു. പാവം മറന്നുപോയി താന്‍ ഗ്വാളിയറിലെ മാത്രം കിരീടമില്ലാ രാജാവാണെന്ന്. ഇന്ത്യാക്കാരുടെ അഭയാര്‍ത്ഥി ക്യാമ്പിലെത്തിയ സിന്ധ്യ മഹാരാജാവ് കയര്‍ത്തു. ഇവര്‍ക്കെന്തേ ബര്‍ഗറും പിസയും നല്‍കിയില്ല. രണ്ടു പെഗ് സ്കോച്ച് വിസ്കിയും നല്‍കാമായിരുന്നില്ലേ. ഒരു കഷണം ബ്രഡും ഒരു കുപ്പി വെള്ളവും പോലും ആഡംബരമായി കരുതുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കയ്യടി നേടാനുള്ള നമ്പര്‍. ഇതു കേട്ട റുമേനിയ ഡെപ്യൂട്ടി മേയര്‍ ചാടിവീണു. താനെന്താടോ സംസാരിക്കുന്നതെന്ന് കയര്‍ത്തു. സിന്ധ്യയുണ്ടോ വിടുന്നു. താനെങ്ങനെ സംസാരിക്കണമെന്ന് താന്‍ തീരുമാനിക്കും. താന്‍ ഗ്വാളിയര്‍ മഹാരാജാവാണ്. ഈ കുട്ടികള്‍ക്കൊക്കെ ആവശ്യത്തിനു ഭക്ഷണമെത്തിച്ചതു താനാണെന്ന് ഡെപ്യൂട്ടി മേയര്‍. ഇയാളേതു കോപ്പിലെ രാജാവായാലും ഇനി വാ തുറന്നാല്‍ പല്ലു മുഴുവന്‍ ഗ്വാളിയറില്‍ പറന്നു വീഴുമെന്നായി ഡെപ്യൂട്ടി മേയര്‍. മേയറെ അഭിനന്ദിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കയ്യടി, ആര്‍പ്പുവിളി! ഇന്ത്യാക്കാരെ ഇന്ത്യന്‍ മന്ത്രിക്കെതിരാക്കാന്‍ ഇതില്‍പ്പരം ഒരു വൈഭവം വേണോ? മോഡി രക്ഷാപ്രവര്‍ത്തനത്തിന് പോളണ്ടിലേക്ക് അയച്ചത് മുന്‍ കരസേനാ മേധാവിയും വിദേശകാര്യ സഹമന്ത്രിയുമായ ജനറല്‍ വി കെ സിങ്ങിനെ. ഭാഗ്യവശാല്‍ ജനറല്‍ ഏമാന്‍ അവിടത്തെ ഭരണാധികാരികളോട് അങ്കത്തിനൊന്നും പുറപ്പെട്ടില്ല. പക്ഷേ താനൊരു മരപ്പൊട്ടനാണെന്ന് ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുന്നു. പോളണ്ടിലേക്ക് രക്ഷപ്പെടുന്നതിനിടെ കര്‍ണാടകയില്‍ നിന്നുള്ള ഒരു പയ്യന്‍ വെടിയേറ്റു മരിച്ചു. ഗുണാണ്ടര്‍സിങ് ഉടനെ കല്പിച്ചു, മരിച്ചയാള്‍ അവിടെത്തന്നെ കിടന്നോളണം. തലപൊക്കരുത്. എങ്കില്‍ വെടിയേല്ക്കാന്‍ സാധ്യതയുണ്ട്! എപ്പടിയുണ്ട്. സുരക്ഷാ വിദഗ്ധനായ ജനറലിന്റെ ഉപദേശം. ഇതിനിടെ റഷ്യക്കും പുടിനുമെതിരെ ഉപരോധംകൊണ്ടു വരിഞ്ഞു മുറുക്കുകയാണ് യുഎസും പാശ്ചാത്യരാജ്യങ്ങളും ചേര്‍ന്ന മുന്നണി. പുടിനാണെങ്കില്‍ തായ്‌ക്വണ്ടേ കരാട്ടയിലെ ബ്ലാക്ക് ബെല്‍റ്റ്. ഉപരോധത്തിന്റെ ഭാഗമായി പുടിന്റെ ബ്ലാക്ക് ബെല്‍റ്റ് റദ്ദാക്കിയിരിക്കുന്നു.


ഇതുകൂടി വായിക്കാം; വാറ്റുചാരായം വിളമ്പാന്‍ ശ്രീകൃഷ്ണനെത്തി!


ചിലരൊക്കെ പറഞ്ഞപോലെ ശുംഭന്മാരും കൊഞ്ഞാണന്മാരുമല്ലെങ്കില്‍ ബ്ലാക്ക് ബെല്‍റ്റ് തിരിച്ചെടുത്താല്‍ പുടിനെങ്ങനെ പുടിനല്ലാതാകും. നമുക്കുമുണ്ട് അഭിമാനതാരമായി ഒരു തായ്‌ക്വണ്ടേ കരാട്ടേ ബ്ലാക്ക് ബെല്‍റ്റ്. കളരി, വാള്‍ പയറ്റ്, വെടിവയ്പ് എന്നിവയിലും പ്രശസ്തനായ‍ പി സി ജോര്‍ജ്ജ്. തെറി കൊണ്ടു മാത്രം കാര്യമില്ലെന്നറിഞ്ഞ് ഈ ആയോധനകലകളെല്ലാം വശത്താക്കിയവന്‍, അഖിലലോക തായ്‌ക്വണ്ടേ ഫെഡറേഷനു ധൈര്യമുണ്ടെങ്കില്‍ പി സിയുടെ ബ്ലാക്ക് ബെല്‍റ്റ് ഒന്നു റദ്ദാക്കി നോക്കിയേ. അപ്പോള്‍ക്കാണാം തായ്‌ക്വണ്ടേ ആസ്ഥാനം തകര്‍ത്തു തരിപ്പണമാക്കുന്ന നാടന്‍ തെറിയുടെ സ്വയമ്പന്‍ പീരങ്കി പ്രയോഗം! നമ്മുടെ ആത്മകഥാ സാഹിത്യം അങ്ങു കൊണ്ടുകയറുകയല്ലേ? ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എഴുതി ഡിജിപി ജേക്കബ് തോമസ് സസ്പെന്‍ഷന്‍ വാങ്ങി. ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എഴുതി എം ശിവശങ്കര്‍ ഐഎഎസ് സസ്പെന്‍ഷന്‍ പിന്‍വലിപ്പിച്ചു. സോളാര്‍ റാണി സരിതാ എസ് നായര്‍ ‘തനിക്കു കാന്‍സര്‍ തന്നവര്‍’ എന്നോ മറ്റോ ഉള്ള ആത്മകഥയുടെ പണിപ്പുരയില്‍. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെഴുതിയ ആത്മകഥയുടെ പ്രകാശനം ഇന്നലെ നടന്നു. സ്വര്‍ണ സുന്ദരി സ്വപ്നാസുരേഷിന്റെ ആത്മകഥ ഒന്ന് എഴുതി കിട്ടിയെങ്കില്‍ സമ്മാനം നല്കാന്‍ കാത്തിരിക്കുകയാണ് നൊബേല്‍ സമ്മാന കമ്മിറ്റി. നിയമങ്ങളെ എങ്ങനെയും വ്യാഖ്യാനിക്കാമന്ന നിലവന്നിരിക്കുന്നു. പ്രതിയായ യുവതിയുടെ കിടപ്പറരഹസ്യങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന് ഒരു കോടതി. വിവാഹിതനായ പൊലീസുകാരനു വൃദ്ധയായ വിധവയുമായുള്ള അവിഹിതബന്ധം സാധുവാണെന്ന് അഹമ്മദാബാദ് ഹൈക്കോടതിയുടെ സൂപ്പര്‍ വിധി. അനാശാസ്യബന്ധത്തിന്റെ പേരില്‍ പെരുമാറ്റച്ചട്ടമനുസരിച്ച് പിരിച്ചുവിട്ട പൊലീസുകാരനെ തിരിച്ചെടുക്കണമെന്നും വിധിയില്‍ പറയുന്നു. ഡോക്ടര്‍ ചമഞ്ഞ് എട്ടു സംസ്ഥാനങ്ങളില്‍ നിന്നു പതിനേഴു പെണ്ണുങ്ങളെ കല്യാണം കഴിച്ച വിരുതനെ പിടികൂടിയെന്നു മറ്റൊരു വാര്‍ത്ത. പതിനേഴു പെണ്ണുങ്ങളുടെയും തുടകളില്‍ ഒരേ ചിത്രം പച്ചകുത്തിച്ച വൃദ്ധവീരന്‍. കല്യാണഘോഷയാത്ര അയാളുടെ മൗലികാവകാശമാണെന്ന് വിധിയുണ്ടാകാന്‍ കല്യാണരാമന്മാര്‍ കാത്തിരിക്കുന്നു. നിയമത്തെ എങ്ങനെയും വ്യാഖ്യാനിച്ച് രക്ഷപ്പെടാമെന്ന ഒരു യുവധീരനെക്കുറിച്ചും വാര്‍ത്ത വരുന്നു. കഥയിലെ ഉലകനായകന്‍ എസ്എഫ്ഐയുടെ എറണാകുളം ജില്ലാ പ്രസിഡന്റ് പി എം അര്‍ഷോ. എം ജി സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പിനിടയില്‍ എഐഎസ്എഫിന്റെ സംസ്ഥാന നേതാവിനെ മര്‍ദ്ദിക്കുകയും വനിതാ നേതാവിനെ പച്ചത്തെറിവിളിച്ച് കയ്യേറ്റം ചെയ്യുകയും ചെയ്ത അര്‍ഷോ സംഭവം നടക്കുമ്പോള്‍ നാല്പതോളം കേസുകളില്‍ പ്രതിയായിരുന്നു. മര്‍ദ്ദനകേസുകളില്‍ ജാമ്യത്തിലിറങ്ങിയശേഷം 12 കേസുകളില്‍ കൂടി പ്രതിയായതിനാല്‍ ഹൈക്കോടതി ഈ ക്രിമിനലിന്റെ ജാമ്യം റദ്ദാക്കുകയായിരുന്നു. വധശ്രമം ഉള്‍പ്പെടെ 57 കേസുകള്‍. അര്‍ഷോയുടെ ക്രിമിനല്‍ വിളയാട്ടങ്ങളെക്കുറിച്ച് മര്‍ദ്ദനമേറ്റ എഐഎസ്എഫ് നേതാവ് നിസാം നാസര്‍ നല്കിയ ഹര്‍ജിയിലാണ് ജാമ്യം റദ്ദാക്കിയത്. ഈ വാര്‍ത്തയ്ക്കൊപ്പം അര്‍ഷോയുടേതിനു സമാനമായ അഞ്ച് കേസുകളില്‍ പ്രതിയായെന്ന പേരില്‍ മഞ്ജുനാഥ് എന്ന യുവാവിനെ കാപ്പചുമത്തി കണ്ണൂര്‍ സിറ്റി പൊലീസ് നാടുകടത്തിയെന്ന മറ്റൊരു വാര്‍ത്തയും വരുന്നു. അപ്പോള്‍ മഞ്ജുനാഥിനു മുമ്പ് നാടുകടത്തേണ്ടത് അര്‍ഷോയെയല്ലേ. നിയമം എങ്ങനെയും വ്യാഖ്യാനിക്കാന്‍ വഴിയുണ്ട് വൈദ്യരേ എന്നല്ലേ വ്യവഹാരചൊല്ല്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.