
വടക്കൻ കൊറിയ ഈയിടെ വാർത്തയിൽ ഇടം നേടുകയുണ്ടായല്ലോ. രാജ്യത്ത് പട്ടാള ഭരണം പ്രഖ്യാപിച്ച പ്രസിഡന്റിനെ പാർലമെന്റ് ഭരണ‑പ്രതിപക്ഷ വ്യത്യാസമില്ലാതെ വോട്ടിനിട്ടു പുറത്താക്കിയാണ് ചരിത്രത്തിൽ അവർ സ്ഥാനം നേടിയത്. പക്ഷെ മറ്റൊരു കാര്യത്തിൽ അവർ മുമ്പേ ചരിത്രത്തിൽ ഇടം പിടിച്ചിരുന്നു. അതാണ്, ഓപ്പൺ ഗന്നം സ്റ്റൈൽ. ഏതാണ്ട് ഒരു പതിറ്റാണ്ട് മുമ്പ് ദക്ഷിണ കൊറിയയിൽ നിന്നും തരംഗമായ പോപ്പ് ഗാനമാണ്. ചടുലമായ സംഗീതം കൊണ്ടും തമാശ നിറഞ്ഞ നൃത്ത ചുവടുമായി ഗന്നം സ്റ്റൈൽ ലോകമെങ്ങും ആവേശമായി. കൊച്ച് കുട്ടികൾ മുതൽ രാഷ്ട്രത്തലവന്മാർ വരെ ഇതിന്റെ ആരാധകരായി. ആദ്യ കേൾവിയിൽ തന്നെ ആരെയും ആരാധകരാക്കി മാറ്റുന്ന മാന്ത്രിക വിദ്യ. കൊറിയയുടെ ജനപ്രിയ സംഗീതമാണ് കെ പോപ്പ് അഥവാ കൊറിയൻ പോപ്പ് മ്യൂസിക്.
ഇന്ന് കാറും മൊബൈൽ ഫോണും ഇലക്ട്രോണിക് ഉപകരണങ്ങളും പോലെ ദക്ഷിണ കൊറിയ പോപ്പ് സംഗീതവും കയറ്റുമതി ചെയ്യുന്നു. ഒട്ടേറെ സംഗീത ശാഖകളെ ഒരു കുടക്കീഴിൽ അണിനിരത്തി പാട്ടിന്റെ മാസ്മരിക ലോകം തീർക്കുന്ന കെ പോപ്പിനെ സങ്കര സംഗീതം എന്ന് വിശേഷിപ്പിക്കാം. പട്ടിനോടൊപ്പമുള്ള നൃത്തച്ചുവടുകൾ കെ പോപ്പിന്റെ പ്രത്യേകതയാണ്. സദസ് ഇളകി മറിയും. പാട്ടിൽ കൊറിയൻ ഭാഷയോപ്പം ഇംഗ്ലീഷ് വാക്കുകളും കടന്ന് വരും. ലളിതവും ഒറ്റക്കേൾവിയിൽ തന്നെ ആസ്വാദകർക്ക് പിടിച്ചെടുക്കാൻ കഴിയുന്ന തരത്തിലുള്ളതായിരിക്കും പദങ്ങൾ. കുറഞ്ഞത് നാല് പേരെങ്കിലും ഒരു കെ പോപ്പ് ബ്രാൻഡിൽ കാണും. ഒറ്റയ്ക്കുള്ള പ്രകടനവും കാണും. വസ്ത്രധാരണ രീതിക്കും പേര് കേട്ടവരാണ്. ഫാഷൻ വിപണിയിൽ വൻ സ്വാധീനം ചെലുത്തുന്നവർ കൂടിയാണ് കെ പോപ്പ് താരങ്ങൾ.
കൊറിയൻ സാംസ്‌കാരിക തരംഗത്തിന്റെ ഭാഗമായാണ് കെ പോപ്പ് ഇന്ന് കാണുന്ന രൂപത്തിലെത്തിയത്. ഹാല്ലൂ എന്ന ചൈനീസ് വാക്ക് കൊണ്ടാണ് ഇത് സൂചിപ്പിക്കുന്നത്. അമേരിക്കയിലെ കൊക്കോകോളയും ഐ ഫോണും ഹോളിവുഡും പോലെ ഹാല്ലൂവും ഇന്ന് ലോക വിനോദ വ്യവസായ രംഗത്തു അധിനിവേശം സ്ഥാപിച്ചു കഴിഞ്ഞു.
ദക്ഷിണ കൊറിയയും ജപ്പാനും തമ്മിൽ 53 വർഷമായി നിലനിന്ന സാംസ്‌കാരിക കൈമാറ്റ നിരോധനം 2000ത്തിൽ ഭാഗികമായി നീക്കിയത്തോടെയാണ് ഹാല്ലൂ വിന്റെ തുടക്കം. 1999ലെ പുറത്തിറങ്ങിയ ചില കൊറിയൻ സിനിമകളിലൂടെയും ടീവി ഡ്രാമകളിലൂടെയുമാണ് ഹാല്ലൂവിന്റെ പിറവി. ഇതിലൂടെ ദക്ഷിണ കൊറിയ സോഫ്റ്റ് പവറായി ലോകം മുഴുവൻ വ്യാപിക്കുന്നു എന്നാണ് വിലയിരുത്തൽ.
ഏഷ്യൻ രാജ്യങ്ങളിൽ വൻ ഹിറ്റായ 2000ത്തിൽ പുറത്ത് വന്ന ‘ഓട്ടം ഇൻ മൈ ഹാർട്ട്’ എന്ന സിനിമ ഹാല്ലൂ വിനെ ലോക പ്രശക്തമാക്കി. 2001ൽ തൊട്ട് പിന്നാലെ വന്ന ‘മൈ സാസി ഗേൾ’ കൊറിയക്ക് വെളിയിൽ വിജയം ആവർത്തിച്ചു. ഇതൊക്കെ ഹാല്ലൂവിന്റെ ജൈത്രയാത്രക്ക് വഴിവെച്ചു. 1997–1998 കാലത്ത് കൊറിയയെ ബാധിച്ച സാമ്പത്തിക മാന്ദ്യം രാജ്യത്തെ ഇരുത്തി ചിന്തിപ്പിച്ചു. കൊറിയയുടെ സാമ്പദ് വ്യവസ്ഥ തകർന്ന് തരിപ്പണമായി. രാജ്യത്തെ സമ്പത് വ്യവസ്ഥ വൈവിദ്ധ്യവൽക്കരിക്കേണ്ടതുണ്ട്. വിവര സാങ്കേതിക വിദ്യ കൊണ്ട് മാത്രം മുന്നോട്ട് പോകാനാവില്ല. ജനപ്രിയ വിനോദ വ്യവസായ സംരംഭങ്ങൾക്ക് തുടക്കമിട്ടത് അങ്ങനെയാണ്. കൊറിയൻ സംഗീതത്തിന് ഇത് പുത്തൻ ഉണർവ് നൽകി. മാത്രമല്ല വിദേശ യാത്രകൾക്കുള്ള നിയന്ത്രണം 1990ൽ കൊറിയ എടുത്ത് കളഞ്ഞതോടെ അമേരിക്കയിലും യൂറോപ്പിലേക്കും വിദ്യാഭ്യാസത്തിനും മറ്റും പോയ ധാരാളം യുവാക്കൾ പഠനം കഴിഞ്ഞ് തിരിച്ച് വന്നത് അവിടങ്ങളിലെ സാംസ്‌കാരിക വൈവിദ്ധ്യത്തെ സ്വീകരിച്ചു കൊണ്ടാണ്. ഇതും വേറിട്ട കൊറിയൻ സംഗീതത്തിന്റെ വളർച്ചക്ക് കരുത്ത് നൽകി.
ഈ പശ്ചാത്തലത്തിലാണ് സിയോ തയ്ജി എന്ന ചെറുപ്പക്കാരൻ ശ്രദ്ധേയനാകുന്നത്. അദ്ദേഹവും രണ്ട് ചെറുപ്പക്കാരും കൂടി ചേർന്ന് സിയോ തയ്ജി ആൻഡ് ബോയ്സ് ബാൻഡ് ആദ്യമായി ടെലിവിഷൻ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടു. നിരവധി ആൽബങ്ങൾ അവർ പുറത്തിറക്കി. ഈ പാതയിലൂടെയാണ് കൊറിയൻ ആധുനിക സംഗീത ലോകം മുന്നോട്ട് പോയത്. കെ പോപ്പ് സംഗീതത്തിന് പ്രചാരമേറിയതോടെ ഈ രംഗത്തെ പുത്തൻ പ്രതിഭകളെ കണ്ടെത്താനായി സ്റ്റുഡിയോകൾ ഊർജിതമായ ശ്രമം തുടങ്ങി. കഴിവുള്ളവർക്ക് മെച്ചപ്പെട്ട പരിശീലനം നൽകി. ഇന്ന് നാം കാണുന്ന പോപ്പ് താരങ്ങളുടെ പിറവിക്ക് പിന്നിൽ ഇത്തരം സ്റ്റുഡിയോകളാണ്. ദക്ഷിണ കൊറിയയിൽ ഒരു വർഷം ഇന്ന് 100ലധികം ബാൻഡുകളാണ് അരങ്ങത്തുള്ളത്. 2009ലെ വൈറൽ ഹിറ്റ്കളിൽ പ്രധാനപ്പെട്ടതാണ് ചീ ചീ ചീ. ഭംഗിയായി ചിട്ടപ്പെടുത്തിയ ചലനങ്ങൾക്കൊപ്പം മനോഹരമായ ഈണത്തിലുള്ള ഗാനം കൂടിയായപ്പോൾ ജനം ഇളകി മറിഞ്ഞു. ഗേൾസ് ജനറെഷൻ എന്ന ബാന്റിന്റെ ഈ പോപ്പ് ഗാനം രാജ്യാന്തര തലത്തിൽ ഹിറ്റായി. ഇതോടെ കെ പോപ്പ് താരങ്ങൾക്ക് വലിയ സ്വീകാര്യത ലഭിച്ച് തുടങ്ങി. തുടർന്ന് വന്ന വിവിധ ബ്രാൻഡുകളുടെ സംഗീത പ്രകടനങ്ങളെല്ലാം ഹിറ്റായത്തോടെ കെ പോപ്പ് തരംഗമായി.
കൊറിയൻ പോപ്പ് മ്യൂസിക് വ്യവസായം പ്രധാനമായും ലക്ഷ്യം വച്ചത് അമേരിക്കൻ വിപണിയാണ്. മറ്റ് ഭാഷകളിലെ പാട്ടുകൾ പൊതുവെ സ്വികരിക്കാത്തവരാണ് അമേരിക്കൻ ജനത. പക്ഷെ ഇന്ന് ഇവിടെത്തെ പുതിയ തലമുറയിൽ വലിയൊരു വിഭാഗം കെ പോപ്പിന്റെ ആരാധകരാണ്. അമേരിക്കൻ ടെലിവിഷൻ പരിപാടികളിലും സിനിമകളിലും കൊറിയൻ സംഗീതം ഒഴിവാക്കാൻ കഴിയാത്ത ഒന്നായി ഇന്ന് മാറിക്കഴിഞ്ഞു. അമേരിക്ക മാത്രമല്ല ചൈന ഉൾപ്പെടെ ലോകത്തെ മിക്ക രാജ്യങ്ങളിലെയും വിപണി കൊറിയൻ പോപ്പ് മ്യൂസിക് കീഴടക്കിക്കഴിഞ്ഞു. ഇത് വഴി കോടിക്കണക്കിന് ഡോളറാണ് കൊറിയയിലേക്ക് ഒഴുകിഎത്തുന്നത്. സംഗീതത്തെ എങ്ങനെ കയറ്റുമതി ചെയ്യാമെന്ന് അവർ ലോകത്തെ പഠിപ്പിക്കുകയാണ്.
ലോകത്ത് കെ പോപ്പ് ആരാധകരിൽ ആറാം സ്ഥാനത്താണ് ഇന്ത്യ. കൊറിയൻ ഭാഷ പഠിക്കാൻ താൽപ്പര്യപ്പെടുന്ന രാജ്യക്കാരിൽ അഞ്ചാം സ്ഥാനത്തുമാണ് ഇന്ത്യ. കൊറിയൻ സംഗീതം പോലെ കൊറിയൻ ഫാഷനും കൊറിയൻ ഭക്ഷണവും നമുക്ക് പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു. കൊറിയൻ ഉല്പന്നം മാത്രം വിൽക്കുന്ന ഓൺ ലൈൻ സ്റ്റോർ കൊറികാർട്. കോം ഇന്ന് ഇന്ത്യയിൽ വലിയ ജനപ്രീതിയുള്ളതാണ്. കെ പോപ്പ് താരങ്ങൾ ഇന്ന് ലോകമെങ്ങും ഫാഷൻ ബിംബങ്ങൾ കൂടിയാണ്. ഇന്ന് ഒട്ടേറെ കെ പോപ്പ് താരങ്ങൾ ലോക പ്രശക്ത ഫാഷൻ ബ്രാൻഡുകളുടെയും മോഡലുകളാണ്. താരങ്ങളുടെ പേരിൽ പല ഉല്പന്നങ്ങളും ഇവർ പുറത്തിറക്കാറുണ്ട്. ‘ജി ഡി ബാഗ്’ എന്ന ഉല്പന്നം ഏറെ പ്രശക്തമാണ്.
സിനിമയിൽ സൂപ്പർ താരങ്ങൾക്കും അതുപോലെ ഫുഡ്ബോൾ താരങ്ങൾക്കും ഫാൻസ് അസോസിയേഷൻ ഉള്ളതുപോലെ കെ പോപ്പ് ബാൻഡുകൾക്കും ഫാൻസ് ഗ്രൂപ്പുകളുണ്ട്. ഓരോ ഫാൻ ഗ്രൂപ്പുകൾക്കും പ്രത്യേകം പേരും നിറവുമൊക്കെയുണ്ട്. സമൂഹമാധ്യമങ്ങളിൽ
ഇവർ തമ്മിൽ പൊരിഞ്ഞ ‘യുദ്ധം’ തന്നെ നടക്കാറുണ്ട്. കെ പോപ്പ് താരങ്ങൾ ഫാൻസുകളെ പ്രോത്സാഹിപ്പിക്കാറുണ്ട്. ഇവരെ വളർത്തുന്നതിൽ ഫാൻസുകൾക്ക് വലിയ പങ്കാണുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.