കെപിഎസി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ആലപ്പുഴയിൽ തുടക്കമായി. വൈകിട്ട് ആലപ്പുഴ ടൗൺഹാളിൽ ചേർന്ന സമ്മേളനത്തിൽ 75 പ്രമുഖ വ്യക്തിത്വങ്ങൾ ചേർന്ന് ദീപം തെളിയിച്ചു. സാംസ്കാരിക സമ്മേളനം ഗാനരചയിതാവ് രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്തു. നാടക കലാകാരൻമാർക്ക് പരമോന്നത ബഹുമതികൾ ലഭിക്കാത്തത് നാടകപ്രസ്ഥാനത്തിന്റെ മൂല്യച്യുതിക്ക് കാരണമാകുന്നതായി അദ്ദേഹം പറഞ്ഞു. നാടക പ്രവർത്തകർ കൂലിക്ക് വേണ്ടി ജോലിചെയ്യുന്നവരായി മാറി. നാടക പ്രസ്ഥാനം ഇന്ന് നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ്. അത് ശക്തമായി തുടർന്നെങ്കിൽ മാത്രമേ ഈ കലയെ നിലനിർത്താൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി വി സത്യനേശൻ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ പിപി ചിത്തരഞ്ജൻ, എച്ച് സലാം, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, ടി ടി ജിസ‌്മോൻ, വിപ്ലവ ഗായിക പി കെ മേദിനി, പ്രൊഫ. ബിച്ചു എക്സ് മലയിൽ, പ്രൊഫ. നെടുമുടി ഹരികുമാർ, കെപിഎസി സെക്രട്ടറി എ ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു. ആർ സുരേഷ് സ്വാഗതം പറഞ്ഞു. ജനുവരി മൂന്നിന് വൈകിട്ട് മൂന്നിന് തുമ്പോളി എസ് എൻ ഗുരുമന്ദിരത്തിൽ ഇന്റർകോളജ് — സ്കൂൾ പ്രസംഗ മത്സരം നടക്കും. 3.30ന് ‘കേരളത്തിന്റെ സാമൂഹിക മാറ്റത്തിൽ നാടകങ്ങളുടെ പങ്ക്’ എന്ന വിഷയത്തിൽ സെമിനാർ മുൻ മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്യും.
ഡോ. വള്ളിക്കാവ് മോഹൻദാസ്, ഡോ. പി കെ ജനാർദ്ദനക്കുറുപ്പ് തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് കൃഷിമന്ത്രി പി പ്രസാദ് കലാകാരന്മാരെ ആദരിക്കും. വൈകിട്ട് ആറിന് അമേച്വർ നാടക മത്സരം സിനിമാതാരം ചേർത്തല ജയൻ ഉദ്ഘാടനം ചെയ്യും. നാലിന് രാവിലെ 10ന് തുമ്പോളി എസ്എൻ ഗുരുമന്ദിരത്തിൽ കെപിഎസി സിനിമാ-നാടകഗാന മത്സരം നടക്കും. അഞ്ചിന് വൈകിട്ട് അഞ്ച് മണിക്ക് സമ്മാനദാനം. ഏഴിന് കെപിഎസി അവതരിപ്പിക്കുന്ന നാടകം ‘ഉമ്മാച്ചു’ അരങ്ങേറും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.