
കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും കെ സുധാകരനെ മാറ്റാന്‍ നടത്തിയ നീക്കം പാളിയതിനെത്തുടര്‍ന്ന് ഹൈക്കമാന്‍ഡ് നേരിടുന്ന പ്രതിസന്ധിയില്‍ നിന്ന് തലയൂരാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി രംഗത്ത്. പുതിയ ബലിയാടുകളെ സൃഷ്ടിച്ച് പ്രതിസന്ധി അവരുടെ ചുമലില്‍ കെട്ടിവച്ച് രക്ഷപ്പെടാനാണ് രാഹുലിന്റെ നീക്കം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയുടെ സുധാകരനെതിരായ ഏകപക്ഷീയ റിപ്പോര്‍ട്ടും പ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ജാഗ്രതയില്ലായ്മയുമാണ് പ്രശ്നം വഷളാക്കിതെന്നാണ് രാഹുലിന്റെ വിലയിരുത്തല്‍. സുധാകരന്റെ അനാരോഗ്യത്തില്‍ ഊന്നല്‍ നല്കി തയാറാക്കിയ റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്ന് സുധാകരപക്ഷം ആരോപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ദീപാദാസിനെ കേരളത്തിന്റെ ചുമതലയില്‍ നിന്ന് മാറ്റണമെന്ന് സുധാകരന്‍ ഇന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തന്നെ അനാരോഗ്യം ആരോപിച്ച് മൂലയ്ക്കിരുത്താന്‍ സംസ്ഥാനത്തെ ഒരു ഗ്രൂപ്പ് ശ്രമിക്കുന്നുവെന്ന ആരോപണവും സുധാകരന്‍ കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.
സുധാകരനെ മാറ്റിയാല്‍ കോണ്‍ഗ്രസിലും യുഡിഎഫിലും വന്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് മുസ്ലിംലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ ഹൈക്കമാന്‍ഡിന് ഇന്നലെ കത്ത് നല്കി. പിസിസി പ്രസിഡന്റിനെ മാറ്റുന്നതില്‍ പോലും തന്ത്രപരമായ വീഴ്ചയും ബുദ്ധിമോശവും കാട്ടിയ ഹൈക്കമാന്‍ഡ്, സുധാകരന് പകരം മുന്നോട്ടുവച്ച ആന്റോ ആന്റണിയും സണ്ണി ജോസഫും ഒരു മണ്ഡലത്തിലെ വിജയം പോലും ഉറപ്പാക്കാന്‍ കഴിയാത്ത നേതാക്കളാണെന്നും ഘടകകക്ഷികള്‍ അറിയിച്ചിട്ടുണ്ട്. പകരം വച്ച നേതാക്കളുടെ തട്ടകങ്ങളായ കണ്ണൂര്‍, കോട്ടയം ജില്ലകളിലെ ഡിസിസികള്‍ ഇവരെ സുധാകരന്റെ പിന്‍ഗാമികളാക്കുന്നത് ആപത്താണെന്ന് ഇന്നലെ ഹൈക്കമാന്‍ഡിനെ അറിയിച്ചു.
രാഹുല്‍ഗാന്ധി നേരിട്ടും അല്ലാതെയും നൂറോളം കോണ്‍ഗ്രസ് — ഘടകകക്ഷി നേതാക്കളുമായി നടത്തിയ ചര്‍ച്ചകളില്‍ സണ്ണി ജോസഫിനെയോ ആന്റോ ആന്റണിയോ പിന്തുണയ്ക്കുന്നവര്‍ ഒരു കൈവിരലുകള്‍ തികയ്ക്കാന്‍പോലുമുണ്ടായിരുന്നില്ലെന്നാണ് സൂചന. കോണ്‍ഗ്രസിലെ ഏറ്റവും ശക്തമായ പോഷക സംഘടനകളായ യൂത്ത് കോണ്‍ഗ്രസും കെഎസ്‌യുവും സുധാകരനേതൃത്വത്തിന് പിന്നാലെ ഉറച്ചുനില്ക്കുന്നുവെന്നതിന്റെ ശക്തമായ സൂചനയാണ് നേതൃമാറ്റത്തിനെതിരെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന പോസ്റ്ററുകളും ഫ്ലക്സുകളും ചുവരെഴുത്തുകളും. ഈ സവിശേഷ സാഹചര്യത്തില്‍ ഇവരിലാരെയെങ്കിലും സുധാകരന്റെ പിന്‍ഗാമിയാക്കാനുള്ള പൂതിയും ഹൈക്കമാന്‍ഡ് ഉപേക്ഷിച്ചുകഴിഞ്ഞു.
ഇതിനിടെ പറയാനുള്ളതെല്ലാം ഇന്ന് വെളിപ്പെടുത്തുമെന്ന സുധാകരന്റെ പ്രഖ്യാപനവും ഹൈക്കമാന്‍ഡിനെ ഭയപ്പെടുത്തുന്നു. തനിക്കെതിരെ നടന്ന ഗുഢാലോചനയുടെ തെളിവുകളുമായിട്ടായിരിക്കും അദ്ദേഹം ഇന്ന് മാധ്യമങ്ങളെ കാണുക. താന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുപോലും ഇന്ന് അദ്ദേഹം പുറത്തുവിട്ടേയ്ക്കാം. ഇന്നത്തെ സുധാകരന്റെ വെളിപ്പെടുത്തലുകള്‍ പിളര്‍പ്പിന് സമാനമായ ഒരു കൂട്ടപ്പൊരിച്ചിലിന് വഴിമരുന്നിടുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.