1 January 2026, Thursday

Related news

December 31, 2025
December 29, 2025
December 28, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 26, 2025
December 26, 2025
December 26, 2025

കെപിസിസി അധ്യക്ഷസ്ഥാനം: കെ സുധാകരന്‍ പുറത്തേക്ക്

*കരുനീക്കി കെ സി വേണുഗോപാലും സതീശനും 
ടി കെ അനിൽകുമാർ 
ആലപ്പുഴ
May 5, 2024 9:48 pm

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വന്നാലുടൻ കെ സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തെറിപ്പിക്കുന്നതിനുളള നീക്കം അണിയറയിൽ തകൃതി. സംഘടനാ ചുമതല വഹിക്കുന്ന എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമാണ് സുധാകരനെതിരെ വാളോങ്ങി നിൽക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ പ്രസിഡന്റിന്റെ ചുമതല ഏൽക്കാനാണ് സുധാകരൻ എത്തിയതെങ്കിലും ഫലം വരുന്നത് വരെ കാത്തിരിക്കൂ എന്ന് പറഞ്ഞ് വേണുഗോപാലും കേരളത്തിന്റെ ചുമതല വഹിക്കുന്ന ദീപാദാസ് മുൻഷിയും മടക്കി അയക്കുകയായിരുന്നു. പല കാര്യങ്ങളിലും പാർട്ടിയെ തുടർച്ചയായി വെട്ടിലാക്കുന്ന സുധാകരന് ഒരു ഗ്രൂപ്പുകളുടെയും പിന്തുണ ഇല്ലാത്തതാണ് വിനയായത്. 

ഇത്തവണ പത്തിൽ താഴെ സീറ്റിൽ മാത്രമാണ് കോൺഗ്രസ് പ്രതീക്ഷ പുലർത്തുന്നത്. ഇതിന്റെ പേരിൽ സുധാകരനെ മാറ്റുവാനാണ് ഫലം വരുന്നത് വരെ കാത്തിരിക്കുവാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് സൂചന. രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായിരുന്നപ്പോൾ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം സ്ഥാനാർത്ഥിയായതിനെ തുടർന്ന് സ്ഥാനമൊഴിഞ്ഞിരുന്നു. തലേക്കുന്നിൽ ബഷീറിന് ആയിരുന്നു പകരം ചുമതല. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം ഫലം വരുന്നതിന് മുൻപ് തന്നെ ചെന്നിത്തല ചുമതല ഏറ്റെടുത്തു. ഇത് ചൂണ്ടിക്കാട്ടി ഹൈക്കമാൻഡിന് പരാതി നൽകാനൊരുങ്ങുകയാണ് സുധാകരന്‍. 

അനാരോഗ്യം ഉയർത്തിക്കാട്ടി സുധാകരനെ നീക്കാൻ നേതാക്കൾ മുമ്പ് ശ്രമം നടത്തിയിരുന്നുവെങ്കിലും വിജയിച്ചില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് സുധാകരനെ നീക്കണമെന്നാവശ്യപ്പെട്ട് ഭൂരിഭാഗം കോൺഗ്രസ് എംപിമാരും ഹൈക്കമാൻഡിനെ സമീപിച്ചിരുന്നു.
തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാനായിരുന്നു സുധാകരന് താൽപര്യം. കണ്ണൂരിൽ വിശ്വസ്തനായ കെപിസിസി ജനറൽ സെക്രട്ടറി കെ ജയന്തിനെ മത്സരിപ്പിക്കണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ട് വെച്ചു. ഇത് തള്ളിയ ഹൈക്കമ്മാൻഡ് സുധാകരൻ തന്നെ മത്സരിക്കണമെന്ന് തീരുമാനിക്കുകയായിരുന്നു. സുധാകരന്റെ ആർഎസ്എസ് അനുകൂലപരാമർശങ്ങളും ശശി തരൂരിനും പി കെ കുഞ്ഞാലിക്കുട്ടിക്കും എതിരായ കമന്റുകളും ഏറെ വിവാദമായിരുന്നു.

Eng­lish Summary:KPCC chair­man­ship: K Sud­hakaran out
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.