25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 23, 2024
December 22, 2024
December 21, 2024
December 19, 2024
December 19, 2024
December 17, 2024

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നാടകത്തിന് ഇന്ന് 70 വയസ്‌

വത്സന്‍ രാമംകുളത്ത്‌
തിരുവനന്തപുരം
December 6, 2022 1:14 am

കെപിഎസി (കേരള പീപ്പിള്‍സ് ആര്‍ട്‌സ് ക്ലബ്) അരങ്ങിലെത്തിച്ച തോപ്പില്‍ ഭാസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ജനകീയ വിപ്ലവനാടകത്തിന് ഇന്നേക്ക് എഴുപത് വയസ്. 1943 ല്‍ രൂപീകൃതമായ ഇന്ത്യയിലെ മഹത്തായ കലാ പ്രസ്ഥാനം ‘ഇപ്റ്റ’യുടെ ‘ജനകീയ കല ജനങ്ങളെ താരമാക്കുന്നു’ എന്ന ആഹ്വാനം ഏറ്റെടുത്ത് ഇന്ത്യയൊട്ടാകെ ജനകീയ നാടക പ്രവര്‍ത്തനങ്ങളുമായി സഞ്ചരിച്ച അതുല്യ കലാകാരന്‍മാരോടൊപ്പം ഇപ്റ്റയുടെ കേരള ഘടകമായാണ് കെപിഎസി (കേരള പീപ്പിള്‍സ് ആര്‍ട്‌സ് ക്ലബ്) 1950ല്‍ രൂപീകരിക്കുന്നത്. ജനഹൃദയങ്ങള്‍ ഇളക്കിമറിച്ച് വിപ്ലവം തീര്‍ത്ത കെപിഎസി, കമ്മ്യൂണിസ്റ്റ് ചിന്തകളെ വ്യാപിപ്പിക്കുന്നതില്‍ വളരെയധികം പങ്കുവഹിച്ചു. ആ പ്രയാണത്തിന്റെ വേഗം കൂട്ടിയത് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം തന്നെയാണ്.

ആദ്യ നാടകമായ എന്റെ മകനാണ് ശരി 1951 ല്‍ അവതരിപ്പിച്ചു. രണ്ടാമത്തെ നാടകമായാണ് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി 1952 ല്‍ പുറത്തിറങ്ങുന്നത്. മലയാള നാടക ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു അത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവും പ്രശസ്ത നാടകകൃത്തുമായ തോപ്പില്‍ ഭാസിയാണ് ആ നാടകത്തിന്റെ രചയിതാവ്. പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒളിവുജീവിതം നയിച്ച തോപ്പില്‍ ഭാസി, സോമന്‍ എന്ന തൂലികാ നാമത്തിലാണ് നാടകം എഴുതിയത്. എന്‍ രാജഗോപാലന്‍ നായരും ജി ജനാര്‍ദ്ദനക്കുറുപ്പും ചേര്‍ന്നാണ് നാടകം സംവിധാനം ചെയ്തത്. ഈ നാടകത്തിനു വേണ്ടി ഗാനങ്ങള്‍ എഴുതിയത് കവി ഒഎന്‍വി കുറുപ്പും സംഗീത സംവിധാനം നിര്‍വ്വഹിച്ചത് ജി ദേവരാജനുമാണ്.

ചവറ തട്ടാശ്ശേരിയിലുള്ള സുദര്‍ശന തീയറ്ററില്‍ 1952 ഡിസംബര്‍ ആറിനാണ് ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി‘യുടെ ആദ്യ പ്രദര്‍ശനം നടന്നത്. നാടകത്തിന് ലഭിച്ച ജനസമ്മിതി കെപിഎസിയെ കേരളത്തിലെ പ്രധാന നാടകസംഘമാക്കി. പതിനായിരത്തിലധികം വേദികളില്‍ അവതരിപ്പിക്കപ്പെട്ട ഈ നാടകം 1957‑ല്‍ കേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് വഴിയൊരുക്കുന്നതിനും വലിയ പങ്കുവഹിച്ചു.

1953 മാര്‍ച്ചില്‍ ഗവണ്മെന്റ് ഈ നാടകം നിരോധിച്ചു. ഗവണ്മെന്റിനു എതിരെ ജനങ്ങളില്‍ വികാരം വളര്‍ത്തുന്നു എന്നായിരുന്നു ആരോപണം. നിരോധനത്തെ അവഗണിച്ച് കൊണ്ട് അവതരണം തുടരുകയും കോവളത്ത് വേദിയില്‍ വച്ച് എല്ലാ കലാകാരന്മാരെയും അറ്റസ്റ്റ് ചെയ്ത് കേസ് ചാര്‍ജ് ചെയ്യുകയും ചെയ്തു. നിയമയുദ്ധത്തിലൂടെ രണ്ട് മാസത്തിനു ശേഷം നിരോധനം നീക്കി. തുടര്‍ന്ന് ഏകദേശം ആറായിരത്തിലധികം വേദികളില്‍ നാടകം പ്രദര്‍ശിക്കപ്പെട്ടു. കേരളസമൂഹത്തിന്റെ രാഷ്ട്രീയ മനസ്സ് നിര്‍ണയിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കാന്‍ ഈ നാടകത്തിനു സാധിച്ചു.

ഇന്ത്യയിലെ മറ്റിടങ്ങളില്‍ എന്നപോലെ തന്നെ കേരള സമൂഹത്തില്‍ നിലനിന്നിരുന്ന ജാതി സമ്പ്രദായത്തെയും ഉച്ചനീചത്വങ്ങളെയും എതിര്‍ക്കാനും കീഴാളരുടെ ഉയര്‍ച്ചക്കും ആഹ്വാനം ചെയ്യുന്നു. പരമുപിള്ള എന്ന ഉയര്‍ന്നജാതിയില്‍പെട്ട വ്യക്തി കമ്മ്യുണിസ്റ്റ് ആവുന്നതാണ് കഥ. പിള്ള ചെങ്കൊടി കയ്യിലേക്ക് വാങ്ങുമ്പോള്‍ നാടകം അവസാനിക്കുന്നു. നസീറിനെയും, ഷീലയെയും നായികാനായകന്മാരാക്കി 1970ല്‍ തോപ്പില്‍ഭാസി ഇതേ പേരില്‍ സിനിമയെടുത്തിരുന്നു.

 

Eng­lish Sam­mury: today is KPAC’s ningalenne com­mu­nistak­ki dra­ma’s 70th anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.