3 February 2026, Tuesday

ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന് കെ എൻ എ ഖാദർ: ലീഗ് ലക്ഷ്യം സാമുദായിക ധ്രുവീകരണം

സുരേഷ് എടപ്പാൾ 
മലപ്പുറം
February 3, 2026 10:08 pm

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അധികാരം ലഭിച്ചാൽ മുസ്ലിം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനവും ഏഴ് മന്ത്രിമാരും വേണമെന്ന ലീഗ് നേതാക്കളുടെ അവകാശവാദം കടുത്ത സാമുദായിക ധ്രുവീകരണത്തിനുള്ള തിരക്കഥ. കഴിഞ്ഞ പത്തുവർഷമായി പ്രതിപക്ഷത്തിരിക്കുന്ന മുസ്ലിം ലീഗ് മുമ്പൊന്നുമില്ലാത്ത വിധം സമൂഹത്തിൽ അതിശക്തമായ ചേരിതിരിവിനുള്ള ശ്രമങ്ങൾ നടത്തുന്നതിന്റെ തുടർച്ചയായാണ് മുതിർന്ന നേതാവ് കെ എൻ എ ഖാദറിന്റെ ഉപമുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടിയുള്ള നീട്ടിയേറ്. മുസ്ലിം സമുദായത്തിന്റെ രാഷ്ട്രീയ പാർട്ടിയായ ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അർഹതയുണ്ടെന്ന അവകാശവാദത്തിലുടെ സംസ്ഥാനത്ത് വര്‍ഗീയമായ മുതലെടുപ്പ് നടത്താൻ തക്കം പാർത്തിരിക്കുന്നവർക്ക് നല്ലൊരായുധമാണ് ലീഗ് നൽകിയിരിക്കുന്നത്. മുസ്ലിം സമുദായത്തിന് കൂടുതൽ അധികാര സ്ഥാനങ്ങൾ നേടിയെടുക്കാനെന്ന പ്രചാരണം അഴിച്ചുവിട്ട് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്ന ലീഗ് നേതൃത്വം മതപരമായുള്ള ചേരിതിരിവ് സൃഷ്ടിക്കാറാണ് ശ്രമിക്കുന്നത്. 

ഒരു മതവിഭാഗത്തിന് ചില അധികാരങ്ങൾ വേണമെന്ന് പറയാതെപറഞ്ഞ കെ എൻ എ ഖാദറും മഞ്ഞളാംകുഴി അലിയും ഇതര മതവിഭാഗങ്ങൾക്കിടയിൽ നൽകിയ സന്ദേശം മതേതര സമൂഹത്തിന് ഒട്ടും ഗുണകരമല്ല. ഏതുവിധേനയും സംസ്ഥാനഭരണം പിടിക്കാൻ എത്ര തരംതാണ കളികളും യുഡിഎഫും ലീഗും പുറത്തെടുക്കുമെന്നതിന്റെ പ്രകടമായ ഉദാഹരണമാണ് ഇപ്പോഴത്തെ ഉപമുഖ്യമന്ത്രി സ്ഥാനത്തിന് തങ്ങൾക്ക് തീർച്ചയായും അർഹതയുണ്ടെന്ന കെ എന്‍ എ ഖാദറിന്റെ തുറന്നുപറച്ചിൽ.
ഉപമുഖ്യമന്ത്രി പദവി ലീഗിന് അർഹതപ്പെട്ടതാണെന്നും ലീഗിന്റെ പ്രകടനം കണക്കിലെടുത്ത് വിഷയം മുന്നണിയിൽ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കെഎൻഎ ഖാദർ പറഞ്ഞിരുന്നു. അതായത് മുസ്ലിം സമുദായം നിർണ്ണായക ശക്തിയായ സ്ഥലങ്ങളിൽ പ്രകടനം മെച്ചപ്പെടുത്തുന്നതിന് ലീഗ് നീക്കങ്ങൾ നടത്തുന്നുണ്ടെന്നും അത് വിജയിക്കുമെന്നുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനർത്ഥം വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുസ്ലിം ലീഗ് സമുദായത്തിലെ മറ്റു സംഘടനകളെ കൂടി ചേർത്ത് പിടിച്ച് കടുത്ത സാമുദായികമായ ഏകീകരണം നടത്തുമെന്നതാണ്. വെൽഫയർ പാർട്ടി, എസ്ഡിപിഐ, പിവി അൻവർ തുടങ്ങിയ തീവ്രനിലപാടുകാരെ കൂടി യുഡിഎഫിന്റെ ഭാഗമാക്കാൻ മുൻകൈ എടുത്ത ലീഗിന്റെ ലക്ഷ്യം അധികാരം കിട്ടിയാൽ പരമാവധി സ്ഥാനങ്ങൾ നേടുക എന്നു തന്നെയാണ്.

ആ പങ്കുവക്കലിൽ ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ പോലുള്ള സംഘടനകൾക്കും ഒരു വിഹിതം നൽകാനും ലീഗ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. യുഡിഎഫിന് വിജയം ലഭിച്ചാൽ അത് ലീഗിന്റെ ക്രഡിറ്റിൽ എഴുതുമെന്നും പല നേതാക്കളും ഇതിനകം പറഞ്ഞിട്ടുണ്ട്.
ആവശ്യപ്പെടാതെ തന്നെ ഉപമുഖ്യമന്ത്രി പദവി യുഡിഎഫ് മുസ്ലിം ലീഗിന് നല്‍കുമെന്നാണ് പ്രതീക്ഷ. മുസ്ലിം ലീഗിനെ അർഹമായ പദവിയിൽ പ്രതിഷ്ഠിക്കണം എന്ന ധാരണ മറ്റുള്ളവർക്ക് ഉണ്ടെങ്കിൽ അത് നടക്കും. മുന്നണിയിലെ എല്ലാവരും അത് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുള്ള സ്റ്റാറ്റസും അർഹതയും മുസ്ലിം ലീഗിനുണ്ട്. ആ ബോധ്യം എല്ലാ ഘടകകക്ഷികൾക്കും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചില അർഹതകൾ കണ്ടറിഞ്ഞും മുന്നണിക്ക് തരാമല്ലോ എന്നും കെഎൻഎ ഖാദർ പറഞ്ഞിരുന്നു. ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് അധികാരം ഉള്ളം കയ്യിൽ അമ്മാനമാടിയിരുന്ന ലീഗിന് ഉപമുഖ്യമന്ത്രി പദവി ആവശ്യമാണെങ്കിൽ അത് പാണക്കാട്ടേക്ക് എത്തിക്കാൻ കോൺഗ്രസ് അന്നും തയ്യാറായിരുന്നു. എന്തായാലും ഇനി പരമാവധി സ്ഥാനങ്ങൾ സമുദായത്തിന്റെ പേര് പറഞ്ഞ് വാങ്ങിയെടുക്കാനാണ് ലീഗ് ശ്രമിക്കുക. ഉപമുഖ്യമന്ത്രി സ്ഥാനവും കൂടുതൽ മന്ത്രിസ്ഥാനങ്ങളും ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങളുമൊക്കെ സ്വപ്നം കാണുന്ന ലീഗ് അതിലേക്കുള്ള എളുപ്പമാർഗ്ഗമായി തെരഞ്ഞെടുത്തിരിക്കുന്നത് കടുത്ത രീതിയിലുള്ള സാമുദായിക ധ്രുവീകരണം അഴിച്ചുവിടുക എന്നത് മാത്രമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.