ജില്ലയിലെ ആറ് തദ്ദേശവാർഡിൽ ഉപതെരഞ്ഞെടുപ്പ് ചൂട്. കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ 20–-ാം വാർഡായ കല്ലുവാതുക്കൽ, അഞ്ചൽ ബ്ലോക്കിലെ ഏഴാം വാർഡ് അഞ്ചൽ, കൊട്ടാരക്കര ബ്ലോക്കിലെ എട്ടാം വാർഡ് കൊട്ടറ, കുലശേഖരപുരം പഞ്ചായത്തിലെ 18–-ാം വാർഡ് കൊച്ചുമാംമൂട്, ക്ലാപ്പന രണ്ടാം വാർഡ് പ്രയാർതെക്ക് ബി, ഇടമുളയ്‌ക്കൽ എട്ടാം വാർഡ് പടിഞ്ഞാറ്റിൻകര എന്നിവിടങ്ങളിലാണ് 24ന് ഉപതെരഞ്ഞെടുപ്പ്. സ്ഥാനാർഥികൾ പ്രചാരണം ഊർജിതമാക്കി. കല്ലുവാതുക്കൽ, കൊച്ചുമാംമൂട്, പടിഞ്ഞാറ്റിൻകര സ്ത്രീസംവരണവും മറ്റ് മൂന്നെണ്ണം ജനറൽ വാർഡുമാണ്. നാലെണ്ണം എൽഡിഎഫിന്റെയും രണ്ടെണ്ണം യുഡിഎഫിന്റെയും സീറ്റുകളാണ്.
24നു രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 25ന് ഫലം പ്രഖ്യാപിക്കും. എൽഡിഎഫ് ഭരിക്കുന്ന കൊട്ടാരക്കര മുനിസിപ്പാലിറ്റിയിൽ കല്ലുവാതുക്കൽ ഡിവിഷനിലെ ഗ്രേസി സാമുവൽ (സിപിഐ) മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. സിപിഐയിലെ മഞ്ജു സാമാണ് എൽഡിഎഫ് സ്ഥാനാർഥി. യുഡിഎഫിലെ ലിസി അലക്‌സ്, ബിജെപിയിലെ ആർ മീനാകുമാരി എന്നിവരാണ് എതിർസ്ഥാനാർഥികൾ. 29 ഡിവിഷനിൽ എൽഡിഎഫ്– ‑16, യുഡിഎഫ്–- 8, ബിജെപി– ‑5 എന്നിങ്ങനെയാണ് കക്ഷിനില. കൊട്ടാരക്കര ബ്ലോക്കിലെ കൊട്ടറ ഡിവിഷനിൽ എൽഡിഎഫ് അംഗമായിരുന്ന ജി തോമസ് സിപിഐ (എം) മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. വത്സമ്മ തോമസ് (എൽഡിഎഫ്), പി സി ജയിംസ് (യുഡിഎഫ്), കെ രാജൻനായർ (ബിജെപി) എന്നിവരാണ് മറ്റു സ്ഥാനാർഥികൾ. ആകെ 13വാർഡുള്ള ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫ് ‑11, യുഡിഎഫ് ‑രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. ഇടമുളയ്‌ക്കൽ പടിഞ്ഞാറ്റിൻകര വാർഡ് ജനപ്രതിനിധിയായിരുന്ന കോൺഗ്രസിലെ തുളസീഭായിയമ്മയും അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിൽ അഞ്ചൽ എ ഡിവിഷൻ പ്രതിനിധിയായിരുന്ന കോൺഗ്രസിലെ എ സക്കീർഹുസൈനും മരിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ്. അഞ്ചൽ എ ഡിവിഷനിൽ ഗിരിജാകുമാരി (എൽഡിഎഫ്), ഷെറിൻ (യുഡിഎഫ്), ഉമേഷ് ബാബു (ബിജെപി) എന്നിവരും പടിഞ്ഞാറ്റിൻകര വാർഡിൽ മാളു സന്തോഷ് (എൽഡിഎഫ്), ഷീജ ദിലീപ് (യുഡിഎഫ്), രമ്യ അഭിലാഷ് (ബിജെപി) എന്നിവരും മത്സരിക്കുന്നു.
അഞ്ചൽ പഞ്ചായത്തിലെ 10മുതൽ 18വരെ വാർഡ് ഉൾപ്പെടുന്നതാണ് അഞ്ചൽ ഡിവിഷൻ. ഇടമുളയ്ക്കൽ പഞ്ചായത്തും അഞ്ചൽ ബ്ലോക്ക് പഞ്ചായത്തും എൽഡിഎഫാണ് ഭരിക്കുന്നത്. പഞ്ചായത്തിലെ 22 അംഗങ്ങളിൽ എൽഡിഎഫ്–-12, യുഡിഎഫ്–- 9 ബിജെപി–- ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിൽ 15 ഡിവിഷനിൽ എൽഡിഎഫ്–- 14, യുഡിഎഫ്–- ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. കുലശേഖരപുരം പഞ്ചായത്തിലെ കൊച്ചുമാംമൂട് വാർഡിൽ സിപിഐ (എം) അംഗമായിരുന്ന ബി ശ്യാമള മരിച്ചതിനെതുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. പി സുരജാ ശിശുപാലനാണ് എൽഡിഎഫ് സ്ഥാനാർഥി. ലാലാ രാജൻ (യുഡിഎഫ്), അജിത സുരേഷ് (ബിജെപി) എന്നിവരും മത്സരിക്കുന്നു. 23 വാർഡുള്ള പഞ്ചായത്തിൽ എൽഡിഎഫ്–- 13, യുഡിഎഫ്–-7, ബിജെപി–-3 എന്നിങ്ങനെയാണ് കക്ഷിനില. ക്ലാപ്പന പഞ്ചായത്തിൽ സിപിഐ എം അംഗം എം കെ രാജു മരിച്ചതിനെ തുടർന്നാണ് പ്രയാർ തെക്ക് ബിയിൽ ഉപതെരഞ്ഞെടുപ്പ്. ജയാദേവി (എൽഡിഎഫ്), സുനിത ദിലീപ് (യുഡിഎഫ്), സി വി ശിവകുമാർ (ബിജെപി) എന്നിവർ മത്സരിക്കുന്നു. എൽഡിഎഫ്–-11, യുഡിഎഫ്–-3, ബിജെപി–-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.