2 November 2024, Saturday
KSFE Galaxy Chits Banner 2

ഹൈടെക്ക്‌ ആക്കി കൈറ്റ്; കൈറ്റ് വിക്ടേഴ്സിൽ ലൈവും

Janayugom Webdesk
കൊച്ചി
November 2, 2024 10:43 pm

നവംബർ നാലിന് ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ മത്സരക്രമവും ഫലങ്ങളും തത്സമയം ലഭിക്കുന്നതിനുള്ള ഓൺലൈൻ സംവിധാനം കൈറ്റ് സജ്ജമാക്കി. www.sports.kite. kerala.gov.in പോർട്ടൽ വഴി സബ് ജില്ലാതലം മു­തൽ സംസ്ഥാനതലം വരെയുള്ള 730 മത്സര ഇനങ്ങളുടെ നടത്തിപ്പിന്റെ വിശദാംശങ്ങൾ പൂർണമായും ഓൺലൈനായി കിട്ടും. 17 വേദികളിലായി എറണാകുളത്ത് നടക്കുന്ന സംസ്ഥാന കായികമേളയുടെ എല്ലാ മത്സര വേദികളിലേയും തത്സമയ ഫലങ്ങളും മത്സര പുരോഗതിയും മീറ്റ് റെക്കോഡുകളും പോർട്ടലിലൂടെ ലഭിക്കും. ഫലങ്ങൾ ജില്ല, സ്കൂൾ തിരിച്ചും വിജയികളുടെ ചിത്രങ്ങളോടെയും കൈറ്റിന്റെ സ്പോർട്സ് പോർട്ടലിൽ ലഭ്യമാക്കും. ഓരോ കുട്ടിയുടെയും സബ് ജില്ലാതലം മുതൽ ദേശീയതലം വരെയുള്ള എല്ലാ പ്രകടന വിവരങ്ങളും കൃത്യമായി ട്രാക്ക് ചെയ്യാനുള്ള സ്കൂൾ സ്പോർട്സ് യൂണിക് ഐഡന്റിഫിക്കേഷൻ നമ്പറും നിലവിലുണ്ട്. സംസ്ഥാന തലത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ രജിസ്ട്രേഷനായി ഈ വർഷം പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും കൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. ലൈവ് കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയും ചാനലിന്റെ വെബ്, മൊബൈൽ പ്ലാറ്റ്ഫോമുകൾ വഴിയും കായികമേള ലോകത്തെവിടെനിന്നും ലൈവായി കാണാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. പ്രധാന വേദികൾ മാറി മാറി ലൈവായി കാണിക്കും. മറ്റ് വേദികളിൽ നിന്നുള്ള ദൃശ്യങ്ങളും കൈറ്റ് വിക്ടേഴ്സിൽ ലഭ്യമാകും.

മത്സര ഫലങ്ങൾ, വിജയികളുടെ വിവരങ്ങൾ, അഭിമുഖങ്ങൾ തുടങ്ങിയവയും സംപ്രേഷണം ചെയ്യും. രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് 12 മണി വരെയും വൈകുന്നേരം രണ്ട് മണി മുതൽ മത്സരം അവസാനിക്കുന്നതുവരെയും സംപ്രേഷണം ഉണ്ടായിരിക്കും. www.victers.kite.kerala.gov.in, KITE VICTERS മൊബൈൽ ആപ്പ് എന്നിവ വഴിയും youtube. com/itsvicters എന്ന യുട്യൂബ് ചാനൽ വഴിയും ലൈവായി കാണാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.